Thursday, June 6, 2013

ചിരിയുടെ ഗൌരവം

നാലാം ലോകസഭയുടെ ആദ്യദിവസം ഞാന്‍ പാര്‍ലമെന്റ് ഹൗസിലെത്തിയത്. ലോബിയില്‍ വച്ചിരുന്ന പുസ്തകത്തില്‍ ആദ്യത്തെ ഹാജര്‍ മാഷ് രേഖപ്പെടുത്തി. എന്നെ പിന്നിലേക്ക് തള്ളി സഭയിലേക്ക് ആദ്യം കാലെടുത്തുവച്ചതും അദ്ദേഹം. ഞാന്‍ അംഗമായിരുന്ന രണ്ട് ലോകസഭകള്‍ കാലമെത്താതെ പിരിച്ചുവിട്ട സാഹചര്യം ഓര്‍ത്തുകൊണ്ടുള്ള രസകരമായ മുന്‍കരുതലായിരുന്നു അത്.

പതിനാലാം ലോകസഭ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും അവസാന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനുള്ള അവസരം മാഷിനുണ്ടായില്ല. അദ്ദേഹം അപ്പോഴേക്കും രോഗാവസ്ഥയിലായി. നമ്പാടന്‍ മാഷിനൊപ്പം നിയമസഭയില്‍ ഇരിക്കുന്നതിനുള്ള അവസരവും എനിക്ക് ലഭിച്ചു. ഞങ്ങള്‍ അഞ്ച് എല്‍ഡിഎഫ് സ്വതന്ത്രരാണ് അന്ന് പിന്‍നിരയില്‍ ഒത്തുകൂടിയത്. കടമ്മനിട്ട പോയി; ഇപ്പോള്‍ മാഷും.

നമ്പാടനെന്നാല്‍ നര്‍മം എന്ന പൊതുധാരണയുണ്ട്. എന്നാല്‍ അവ രേഖയായി സൂക്ഷിക്കാന്‍ കഴിയുന്നതായിരുന്നില്ല. കാര്‍ട്ടൂണിലെന്നപോലെ സാന്ദര്‍ഭികമായ ചിരി മാത്രമായിരുന്നു നമ്പാടന്റെ നമ്പറുകള്‍. അതേസമയം അവയ്ക്കൊരു മൗലികഭാവമുണ്ടായിരുന്നു. മലയാളത്തോട് ഭ്രാന്തമായ താത്പര്യം കാണിച്ചിരുന്ന നമ്പാടന്റെ ഫലിതങ്ങള്‍ മലയാളത്തിനുമാത്രമാണ് വഴങ്ങുന്നത്. ചിരിപ്പിക്കുമ്പോഴും സ്വയം കോമാളിയാകാതിരിക്കാന്‍ നമ്പാടന്‍ ശ്രദ്ധിച്ചിരുന്നു.

വിനീതമായ പശ്ചാത്തലത്തില്‍നിന്നുയര്‍ന്ന് രാഷ്ട്രീയത്തില്‍ അഭികാമ്യമായ നേട്ടങ്ങള്‍ കൈവരിച്ച നമ്പാടന്‍ ഗൗരവം വേണ്ടിടത്ത് അത് വിടാതെ സൂക്ഷിക്കുകയും ചെയ്തു. അന്തസ്സില്ലായ്മ നമ്പാടന്റെ സ്വഭാവമായിരുന്നില്ല. നമ്പാടന്റെ കമന്റുകള്‍ അമ്പുകളായി ആരെയും മുറിപ്പെടുത്തിയില്ല.&ാറമവെ;ലോകസഭയില്‍ കഴിയുന്നതും എല്ലാ ദിവസവും എന്തെങ്കിലുമൊന്ന് പറയണമെന്ന കാര്യത്തില്‍ നമ്പാടന് നിഷ്കര്‍ഷയുണ്ടായിരുന്നു. ഭാഷാപരമായ തടസ്സമൊഴിവാക്കി അദ്ദേഹം അനായാസം മലയാളത്തില്‍ കാര്യങ്ങള്‍ പറഞ്ഞു. തത്സമയ പരിഭാഷയുള്ളതുകൊണ്ട് ബന്ധപ്പെട്ടവര്‍ കാര്യങ്ങള്‍ അറിയാതെപോയില്ല.

പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കുന്ന സ്വഭാവം മാഷിനുണ്ടായിരുന്നു. നിയമസഭയിലാകുമ്പോള്‍ അത് ആദ്യമേ അംഗങ്ങള്‍ക്കിടയില്‍ സര്‍ക്കുലേറ്റ് ചെയ്യും. പ്രസംഗിക്കാറാകുമ്പോഴേക്കും പലരുടെയും നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രസംഗം കൂടുതല്‍ സമ്പുഷ്ടമായിട്ടുണ്ടാകും. അത് കേള്‍ക്കുന്നതിന് സഭ കാതോര്‍ക്കും. പല പരാമര്‍ശങ്ങളും രേഖയില്‍നിന്ന് സ്പീക്കര്‍ നീക്കിയിട്ടുണ്ടാകും. അതിലും നമ്പാടന് പരിഭവമില്ല.

സെന്‍ട്രല്‍ ഹാളില്‍ മാഷിന്റെ നേതൃത്വത്തില്‍ ഒരു മലയാളി മൂല അനൗപചാരികമായി രൂപപ്പെട്ടിരുന്നു. കേരള എംപിമാര്‍ മാത്രമല്ല, പത്രപ്രവര്‍ത്തകരും രാഷ്ട്രീയ പരദൂഷണത്തിനുവേണ്ടി അവിടെ സദാ ഒത്തുകൂടുമായിരുന്നു. ചായയുടെ കാശ് നല്‍കുന്നതില്‍ മാത്രമല്ല, അത് സ്നേഹത്തോടെ പകര്‍ന്നു നല്‍കുന്നതിലും മാഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

ഇന്നസെന്റുമായി നമ്പാടന്‍ നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ദൂരദര്‍ശന്‍ അതു പലവട്ടം സംപ്രേക്ഷണം ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളുമായ രണ്ടുപേര്‍ ഇണങ്ങിയും പിണങ്ങിയും നടത്തിയ ആ വര്‍ത്തമാനം പുതുമയുള്ള ടെലിവിഷന്‍ അനുഭവമായിരുന്നു. ഡല്‍ഹിയില്‍ മലയാളികളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നമ്പാടനോട് ഒരാള്‍ കുശലം പറഞ്ഞതിങ്ങനെയായിരുന്നു: മാഷിന്റെ അപ്പനെ എനിക്കറിയാം. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട്. കറുപ്പിച്ച മുടിയും കട്ടിമീശയുമായി ജരാനരകള്‍ക്ക് കീഴ്പ്പെടാതെ ഊര്‍ജസ്വലനായി നീങ്ങുന്ന ഈ നമ്പാടന്‍ തന്നെയാണ് ഏറെക്കാലമായി കേരളരാഷ്ട്രീയത്തിലെ ചിരിക്കുന്ന താരമായി ശോഭിക്കുന്നതെന്ന് ആ മലയാളി അറിയാതെ പോയി. ആ അജ്ഞതയും നമ്പാടന്‍ ആസ്വദിച്ചു.

പൊതുപ്രവര്‍ത്തനം നമ്പാടന് നേട്ടങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. പ്രൈമറി; സ്കൂള്‍ അധ്യാപകന്‍ എംഎല്‍എയും മന്ത്രിയും എംപിയുമായ കഥയാണ് നമ്പാടന്റേത്. അദ്ദേഹം 25 വര്‍ഷം എംഎല്‍എ ആയിരുന്നു. രണ്ടു വട്ടം മന്ത്രിയായി. അഞ്ചു വര്‍ഷം എംപിയും. ഉയരങ്ങളിലെ അപകടത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരുന്നു. നിലപ്പലകയില്‍ ഇരുന്നാല്‍ വീഴ്ചയുണ്ടാവില്ലെന്ന പക്ഷക്കാരനാണ് അദ്ദേഹം. അവിടെനിന്നുള്ള വീഴ്ച കാര്യമായ ക്ഷതമുണ്ടാക്കില്ലെന്ന് കൂടെയുള്ളവരെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു.

വിനീതമായ സാഹചര്യങ്ങളുടെ പരിമിതിയില്‍നിന്ന് അപ്രതീക്ഷിതമായ ഉയരങ്ങളില്‍ വീഴ്ചയില്ലാതെ എത്തുകയും ആവശ്യം വന്നപ്പോള്‍ പലരെയും വീഴ്ത്തുകയും ചെയ്തയാളാണ് നമ്പാടന്‍. എന്റെ വര്‍ത്തമാനത്തില്‍ അപൂര്‍വമായി കടന്നുവരുന്ന നര്‍മത്തിനു രണ്ട് പേരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒന്ന് നമ്പാടന്‍. മറ്റേയാള്‍ ആലപ്പി വിന്‍സെന്റ്. നമ്പാടന്റെ നര്‍മത്തില്‍ വിമര്‍ശത്തിന്റെ വീര്യമുണ്ട്. പരിഹസിക്കുന്നയാള്‍ പരിഹസിക്കപ്പെടാനും തയ്യാറാകണം. രണ്ടിനും അദ്ദേഹം റെഡി. ജനാധിപത്യത്തില്‍ അവശ്യം വേണ്ടതായ സഹിഷ്ണുതയുടെ പാഠമാണ് നമ്പാടന്റേത്. അമ്പുകള്‍ക്കിടയില്‍ കൊണ്ടും കൊടുത്തും മെയ് വഴക്കത്തോടെ മുന്നേറിയ കാഴ്ച കൗതുകകരമാണ്. വാസ്തവത്തില്‍ മുന്നേറ്റം അദ്ദേഹത്തിന്റെ ഉന്നമായിരുന്നില്ല.

*
സെബാസ്റ്റ്യൻ  പോള്‍

ഇരിങ്ങാലക്കുടയിലെ കട് ലറ്റ്

"മാഷേ... നമുക്കൊരു കട്ലറ്റ് വയ്ക്കണ്ടേ..."" അപ്രതീക്ഷിതമായി പഴയ ഒരു തെരഞ്ഞെടുപ്പു തമാശകേട്ടപ്പോള്‍ നമ്പാടന്‍ ഊറിച്ചിരിച്ചു. പിന്നെ ""ആവാം"" എന്നു മറുപടി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടകര മണ്ഡലത്തിലെ തൃക്കൂരില്‍വച്ചാണ് ഒരു വോട്ടര്‍ പഴയ തമാശ പൊട്ടിച്ചത്.

വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം മണ്ഡലത്തില്‍ അങ്കം കുറിക്കുന്നതിന്റെ ആവേശത്തിലായിരുന്നു നമ്പാടന്‍. ""കട് ലറ്റ് കഥ കേട്ടിട്ടില്ലേ"" ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരോട് മാഷ് ചോദിച്ചു. ഉടനെ വിശദീകരണമായി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പ്. വീണ് തന്റെ കാലൊടിഞ്ഞു. പര്യടനം അവതാളത്തിലായി. ആശുപത്രിയില്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ കാണാന്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ഏതാനും ഇറച്ചിക്കടക്കാര്‍ വന്നു. ""മാഷ് പേടിക്കണ്ട. മാഷെ ഞങ്ങള് കട് ലറ്റാക്കി ഠാണാവില്‍ വയ്ക്കുന്നുണ്ട്."" അവരുടെ മറുപടി കേട്ട് ആദ്യം നടുങ്ങിയെന്ന് നമ്പാടന്‍. പിന്നെ കാര്യം മനസ്സിലായി. അവര്‍ ഉദ്ദേശിച്ചത് കട്ടൗട്ടുകളായിരുന്നു. ഇതാണ് നമ്പാടന്‍ സ്റ്റൈല്‍.

നൊടിയിടകൊണ്ട് ജനങ്ങളില്‍ ഇഴുകിച്ചേരാനുള്ള വൈഭവം ഒന്നുവേറെതന്നെയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എത്തുമ്പോള്‍ ആള്‍ക്കൂട്ടവുമായുള്ള ഈ കൊള്ളക്കൊടുക്കലുകള്‍ക്ക് തീക്ഷ്ണത വര്‍ധിക്കും. പാതയോരങ്ങളില്‍നിന്നുള്ള ""മാഷേ"" വിളികള്‍ കേള്‍ക്കാതെ നമ്പാടനൊന്നിച്ച് യാത്രചെയ്യാനാവില്ല. നിര്‍മലമായ വ്യക്തിബന്ധങ്ങളും ഉയര്‍ന്ന നര്‍മബോധവുമാണ് ലോനപ്പന്‍ നമ്പാടന്‍ എന്ന എല്‍പി സ്കൂള്‍ അധ്യാപകനെ കേരളം സ്നേഹിക്കുന്ന രാഷ്ട്രീയക്കാരനാക്കിയത്. ആരോപണങ്ങളുടെ കറപുരളാതെയാണ് ഈ പൊതുപ്രവര്‍ത്തകന്‍ വിടപറയുന്നത്.

ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളോട് സരസമായി പ്രതികരിക്കാനുള്ള നമ്പാടന്റെ കഴിവ് അദ്ദേഹത്തെ നാട്ടിന്‍പുറത്തുകാര്‍ക്ക് പ്രിയങ്കരനാക്കി. നിയമസഭയ്ക്കകത്തും പുറത്തും കൊളുത്തിവിട്ട ചിരിയുടെ മാലപ്പടക്കം ചരിത്രത്തിന്റെ ഭാഗമാണ്. നമ്പാടനും സീതിഹാജിയുമില്ലാത്ത സഭ ആലോചിക്കാന്‍ കഴിയില്ലെന്ന് സമകാലീനരായ ചില സാമാജികര്‍ പറഞ്ഞിട്ടുണ്ട്. ഒരു സഭാ സമ്മേളനത്തില്‍ തനിക്ക് സംസാരിക്കാന്‍ ഒരുമിനിറ്റ് മാത്രം അനുവദിച്ച സ്പീക്കറോട് അദ്ദേഹം പറഞ്ഞു ""ഏഴംഗങ്ങളുള്ള കക്ഷിനേതാവാണ് ഞാന്‍. കൂടുതല്‍ സമയം അനുവദിക്കണം"" (അന്ന് നമ്പാടനും പി ടി കുഞ്ഞിമുഹമ്മദും ഉള്‍പ്പെടെ ഏഴ് സ്വതന്ത്രന്മാര്‍ ഭരണപക്ഷത്തുണ്ടായിരുന്നു)

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ആദ്യ റൗണ്ടുകള്‍മുതല്‍ ലീഡ്ചെയ്യാന്‍ തുടങ്ങിയ കാര്യം വീട്ടിലേക്ക് വിളിച്ചറിയിച്ചപ്പോള്‍ മാഷുടെ ആദ്യ പ്രതികരണം ""മുകുന്ദപുരമാ, കാല്‍ലക്ഷം കഴിയാതെ എന്നെ വിളിക്കണ്ട"" എന്നായിരുന്നു. ഒരുലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ചപ്പോള്‍ മാസ്റ്റര്‍ക്ക് സംശയം ""യന്ത്രത്തിന് തെറ്റുപറ്റുമോ?"" ഒരു മന്ത്രിസഭ മറിച്ചിടാന്‍ ""കാല്‍പ്പായ കടലാസും രണ്ടുതുള്ളി മഷിയും"". കെ കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭയെ താന്‍ "ഒറ്റയ്ക്കുമറിച്ചിട്ട"" കഥ ഏറെക്കാലം നമ്പാടന്റെ പ്രസംഗത്തിലെ ഇഷ്ടവിഷയമായിരുന്നു.

ആത്മകഥയായ സഞ്ചരിക്കുന്ന വിശ്വാസിയില്‍ പറയുന്നത് ഇങ്ങനെ: സ്പീക്കറായിരുന്ന എ സി ജോസിന്റെ കാസ്റ്റിങ് വോട്ടുകൊണ്ടാണ് കരുണാകരന്‍ മന്ത്രിസഭ നിലനിന്നിരുന്നത്. ആടിയുലഞ്ഞ പായ്ക്കപ്പലായിരുന്നു അത്. ഇടതുമുന്നണിയെ വഞ്ചിച്ച കെ എം മാണിയുടെ നിലപാടിനോട് വലിയ എതിര്‍പ്പായിരുന്നു. ......കരുണാകരന്റെ ആശ്രിതവാത്സല്യം അധികാരകേന്ദ്രങ്ങളില്‍ ചില അനാശാസ്യപ്രവണതകളുണ്ടാക്കി. ഭാര്യയോടുപോലും പറയാതെയാണ് പിന്തുണ പിന്‍വലിക്കാന്‍ തിരുവനന്തപുരത്തു പോയത്. പിന്തുണ പിന്‍വലിച്ച് രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാകലായിരുന്നു. ലക്ഷ്യം. കാര്യം ഇടതുമുന്നണി കണ്‍വീനര്‍ പി വി കുഞ്ഞിക്കണ്ണനോടും എം വി രാഘവനോടും മാത്രമാണ് പറഞ്ഞത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍വച്ചാണ് നമ്പാടന്‍ പിന്തുണ പിന്‍വലിച്ചകാര്യം കരുണാകരന്‍ അറിയുന്നത്. പിറകെ പൊലീസ്. പലരും പിന്തുടരുന്നതിനാല്‍ അന്ന് തിരുവനന്തപുരത്തുനിന്ന് ആറുതവണ കാറുമാറിക്കയറിയാണ് തൃശൂരിലെത്തിയത്. കരുണാകരന്റെ ഒന്നാംതീയതിയിലെ ഗുരുവായൂര്‍ ദര്‍ശനം ആദ്യമായി മുടക്കിയത് താനാണെന്ന് നമ്പാടന്‍ പറയും. പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്ന് കരുണാകരന്‍ രാജിവച്ച ദിവസം മീനം ഒന്നായിരുന്നു. ""കരുണാകരന് രണ്ട് അപ്പന്മാരെയേ പേടിയുണ്ടായിരുന്നുള്ളൂ. ഒന്ന് ഗുരുവായൂരപ്പന്‍, രണ്ടാമന്‍ ലോനപ്പന്‍""-നമ്പാടന്‍ എപ്പോഴും ഓര്‍മിപ്പിക്കും.

*
കെ എന്‍ സനില്‍

No comments: