Saturday, August 31, 2013

വാലുനിവര്‍ക്കാത്ത മന്‍മോഹനിസം

സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുമ്പോള്‍ മൗനംപാലിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരിക്കുന്നു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം അദ്ദേഹത്തിന്റെ വാക്കുകളില്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. രൂപയെ പതനത്തില്‍നിന്ന് രക്ഷിക്കാന്‍ മൂലധന ഒഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രശ്നമേയില്ലെന്ന് പ്രധാനമന്ത്രി അസന്നിഗ്ധമായി പറഞ്ഞു. പരിഷ്കരണ നടപടികളില്‍നിന്ന് പിന്നോട്ടില്ല. ചില "ഹ്രസ്വകാല ഷോക്കുകള്‍" നേരിടാന്‍ രാജ്യം തയ്യാറെടുക്കണം. സബ്സിഡി പടിപടിയായി ഇല്ലാതാക്കും. അതായത് ജനം മുണ്ടുമുറുക്കി ഉടുക്കണം. മന്‍മോഹനോമിക്സിന്റെ വാലുനിവര്‍ത്താന്‍ ആരു വിചാരിച്ചാലും കഴിയില്ല എന്നുതന്നെ. 1991ല്‍ മന്‍മോഹന്‍സിങ് ഉദാരവല്‍ക്കരണം തുടങ്ങിവയ്ക്കുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. "91ലെ അവസ്ഥയിലേക്ക് സമ്പദ്രംഗം വീണ്ടും കൂപ്പുകുത്തിയപ്പോള്‍ അത് അടുത്തഘട്ടം ജനവിരുദ്ധനടപടികള്‍ക്കുള്ള വേദിയായി കാണുകയാണ് മന്‍മോഹന്‍സിങ്.

"91 ലും നാണയക്കമ്പോളത്തിലെ പ്രതിസന്ധിയായാണ് സാമ്പത്തിക തകര്‍ച്ച പ്രത്യക്ഷപ്പെട്ടത്. അന്ന് വിദേശനാണയശേഖരം മൂന്നാഴ്ചത്തെ ഇറക്കുമതിക്കുള്ളത്രയും മാത്രമായി ഇടിഞ്ഞപ്പോള്‍ സ്വര്‍ണശേഖരം പണയംവച്ച് ഐഎംഎഫില്‍നിന്ന് കടമെടുക്കേണ്ടിവന്നു. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ക്ഷേമരാഷ്ട്ര സമ്പദ്വ്യവസ്ഥയില്‍നിന്ന് മുതലാളിത്തം പൂര്‍ണമായും പിന്മാറിയതോടെയാണ് നാണയക്കമ്പോളം സജീവമായത്. നാണയം എന്ന വിനിമയമാധ്യമംതന്നെ ചരക്കായി മാറുന്ന പ്രവണത അതിനുംമുമ്പേ തുടങ്ങിയിരുന്നു. എന്നാല്‍, നാണയംമാത്രംവച്ചുള്ള കമ്പോളം മറ്റെല്ലാ കമ്പോളങ്ങളെയും കീഴടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

റീഗണോമിക്സ്, താച്ചറിസം തുടങ്ങിയവയില്‍നിന്ന് ഇന്ത്യയില്‍ മന്‍മോഹനോമിക്സ് രൂപാന്തരപ്പെടുന്നതും അപ്പോള്‍തന്നെ. അതിനുമുമ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആനയോടായിരുന്നു ഉപമ. എന്നാല്‍ ആന പോരാ, കടുവ വേണം (ടൈഗര്‍ ഇക്കോണമി) എന്ന് ഉദാരവല്‍ക്കരണക്കാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങള്‍ ടൈഗര്‍ ഇക്കോണമിയിലേക്ക് പാഞ്ഞടുത്തു. ബലൂണ്‍ വീര്‍ക്കുംപോലെ അവിടങ്ങളിലെ സമ്പദ്രംഗം ഉയര്‍ന്നുപൊങ്ങി പൊട്ടിത്തകര്‍ന്നു. മെക്സിക്കോ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതേ അവസ്ഥയുണ്ടായി. അവിടത്തെ നാണയങ്ങള്‍ക്ക് കടലാസുവില മാത്രമായ കാലമുണ്ടായി. ഉല്‍പ്പാദനമേഖലയിലല്ലാതെ വെറും നാണയക്കമ്പോളത്തില്‍ അമേരിക്കന്‍ ഡോളര്‍ കുന്നുകൂടിയ പശ്ചാത്തലം 96-98 കാലത്തെ "കടുവ പുല്ലുതിന്ന" ഗതികേടിനുണ്ടായിരുന്നു. ഇതേക്കുറിച്ച് അമേരിക്കന്‍ നാണയ ചൂതാട്ടക്കാരനായ ജോര്‍ജ് സോറോസ് പിന്നീട് കുമ്പസരിച്ചു. നാണയക്കമ്പോളത്തില്‍ താന്‍ മനഃപൂര്‍വം നടത്തിയ ചൂതാട്ടവും കള്ളക്കളികളും ഈ തകര്‍ച്ചയ്ക്കുപിന്നിലുണ്ടായിരുന്നുവെന്നായിരുന്നു സോറോസിന്റെ കുമ്പസാരം. അന്ന് ഇന്ത്യന്‍ രൂപയ്ക്ക് ഈ അവസ്ഥ നേരിട്ടിരുന്നില്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിരോധശേഷിയായിരുന്നു അതിന് കാരണം. "മന്‍മോഹനോമിക്സ്" ആരംഭിച്ച് രണ്ടേകാല്‍ പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്നു. ഇപ്പോള്‍, രൂപ രക്ഷക്കായി നിലവിളിക്കുമ്പോള്‍ അന്നത്തെ ധനമന്ത്രി, ഇന്നത്തെ പ്രധാനമന്ത്രി നിസ്സഹായാവസ്ഥയിലാണ്. എന്താണ് ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണം?

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ വിദേശനാണയശേഖരം കുന്നുകൂടുകയായിരുന്നു. എന്നാല്‍, ഇതില്‍ ഏറിയപങ്കും ഊഹക്കച്ചവടത്തിലായിരുന്നു; ഓഹരി വിപണിയിലായിരുന്നു; നാണയക്കമ്പോളത്തിലായിരുന്നു. ഉല്‍പ്പാദനക്ഷമമല്ലാത്ത ഈ കുന്നുകൂടല്‍ ആപല്‍ക്കരമാണെന്ന് ഇടതുപക്ഷം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ ആഗോള ഭീമന്മാരായി വളരുകയായിരുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകളും അവരുടെ സര്‍ക്കാരും തയ്യാറായില്ല. ധനമൂലധനം കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. മന്‍മോഹന്‍സിങ്ങും ചിദംബരവും റിസര്‍വ് ബാങ്കും പറഞ്ഞാല്‍ പറയുന്നേടത്ത് നില്‍ക്കാന്‍ അതിന് ആവുമായിരുന്നില്ല. സര്‍വ മേഖലയിലും ശതകോടികളുടെ അഴിമതി കാട്ടി അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രോമകൂപങ്ങളില്‍ കുത്തിയിറങ്ങി. ഭരണാധികാരികള്‍ ഇതിന്റെ ഗുണഭോക്താക്കളും ദല്ലാളന്മാരുമായി. സ്പെക്ട്രം, കല്‍ക്കരി തുടങ്ങി സ്വതന്ത്ര ഇന്ത്യ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഹിമാലയന്‍ അഴിമതികള്‍ക്ക് കഞ്ഞിവയ്ക്കുന്നവനായി മന്‍മോഹന്‍സിങ് മാറി. അതേസമയം സാമ്പത്തിക വളര്‍ച്ച പടിപടിയായി കുറഞ്ഞുവന്നു. കഴിഞ്ഞവര്‍ഷത്തെ 5.4 എന്ന വളര്‍ച്ചാനിരക്കില്‍നിന്ന് ഇപ്പോള്‍ 4.4ല്‍ എത്തിനില്‍ക്കുകയാണ്. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ ഒരുപോലെ തളര്‍ച്ച. രൂപ ചക്രശ്വാസം വലിക്കുമ്പോള്‍ സാമ്പത്തിക വിദഗ്ധരുടെയെല്ലാം വിശകലനങ്ങളില്‍ രണ്ട് ധാരകളുണ്ട്. സമ്പദ്വ്യവസ്ഥ കൂടുതല്‍ തുറന്നുകൊടുത്താലേ രക്ഷയുള്ളൂ എന്നതാണ് ഒരു ധാര. പുര കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന ഈ വാദം സാമ്രാജ്യത്വത്തിന്റെ ഭാഗമായ ആഗോളഭീമന്മാരായ ചില ഇന്ത്യന്‍ ബിസിനസ് ഹൗസുകളുടേതുകൂടിയാണ്. അവര്‍ക്ക് നിലനില്‍ക്കാന്‍ ഇന്ത്യ എന്ന ഒരു രാജ്യംതന്നെ ആവശ്യമില്ല. ആഗോളഗ്രാമത്തിലെ കങ്കാണിമാരായെന്ന ഭാവമാണവര്‍ക്ക്. മന്‍മോഹന്‍സിങ് ഇവരോടൊപ്പമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, രത്തന്‍ ടാറ്റയെപ്പോലുള്ള വിവേകികളായ ഭരണവര്‍ഗനേതാക്കള്‍ പുത്തന്‍ കൂറ്റുകാരെ ശപിക്കുന്നുണ്ട്. സ്വാര്‍ഥതമാത്രം കൈമുതലുള്ള ചില ബിസിനസ് ഹൗസുകളും അവര്‍ക്ക് വിടുപണി ചെയ്യുന്ന ഭരണനേതൃത്വവുമാണ് ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണമെന്ന് രത്തന്‍ടാറ്റ കഴിഞ്ഞദിവസം തുറന്നുപറഞ്ഞത് മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും മറ്റും ഉദ്ദേശിച്ചുതന്നെയാവാം. സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു ധനമന്ത്രി ചിദംബരത്തെ കടുത്തഭാഷയില്‍ അപഹസിച്ചതും കൂട്ടിവായിക്കുമ്പോള്‍ ഭരണവര്‍ഗത്തിലെ ഭിന്നത വ്യക്തമാണ്.

സാമ്പത്തിക വിശകലനങ്ങളിലെ രണ്ടാമത്തെ ധാര ഏറെക്കുറെ ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്. അതില്‍ സുപ്രധാനമായ ഒരു വിശകലനമുണ്ട്. "96ല്‍ കടുവകളെ പുല്ലുതീറ്റിച്ചത് ജോര്‍ജ് സോറോസിനെപ്പോലുള്ള നാണയക്കമ്പോളത്തിലെ ദല്ലാള്‍മാരായിരുന്നെങ്കില്‍ ഇന്ന് ഈ കള്ളക്കളി നടത്തിപ്പില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ (യുഎസ്) ധനമേലാളിയായ "ഫെഡറല്‍ റിസര്‍വ്" തന്നെയാണെന്നതാണ് ആ വെളിപ്പെടുത്തല്‍. 2007ല്‍ അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോള്‍ അവരുടെ ബാലന്‍സ് ഷീറ്റില്‍ 89000 കോടി ഡോളര്‍മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഇത് ഒളിച്ചുവയ്ക്കാന്‍ അവര്‍ ഇക്കാലയളവില്‍ മൂന്നു ലക്ഷം കോടി ഡോളര്‍ ചുമ്മാ അടിച്ചിറക്കി. ഈ വെറും കടലാസാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഓഹരിവിപണികളില്‍ വന്നടിഞ്ഞത്. മാന്ദ്യം പതുക്കെ നീങ്ങിയപ്പോള്‍ അവര്‍ നാണയക്കമ്പോളങ്ങളില്‍നിന്ന് ഈ കടലാസ് ഒറ്റയടിക്ക് പിന്‍വലിക്കുകയാണുപോലും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഈ ചതിയില്‍നിന്ന് രക്ഷവേണമെങ്കില്‍ തൊഴിലാളിവര്‍ഗം ഉണര്‍ന്നെണീറ്റേ തീരൂ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: