Monday, October 21, 2013

അഗ്നിയണയാത്ത പടപ്പാട്ടുകാരി

പഴയ യൗവ്വനങ്ങളെ വിപ്ലവാവേശത്തിന്റെ പോര്‍ച്ചട്ടയണിയിച്ച മേദിനിയുടെ ശബ്ദത്തിന് 81-ാം വയസ്സിലും ഉശിരേറെ. ചൂഷണത്തിനും കുടിലതയ്ക്കുമെതിരെ ചാട്ടുളി സംഗീതമായി അത് ഉയരുമ്പോള്‍ പഴയ തലമുറ പോയകാല പോരാട്ടത്തിന്റെ ത്രസിപ്പിലേക്ക് യാത്രയാകുന്നു. പുതുതലമുറയാകട്ടെ വിസ്മയാദരങ്ങളോടെ നമിക്കുന്നു. അതെ, പി കെ മേദിനി കാലങ്ങളെ ബന്ധിപ്പിക്കുന്നത് തന്റെ പാട്ടിലൂടെയാണ്. അതിലൂടെ പല തലമുറയെ നാടിന്റെ ചരിത്രവുമായി അവര്‍ കണ്ണി ചേര്‍ക്കുന്നു. പഴയവരെ പലതും ഓര്‍മിപ്പിച്ചും പുതിയവരെ പുത്തന്‍ ഊര്‍ജത്തിലേക്ക് നയിച്ചും. ശരീരത്തെ ബാധിച്ച ജരാനരകള്‍ക്ക് ശാരീരത്തെ വിട്ടുകൊടുക്കാതെ. സ്കൂളില്‍ "വഞ്ചി ഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കണം" എന്ന രാജസ്തുതി പാടിയ ബാലിക അതേ രാജാവിനും നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായ പടപ്പാട്ടുകാരിയായത് ഞൊടിയിടയിലാണ്. ഒരു തുലാം ഏഴിന് രാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിച്ചുള്ള ഘോഷയാത്രയില്‍ അണിനിരന്ന അതേ മേദിനി തന്നെയാണ് മറ്റൊരു തുലാം പത്തിന് വാരിക്കുന്തവുമായി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാന്‍ അണിനിരന്ന പുന്നപ്ര-വയലാര്‍ സഖാക്കള്‍ക്ക് ആവേശഗാനത്താല്‍ ഉശിരേകിയത്. നേതാക്കളുടെ പ്രസംഗം പോലെ തന്നെയാണ് അന്ന് ഈ ബാലികയുടെ വീറുറ്റ ഗാനങ്ങളും പോരാളികള്‍ ഏറ്റുവാങ്ങിയത്. 11-ാം വയസ്സില്‍ കന്നി വേദിയില്‍ എത്തിയ മേദിനിക്ക് കമ്യൂണിസ്റ്റുകാരിയായതിനാലും പോരാട്ടഗായികയായതിനാലും നേരിടേണ്ടി വന്ന യാതനകള്‍ ചെറുതല്ല. എന്നാല്‍ ധീരത ശ്രുതിയും ലയവും ചേര്‍ത്ത് മനസ്സില്‍ ഉറപ്പിച്ച ആ ഗാനങ്ങളെയും ഗായികയെയും തളയ്ക്കാനുള്ള കരുത്ത് അവയ്ക്കൊന്നിനുമില്ലായിരുന്നു. സഖാക്കളില്‍ ആവേശത്തിന്റെ അലകളുയര്‍ത്തിയും എതിരാളികളുടെ മനസ്സില്‍ വിറളി സൃഷ്ടിച്ചും അവ കാതോരം, ഹൃദയോരം സഞ്ചരിച്ചു.

കങ്കാളി-പാപ്പി ദമ്പതിമാരുടെ 12 മക്കളില്‍ ഏറ്റവും ഇളയവളായി 1933 ആഗസ്റ്റ് എട്ടിന് ആലപ്പുഴ ആറാട്ടുവഴിയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച മേദിനി ബാല്യത്തില്‍ അന്നത്തേക്കാള്‍ ഉണ്ടത് കഷ്ടതയാകും. ചെറുപ്പത്തിലേ മേദിനിയുടെ ആറ് സഹോദരങ്ങള്‍ മരിച്ചു. കുടികിടപ്പ് കുടുംബാംഗമായിരുന്ന ഇവര്‍ക്ക് മേലാളന്മാരില്‍നിന്നും സമൂഹത്തില്‍നിന്നും ഏല്‍ക്കേണ്ടി വന്നത് തിക്തമായ അനുഭവമാണ്. ബാല്യത്തിലെ നിറപ്പകിട്ടാര്‍ന്ന ഓര്‍മകള്‍ പങ്കുവെയ്ക്കാനില്ല. പകരം എന്താണുള്ളതെന്ന് അവര്‍ തന്നെ പറയട്ടെ.

""സാമൂഹിക ചുറ്റുപാടുകള്‍ പകര്‍ന്ന വേദനയാണ് ചെറുപ്പത്തിലെ ഓര്‍മകളില്‍. 8-9 വയസ്സുമുതല്‍ ഒട്ടേറെ ദൈന്യം സഹിക്കേണ്ടി വന്നു. മേല്‍ജാതിക്കാര്‍ ജാതിവ്യവസ്ഥയും വിവേചനവും കര്‍ശനമായി കരുതിയിരുന്നതിനാല്‍ സമപ്രായക്കാരോട് പോലും ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനിച്ച ഭൂമിയില്‍ കിടക്കാന്‍ പോലുമാവാത്ത സ്ഥിതി. കുടികിടപ്പായതിനാല്‍ ഭൂവുടമയുടെ വിശാലമായ തോപ്പിലെ തെങ്ങിന് എന്നും വെള്ളമൊഴിക്കണം. കുട്ടികളായ ഞങ്ങള്‍ക്ക് പോലും ഇതില്‍ നിന്ന് മോചനമില്ല. നാടുവാഴിത്തം, ജന്മിത്വം, അടിമ-ഉടമ സമ്പ്രദായം, പണി ചെയ്താലും കൂലി കിട്ടാത്ത സ്ഥിതി- ഇതൊക്കെയാണ് ബാല്യത്തിലേ എന്നില്‍ കമ്യൂണിസ്റ്റ് ബോധം സൃഷ്ടിച്ചത്. അതിന് ഏറെ തുണയായത് ബാര്‍ബര്‍ തൊഴിലാളിയായിരുന്ന അച്ഛന്റെ പുരോഗമന ചിന്തയാണ്. ബാര്‍ബര്‍മാരെയും മറ്റും അന്ന് ഷര്‍ട്ട് ഇടാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അച്ഛന്‍ ഷര്‍ട്ട് മാത്രമല്ല, അതില്‍ സ്വര്‍ണ വര്‍ണമുള്ള കുടുക്കും അണിയുമായിരുന്നു. നിത്യവും "കൗമുദി" പത്രവും അദ്ദേഹം വായിക്കും. ആ പുരോഗമന ചിന്താഗതിയാവണം എന്നിലേക്കും പകര്‍ന്നത്"".

""ഊഞ്ഞാല്‍പാട്ടും അമ്മാനപ്പാട്ടുമൊക്കെ അക്കാലത്ത് അമ്മ പാടുമായിരുന്നു. അതുതന്നെയാവണം എന്നിലും സംഗീതം നിറച്ചത്. അതിന് വിപ്ലവത്തിന്റെ മൂര്‍ച്ച പകര്‍ന്നത് സാഹചര്യവും അക്കാലത്തിന് കൂട്ടുണ്ടായിരുന്ന വിപ്ലവ നായികമാരുമായിരുന്നു. ദേവയാനി, കാളിക്കുട്ടി ആശാട്ടി, കെ മീനാക്ഷി തുടങ്ങിയ കമ്യൂണിസ്റ്റ് അഭിനേത്രിമാരുടെ പ്രചോദനവും പാടാനുള്ള കഴിവുമാണ് എന്നിലെ വിപ്ലവഗായികയെ ഉണര്‍ത്തിയത്. കൂട്ടുകാരിയായ അനസൂയയുമൊത്ത് അങ്ങനെ വേദികള്‍ പലതിലും പാടി. പ്രമുഖരായ പല നേതാക്കളുടെയും പ്രസംഗത്തിന് മുന്നോടിയായി പാടുമ്പോള്‍ ഈ നേതാക്കളുടെ പോലും വാത്സല്യം ഏല്‍ക്കാനാവുന്നത് ജീവിതത്തിലെ അസുലഭ മൂഹൂര്‍ത്തമായാണ് കരുതിയിരുന്നത്""-

മേദിനി ഇതു പറയുമ്പോള്‍ പോയകാലത്തിന്റെ തിളക്കം ആ കണ്ണുകളില്‍ ഇന്നും നിറയുന്നു. എന്നാല്‍ ജീവിതത്തില്‍ തനിക്ക് ഏറെ അവിസ്മരണീയമായ മുഹൂര്‍ത്തം പി കൃഷ്ണപിള്ളയെ കാണാനായതാണെന്ന് അവര്‍ പറയുന്നു. അന്ന് മേദിനിക്ക് 12 വയസ്സ് മാത്രമാണ് പ്രായം.

""എന്റെ വീടിന് പടിഞ്ഞാറുള്ള ഒരു വീട്ടില്‍ ഒളിവിലിരിക്കുകയായിരുന്നു സഖാവ്. അന്ന് അദ്ദേഹമത്ര പ്രമുഖനാണെന്നൊന്നും അറിഞ്ഞിരുന്നില്ല. ഒരു ദിവസം ആങ്ങള പറഞ്ഞു അദ്ദേഹം ഒളിവിലിരിക്കുന്ന വീട്ടിലെ ജനല്‍ പാളി തുറന്ന് വിളിച്ചാല്‍ ചെല്ലണമെന്ന്. അതുപോലെ ഞാന്‍ ജനലിന്റെ അടുത്ത് ചെന്നു. "ഒന്നേകാല്‍ കോടി മലയാളികള്‍" എന്ന ഇ എം എസിന്റെ പുസ്തകത്തിന്റെ ഒരുകെട്ട് എനിക്ക് തന്നു. ഒരെണ്ണം എനിക്ക് പ്രത്യേകമായും. ആ കെട്ട് പുസ്തകം ഒരു വീട്ടില്‍ ഏല്‍പ്പിക്കുവാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. അത് പ്രകാരം ഞാന്‍ ചെയ്തു. ബംഗാള്‍ ക്ഷാമകാലത്തെ നാളുകള്‍ ഇന്നും മനസ്സിലുണ്ട്. പഞ്ചസാര ചേര്‍ത്ത ചായക്ക് പകരം ചക്കരക്കാപ്പിയാണ് അന്ന് കൊടുക്കാനായത്. പുഴുങ്ങിയ ചെറുപയറില്‍ മുളക് പോലും ചേര്‍ക്കാന്‍ ഇല്ലാത്ത കാലം. പിന്നീട് സര്‍പ്പദംശനമേറ്റതിന് ശേഷമാണ് സഖാവിനെ കാണുന്നത്. അന്നാണ് അദ്ദേഹമാരെന്ന് അടുത്ത് മനസ്സിലാകുന്നത്. എങ്കിലും എന്നും പ്രചോദനമായി അദ്ദേഹം മനസ്സിലുണ്ട്"".

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ സമ്മേളനത്തിലാണ് മേദിനി പടപ്പാട്ടുമായി കമ്യൂണിസ്റ്റ് വേദിയില്‍ ആദ്യമെത്തുന്നത്. പിന്നീട് അത് പതിവായി. പല യോഗങ്ങളിലും ആളെ കൂട്ടാന്‍ മേദിനിയുടെയും അനസൂയയുടെയും ഗാനങ്ങള്‍ പതിവായി. ഉച്ചഭാഷിണികള്‍ ഇല്ലാതിരുന്ന അക്കാലത്തും പതിനായിരങ്ങളാണ് ഇവരെ കേള്‍ക്കാനെത്തിയത്. ഇഎംഎസ്, എകെജി എന്നിവര്‍ പങ്കെടുത്ത മഹാപൊതുയോഗങ്ങളിലും ആ പതിവ് തെറ്റിയില്ല. പില്‍ക്കാലത്ത് ഉച്ചഭാഷിണി പരിപാടിയുടെ നോട്ടീസിനൊപ്പം വരവറിയിച്ചപ്പോള്‍ പ്രാസംഗികരുടെ പേരിനൊപ്പം വിപ്ലവ ഗായിക മേദിനിയുടെ പേരും അതില്‍ ഇടം പിടിച്ചു.

സംഗീതത്തിന് എന്ത് ശത്രുത? എന്ന് സ്വാഭാവികമായും ചിന്തിക്കാം. എന്നാല്‍ ഈ പടപ്പാട്ടുകാരിയെ അന്ന് പലരും ഭയന്നിരുന്നു. അതുകൊണ്ട് തന്നെ നിരോധനവും അറസ്റ്റുമൊക്കെ അക്കാലത്ത് മേദിനിക്ക് നേരിടേണ്ടി വന്നു. പാത മാറ്റാന്‍ പ്രലോഭനങ്ങളുമായി എത്തിയവരും ചില്ലറക്കാരല്ല. എന്നാല്‍ അതിനൊന്നും മേദിനിയെ മാറ്റാനായില്ല. ""സാമ്രാജ്യത്വം വന്‍കിട ബൂര്‍ഷ്വാ വര്‍ഗം ജന്മിത്വം മര്‍ദ്ദക ചൂഷക മൂര്‍ത്തികള്‍ മൂവരും ചേര്‍ന്ന് ഭരിക്കുമ്പോള്‍ നാടിത് ചുട്ടു കരിക്കുന്നേ"" എസ് കെ ദാസിന്റെ രചനയില്‍മേദിനി പാടിയ ഈ ഗാനം ചില്ലറ കോളിളക്കമല്ല സൃഷ്ടിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം പാടിയ ""നരവേട്ടക്കാര്‍ എംഎസ്പിക്കാര്‍ അച്യുത പാപ്പാളി ഒ എം ഖാദര്‍, നാടാര്‍, രാമന്‍ കുട്ടികള്‍ മന്നാഡി ഒന്നും തലപൊക്കില്ലിവിടെ"" എന്ന, കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന പൊലീസിനെതിരായ ഗാനം കോട്ടയം ജില്ലയില്‍ നിരോധിക്കുക പോലും ചെയ്തു. മേദിനിയുടെ 15-ാം വയസ്സിലായിരുന്നു നിരോധനം.

രണ്ട് വര്‍ഷം കഴിഞ്ഞ് അന്ന് പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായ വി എസ് അച്യുതാനന്ദന്റെ നിര്‍ദേശാനുസരണം കോട്ടയം തിരുനക്കര മൈതാനിയില്‍ ചേര്‍ന്ന യോഗത്തില്‍ നിരോധനം ലംഘിച്ച് മേദിനി ഈ ഗാനമുള്‍പ്പെടെ ആലപിച്ചു. അച്ഛനോടൊപ്പമാണ് അന്ന് കോട്ടയത്ത് എത്തിയത്. പരിപാടി കഴിഞ്ഞ് കോട്ടയത്ത് ഭാസി എംഎല്‍എയുടെ വീട്ടിലായിരുന്നു തങ്ങിയത്. രാത്രി പത്തരയോടെ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട് വളഞ്ഞ് മേദിനിയെ കസ്റ്റഡിയിലെടുത്തു. എസ്ഐ ഭാസി എംഎല്‍എയുടെ സഹപാഠിയായിരുന്നതിനാല്‍ ആ രാത്രി ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ നേരം വെളുത്തപ്പോള്‍ അനിഷ്ട ചോദ്യങ്ങളുടെ പ്രളയമായി. പൊലീസിനെതിരായ പാട്ട് പാടാനും ആവശ്യപ്പെട്ടു. പാടാതിരുന്നതിന് കരണത്തടിയായിരുന്നു പ്രതിഫലം. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം ജീവിതം കളയുന്നതെന്തിനെന്ന ഉപദേശത്തോടൊപ്പം വല്ല കഥാപ്രസംഗകര്‍ക്കൊപ്പം പൊയ്ക്കൂടെ എന്ന നിര്‍ദേശവും ഏമാന്മാര്‍ മുന്നില്‍ വെച്ചു. വൈകിട്ട് നാല് മണിയോടെയാണ് ജാമ്യത്തിനായി കോടതിയില്‍ ഹാജരാക്കിയത്. ജഡ്ജിക്ക് മുന്നില്‍ കൈയുംകെട്ടി നിന്ന ഈ പാട്ടുകാരിക്ക് ജാമ്യം നല്‍കാന്‍ അന്ന് കോടതി വിധിച്ചത് 500 രൂപയാണ്. ഇന്നത്തെ ലക്ഷം രൂപയേക്കാള്‍ വിലമതിക്കുന്ന തുക. പത്ത് രൂപ പോലും ഇവരുടെ പക്കല്‍ തികച്ചില്ലായിരുന്നു. എങ്കിലും രണ്ട് മണിക്കൂറിനകം ഈ തുക മുഴുവന്‍ പാര്‍ടി സംഭാവനയിലൂടെ സമാഹരിച്ചു. കോട്ടയത്തെ കടകളില്‍ നിന്നും മറ്റുമായിരുന്നു ആ പണപ്പിരിവ്. മേദിനിയെ പോലൊരു യുവ വിപ്ലവഗായികയെ രാത്രി ലോക്കപ്പിലേക്കോ, സബ് ജയിലിലേക്കോ വിട്ടു കൊടുക്കാന്‍ പാര്‍ടി ഒരുക്കമല്ലായിരുന്നു.

തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിന്റെ പേരിലായിരുന്നു ആദ്യകാലത്ത് മേദിനിയുടെ അരങ്ങേറ്റമെങ്കില്‍ തിരുവിതാംകൂറില്‍ പാര്‍ടിയെ നിരോധിച്ചപ്പോള്‍ ജനാധിപത്യ കലാനിലയമെന്ന് സംഘത്തിന്റെ പേര് മാറ്റി. എങ്കിലും ഭരണാധികാരികള്‍ അടങ്ങിയില്ല. പൊലീസല്ല, പട്ടാളമാണ് അക്കാലത്ത് ഈ കുടുംബത്തെ വേട്ടയാടിയത്. ആങ്ങളയുടെ പട്ടാളപ്പെട്ടി വീട്ടില്‍ കണ്ട സൈനികര്‍ വീട് തകര്‍ത്താണ് അകത്ത് കടന്നത്. ആ പെട്ടിയില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ "ബാല്യകാല സഖിയും" മറ്റു ചില പുസ്തകങ്ങളുമാണ് കണ്ടെത്തിയത്. അപ്പോഴേക്കും മേദിനി ഒളിവില്‍ പോയിരുന്നു. എന്നാല്‍ ആങ്ങളെയെ സൈന്യം കസ്റ്റഡിയില്‍ എടുക്കുക തന്നെ ചെയ്തു. പട്ടാളത്തിന്റെ വേട്ടയാടലിലും പാര്‍ടിയില്‍ ഉറച്ചു നില്‍ക്കുകയാണ് മേദിനി ചെയ്തത്. പട്ടിണി രൂക്ഷമായപ്പോള്‍ പാര്‍ടിയുടെ അനുവാദത്തോടെ കെടാമംഗലം സദാനന്ദന്റെ നാടക ട്രൂപ്പിലാണ് മേദിനി അണഞ്ഞത്. "സന്ദേശം" എന്ന നാടകത്തില്‍. നായരമ്പലം ശിവരാമന്‍, ചെറായി അംബുജം, എസ് ആര്‍ പങ്കജം, മണി, മൂത്തുകുന്നം വാസുദേവന്‍ ഭാഗവതര്‍ തുടങ്ങിയവരായിരുന്നു സഹഅഭിനേതാക്കള്‍. അക്കാലത്തെക്കുറിച്ച് മേദിനി പറയുന്നതിങ്ങനെ.

""നാടക നടികളുടെ രൂപം ഇല്ലാത്തതിനാല്‍ പലരും അസംതൃപ്തി കാണിച്ചു. പാടി രക്ഷപ്പെടാമെന്ന ധൈര്യത്തിനാണ് പോയത്. അക്കാലത്ത് സ്റ്റേജില്‍ പാടി അഭിനയിക്കുന്നതായിരുന്നു പതിവ്. പാട്ടുകാര്‍ക്ക് സവിശേഷ സ്ഥാനവുമുണ്ടായിരുന്നു. ഒരു നാടകത്തിന് എട്ട് രൂപ വെച്ച് തെരഞ്ഞെടുക്കപ്പെട്ടു. പണക്കാരന്റെ പെങ്ങളെ കൂലിവേലക്കാരന്‍ പ്രേമിച്ച് ഒളിച്ചോടുന്നതാണ് കഥാതന്തു. നായികയായായിരുന്നു എന്റെ വേഷം. പെണ്ണിനെ പോറ്റാന്‍ നായകന്‍ ഉന്തുവണ്ടി വലിക്കുന്ന രംഗം പോലും നാടകത്തിലുണ്ട്. ഒട്ടാകെ 208 വേദികളാണ് നിശ്ചയിച്ചിരുന്നതെങ്കിലും 200 വേദികളിലാണ് അന്ന് അഭിനയിച്ചത്. അപ്പോഴേക്കും പാര്‍ടിയുടെ നിരോധനം നീങ്ങിയിരുന്നു. തിരിച്ചുവരണമെന്ന് വി എസ് പറഞ്ഞു. അതോടെ നാടകത്തിലെ അഭിനയം നിര്‍ത്തി. എങ്കിലും ആ നാടകത്തിന്റെ ഇടവേളയില്‍ ഉള്‍ച്ചേര്‍ത്ത "ജന്മി-കര്‍ഷക നൃത്തം" ഇന്നും മറക്കാനാവില്ല. ഞാനും മീനയുമായിരുന്നു ആദ്യം വേദിയില്‍. പിന്നീട് മീനയ്ക്ക് പകരം കെടാമംഗലം ജന്മിയും ഞാന്‍ കര്‍ഷകയുമായി. "ഇക്കാണും പാടങ്ങള്‍ നമ്മള്‍ തന്‍ കൈകളാല്‍ തീര്‍ന്നതോ, പാടുപെട്ട് പണിയെടുക്കും കര്‍ഷകര്‍ നമ്മള്‍" എന്ന പാട്ട് തീരുമ്പോഴേക്കും കാണികള്‍ ഇളകി മറിയുമായിരുന്നു. അക്കാലത്ത് ഭൂമി പിടിക്കാനാവുമെന്ന തോന്നലാണ് ആ ഗാനം അവരില്‍ സൃഷ്ടിച്ചത്. കോരിത്തരിപ്പോടെ നിലയ്ക്കാതെ കൈയടിച്ചും മാലയണിയിച്ചുമാണ് അവര്‍ ഞങ്ങളെ വരവേറ്റത്. ഒപ്പം മുദ്രാവാക്യങ്ങളും മുഴങ്ങും"".

""അക്കാലത്ത് യോഗങ്ങളില്‍ മൈക്കില്ലായിരുന്നുവെങ്കിലും പാട്ട് വേണമായിരുന്നു. പതിനായിരങ്ങള്‍ കേട്ടിരിക്കും. വൈക്കം ടിവി പുരത്താണ് ഞാന്‍ ആദ്യമായി മൈക്കില്‍ പാടിയത്. അപ്പോഴേക്കും തിരുവിതാംകൂര്‍ മാറി തിരു-കൊച്ചിയായിരുന്നു. ജയില്‍ മോചിതരായ ടി വി തോമസിന്റെയും ഗൗരിയമ്മയുടെയും സ്വീകരണവേളയിലായിരുന്നു അത്. അവര്‍ക്കൊപ്പം തിരു-കൊച്ചിയുടെ ഏതാണ്ട് എല്ലാ ഭാഗത്തും ഞാന്‍ സന്ദര്‍ശിച്ചു.“

ആയേഗാ ആയേഗാ എന്ന ഹിന്ദി പാട്ടിന്റെ ട്യൂണില്‍ "മര്‍ദ്ദകാ മര്‍ദ്ദകാ നിന്റെ മരണം വിശ്വമാകെയും നീ കുഴിച്ച കുഴിയില്‍ നിന്നെ ഞങ്ങള്‍ മൂടിടും" എന്ന ഗാനത്തിന് അന്ന് ലഭിച്ച സ്വീകാര്യതയും സ്വീകരണവും ഒരിക്കലും മറക്കാനാവാത്തതാണെന്നും മേദിനി സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഗുരുനാഥന്‍മാരില്‍ പ്രധാനിയായി മേദിനി കരുതുന്ന എസ് കെ ദാസിന്റേതാണ് ഈ ഗാനത്തിന്റെയും രചന. മറ്റൊരു ഗുരു രാമന്‍കുട്ടി ആശാനാണ്.

""നിമിഷകവിയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ബോണസ് പ്രശ്നത്തില്‍ പോലും അദ്ദേഹത്തിലെ കവി മനസ്സ് ഉണര്‍ന്നിരിക്കും"".

അദ്ദേഹത്തെക്കുറിച്ചുള്ള മേദിനിയുടെ ഓര്‍മകളില്‍ ഉണര്‍ന്നിരിക്കുന്ന ഒരുഗാനം "ആജാ ആജാ" എന്ന ശ്രദ്ധേയ ഹിന്ദി ഗാനത്തിന്റെ ട്യൂണില്‍ അദ്ദേഹം തീര്‍ത്ത ഗാനമാണ്. ടി വി തോമസ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനായിരുന്നു യോഗം. "പെട്ടീ പണപ്പെട്ടി ഒട്ടിയ വയര്‍തന്‍ വീര്യമെല്ലാം കണ്ടോ മണിമാളികേ പുല്‍മാടമിന്നെതിരെയുണര്‍ന്നു"" എന്ന് തുടങ്ങുന്ന ആ ഗാനം താന്‍ പാടിയപ്പോഴും നിറഞ്ഞ കൈയടിയാണ് ലഭിച്ചതെന്ന് മേദിനി പറയുന്നു. പൊതുയോഗത്തിലെ പ്രസംഗത്തേക്കാള്‍ കരുത്തും ആശയവ്യക്തതയും ഈ പാട്ടിനുണ്ടായിരുന്നു. ഒരുവേള വയലാറിന്റെ ഗാനത്തേക്കാളും തന്നെ സ്വാധീനിച്ചതും രാമന്‍കുട്ടി ആശാന്റെ ഗാനമാണെന്നും മേദിനി പറയുന്നു. കണിയാപുരം രാമചന്ദ്രന്‍ രചിച്ച് ആലപ്പുഴ മോഹനന്‍ ഈണമിട്ട "റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്", എന്ന ഗാനമാണ് മേദിനിയെ ഏറെ പ്രശസ്തയാക്കിയത്. ഈ ഗാനമുള്‍കൊള്ളുന്ന സിഡിക്ക് ഇന്നും ആവശ്യക്കാരേറെയാണ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മാത്രം അറിയപ്പെട്ടിരുന്ന തന്നെ മറ്റിടങ്ങളിലും അറിയാന്‍ ഇടയാക്കിയതും ഈ ഗാനമാണെന്നും മേദിനി കൂട്ടിച്ചേര്‍ക്കുന്നു. അയല്‍സംസ്ഥാനക്കാര്‍ പോലും ഈ ഗാനം പാടിക്കേട്ട കോരിത്തരിപ്പിക്കുന്ന അനുഭവവും മേദിനിക്കുണ്ടായി. സിപിഐ ദേശീയ സമ്മേളനത്തില്‍ മണിപ്പൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമൊക്കെയുള്ള പ്രവര്‍ത്തകരാണ് ഈ ഗാനം പാടിയത്. ഇതൊക്കെ വലിയ നേട്ടമായാണ് താന്‍ കണക്കാക്കുന്നതെന്നും മേദിനി പറയുന്നു.

ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച "ഒരുകുറി പിന്നെയും വരിക നീ മലയാള കവിത തന്‍ കരിമുകില്‍ മുത്തേ", മുഹമ്മ അയ്യപ്പനെയും കോട്ടാത്തല സുരേന്ദ്രനെയും അനുസ്മരിച്ച് വൈക്കം ചന്ദ്രശേഖരന്‍നായര്‍ രചിച്ച "പൊലിഞ്ഞു നീചരാല്‍ നിന്‍ ജീവിതം ധീര യോദ്ധാവേ" തുടങ്ങിയ ഗാനങ്ങളും മേദിനിയുടെ നിത്യഹരിത ഗാനങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവയാണ്. പാട്ടിന്റെ വഴിയില്‍ അലഞ്ഞ മേദിനി ജീവിതത്തെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നത് 22-ാമത്തെ വയസ്സിലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിയ കാലവുമായിരുന്നു അത്.

""വീട്ടുകാരും പാര്‍ടിക്കാരും എന്റെ വിവാഹത്തെക്കുറിച്ച് ആലോചന തുടങ്ങിയിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ അന്ന് ബഹുഭാര്യത്വം നിലവില്‍ ഉണ്ടായിരുന്നു. സ്ത്രീധനം കൊടുക്കാനില്ലാത്ത സാഹചര്യത്തില്‍ വീട്ടുകാരുടെ ആലോചന ഇത്തരമൊരു വിവാഹ ബന്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും വല്ലാത്ത വിഷമവുമുണ്ടായിരുന്നു. അതേസമയം പാര്‍ടിയാകട്ടെ കെപിഎസിയുടെ നാടകം കളിച്ച് എന്നെ വിവാഹം കഴിപ്പിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനും ആലോചന തുടങ്ങി. ഇതിനോടും വിയോജിപ്പ് തോന്നി. സ്ത്രീധനം വാങ്ങാത്തയാളെ വിവാഹം കഴിക്കണമെന്ന ചിന്തയായിരുന്നു അന്ന് എന്നെ നയിച്ചത്. ഇതേ തുടര്‍ന്ന് അപ്പച്ചിയുടെ മകനായ വി ശങ്കുണ്ണിയോട് എന്നെ വിവാഹം കഴിക്കാമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴും ഇദ്ദേഹത്തിന്റെ ഷര്‍ട്ട് പോലും അലക്കി നല്‍കാറുണ്ടായിരുന്നു. എനിക്ക് വിവാഹാലോചനയുമായി വരുന്നവര്‍ പോലും ഇത് കാണാറുമുണ്ടായിരുന്നു. "നാടകക്കാരി" എന്ന പേരില്‍ അല്‍പ്പം അവഗണനയും പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ചേട്ടന് എന്നെ നന്നായി അറിയാമായിരുന്നു. വിശ്വാസവുമുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ഇദ്ദേഹം ആദ്യം വിവാഹാലോചനയില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. ഫോര്‍ട്ടുകൊച്ചിയില്‍ താലൂക്ക് മജിസ്ട്രേട്ടിന് മുന്‍പാകെ 1955-ല്‍ ഞങ്ങള്‍ വിവാഹിതരായി. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതിനോട് ശക്തമായ എതിര്‍പ്പായിരുന്നു. ഇതേ തുടര്‍ന്ന് വീടും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞാണ് വീട്ടില്‍ കയറാന്‍ അനുവാദം ലഭിച്ചത്. അതും അച്ഛന്റെ അന്ത്യവേളയില്‍"".

സന്തോഷകരമായിരുന്നുവെങ്കിലും അല്‍പ്പകാലം മാത്രമാണ് മേദിനിയുടെ ദാമ്പത്യജീവിതം നീണ്ടുനിന്നത്. അധ്യാപകനും പിന്നീട് കയര്‍ മേഖലയില്‍ ബിസിനസുകാരനുമായിരുന്ന ഭര്‍ത്താവിന് കയര്‍ബോര്‍ഡില്‍ മന്ത്രി ടി വി തോമസ് ഇടപെട്ട് ജോലിയും നല്‍കി. അതിനിടെ സ്മൃതി, ഹന്‍സ എന്നിങ്ങനെ രണ്ട് പെണ്‍മക്കള്‍ക്ക് ഇവര്‍ ജന്മമേകി. ഇളയ മകള്‍ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് രക്തം ഛര്‍ദിച്ചു. ക്ഷയരോഗമാണെന്ന ധാരണയില്‍ ചികിത്സയും തുടങ്ങി. ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റായിരുന്നു ചികിത്സ. എന്നാല്‍ അദ്ദേഹത്തിന് മഞ്ഞപ്പിത്തം വര്‍ധിച്ചുളള കരള്‍ രോഗവും രക്തദൂഷ്യവുമായിരുന്നു. ചികിത്സയെ തുടര്‍ന്ന് അഞ്ച് വര്‍ഷം കൂടി അദ്ദേഹം ജീവിച്ചു. എന്നാല്‍ 46-ാമത്തെ വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു. അന്ന് മേദിനിയുടെ പ്രായം 36 വയസ്സായിരുന്നു. അതുവരെ കുടുംബജീവിതത്തെക്കുറിച്ച് കാര്യമായി ചിന്തിക്കാതിരുന്ന തന്റെ ജീവിതത്തെ ഭര്‍ത്താവിന്റെ വേര്‍പാട് മാറ്റിമറിച്ചതായി മേദിനി സാക്ഷ്യപ്പെടുത്തുന്നു.

""കുടുംബ ജീവിതത്തെക്കുറിച്ച് അന്നുവരെ എനിക്ക് സ്വപ്നങ്ങള്‍ കുറവായിരുന്നു. എകെജിയുടെയും ഇഎംഎസിന്റെയും സി അച്യുതമേനോന്റെയുമൊക്കെ പ്രസംഗവേദിയില്‍ പ്രസംഗത്തിന് മുന്‍പോ ശേഷമോ പാടുന്നതിലുള്ള ഗമ മാത്രം മതിയായിരുന്നു എനിക്ക്. അവരുടെ തലോടലും വാത്സല്യവും ഞാന്‍ വല്ലാതെ കൊതിച്ചു. ചേട്ടന്റെ മരണത്തോടെ വല്ലാതെ ഒറ്റപ്പെട്ട സ്ഥിതിയിലായി. മരണവാര്‍ത്തയറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്‍ സമാശ്വസിപ്പിച്ചുള്ള കത്തും നൂറ് രൂപയും അയച്ചു തന്നു. എന്നാല്‍ ചേട്ടന്റെ മരണശേഷവും എന്നെയും മക്കളെയും രക്ഷിച്ചത് തൊഴിലാളികളാണ്. കയര്‍, കശുവണ്ടി തുടങ്ങി പലവിഭാഗം തൊഴിലാളികള്‍ അവരുടെ വേതനത്തിന്റെ ഒരു വിഹിതം എനിക്കും മക്കള്‍ക്കുമായി മാറ്റിവെച്ചു. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണ് തൊഴിലാളികള്‍ എന്നെ കണ്ടിരുന്നത്. ഞാന്‍ അന്നേ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതല്ലാതെ എന്നെക്കുറിച്ച് കുടുംബത്തിനോ, മറ്റാര്‍ക്കുമോ അവകാശം ഉന്നയിക്കാനാവില്ല. അക്കാലത്ത് ചേട്ടന്റെ, ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയെയും മക്കളെയും നോക്കേണ്ട ചുമതലയും എന്നിലായി. ക്ലേശകരമായിരുന്നു അന്നത്തെ ജീവിതം"".

പിന്നീട് പാര്‍ടിയുടെ പിന്തുണയോടെ കേരള സ്പിന്നേഴ്സില്‍ തൊഴിലാളിയായി എത്തി. ആദ്യ ആറ് മാസം പരിശീലന കാലയളവായിരുന്നു. ഇക്കാലത്ത് ദിവസം കേവലം ഒരു രൂപ മാത്രമായിരുന്നു കൂലി. അന്നൊരിക്കല്‍ ഫാക്ടറിയില്‍ ആഘോഷദിനമെത്തി. തൊഴിലാളികളുടെ ഗാനമേളയും എന്‍ എന്‍ പിള്ളയുടെ ട്രൂപ്പിന്റെ നാടകവും അന്ന് നിശ്ചയിച്ചിരുന്നു. എന്‍ എന്‍ പിള്ളയുടെ ട്രൂപ്പിലെ ഹര്‍മോണിസ്റ്റ് ആന്റണിയെ മേദിനിയും കൂട്ടരും ഗാനമേളയില്‍ സഹകരിക്കാന്‍ ക്ഷണിച്ചു. "മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ" എന്ന ഗാനമാണ് ഒരു ഇടവേളയ്ക്ക് ശേഷം മേദിനി ആദ്യമായി ഇവിടെ പാടിയത്. മേദിനി ഇവിടെ പാടിയ കാര്യമറിഞ്ഞ് എന്‍ എന്‍ പിള്ള ഇവരെന്താ ഇവിടെയെന്ന് തിരക്കി. മേദിനിയുടെ അവസ്ഥയില്‍ കഷ്ടത തോന്നിയ അദ്ദേഹം കമ്പനിയിലെ പരിശീലന കാലയളവായ ആറ് മാസത്തേക്ക് മേദിനിയെ തന്നോടൊപ്പം ട്രൂപ്പില്‍ വിടാമോ എന്ന് കമ്പനി അധികൃതരോട് അനുവാദം തേടി. ദിവസം 35 രൂപയായിരുന്നു പ്രതിഫല വാഗ്ദാനം. അവര്‍ സമ്മതിച്ചതോടെ കലാവേദിയിലേക്കുള്ള മേദിനിയുടെ മടങ്ങിവരവായി.

""മതിയായ ആഹാരമോ, സന്തോഷമോ ഇല്ലാതെ തീര്‍ത്തും ശോഷിച്ച അവസ്ഥയിലായിരുന്നു ഞാന്‍ അന്ന്. എന്നാല്‍ എന്‍ എന്‍ പിള്ള സാര്‍ ഏതാണ്ട് ഒരു മാസത്തോളം വിശ്രമവും നല്ല ആഹാരവും നല്‍കി. കമ്മല്‍, വസ്ത്രം തുടങ്ങിയവ വാങ്ങുന്നതിനും പണം നല്‍കി. എന്റെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷമാണ് അദ്ദേഹം പാടുവാന്‍ അനുവദിച്ചത്. മരട് ജോസഫിനൊപ്പം "താനേ തിരിഞ്ഞും മറിഞ്ഞും" എന്ന ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനമാണ് അന്ന് ഞാന്‍ ആദ്യമായി പാടിയത്. "മുകിലേ, മുകിലേ" തുടങ്ങിയ ഗാനവും ആലപിച്ചു. "കാപാലിക" എന്ന നാടകമായിരുന്നു അന്ന് കളിച്ചുകൊണ്ടിരുന്നത്. ആളില്ലെങ്കില്‍ നാടകത്തില്‍ പകരം വേഷം ചെയ്യണമെന്ന് എന്നോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് വേണ്ടിവന്നില്ല. അന്ന് എന്റെ പാട്ടുകേട്ട് ഇത് ഞങ്ങളുടെ മേദിനിയല്ലേ എന്ന് പറഞ്ഞ് ഒഎന്‍വി, ഒ മാധവന്‍ എന്നിവരൊക്കെ പരിപാടിക്ക് ഇടയില്‍ എന്നെ കാണാന്‍ വന്നു."

"ഫാക്ടറിയില്‍ പഞ്ഞിപ്പൊടിയില്‍ മുങ്ങിക്കഴിഞ്ഞിരുന്ന അവളെ പൊടിതട്ടി കൊണ്ടുവന്നത് ഞാനാണ്. കെപിഎസിയും കാളിദാസ കലാകേന്ദ്രവുമൊക്കെ ഉണ്ടായിട്ട് എന്തായി" എന്‍ എന്‍ പിള്ള അവരോട് ചോദിച്ചു"". എന്‍ എന്‍ പിള്ള ഇതു പറഞ്ഞ് കേട്ടതിന് ശേഷം തനിക്കും ഈ തോന്നല്‍ ഉണ്ടായിട്ടുണ്ടെന്ന് മേദിനി പറയുന്നു. ""എന്നാല്‍ അവരുടേതല്ലല്ലോ, എന്റെ തന്നെ കുറ്റമല്ലേ എന്നാണ് അതേക്കുറിച്ച് കൂടുതല്‍ ആലോചിച്ചപ്പോള്‍ തോന്നിയത്. എനിക്ക് കെപിഎസിയില്‍ ചേരണമെങ്കില്‍ തോപ്പില്‍ ഭാസിക്ക് എഴുതിയാല്‍ മാത്രം മതിയായിരുന്നുവല്ലോ. എന്നാല്‍ അതല്ല കാരണം, പടപ്പാട്ട് പാടിയിരുന്ന എനിക്ക് ഒരുതരം അപകര്‍ഷതാ ബോധം ഉണ്ടായിരുന്നു. "വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ"യും "പൊന്നരിവാളമ്പിളിയും" പാടിയ കെപിഎസി സുലോചനയുടെ പാട്ടു കേട്ടപ്പോള്‍ എന്റെ തൊണ്ടയില്‍ പാട്ട് വരില്ലെന്ന് തോന്നി. എങ്കിലും സുലോചനയും ഞാനും വളരെ അടുപ്പത്തിലായിരുന്നു. പലപ്പോഴും അവര്‍ക്കൊപ്പം ഒട്ടേറെ വേദികളിലും ഒന്നിച്ചു പാടി. അവര്‍ക്ക് അസുഖമായിരുന്ന വേളയില്‍ അവരുടെ പാട്ടുകള്‍ എന്റെ ശബ്ദത്തില്‍ പൂര്‍ത്തിയാക്കുക പോലുമുണ്ടായിട്ടുണ്ട്"".

എന്‍ എന്‍ പിള്ളയുടെ ട്രൂപ്പില്‍ പറഞ്ഞ കാലാവധിക്ക് ശേഷം മേദിനി ഫാക്ടറിയില്‍ തിരിച്ചെത്തി. പരിശീലന കാലയളവ് പിന്നിട്ട അവര്‍ക്ക് ബദല്‍ (പകരം) തൊഴിലാളിയായായിരുന്നു നിയമനം. എങ്കിലും മേദിനിയെ തേടി പിന്നീടും അവസരങ്ങളെത്തി. എന്നാലും 67-ാം വയസ്സിന് ശേഷമാണ് താന്‍ കേരളത്തില്‍ ഏറെ അറിയപ്പെട്ടതെന്ന് മേദിനി സാക്ഷ്യപ്പെടുത്തുന്നു.

""റെഡ് സല്യൂട്ട്" എന്ന ആല്‍ബം ഇറങ്ങിയതിന് ശേഷം. അതുവരെ തിരുവനന്തപുരത്ത് ഉള്‍പ്പെടെ പരിപാടികളില്‍ പാടിയിട്ടുണ്ടെങ്കിലും ആലപ്പുഴയിലും ഏറിയാല്‍ കോട്ടയത്തും മാത്രമാണ് കൂടുതലായി അറിയപ്പെട്ടിരുന്നത്. ഓടക്കുഴല്‍, ഓര്‍ഗണ്‍, തബല എന്നിവയുടെ പശ്ചാത്തലത്തില്‍ ചിട്ടപ്പെടുത്തിയ "റെഡ് സല്യൂട്ട്" വലിയ സ്വീകാര്യതയാണ് നല്‍കിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലെയും സഖാക്കള്‍ ഇ പാട്ട് പാടുന്നത് കേട്ടപ്പോള്‍ തോന്നിയ ആഹ്ലാദം പറഞ്ഞറിയിക്കാനാകാത്തതാണ്. അത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്"".

അതിനിടെ സിനിമാ പാട്ടുകളോടും അവര്‍ കൂട്ടുകൂടി. പരിപാടിയ്ക്കിടയിലെ ശ്രോതാക്കളുടെ ആവശ്യങ്ങളാണ് (ഫര്‍മായിഷ്) ഈ ഗാനങ്ങളിലേക്കും മേദിനിയെ നയിച്ചത്. "പെരിയാര്‍ പാടൂ" തുടങ്ങിയ സ്നേഹപൂര്‍ണമായ അഭ്യര്‍ഥന മേദിനിയെ സിനിമാപ്പാട്ടുകാരിയുമാക്കി. എന്തൊക്കെയാണെങ്കിലും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തികച്ചും സന്തോഷവതിയാണെന്ന് മേദിനി പറയുന്നു.

ആറാം ക്ലാസ് വിദ്യാര്‍ഥിയായിക്കെ 15 ചക്രം ഫീസ് കൊടുക്കാനില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടിവന്ന മേദിനിക്ക് തന്റെ മക്കളെയും പത്താം ക്ലാസ് വരെയേ പഠിപ്പിക്കാനായുള്ളൂ. 19-ാം വയസ്സില്‍ ആദ്യത്തെ മകളുടെയും 21-ാമത്തെ വയസ്സില്‍ ഇളയ മകളുടെയും വിവാഹം കഴിപ്പിച്ചു. ഇപ്പോള്‍ അവരുടെ മക്കള്‍ എംഎസ്സി, ബി എഡ് തുടങ്ങിയ ബിരുദങ്ങള്‍ സ്വന്തമാക്കിയതിനെക്കുറിച്ച് പറയുമ്പോള്‍ ആ മുത്തശ്ശിയുടെ കണ്ണിലും വാക്കിലും സന്തോഷത്തിന്റെ തിളക്കവും പ്രസന്നതയുമേറെ. ഗായികയെന്ന നിലയില്‍ മേദിനിയെ തേടിയെത്തിയ അംഗീകാരങ്ങളുമേറെ. ടി കെ രാമകൃഷ്ണന്‍ സാംസ്കാരിക മന്ത്രിയായിരിക്കെ നല്‍കിയ ജനകീയ ഗായികയ്ക്കുള്ള സര്‍ക്കാരിന്റെ സാംസ്ക്കാരിക അവാര്‍ഡാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. 5000 രൂപയും താമ്രപത്രവുമായിരുന്നു പുരസ്കാരം. "99-ല്‍ സംഗീത നാടക അക്കാദമിയാണ് ഈ പുരസ്കാരം സമ്മാനിച്ചത്.

കൊടുങ്ങല്ലൂര്‍ കെ ഇ കുമാരന്റെ സ്മരണാര്‍ഥമുള്ള പുരസ്ക്കാരമാണ് ആദ്യം ലഭിച്ചത്. തോപ്പില്‍ഭാസി പുരസ്കാരം, കാമ്പിശ്ശേരി കരുണാകരന്‍ പുരസ്കാരം, വി സാംബശിവന്‍ പുരസ്കാരം എന്നിവയും മേദിനിയെ തേടിയെത്തി. രാമന്‍കുട്ടി ആശാനും എസ് കെ ദാസിനും പുറമെ ഒ എന്‍ വി, വയലാര്‍, തോപ്പില്‍ഭാസി, എസ് എല്‍ പുരം സദാനന്ദന്‍, കണിയാപുരം രാമചന്ദ്രന്‍ എന്നിവരെയാണ് മേദിനി ഗുരുക്കന്മാരായി കാണുന്നത്. കാഥികന്‍ സാംബശിവനെ പ്രചോദകനായും കാണുന്നു. ""ഞങ്ങളെപ്പോലുള്ളവരെ "ഒഥല്ലോ" പറഞ്ഞ് ആവേശം പകര്‍ന്ന കാഥികന്‍"" എന്നാണ് സാംബശിവനെ മേദിനി അനുസ്മരിക്കുന്നത്. പുരസ്കാരങ്ങളേക്കാള്‍ സമീപനാളില്‍ മേദിനിയെ ഏറെ സന്തോഷവതിയാക്കിയത് ജീവിതത്തില്‍ താന്‍ ഏറെ ആദരിക്കുന്ന പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ഇതിവൃത്തമാക്കിയ ഡോക്യുമെന്ററിയില്‍ അഭിനയിക്കാനും പാടാനുമായതിലാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം എന്ന ബോധ്യം തന്നില്‍ സൃഷ്ടിച്ചത് കൃഷ്ണപിള്ളയാണെന്ന് മേദിനി പറയുന്നു. കണ്ടറിഞ്ഞ കൃഷ്ണപിള്ളയെ കുറിച്ച് അതിനേക്കാള്‍ കാര്യങ്ങള്‍ മേദിനി വായിച്ചുമറിഞ്ഞു. അങ്ങനെ ചെറുപ്പത്തില്‍ താന്‍ അടുത്തറിഞ്ഞ കൃഷ്ണപിള്ളയെ കുറിച്ച് കുട്ടികളോട് മേദിനി വിവരിക്കുന്നിടത്താണ് "വസന്തത്തിന്റെ കനല്‍വഴികള്‍" എന്ന ഡോക്യുമെന്ററി ആരംഭിക്കുന്നത്. അവസാനിക്കുന്നതും മേദിനിയുടെ രംഗത്തിലൂടെ.

ഇതില്‍ "കത്തുന്ന വേനലിലൂടെ കനിവിനായ് കരഞ്ഞുകൊണ്ട്" എന്ന ഗാനമാണ് മേദിനി പാടുന്നത്. ഡോക്യൂമെന്ററിയുടെ സംവിധായകന്‍ കൂടിയായ അനില്‍ വി നാഗേന്ദ്രന്‍ രചിച്ച ഗാനം ദക്ഷിണാമൂര്‍ത്തി നീലാംബരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. എന്നാല്‍ ഇത് പാടുകയെന്നത് മേദിനിക്ക് അല്‍പ്പം ബുദ്ധിമുട്ടായി തോന്നി. തുടര്‍ന്ന് സ്വയം ഈണമിട്ടാണ് പാട്ട് പൂര്‍ത്തിയാക്കിയത്. സമുദ്രക്കനിയാണ് ചിത്രത്തില്‍ കൃഷ്ണപിള്ളയായി വേഷമിടുന്നത്. കെടാമംഗലത്തിന്റെ നാടകത്തിന് പുറമെ പി ജെ ആന്റണിയുടെ "ഇങ്ക്വിലാബിന്റെ മക്കള്‍" എന്ന നാടകത്തില്‍ റോസി എന്ന പാട്ടുകാരിപ്പെണ്ണിനെയും മേദിനി പാടി അവതരിപ്പിച്ചു. ശക്തമായ കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന ഈ നാടകവും അധികൃതര്‍ നിരോധിച്ചു. ഇതിനു പുറമെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകത്തില്‍ ഒരിക്കല്‍ പകരക്കാരിയായും മേദിനി അരങ്ങിലെത്തി. കലയോടൊപ്പം ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനവും മേദിനി ഇന്നും തുടരുന്നു.

1952-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ മേദിനി "64-ല്‍ പാര്‍ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐയില്‍ തുടര്‍ന്നു. നിലവില്‍ സിപിഐ സംസ്ഥാന സമിതി അംഗമാണ്. തിരുവനന്തപുരം, ചണ്ഡിഗഡ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന സിപിഐ ദേശീയ സമ്മേളനങ്ങളിലും പങ്കെടുത്തു. കേരളാ മഹിളാ സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എന്നാല്‍ ""തന്റെ മനസ്സില്‍ പാര്‍ടി പിളര്‍ന്നിട്ടില്ലെന്നാണ്"" മേദിനി പാര്‍ടിയിലെ പിളര്‍പ്പിനെക്കുറിച്ച് പറയുന്നത്. ""ഇരു പാര്‍ടികളുടെയും വേദികളില്‍ തനിക്ക് ഇന്നും തുല്യമായ സ്ഥാനമാണുള്ളത്. എകെജി ലോക്സഭാ പ്രതിപക്ഷ നേതാവായപ്പോള്‍ പോലും എനിക്ക് വേദിയൊരുങ്ങി. ഇപ്പോഴും ആ പതിവ് തെറ്റിയിട്ടില്ല."" ഏറ്റവും ഒടുവില്‍ സോളാര്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ രാപ്പകല്‍ സമരവേദിയിലും ആവേശം നിറച്ച് മേദിനിയും സംഘവുമെത്തി. സോഷ്യലിസ്റ്റ് വിപ്ലവം അടുത്തൊന്നും യാഥാര്‍ഥ്യമാവുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മേദിനി പറയുന്നു. അതേസമയം സമീപ കാലഘട്ടത്തില്‍ തൊഴിലാളി യൂണിയനുകളുടെ ഐക്യം നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണെന്നും ഇവര്‍ പറയുന്നു. കെ ആര്‍ ഗൗരിയമ്മ മന്ത്രിയായിരിക്കെ മേദിനിക്ക് സ്ഥലം നല്‍കിയെങ്കിലും മൂത്ത മകളുടെ വിവാഹാവശ്യത്തിന് ഇത് വില്‍ക്കേണ്ടി വന്നു. പിന്നീട് ഭര്‍ത്താവിന്റെ വിറ്റ സ്ഥലം തിരിച്ചു വാങ്ങാനായതാണ് തുണയായത്.

മണ്ണഞ്ചേരിയിലെ ആ ഭൂമിയിലാണ് സകുടുംബം മേദിനി ഇന്നു കഴിയുന്നത്. മഠത്തിക്കാട് വീട്ടില്‍. അതിനിടെ "91-96 കാലയളവില്‍ മണ്ണഞ്ചേരി പഞ്ചായത്തിന്റെയും 96 മുതല്‍ രണ്ടര വര്‍ഷം ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി. പുന്നപ്ര വയലാര്‍ സമരസേനാനി എന്ന നിലയില്‍ സ്വാതന്ത്ര്യസമര സേനാനിക്കുള്ള പെന്‍ഷനും ലഭിക്കുന്നു. പുന്നപ്ര വയലാര്‍ സമരസേനാനികളായ സഹോദരങ്ങള്‍ പി കെ ബാവയ്ക്കും സിനിമാരംഗത്ത് ശ്രദ്ധേയനായ പി കെ ശാര്‍ങ്ഗരപാണിക്കും പെന്‍ഷന്‍ ലഭിക്കുന്നത് കൊണ്ട് പെന്‍ഷന് അപേക്ഷിക്കാന്‍ മേദിനി തയ്യാറായിരുന്നില്ല. ചക്രപാണി, പത്മനാഭന്‍, വസുമതി എന്നിവരാണ് മേദിനിയുടെ മറ്റ് സഹോദരങ്ങള്‍. എന്നാല്‍ മേദിനിയുടെ പൂര്‍വകാല ചരിത്രം അറിയാവുന്ന ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ബാബുവാണ് മേദിനിക്കായി അപേക്ഷ സമര്‍പ്പിച്ചത്.

സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നതിന് പുറമെ ഇന്നീ നാട്ടിലെ കുരുന്നുകളുടെ ഗുരു കൂടിയാണിവര്‍. കലവൂര്‍, പൊന്നാട്, കാവുങ്കല്‍ എല്‍പി സ്കൂളുകളിലെ വിദ്യാര്‍ഥികളെ അണിനിരത്തി കൂട്ടായ്മയൊരുക്കി പ്രകൃതി സംരക്ഷണ സന്ദേശവും മതേതരസന്ദേശവും പാട്ടിലൂടെ പകരുകയാണിവര്‍. അതിന് പുറമേ തന്റെ ജീവിതത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഏടുകള്‍ ഓര്‍മകളില്‍ നിന്നും അടുക്കി ആത്മകഥയും തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. നാല് തലമുറകളെയാണ് മേദിനി പടപ്പാട്ടുകളാല്‍ ഉണര്‍ത്തിയത്. വേദിയില്‍ ഇന്നും ആവേശത്തിന്റെ തീനാളമുയര്‍ത്തി ആ ശബ്ദം കത്തിപ്പടരുമ്പോള്‍ ഒന്ന് നാം തീര്‍ച്ചയായും തേടും. അണയാത്ത ആ അഗ്നിയുടെ ഉറവിടം ഏതെന്ന്. അത് കേള്‍ക്കേണ്ടത് ആ വാക്കുകളിലൂടെ തന്നെ ""അമ്പല വിശ്വാസിയോ, നിരീശ്വരവാദിയോ അല്ല ഞാന്‍. എന്നാല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ പോകുന്നത് ഒരിടത്ത് മാത്രം, വയലാര്‍ രക്തസാക്ഷി സ്മാരക കേന്ദ്രത്തില്‍. ജീവിതത്തില്‍ മൂന്ന് തവണ മാത്രമാണ് അവിടെ പോകാതിരുന്നത്.

ഒരിക്കല്‍ ആങ്ങളയ്ക്ക് തീരെ സുഖമില്ലാതെ വന്നപ്പോഴും മറ്റ് രണ്ട് തവണ വലയാര്‍ ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് മറ്റിടങ്ങളില്‍ തന്നെ ക്ഷണിച്ചപ്പോഴും. ഓരോ തവണ അവിടെപ്പോയി പാട്ടു പാടുമ്പോഴും എനിക്ക് ആവേശം തിരിച്ചു കിട്ടും. ഒന്നേ ഇനിയുള്ളൂ അന്ത്യാഭിലാഷം; മരിക്കുമ്പോള്‍ ആ ധീര സഖാക്കള്‍ക്കൊപ്പം വലിയ ചുടുകാട്ടില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണം"". പാട്ടിലൂടെ നമ്മെ ഉണര്‍ത്തിയ മേദിനി ഈ വാക്കിലൂടെ നമ്മെയും അവരുടെ പാട്ടിനെയുമാണ് തോല്‍പിക്കുന്നത്. പാട്ടിന് വാക്കിനേക്കാള്‍ പലമടങ്ങ് ശക്തിയുണ്ടെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ മേദിനിയുടെ ഈ വാക്കിന് മുന്നില്‍ ആദ്യം വണങ്ങുന്നത് അവരുടെ പാട്ടുകള്‍ തന്നെയാണ്. പാട്ടിലൂടെ അവരെ അറിഞ്ഞ നമ്മള്‍ക്ക് എങ്ങനെ ആ ജീവിതത്തെ വണങ്ങാതിരിക്കാനാകും.

*
പി കെ മേദിനി  /  ഷഫീഖ് അമരാവതി ദേശാഭിമാനി വാരിക 20-10-13

മറ്റൊരു പോസ്റ്റ്

കാലത്തിന്റെ പടപ്പാട്ടുകാരി

No comments: