Monday, October 14, 2013

ഒരു വികസനതന്ത്രത്തിന്റെ രാഷ്ട്രീയം : പ്രഭാത് പട്നായിക്

തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കിലും 'നവലിബറല്‍ ‍' എന്ന് മുദ്ര ചാര്‍ത്തപ്പെട്ടതും എല്ലാ ബൂര്‍ഷ്വാരൂപങ്ങളും ഏതാണ്ട് പൊതുവായി സ്വീകരിച്ചതുമായ ഒരു സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയ പരിണിതിയാണ്, ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ അവതരണം. ഈ സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയ തലത്തിലുള്ള യുക്തിസഹമായ പരിസമാപ്തി തന്നെയാണത്.

പൂര്‍ണ്ണമായും, കോര്‍പറേറ്റ്-പ്രമാണി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്കായി ഭരണകൂടത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ അന്ത:സത്ത (അതുകൊണ്ടാണ്, സാമ്പത്തിക മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്മാറ്റം സൂചിപ്പിക്കുന്ന 'നവലിബറല്‍ ‍' എന്ന പ്രയോഗം വാസ്തവവിരുദ്ധമാകുന്നത്). ഈ തന്ത്രത്തിന്റെ വികാസം, പാകമാകല്‍ ‍, പൂര്‍ണ്ണത ഒക്കെത്തന്നെയും കോര്‍പറേറ്റ്-പ്രമാണിവര്‍ഗ്ഗം ഭരണകൂടത്തെയപ്പാടെ നേരിട്ടു കൈയടക്കുന്നതാണ് കാണിക്കുന്നത്. ഈ കൈയടക്കലിന്റെ ഏജന്റാണ് നരേന്ദ്ര മോഡി. അദ്ദേഹം ബി.ജെ.പി.യുടെ കൂടാരത്തില്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്, വര്‍ഗീയ ഫാസിസത്തിന്റെ നിരന്തര ചരിത്രമുണ്ട്. എല്ലാറ്റിലുമുപരി, അദ്ദേഹം, അടിമുടി കോര്‍പറേറ്റ്-സാമ്പത്തിക പ്രമാണിമാരും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും പിന്താങ്ങുന്നവരുടെ ഉപകരണമാണ്.

താന്‍ ഭരിക്കുന്ന സംസ്ഥാനം കോര്‍പറേറ്റ്-പ്രമാണി വര്‍ഗ്ഗത്തിന് കൈമാറുക എന്നതിനപ്പുറം, മോഡിയുടെ, പറയപ്പെടുന്ന, 'വികസന മാതൃക' മറ്റൊന്നുമല്ല. ദ ഹിന്ദു ദിനപ്പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം, ഗുജറാത്തില്‍ നാനോ പ്ളാന്റ് തുടങ്ങുന്നതിന്, ടാറ്റയ്ക്ക് 31000 കോടി രൂപ സബ്സിഡി നല്‍കിയ വ്യക്തിയാണദ്ദേഹം. ഈ വികസന 'മാതൃക' ജനങ്ങളെ ഒഴിവാക്കും എന്നത് സ്വാഭാവികം മാത്രമാണ്. 'വികസനത്തിന്റെ മാതൃക' എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തിന്, മാനവ വികസനത്തിന്റെ കാര്യത്തില്‍ ‍, മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പരിതാപകരമായ സ്ഥിതിയാണുള്ളത് എന്നതില്‍ അതിശയമില്ല. തൊഴിലാളി സംഘടനകള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ജനവിരുദ്ധവും കോര്‍പറേറ്റനുകൂലവുമായ ഒരു സാമ്പത്തിക വികസന മാതൃകയുടെ ആത്യന്തികമായ രാഷ്ട്രീയ രൂപമാണ് കോര്‍പറേറ്റ് പ്രമാണിവര്‍ഗ്ഗം നിയന്ത്രിക്കുന്ന ഭരണകൂടം. അത്തരം ഒരു ഫാസിസ്റ് ഭരണകൂടം മോഡി കൊണ്ടുവരും എന്നതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ അദ്ദേഹത്തെ പിന്താങ്ങുന്നത്.

ഈ സാമ്പത്തിക മാതൃക, മോഡിയുടെ സ്വന്തം കെട്ടുകഥയല്ല. അത്, എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും പിന്തുണയുള്ള നവലിബറല്‍ മാതൃകയാണ്. മോഡിയുടെ ഏക നേട്ടം എന്നു പറയുന്നത്, അദ്ദേഹം, ഈ മാതൃക സമാനതകളില്ലാത്ത നിര്‍ദ്ദയത്വത്തോടെ നടപ്പാക്കുന്നു എന്നുള്ളതാണ്. മറ്റ് നേതാക്കളൊക്കെത്തന്നെ, അവരുടെ പാര്‍ട്ടികളുടെ എല്ലാത്തരം പ്രത്യയശാസ്ത്രപരമായ പൈതൃകങ്ങളിലും കുടുങ്ങി, നിരവധി രാഷ്ട്രീയ സമവാക്യങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുകയാണ്. ഉദാഹരണത്തിന് , എത്രമാത്രം ദുര്‍ബ്ബലമായാലും, 'ആം ആദ് മി' ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന മുദ്രാവാക്യത്തിന്റെ പരിമിതിക്കകത്തു നിന്നുവേണം മന്‍മോഹന്‍സിംഗിനും കൂട്ടര്‍ക്കും പ്രവര്‍ത്തിക്കാന്‍. എന്നാല്‍ മോഡിക്ക് അത്തരം പരിമിതികള്‍ ഒന്നുമില്ല. അയാള്‍ ‍, തന്റെ പാര്‍ട്ടിക്കും മുകളില്‍ വളര്‍ന്നു കഴിഞ്ഞു. പാര്‍ട്ടിയെ ഒരു റബ്ബര്‍ സ്റാമ്പാക്കി ചുരുക്കിയിരിക്കുന്നു. അതുകൊണ്ട്, തന്റെ ഇഷ്ടത്തിനനുസരിച്ച് കോര്‍പറേറ്റ്-ധനാഢ്യരുടെ അജണ്ട നടപ്പാക്കാന്‍ കഴിയും.

ഈ വികസന മാതൃകയുടെ സവിശേഷ മുദ്രയാണ്, അതിന്റെ തികഞ്ഞ പരാജയം തന്നെ അതിന്റെ കൂടുതല്‍ ശക്തമായ പ്രയോഗത്തിനുള്ള വാദമായി മാറുന്നു എന്നത്. രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുമ്പോള്‍ ‍, രാജ്യം ഇതുവരെ കാണാത്ത തരത്തില്‍ ഉല്പാദനരംഗം മാന്ദ്യത്തിലാവുമ്പോള്‍ ‍, (ഇപ്പോഴത്തേതുമായി ഏതെങ്കിലും തരത്തില്‍ താരതമ്യം ചെയ്യാനാവുന്ന അറുപതുകളുടെ മദ്ധ്യത്തിലെ വ്യാവസായിക മാന്ദ്യത്തിന്റെ കാരണം, തുടര്‍ച്ചയായി രണ്ടു വര്‍ഷമുണ്ടായ, അസാധാരണമായ, കാര്‍ഷികോല്പാദനത്തിലെ ഇടിവായിരുന്നു), കറന്റ് അക്കൌണ്ട് കമ്മി ദിനം പ്രതി വര്‍ദ്ധിക്കുമ്പോള്‍ , ഒരു സംഘഗാനം ഉയരുകയാണ്: 'നമുക്ക് കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ വേണം', അതായത്, നവലിബറലിസത്തിന്റെ കൂടുതല്‍ ശക്തിയായ ഡോസ് വേണമെന്നര്‍ത്ഥം.

ബിസിനസ്സ് സംരംഭകരുടെ 'മൃഗവാസനകള്‍ ‍' തളരുന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാരണമെന്നും അതുകൊണ്ട്, ഭരണ നയത്തിലൂടെ അവയെ പുരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞത് മന്‍മോഹന്‍സിംഗ് തന്നെയല്ലേ? മറ്റൊരര്‍ത്ഥത്തില്‍ ‍, നവലിബറലിസം നമ്മെ ഒരു പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കില്‍ ‍, അതില്‍നിന്നു കരകയറാനുള്ള മാര്‍ഗ്ഗം, ഭരണകൂടമെന്ന ഏജന്‍സിയിലൂടെ, കൂടുതല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുകയാണ്, എന്നാണ്.

കെയ്ന്‍സിന്റെ പ്രയോഗമായ 'മൃഗവാസനകള്‍ ‍' എന്ന സംജ്ഞയാണ് മന്‍മോഹന്‍സിംഗ് ഉപയോഗിച്ചതെങ്കിലും, ബിസിനസ്സ് സംരംഭകരുടെ 'മൃഗവാസനകള്‍ ‍' ഇടയ്ക്കിടയ്ക്ക് തളരുമ്പോള്‍ ‍, സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിന്, മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുന്ന നയങ്ങള്‍ ഭരണകൂടം നേരിട്ട് ഇടപെട്ട് നടപ്പാക്കണം എന്ന കെയ്ന്‍സിന്റെ നിര്‍ദ്ദേശം അദ്ദേഹം പിന്‍തുടര്‍ന്നില്ല. പകരം, 'മൃഗവാസനകള്‍ തളരുകയാണെങ്കില്‍ , കോര്‍പറേറ്റ്-ധനിക വര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങള്‍ തുടര്‍ന്നുകൊണ്ട് അവയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്ന വാദമാണദ്ദേഹം ഉയര്‍ത്തിയത്. എര്‍ഗോ, വൊഡാഫോണ്‍ എന്നിവയെ നികുതി കുടിശ്ശിക അടയ്ക്കുന്നതില്‍ നിന്നൊഴിവാക്കുക, വാള്‍മാര്‍ട്ടിനു വേണ്ടി ചില്ലറ വ്യാപാര മേഖല തുറന്നുകൊടുക്കുക, ഇനിയും കൂടുതലായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, വിദേശ നിക്ഷേപകര്‍ക്കായി ധനകാര്യ മേഖല കൂടുതല്‍ തുറന്നുകൊടുക്കുക, വികസന ബാങ്കിംഗ് സമ്പ്രദായം അവസാനിപ്പിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതു മൂലമുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് കൂടുതല്‍ ശക്തിയായ നവലിബറലിസം നടപ്പാക്കുക മാത്രമാണ് പോംവഴി എന്ന് അതിന്റെ വക്താക്കള്‍ കാണുന്നതുകൊണ്ട്, സമ്പദ്ഘടനയെ പ്രതിസന്ധി മൂടിയിരിക്കുന്ന സമയത്തുതന്നെ കോര്‍പറേറ്റുകള്‍ക്ക് ഭരണകൂടത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ് എന്നതാണ് ഇപ്പോഴത്തെ പ്രശ്ം. ഇവിടെയാണ്, 1930 കളിലെ ക്ളാസ്സിക്കല്‍ ഫാസിസവും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം നാം കാണുന്നത്. അന്ന്, ഭരണകൂടത്തിന്മേലുള്ള കോര്‍പറേറ്റ് നിയന്ത്രണം പിന്‍വാതിലിലൂടെയാണ് വന്നത്. ജനങ്ങളുടെ മുതലാളിത്ത വിരുദ്ധ വികാരം മുതലെടുത്തുകൊണ്ട്, കോര്‍പറേറ്റുകളുടെ ധനസഹായത്തോടെയാണെങ്കിലും കോര്‍പറേറ്റ് വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ ശക്തികളിലൂടെയാണ് അത് സാദ്ധ്യമായത്. അധികാരത്തിലേറിയതിനുശേഷം മാത്രമാണ്, അവര്‍ ‍, തങ്ങളുടെ തന്നെ വലതുപക്ഷ പരിഷ്ക്കരണവാദികളായ അണികളെ ഇല്ലാതാക്കി, തങ്ങളുടെ കൂട്ടുകെട്ട് കുത്തകകളുമായിട്ടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

പക്ഷെ, ചരക്കുകളും മൂലധനവും യാതൊരു തടസ്സവുമില്ലാതെ ഒഴുകുന്ന ഇന്നത്തെ 'ആഗോളവല്‍ക്കരണ' കാലത്തില്‍ നിന്നു വ്യത്യസ്തമായി, അന്നത്തേത്, സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത നിമിത്തം, ലോകം, പരസ്പരം എതിര്‍ക്കുന്ന മുതലാളിത്ത ശക്തികള്‍ക്ക് സ്വാധീനമുള്ള വിവിധ മേഖലകളായി വിഭജിക്കപ്പെട്ടിരുന്ന കാലമായിരുന്നു. എന്നാല്‍ ‍, ആഗോളവല്‍ക്കരണ ലോകത്ത്, തുടക്കത്തിലെ കുത്തകവിരുദ്ധ വാചാടോപങ്ങളെ തുടര്‍ന്ന്, ഫാസിസ്റുകളും കുത്തകകളുമായി നേരിട്ട് സഖ്യമുണ്ടാക്കുന്ന രണ്ടു ഘട്ടമായുള്ള പ്രക്രിയ സാദ്ധ്യമല്ല. ഉയര്‍ന്നു വരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നും കുത്തകവിരുദ്ധമോ ധനമൂലധനവിരുദ്ധമോ ആയ എന്തെങ്കിലും വാചാടോപങ്ങളുണ്ടായാല്‍ മൂലധനം പുറത്തേക്കൊഴുക്കിക്കൊണ്ട് പ്രസ്തുത പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഫലപ്രദമായി തടയപ്പെടും. അതുകൊണ്ടുതന്നെ, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്കു നല്‍കുന്ന പ്രതീക്ഷ, കുത്തകകളെ ആക്രമിച്ചുകൊണ്ട് പ്രതിസന്ധിയെ മറികടക്കും എന്നല്ല, മറിച്ച് അവരെ സന്തോഷിപ്പിച്ചുകൊണ്ട് മറികടക്കും എന്നാണ്. അതായത്, ഈ വികസന മാതൃകയുടെ പൊള്ളത്തരം തുറന്നുകാണിച്ചുകൊണ്ടല്ല മറിച്ച്, ഈ വികസന മാതൃക കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പ്രതിസന്ധി മറികടക്കും എന്നര്‍ത്ഥം.

ഇതാണ് മോഡി ഉറപ്പു നല്‍കുന്നത്. തീര്‍ച്ചയായും അയാളുടെ വര്‍ഗ്ഗീയ ഫാസിസം, ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിട്ടില്ലെങ്കിലും, അയാള്‍ക്ക് ജനപ്രീതി നല്‍കുന്നുണ്ട്. എന്നാല്‍ ഈ ജനപ്രീതി, അധികാരത്തിലേറുന്നതിനുവേണ്ടി, മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങളുമായല്ല യോജിച്ചു നില്‍ക്കുന്നത്. അതിനു വിരുദ്ധമായി, കോര്‍പറേറ്റ്-ധനമൂലധന പ്രമാണിമാര്‍ക്കുവേണ്ട വികസനതന്ത്രത്തിന്റെ തടസ്സങ്ങളേതുമില്ലാത്ത പ്രചാരണവുമായാണ് അത് ചേര്‍ന്നു നില്‍ക്കുന്നത്. 1930 കളിലെ യൂറോപ്യന്‍ ഫാസിസ്റുകള്‍ ധനമൂലധനത്തിന്റെ ഉപകരണമായി മാറുകയാണുണ്ടായത്. മോഡി തുടക്കം മുതല്‍തന്നെ ധനമൂലധനത്തിന്റെ ഉപകരണമാണ്.

ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മോഡിയുടെ എതിരാളികളെല്ലാം അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുന്നതിന് ഇത് കാരണമാകുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ ‍, സാമ്പത്തിക നയം സംബന്ധിച്ച അടിസ്ഥാന പ്രശ്ങ്ങളില്‍ ‍, അവരുടെ നിലപാടിനോട്, അവരേക്കാള്‍ കൂടുതല്‍ ശക്തിയായി ചേര്‍ന്നു നില്ക്കുന്നയാളാണദ്ദേഹം. ഒട്ടുമിക്ക ബൂര്‍ഷ്വാ പാര്‍ട്ടികളിലും മോഡിയുടെ 'വികസന മാതൃക' യെ രഹസ്യമായി ആരാധിക്കുന്നവരേറെയുണ്ട്. കാരണം, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതും അങ്ങേയറ്റംവരെ തുടരാനാഗ്രഹിക്കുന്നതുമായ അതേ മാതൃകയാണത്. കൊളംബിയയിലെ ധനശാസ്ത്രജ്ഞന്‍ ജഗദീഷ് ഭഗവതിയെപ്പോലുള്ള സ്വയം പ്രഖ്യാപിത രാഷ്ട്രീയ ലിബറലുകള്‍ മോഡിയുടെ 'വികസന' വിജയങ്ങളെ വാഴ്ത്തുന്നതില്‍ അതിശയമില്ല. തനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ, മന്‍മോഹന്‍സിംഗ് തന്നെ അങ്ങനെ ചെയ്യുമായിരുന്നു.

ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കിടയിലെ മോഡിയുടെ എതിരാളികള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത്, മോഡി എന്ന വര്‍ഗ്ഗീയ ഫാസിസ്റിനെയും മോഡി എന്ന 'വികസന നായകനേയും' വേര്‍തിരിച്ചു കാണുക എന്നതാണ്. തീര്‍ച്ചയായും, അയാള്‍ വികസനം നടപ്പാക്കുന്നതില്‍ വിജയിച്ചിട്ടുണ്ടാകാം, പക്ഷെ അയാള്‍ ഒരു വര്‍ഗ്ഗീയ ഫാസിസ്റല്ലേ? ആദ്യം പറഞ്ഞ കാര്യത്തില്‍ അയാള്‍ എത്രമാത്രം വിജയിച്ചിട്ടുണ്ടെങ്കിലും പിന്‍പേ പറഞ്ഞ കാരണത്താല്‍ അയാള്‍ ഒഴിവാക്കപ്പെടേണ്ടയാളാണ്-അവര്‍ ഉറപ്പിച്ചു പറയും.

പക്ഷെ ഇത്തരം വേര്‍തിരിവുകള്‍ വിശ്വാസ്യത പുലര്‍ത്തുന്നില്ല. കാരണം, ഗുജറാത്ത് വംശഹത്യയ്ക്കുശേഷം, തന്റെ രാഷ്ട്രീയ എതിരാളികള്‍പോലും അംഗീകരിക്കുന്ന, 'വികസന മിശിഹ' എന്ന പ്രതിച്ഛായ സ്വയം വളര്‍ത്തിയെടുക്കുന്നതില്‍ മോഡി വിജയിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ ഫാസിസ്റ് എന്ന പ്രതിച്ഛായയെ പിന്നിലേക്കു തള്ളിമാറ്റിയിട്ടുമുണ്ട്.ആര്‍ എസ് എസ് നേതൃത്വം ഇടപെട്ട് താക്കീതു ചെയ്യുന്നതുവരെ, മായാ കൊദ്നാനിയുടെയും ബാബു ബജ്രംഗിയുടെയും വധശിക്ഷ, കോടതി ജീവപര്യന്തമാക്കിയതിനെതിരെ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ആലോചിക്കുന്നിടത്തോളം അത് ചെന്നെത്തി.

മാത്രവുമല്ല, വികസന നായകന്‍ മോഡി, വര്‍ഗീയ ഫാസിസ്റ്റ് മോഡി എന്നീ വേര്‍തിരിവുകള്‍ സ്വാഭാവികമായും നിലില്‍ക്കുന്നതല്ല. മോഡി ഉയര്‍ത്തിപ്പിടിക്കുന്നതും എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളും പങ്കുവയ്ക്കുന്നതുമായ വികസന സങ്കല്പം വളര്‍ച്ചാനിരക്കിന് ദിവ്യത്വം കല്പിക്കുന്ന ഒന്നാണ്. അതാകട്ടെ, "ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ദരിദ്രര്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാം'' എന്ന ഇടയ്ക്കിടെയുള്ള ഉദ്ബോധനം നിലനില്‍ക്കെത്തന്നെ, ഇന്ത്യ, ഒരു സാമ്പത്തിക വന്‍ശക്തിയാകുന്നതിനെ സഹായിക്കുന്നതാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. ചുരുക്കത്തില്‍ ‍, നവലിബറല്‍ മാതൃകതന്നെ, വന്‍ ശക്തി സങ്കുചിതത്വത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുതന്നെ ഫാസിസ്റ് സ്വഭാവമാണ്. എല്ലാ ബൂര്‍ഷ്വാ രൂപങ്ങളും ഈ ഫാസിസ്റ് വ്യവഹാരത്തിലേക്ക് സംഭാവന ചെയ്യുന്ന ഒരു ലോകത്ത്, ഒരു വര്‍ഗ്ഗീയ ഫാസിസ്റിന്റെ ഉയര്‍ച്ചയിലുള്ള അവരുടെ പ്രതിരോധം അങ്ങേയറ്റം ദുര്‍ബ്ബലമാകുന്നതില്‍ അതിശയിക്കാനുണ്ടോ?

മോഡി ഉയര്‍ത്തിപ്പിടിക്കുന്ന വികസന മാതൃക പങ്കുവയ്ക്കുന്ന ഒരാള്‍ക്ക് മോഡിയെ എതിര്‍ക്കാന്‍ കഴിയില്ല. ഈ വികസന മാതൃകയ്ക്ക് തന്നെ ഫാസിസ്റ് അടിത്തറയാണുള്ളത് എന്നതുകൊണ്ട്, ഒരാള്‍ക്ക്, 'വര്‍ഗ്ഗീയ ഫാസിസ്റ് മോഡി,' 'വികസന മിശിഹ'യായ മോഡി എന്നിങ്ങനെ കറുപ്പും വെളുപ്പുമായി മോഡിയെ എതിര്‍ക്കാനോ അതുവഴി അയാള്‍ നിര്‍ദ്ദാക്ഷിണ്യം മുന്നോട്ടുകൊണ്ടുപോകുന്ന വികസനതന്ത്രത്തെ സ്വീകരിക്കാനോ കഴിയില്ല.

ഇങ്ങനെ പറയുന്നത്, മോഡിയും അയാളുടെ കോര്‍പറേറ്റ് പിന്തുണക്കാരും അവരുടെ പദ്ധതിയില്‍ വിജയിക്കും എന്ന് സ്ഥാപിക്കാനല്ല. അവരതില്‍ വിജയിക്കാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം. കാരണം, ഈ വികസനതന്ത്രം 'വിജയ'മാണെന്ന് അവകാശപ്പെടുമ്പോഴും അതിന്റെ ഇരകളായി മാറിയിട്ടുള്ള മഹാഭൂരിപക്ഷം തൊഴിലാളികളും അതിതിനെരായി അണിനിരക്കും എന്നുള്ളതുകൊണ്ട്, ചുരുക്കത്തില്‍ ‍, മോഡിയുടെ എതിരാളികള്‍ അയാള്‍ക്കുമേല്‍ വിജയം കൈവരിക്കും.ഇതിലെല്ലാറ്റിലും തെളിഞ്ഞുനില്‍ക്കുന്ന ഒരു കാര്യം, ലിബറലിസത്തിന്റെ ബൌദ്ധിക ജീര്‍ണ്ണതയാണ്. ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ് ഒരു ലിബറല്‍ ആയിരുന്നു. അദ്ദേഹത്തിനും ഏറെ മുമ്പ്, ജോണ്‍ സ്റുവര്‍ട്ട് മില്‍ ഒരു ലിബറലായിരുന്നു (പില്‍ക്കാല ജീവിതത്തില്‍ തന്റെ ഭാര്യ ഹാരിയറ്റ് ടെയ്ലറിന്റെ സ്വാധീനത്തില്‍ അദ്ദേഹം ഒരു 'കോ-ഓപ്പറേറ്റീവ് സോഷ്യലിസ്റ്' നിലപാടിലേക്ക് മാറിയെങ്കിലും). ജോണ്‍ സ്റുവര്‍ട്ട് മില്‍ ഒരു 'നിശ്ചലാവസ്ഥ'യുടെ (അവിടെ വളര്‍ച്ച പൂജ്യമായിരിക്കും) വരവ് വിഭാവനം ചെയ്തിരുന്നു. എന്നാല്‍ ‍, തൊഴിലാളികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലായിരിക്കുന്നിടത്തോളം കാലം, അത്തരം ഒരു സ്ഥിതിയില്‍ അദ്ദേഹം ആശങ്കപ്പെട്ടിരുന്നില്ല. ഒരു രാഷ്ട്രം, "മെച്ചപ്പെട്ട വിതരണവും അദ്ധ്വാനത്തിന് ഉയര്‍ന്ന കൂലിയും എന്ന യഥാര്‍ത്ഥ അനിവാര്യതയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്'' എന്നദ്ദേഹം വിശ്വസിച്ചു.

ചുരുക്കത്തില്‍ ‍, ലിബറലിസം, പരമ്പരാഗതമായിത്തന്നെ, തൊഴിലാളികളുടെ അവസ്ഥയുമായി ബന്ധപ്പെട്ടായിരുന്നു നിലകൊണ്ടത്. എങ്ങിനെ ഈ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിലാണ് അത് സോഷ്യലിസ്റുകളില്‍ നിന്ന് വ്യത്യാസപ്പെട്ടിരുന്നത്. തികഞ്ഞ ഫാസിസ്റടിസ്ഥാത്തില്‍ വളര്‍ച്ചാ നിരക്കിനു ദിവ്യത്വം കല്പിക്കുകയും അതിനായി തൊഴിലാളികളെ ഞെക്കിപ്പിഴിയുകയും ചെയ്യുന്ന ഇന്നത്തെ ലിബറല്‍ നിലപാടില്‍ നിന്ന് എത്ര വ്യത്യസ്തം!

*
Courtesy : People Against Globalisation (PAG) magazine

No comments: