Wednesday, October 16, 2013

സോളാര്‍ കേസ്സും കേരള ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്തവുമാണ്. എന്നാല്‍ നീതിന്യായ നിര്‍വ്വഹണ സംവിധാനമായ ജുഡീഷ്യറിയ്ക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് അപ്പുറം ഒരു പരസ്യ വിചാരണയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ പ്രിവിലേജ്ഡ് ക്ലാസ്സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്മതയോടും കൃത്യതയോടും, ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും, സൂക്ഷ്മതയും, കൃത്യതയും, ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത് ജനാധിപത്യ പ്രക്രിയയെ ശാക്തീകരിക്കാന്‍ പ്രേയാജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കേരളത്തിലെ നിരവധി നിരപരാധികളായ നിക്ഷേപകരെ സൗരോര്‍ജ്ജ പാനല്‍ തട്ടിപ്പിന് ഇരയാക്കിയതിനെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടാനാണ് ജോയി കൈതാരം ഹൈക്കോടതിയില്‍ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയിലെ മിനിമം ആവശ്യം മുഖ്യമന്ത്രിയുടെ ആഫീസിലെ സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും, സര്‍വ്വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കണമെന്നതായിരുന്നു. സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഡിസ്‌കും ആഗസ്റ്റ് 28-ന് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും, ആരോപണ വിധേയനായ ഉത്തരവാദിത്തപ്പെട്ട വ്യക്തി (മുഖ്യമന്ത്രി)യെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നുമാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എ ജി ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി infructous ആയി. നിസ്സാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധി ന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ പരിഗണിച്ച് നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം.

ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സി ആര്‍ പി സി 156 (3) അനുസരിച്ച് ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ കുറ്റാരോപണമുണ്ട്. പ്രസ്തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതിപ്പട്ടികയിലോ പേര് പറയാത്ത ടെന്നി ജോപ്പനെ അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം പ്രതിയായി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് കല്‍തുറുങ്കില്‍ അടച്ചപ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്തിസഹജമായ ചോദ്യത്തിന് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരെ എന്തു കൊണ്ട് കേസ്സെടുക്കുന്നില്ല എന്നതായിരുന്നു ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുന്നതായിരുന്നു റാന്നി മജിസ്‌ട്രേട്ടിന് മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത സി ആര്‍ പി സി 164 സ്റ്റേറ്റ്‌മെന്റ്. അതിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്റ്റേറ്റ്‌മെന്റിനു ശേഷം എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ശ്രീധരന്‍ നായര്‍ മൊഴി നല്കിയതായി ഹൈക്കോടതിയില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പോലീസിനോട് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ച് നില്ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക് ക്ലിയര്‍ ചെയ്തത് 2012 ജൂലൈ 9-ന് രാത്രി 8 മണിക്കു സരിതാ എസ് നായരുമായി മുഖ്യമന്ത്രിയെ കണ്ട് വിശ്വാസ്യത ഉറപ്പ് വരുത്തിയതിന് ശേഷമാണെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും, രണ്ട് മജിസ്‌ട്രേട്ട് കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ലെന്ന് എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. 2012 ജൂലൈ 9-ന് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന് മുമ്പാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് അസന്നിഗ്ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന് രാത്രി 8 മണിക്ക് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന് മുമ്പാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ? മേല്‍ പറഞ്ഞതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് വിധിന്യായത്തിലെ 8-ാം ഖണ്ഡിക.
'There are no materials before this court to find that there is assurance on the part of the Chief Minister about the credentials of 'Team Solar' and that encouraged the complaint to do business with Saritha. S.Nair. Even assuming for a moment that he made assurance and encouraged the complaint to do business with Saritha.S.Nair, the same would not amount to any criminal act attracting Section 420 r/w 34 IPC'. മുഖ്യമന്ത്രിയുടെ പ്രേരണയും, പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് മുന്‍കൂറായി വിധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത് സംബന്ധമായ കേസ്സുകള്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ Pending ആണ്. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലും അന്വേഷണം പൊലീസിന്റെ ഭാഗത്ത് നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്ന വിധി എന്നത് ഗൗരവതരമാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് പോലും സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിചാരണ കോടതിയില്‍ ട്രയല്‍ ആരംഭിക്കുന്നതിന് മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്തമാക്കി വിധി പ്രസ്താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അന്വേഷണവും കീഴ്‌കോടതികളിലെ വിചാരണയും പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊലീസിന്റെ അന്വേഷണത്തിലും മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്സില്‍ വിചാരണ കൂടാതെ ഹൈക്കോടതി വിധി പ്രഖ്യാപിച്ച് പൊലീസ് അന്വേഷണത്തിനും കീഴ്‌ക്കോടതി വിചാരണയും, പൂര്‍ണ്ണമായും അപ്രസക്തമാകും. സംസ്ഥാനത്തെ വിവാദമായ തട്ടിപ്പ് കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുറ്റ വിമുക്തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അന്വേഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്. സുപ്രിംകോടതിയുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും, വിധിന്യായങ്ങളും പരസ്യമായി  ലംഘിക്കുന്നതാണ്. ഈ കേസ്സില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയ്ക്കും പൊലീസ് അന്വേഷണത്തിനും ഇനി എന്തു പ്രസക്തിയാണുള്ളത്. വിചാരണയ്ക്ക് മുമ്പ് വിധി പ്രഖ്യാപിച്ചതിലൂടെ സോളാര്‍ കേസ്സിന്റെ തുടരന്വേഷണവും ക്രിമിനല്‍ നടപടി ക്രമങ്ങളും പൂര്‍ണ്ണമായും നിരര്‍ത്ഥകമായി കഴിഞ്ഞിരിക്കുന്നു.

സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് വിചാരണ കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളും സംശയത്തിന്റെയും, ദുരൂഹതയുടെയും കരിനിഴലിലാണ്. കൊച്ചി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതെ കാലവിളംബം ഉണ്ടാക്കിയ നടപടി ഏറെ ചര്‍ച്ചാ വിഷയം ആയതും ഹൈക്കോടതിയുടെ അന്വേഷണത്തിലുള്ളതുമാണ്. 21 പേജുണ്ടായിരുന്ന സരിത എസ് നായരുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത് ജനങ്ങളില്‍ വലിയ ആശങ്കയാണ് വളര്‍ത്തിയെടുത്തിയിട്ടുള്ളത്. സി ആര്‍ പി സി 207 അനുസരിച്ച് പ്രതിക്കെതിരെ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചത് വിവാദമായതാണ്. മുഖ്യമന്ത്രിക്ക് എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് ഇനിയും പുറത്ത് വരാത്തത് കോടതി ഇടപെടലുകളുടെ ഭാഗമാണ്. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്ണന് പരസ്യമായി മജിസ്‌ട്രേറ്റിനോട് മൊഴി പറയണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യമൊഴി എടുത്തതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടേത് സാധാരണ നടപടിയാണെങ്കിലും സോളാര്‍ കേസ്സ് കേട്ടിരുന്ന രണ്ട് ബഞ്ചുകളിലെ ജഡ്ജിമാരുടെ മാറ്റവും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കൂടാതെ ഭൂമി തട്ടിപ്പ് കേസ്സിലെ പ്രതിയായ സലീം രാജിന്റെ ടെലിഫോണ്‍ കോള്‍ലിസ്റ്റും ശബ്ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേ ലഭ്യമായതും ജനങ്ങളില്‍ സംശയത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു.

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടായാല്‍ തകരുന്നത് നിയമവാഴ്ചയായിരിക്കും. അതിനവസരം നല്കാതെ ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്കൃഷ്ടമായ നീതിബോധവും നിര്‍വ്വഹണവും ജുഡീഷ്യറിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനുള്ള കരുത്ത് നമ്മടെ ജുഡീഷ്യറിക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

*
എന്‍ കെ പ്രേമചന്ദ്രന്‍  (ലേഖകന്‍ മുന്‍മന്ത്രിയും ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്)

കടപ്പാട്: ജനയുഗം ചിത്രം വിക്കിപീഡിയയില്‍ നിന്ന്

No comments: