Thursday, September 5, 2013

അഴിമതി സിംഹാസനത്തിന് വേട്ടനായ്ക്കളുടെ കാവല്‍

പേവിഷം തലയ്ക്കുപിടിച്ചു പായുന്ന നായ്ക്കള്‍പോലും കാട്ടാത്ത നിഷ്ഠുരമായ ക്രൗര്യമാണ് ബുധനാഴ്ച പൊലീസ് തലസ്ഥാനത്ത് കാട്ടിയത്. അധികാരം തലയ്ക്കുപിടിച്ചു പായുന്ന ഒരു മുഖ്യമന്ത്രിക്കു കീഴിലല്ലാതെ ഇത്രമേല്‍ നീചവും മനുഷ്യത്വരഹിതവുമായ കിരാതത്വം അരങ്ങേറില്ല. ഏതുവിധേനയും പ്രതിഷേധത്തെ അമര്‍ച്ചചെയ്യണമെന്ന ഭരണസന്ദേശത്തിന്റെ പിന്‍ബലത്തിലല്ലാതെ ഈ പ്രാകൃതമായ പൈശാചികതയില്‍ അഭിരമിക്കാന്‍ പൊലീസിന് ധൈര്യംവരില്ല. പരിഷ്കൃത ജനാധിപത്യസമൂഹത്തെ ലജ്ജിപ്പിക്കുന്ന ഈ അധമത്വത്തിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുംതന്നെയാണ്. സമാധാനപരമായി കറുത്ത കൊടി കാണിച്ച് പ്രതിഷേധമറിയിക്കുകയായിരുന്ന ഒരു യുവാവിനെ വേട്ടനായ്ക്കളെപ്പോലെ ചാടിവീണ് പിടികൂടുക, അയാളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി വളഞ്ഞുനിന്ന് തല്ലുക, ബൂട്സിട്ട കാലുകൊണ്ട് ജനനേന്ദ്രിയത്തില്‍ തൊഴിക്കുക, സിബ് അഴിച്ച് ലാത്തികടത്തി ഞെരിക്കുക. കേരളമെന്താ, ഗ്വാണ്ടനാമോ തടവറയാണോ?

ഇവിടെ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഒരു പ്രകോപനവുമുണ്ടാക്കാത്തവിധം സമാധാനപരമായിരുന്നു പ്രതിഷേധപ്രകടനം. ഒരു കല്ലുപോലും ആരും എറിഞ്ഞില്ല. വളഞ്ഞുവച്ചുള്ള ആക്രമണത്തിന് ഏറ്റവും കൊടിയ രീതിയില്‍ ഇരയായ ജയപ്രസാദ് എന്തെങ്കിലും അക്രമംചെയ്തതായി പൊലീസുപോലും പറയുന്നില്ല. ഒരു സംഘര്‍ഷാന്തരീക്ഷത്തിനിടയില്‍ ഉണ്ടായതല്ല, മറിച്ച് അസ്വസ്ഥാന്തരീക്ഷത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒറ്റപ്പെട്ട ഒരിടത്തേക്ക് കൊണ്ടുപോയി ഉണ്ടാക്കിയെടുത്തതാണ് പൊലീസ് ഈ നിഷ്ഠുരസംഭവം. എന്തിനായിരുന്നു ഇത്? സോളാര്‍ തട്ടിപ്പില്‍ വിചാരണയ്ക്ക് വിധേയനാകേണ്ട കൂട്ടുകുറ്റവാളിയായ മുഖ്യമന്ത്രി ഭരണത്തിലിരുന്ന് തെളിവ് നശിപ്പിച്ച് സ്വയം രക്ഷപ്പെടാനും സഹകുറ്റവാളികളെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നതിനെതിരെ വ്യാപകമായി ഉയരുന്ന രോഷത്തെ ഭീകരത പടര്‍ത്തി ഒതുക്കാന്‍ വേണ്ടി എന്നതാണുത്തരം. അതിനീചമായ ഇത്തരം മൂന്നാംമുറകള്‍ നേരിടേണ്ടിവരുമെന്ന സന്ദേശം നല്‍കി പ്രതിഷേധമുള്ളവരെ അകറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രം. മൃഗീയമായ പൊലീസ് ഭീകരതകൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തി തന്റെ അഴിമതിപ്പാത സുഗമമാക്കാമെന്നു കരുതുന്ന മുഖ്യമന്ത്രിതന്നെയാണ് ഈ പൈശാചികകൃത്യത്തിന്റെ പ്രചോദനകേന്ദ്രം.

ഇത് നടപ്പാക്കാനായി "സൈക്കോപാത്ത്" എന്നു വിളിക്കേണ്ട തരത്തിലുള്ള റിപ്പര്‍ പൊലീസുകാരെ തെരഞ്ഞെടുത്ത് വിന്യസിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍. കറുത്ത തുണി കാണാന്‍ തനിക്ക് ഒരു വിഷമവുമില്ലെന്ന് ചില ആഴ്ചകള്‍ക്കുമുമ്പ് പറഞ്ഞ മുഖ്യമന്ത്രി നാട്ടില്‍ എവിടെച്ചെന്നാലും കാണേണ്ടിവരുന്ന കറുത്ത കൊടികളെ പൊലീസ് കാക്കികൊണ്ട് അമര്‍ത്തിത്താഴ്ത്താന്‍ കല്‍പ്പനകൊടുത്തിരിക്കുകയാണ് ഇപ്പോള്‍. അപമാനം സഹിച്ചും മുഖ്യമന്ത്രിയായി തുടരുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. അങ്ങനെ പരസ്യമായി പറയുന്ന ഒരാള്‍ അധികാരം നിലനിര്‍ത്താന്‍ ഏതറ്റത്തേക്കും പോകുമെന്ന സന്ദേശം ജനത്തിന് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍, ആ സന്ദേശത്തിന് കേരളം എന്ത് മറുപടിയാകും നല്‍കുക എന്നത് "ഇനിയും കരിങ്കൊടി കാണിക്കാന്‍ പോകും" എന്ന ജയപ്രസാദിന്റെ മറുപടിയിലുണ്ട്. അത് ജയപ്രസാദിന്റെ മാത്രമല്ല, പ്രബുദ്ധ കേരളത്തിന്റെയാകെ മറുപടിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പും ഒക്കെ കേരളം കണ്ടിട്ടുണ്ട്. എന്നാല്‍, പൊതുസ്ഥലത്തുവച്ച് ഒരു പൗരന്റെ പാന്റ്സിന്റെ സിബ് പൊലീസ് അഴിക്കുക, ലാത്തികടത്തി ഞെരിക്കുക തുടങ്ങിയവയൊക്കെ ആദ്യമാണ്. ലോക്കപ്പുകളില്‍ രഹസ്യമായി നടത്തിയത് പൊതുനിരത്തില്‍ പരസ്യമായിത്തന്നെ നടത്തുമെന്ന ധാര്‍ഷ്ട്യംകൂടിയായിരിക്കുന്നു ഇപ്പോള്‍. ഇത് ഒരേസമയം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്; മനുഷ്യാവസ്ഥയുടെ അന്തസ്സിനെതിരായ അധമകൃത്യവുമാണ്. മനുഷ്യത്വത്തിനും മനുഷ്യാവസ്ഥയുടെ അന്തസ്സിനുമെതിരായ കുറ്റകൃത്യങ്ങള്‍ എന്ന നിലയ്ക്കുകൂടി നരാധമനായ ആ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുക്കണം; വധശ്രമമെന്ന കുറ്റകൃത്യത്തിനൊപ്പം. നാളെ പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പുള്ള ഒരു ഭരണാധികാരിയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ ഈ കേരളത്തിന് എത്ര വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്. മനുഷ്യാവകാശവും പൗരാവകാശവും ജനാധിപത്യാവകാശവും എല്ലാം ബലികൊടുക്കേണ്ടിവരുന്നു. ഇതെല്ലാം കുരുതികഴിച്ച് കൂടുതല്‍ ചോരയ്ക്കുവേണ്ടി ദാഹിക്കുന്ന ആര്‍ത്തിയുള്ള ഒരു ഭരണാധികാരിയെയും അദ്ദേഹത്തിന്റെ വേട്ടനായ്ക്കളെയുമാണ് കരിങ്കൊടികള്‍ക്കപ്പുറത്ത് കേരളം ഇന്ന് കാണുന്നത്. കരിങ്കൊടികള്‍ കൂടുതലായി ഉയരുകയും അത് തീര്‍ക്കുന്ന കോട്ടകള്‍ക്കപ്പുറത്ത് ഈ ചോറ്റുപട്ടാളവും അതിനെ കെട്ടഴിച്ചുവിട്ട ഭരണാധികാരിയും തമസ്കൃതരായി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ഒടുങ്ങുകയും ചെയ്യുമെന്നതില്‍ സംശയമില്ല. സമാധാനപരമായി പ്രതിഷേധമറിയിക്കുക എന്നത് ഭരണഘടനപ്രകാരംതന്നെ ജനങ്ങള്‍ക്കുള്ള അവകാശമാണ്. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണഭ്രാന്തുകള്‍ക്ക് ചവിട്ടിമെതിക്കാനുള്ളതല്ല പൗരാവകാശവും ജനാധിപത്യാവകാശവും.

സ്വന്തം മുന്നണിയിലെയും സ്വന്തം പാര്‍ടിയിലെയുംവരെ നല്ലൊരു വിഭാഗത്താല്‍ വെറുക്കപ്പെട്ട് അധികാരത്തില്‍ മുറുകെപ്പിടിച്ചിരിക്കുകയും ആ അധികാരംകൊണ്ട് കൊലയാളിയും തട്ടിപ്പുകാരുമായ അധോലോക സംഘങ്ങളുമായി തരംപോലെ മാറിമാറി ചര്‍ച്ചചെയ്ത് എല്ലാ അധര്‍മങ്ങള്‍ക്കും ആസൂത്രകനായി തരംതാഴുകയുംചെയ്ത ഒരു ഭണാധികാരിക്കെതിരായ ജനരോഷം തല്ലിക്കെടുത്താനുദ്ദേശിച്ചുള്ളതാണ് ഇത്തരം രാക്ഷസീയമായ ആക്രമണങ്ങള്‍. എന്നാല്‍, ആ രോഷത്തിന്റെ അഗ്നി ആളിപ്പടരാന്‍ മാത്രമേ ഇത് വഴിവയ്ക്കൂ. കേരളത്തിലെ അമ്മമാരും പെങ്ങമ്മാരും കണ്ണീരോടെയല്ലാതെ, വിങ്ങലോടെയല്ലാതെ വ്യാഴാഴ്ചത്തെ പത്രം നോക്കിയിട്ടില്ല. രണ്ടാമതൊന്നു നോക്കാനാകാതെ പത്രത്താളില്‍നിന്ന് കണ്ണെടുത്ത് തലയ്ക്ക് കൈകൊടുത്തിരുന്ന എത്രയോ സ്ത്രീകളുണ്ട്. അവരുടെ നെഞ്ചിലെരിയുന്ന കനലില്‍ ഒരു ഉറുമ്പിനെപ്പോലെ വീണെരിഞ്ഞൊടുങ്ങാനുള്ളതേയുള്ളൂ, മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ നിങ്ങള്‍ വേട്ടനായ്ക്കളെ കാവല്‍നിര്‍ത്തി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന ആ അധികാരസിംഹാസനം!

*
ദേശാഭിമാനി മുഖപ്രസംഗം 06 സെപ്തംബര്‍ 2013

No comments: