Saturday, October 19, 2013

സോളിഡാരിറ്റിയുടെ രണ്ടാമൂഴം

അമേരിക്കയുടെ ലോക ചാരസംഘടനയായ "സിഐഎ"യുടെ വിദഗ്ധ ആസൂത്രണത്തിലും മുതല്‍മുടക്കിലും, പുതുജീവന്‍ നല്‍കി വളര്‍ത്തിയെടുക്കപ്പെട്ടതാണ്, പോളണ്ടിലെ ലോകമറിയുന്ന "സോളിഡാരിറ്റി" എന്ന തൊഴിലാളി യൂണിയന്‍. കത്തോലിക്കാസഭയുടെയും യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് വിരുദ്ധ സംഘടനകളുടെയും ഔപചാരികവും അല്ലാതെയുമുള്ള ഏകോപനത്തിലൂടെ, സോളിഡാരിറ്റിയുടെ നേതാവ് ലേ വലേസയെ ഒരു രക്ഷകനായി അവതരിപ്പിച്ചുകൊണ്ടുള്ള വമ്പിച്ച പ്രചരണം സിഐഎ നടത്തുകയുണ്ടായി. ഈ പ്രചരണം കൊച്ചു കേരളത്തിലും അലയടിച്ചു. ഡോളര്‍ കിട്ടുമെങ്കില്‍ "ആത്മാര്‍ത്ഥമായി" പ്രവര്‍ത്തനനിരതമാകുന്ന വാടകപ്പേനകള്‍, 1959-ലെപ്പോലെ വീണ്ടും സജീവമായിത്തന്നെ പ്രവര്‍ത്തിച്ച്, വലേസയെ ഒരു രക്ഷകനായി കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി അവതരിപ്പിച്ചിരുന്നു. തൊഴിലാളി സംഘടനകള്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് വാശിപിടിക്കുന്നവരും വലേസയെ ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുന്നതില്‍ പങ്കാളികളായി. സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള സമരം അവസാനം വിജയിച്ചു; പോളണ്ടിനെ മുതലാളിത്തം തിരികെ പിടിച്ചു. 1990ല്‍ വലേസ പോളണ്ടിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; അതിനുമുമ്പുതന്നെ, 1985ല്‍ വലേസ നോബല്‍ സമ്മാനിതനുമായി. 1991ല്‍ അവിടെ വ്യാപകമായി സ്വകാര്യവല്‍ക്കരണവും നടപ്പാക്കി. 2004ല്‍ പോളണ്ട് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുകയും ചെയ്തു.

രക്ഷകനായി അവതരിപ്പിക്കപ്പെട്ട വലേസയുടെ ഭരണവും പോളണ്ടിനെ ഒട്ടുംതന്നെ തൃപ്തമാക്കുകയുണ്ടായില്ല. യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനം, ലക്ഷക്കണക്കിന് പോളിഷ് യുവാക്കള്‍ക്ക് ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ട്ടുഗല്‍, സ്പെയിന്‍ മുതലായ രാജ്യങ്ങളിലേക്ക് തൊഴില്‍തേടിപ്പോകുവാന്‍ അവസരമുണ്ടാക്കി. അതുകൊണ്ട് പ്രകടമായ സാമൂഹിക അസ്വസ്ഥതയും മറ്റും ഉണ്ടാകാതെ പോയി. എങ്കിലും, വലേസ എന്ന രക്ഷകന് പോളണ്ടിനെ സാമ്പത്തികമായോ സാമൂഹികമായോ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല; ഒരു രക്ഷകന്‍കൂടി ദയനീയമായി പരാജയപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം, സോളിഡാരിറ്റി ഇപ്പോള്‍ വീണ്ടും പോളണ്ടിലെ തെരുവുകളിലിറങ്ങിയിരിക്കുന്നു. യൂറോപ്യന്‍ പത്രങ്ങള്‍, സോളിഡാരിറ്റിയുടെ തെരുവ് സാന്നിദ്ധ്യം കാര്യമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്; സോളിഡാരിറ്റിയുടെ രണ്ടാമൂഴം, രണ്ടാമൂഴത്തിലെ ഡിമാന്‍ഡുകള്‍, കോണ്‍ട്രാക്ട് ലേബര്‍ സമ്പ്രദായം അംഗീകരിച്ചുകൊണ്ടുള്ള ലേബര്‍കോഡ് ഭേദഗതി പിന്‍വലിക്കുക, റിട്ടയര്‍മെന്റ് പ്രായം അറുപത്തിയേഴായി ഉയര്‍ത്തിയത് റദ്ദാക്കുക, അടച്ചുപൂട്ടിയ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, യുവജനങ്ങളെ കുടിയേറ്റത്തിന് നിര്‍ബന്ധിതരാക്കിയ സാഹചര്യം ഇല്ലാതാക്കുക, കൂടിയാലോചനകള്‍ക്ക് മുന്നോടിയായി ലേബര്‍ മന്ത്രി രാജിവയ്ക്കുക മുതലായവയാണ്. ഈ ഡിമാന്‍ഡുകള്‍, ആഗോളവത്കരണ നയങ്ങള്‍ നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളും ബഹുജനങ്ങളും ഉയര്‍ത്തുന്നവയുമാണ്.

മറ്റ് വാക്കുകളില്‍, സോഷ്യലിസ്റ്റ് പോളണ്ട് മുതലാളിത്തത്തിലേക്ക് രക്ഷപ്പെടുകയായിരുന്നില്ല, മറിച്ച് സ്വന്തമായ കുഴപ്പ സാധ്യതകളുള്ള മുതലാളിത്തത്തിലേക്ക്, ആഗോള മുതലാളിത്തക്കുഴപ്പത്തിന്റെ ദയനീയ സാഹചര്യത്തില്‍, വീഴ്ത്തപ്പെടുകയായിരുന്നു. ആ പച്ചപ്പരമാര്‍ത്ഥമാണ് സോളിഡാരിറ്റിയുടെ ഡിമാന്‍ഡുകള്‍ വ്യക്തമാക്കുന്നത്. പക്ഷേ, സോളിഡാരിറ്റിതന്നെയും ഈ ഡിമാന്‍ഡുകള്‍ സ്വതന്ത്രമായി ഉയര്‍ത്താന്‍ കഴിയാത്തതരത്തില്‍ ക്ഷീണിച്ചുപോയിരിക്കുന്നു. "ആള്‍ പോളണ്ട് അലയന്‍സ് ഓഫ് ട്രേഡ്യൂണിയന്‍സ്" എന്ന സംയുക്ത സംഘടനയുടെ ഒരു ഭാഗം മാത്രമാണ് സോളിഡാരിറ്റി എങ്കിലും, ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കുമെന്നതുകൂടി സമരംചെയ്യുന്ന സോളിഡാരിറ്റി പറയാതെ പറയുന്നുണ്ട്. വലേസ സ്ഥാപിച്ചെടുത്ത മുതലാളിത്തത്തില്‍, പോളണ്ടിന്റെ കഴിഞ്ഞവര്‍ഷത്തെ സാമ്പത്തികവളര്‍ച്ച വെറും അര (0.5) ശതമാനമായിരുന്നു. പൊതുവില്‍ തൊഴിലില്ലായ്മാനിരക്ക് പതിമൂന്ന് ശതമാനമാണെങ്കിലും പല പ്രദേശങ്ങളിലും ഈ നിരക്ക് ഔദ്യോഗിക പൊതുനിരക്കിന്റെ രണ്ടും മൂന്നും ഇരട്ടിയാണ്. സമ്പദ്വ്യവസ്ഥയുടെ മുതലാളിത്ത സ്തംഭനവും അതിന്റെ കെടുതികളുമാണ് സംയുക്ത സമരത്തിന്റെ യഥാര്‍ത്ഥ കാരണം. സെപ്തംബര്‍ പതിനൊന്നുമുതല്‍ നാലുദിവസം തുടര്‍ച്ചയായി നടന്ന വമ്പിച്ച പ്രകടനങ്ങളില്‍ ബഹുജനങ്ങളും പങ്കെടുത്തിരുന്നു. ഈ പ്രകടനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് ഗവണ്‍മെന്റ് മാനിക്കുന്നില്ലെങ്കില്‍, രാജ്യമാകെ സ്തംഭിപ്പിക്കുമെന്ന് സംയുക്ത സംഘടനാ നേതാവ് ജാന്‍ഗുഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൊണാള്‍ഡ് ടക്ക് പ്രധാനമന്ത്രിയായുള്ള ഒരു താല്‍ക്കാലിക സഖ്യമാണ് ആറുവര്‍ഷമായി അവിടെ അധികാരത്തിലിരിക്കുന്നത്. ഈ സഖ്യത്തിനകത്തുതന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങളും രാജികളുമൊക്കെ കഴിഞ്ഞ്, ഇപ്പോള്‍ രണ്ടുപേരുടെ ഭൂരിപക്ഷം മാത്രമാണ് ഗവണ്‍മെന്റിനുള്ളത്. പ്രധാന പ്രതിപക്ഷ കക്ഷിയായ "ലാ ആന്‍ഡ് ജസ്റ്റിസ് പാര്‍ടി"യുടെ നേതാവ് ജറോസ്ലാ കഷിന്‍സ്കിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "പോളണ്ട് എല്ലാ പൗരന്മാര്‍ക്കും ജീവിക്കുവാന്‍ കൊള്ളുന്നതല്ലായിരിക്കുന്നു; ഇവിടെ ജനാധിപത്യമില്ലാതെയുമായിരിക്കുന്നു". നവലിബറല്‍ നയങ്ങള്‍ സ്വീകരിക്കുന്നവരുടെ രക്ഷകനും സംരക്ഷകനുമായി വരുന്ന ലോക നാണയനിധിയുടെ കണക്കുകൂട്ടലില്‍, പോളണ്ടിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ സാധ്യത വെറും ഒരു ശതമാനം മാത്രമാണ്. അസംതൃപ്തരായിക്കഴിഞ്ഞ ജനതയെ രോഷംകൊള്ളിക്കുന്നതാണ് ഈ പൊള്ളയായ "പ്രതീക്ഷ".

തൊഴിലാളികളുടെയും ജനങ്ങളുടെയും പെന്‍ഷന്‍ ഫണ്ട് പരിഷ്കരണവും ജനരോഷത്തിന് കാരണമായിരിക്കുന്നു. പരിഷ്കരണമനുസരിച്ച്, പെന്‍ഷന്‍ ഫണ്ട് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ബാധ്യതയല്ലാതായിത്തീരും. ഈ ബാദ്ധ്യതാക്കുറവ്, അന്താരാഷ്ട്ര നാണയനിധിയില്‍നിന്നും കൂടുതല്‍ വായ്പയെടുക്കാന്‍ അര്‍ഹതയുണ്ടാക്കും. അങ്ങനെ വായ്പയെടുത്ത് സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താമെന്നാണ് ഗവണ്‍മെന്റിന്റെ പ്രതീക്ഷ. ഗ്രീസ്, പോര്‍ട്ടുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ അനുഭവം പോളിഷ് ഭരണാധികാരികളുടെ പ്രതീക്ഷയെ ശരിക്കും അര്‍ത്ഥമില്ലാത്തതും അപ്രായോഗികവുമാക്കുന്നതാണ്. പെന്‍ഷന്‍ഫണ്ട് പരിഷ്കരണം, തങ്ങളുടെ പെന്‍ഷനെ എത്രകണ്ട് മൂല്യനഷ്ടത്തിന് വിധേയമാക്കുന്നുവെന്നും, ഫണ്ടിന്റെ നിലനില്‍പുതന്നെ അനിശ്ചിതത്വത്തിലാക്കുന്നതാണെന്നും ബോധ്യപ്പെടുമ്പോള്‍ ജനങ്ങളുടെ രോഷപ്രകടനം കൂടുതല്‍ രൂക്ഷമാകും. രണ്ടാം ലോകമഹായുദ്ധകാലത്തെ കെടുതികളെപ്പറ്റി ഓര്‍ക്കുമ്പോള്‍ സ്വയം മരവിച്ചുപോകുന്ന കുറച്ചൊന്നുമല്ലാത്ത, മനുഷ്യര്‍ ഇന്നുമുണ്ട്. അത്ര ഭീകരമായിരുന്നു, നാസിഫാസിസ്റ്റ് ക്രൂരതകള്‍. നീറുന്ന, പൊള്ളുന്ന, വ്രണിത മനസ്സുകളുടെ ഇന്നും എരിഞ്ഞടങ്ങിയിട്ടില്ലാത്ത ശ്മശാനങ്ങളുടെ ഹൃദയഭേദകമായ ആത്മരോദനമായിരുന്നു, "ലോകസമാധാനം" മാനവികതാ ബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്", "ഇനിയൊരു യുദ്ധം വേണ്ട" എന്നീ മുദ്രാവാക്യങ്ങളുമായി ലോക സമാധാന പ്രസ്ഥാനം, അന്നുവരെ ഒരു യുദ്ധാനുഭവങ്ങളുമില്ലാത്ത ജനവിഭാഗങ്ങളില്‍പോലും പടര്‍ന്നുകയറി.

ലോകമാകെ വ്യാപിച്ച ഈ സമാധാനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം, അതിന്റെ ഏകോപനം മുതലായതിനെപ്പറ്റിയുള്ള കൂടിയാലോചനകള്‍, സെമിനാറുകള്‍, പഠനങ്ങള്‍, പ്രദര്‍ശനങ്ങള്‍, തൊഴിലാളി-യുവജന സമ്മേളനങ്ങള്‍ മുതലായവയുടെ കേന്ദ്രമായിരുന്നു, ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയാ നഗരം. സോഫിയ, സമാധാനത്തിന്റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. പോളണ്ടിലെപ്പോലെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകര്‍ക്കാന്‍ ബള്‍ഗേറിയയില്‍ ഒരു യൂണിയനെയും അമേരിക്കന്‍ സിഐഎയ്ക്ക് കിട്ടിയില്ല. പക്ഷേ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള രാഷ്ട്രീയ സുനാമിയില്‍ ബള്‍ഗേറിയന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയും തകര്‍ന്നുപോയി. അതുകഴിഞ്ഞുള്ള രണ്ട് ദശകത്തിനുശേഷം, സോഫിയയും ബള്‍ഗേറിയയും മൂകതയില്‍നിന്നും ബഹുജനപ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങിയിരിക്കുന്നു. പ്രതിദിന പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ട് നൂറുദിവസം കഴിഞ്ഞിരിക്കുന്നു. സോഫിയയില്‍ മാത്രമല്ല, എല്ലാ ബള്‍ഗേറിയന്‍ പട്ടണങ്ങളിലും പ്രതിദിന പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളും പ്രകടനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വീട്ടമ്മമാര്‍, തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, കമ്പനി എക്സിക്യൂട്ടീവുകള്‍ മുതലായവര്‍ വൈകിട്ട് ഏഴുമണിയാകുമ്പോഴേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വന്നുചേരും. അവിടെനിന്ന് മുദ്രാവാക്യം വിളികളും പാട്ടും നാടന്‍ കളികളുമായി പ്രധാനമന്ത്രിയുടെ വസതിക്കുമുമ്പിലെത്തി ചെറിയ പ്രസംഗങ്ങള്‍ കഴിഞ്ഞ് പിരിഞ്ഞുപോകും. ഇത് തലസ്ഥാനമായ സോഫിയയിലെ രീതി. ഇതേപോലെ മറ്റ് പട്ടണങ്ങളിലും പൂര്‍ണ്ണമായും സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ നൂറുദിവസമായി നടന്നുവരുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്നിട്ട് ഏറെക്കാലമാകാത്ത പ്രധാനമന്ത്രി പ്ലാമെന്‍ ഒറീഷാസ്കി രാജിവയ്ക്കണമെന്ന ഏക ആവശ്യമുന്നയിച്ചാണ് ഈ പ്രതിദിന പ്രകടനങ്ങള്‍. സോഫിയയില്‍ അറുപതിനായിരം പേര്‍വരെ പ്രകടനത്തില്‍ പങ്കെടുത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നു. ബള്‍ഗേറിയന്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുന്‍മന്ത്രിസഭയിലെ ഒരംഗമായിരുന്ന ഡെല്‍യാന്‍ പീവ്സ്കി, അഴിമതിക്കും നിര്‍ബന്ധിത പണംപിടുങ്ങലിനും പ്രോസിക്യൂട്ട്ചെയ്യപ്പെട്ട് രാജിവച്ചിരുന്നു. പിന്നീട് വന്ന ഒറീഷാസ്കി ഗവണ്‍മെന്റ് പീവ്സ്കിയെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായി നിയമിച്ചു. ഈ നിയമനമാണ് ജനമനസ്സുകളില്‍ വമ്പിച്ച പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിദിന പ്രകടനങ്ങളില്‍ ഒരു മുദ്രാവാക്യമേ ഉള്ളൂ. മന്ത്രിസഭ രാജിവയ്ക്കുക. ബള്‍ഗേറിയന്‍ സമ്പദ്വ്യവസ്ഥയുടെ നിര്‍ജ്ജീവാവസ്ഥ, ഈ പ്രതിഷേധ പ്രകടനങ്ങളുടെ പിന്നിലുമുണ്ട്. പീവ്സ്കി, വലിയൊരു മാധ്യമക്കുത്തകയും അവിടത്തെ പ്രധാന ബാങ്കിനെ നിയന്ത്രിക്കുന്ന, ഒരവസരവാദിയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഉദ്യോഗസ്ഥ സംവിധാനത്തെ സ്വാധീനിച്ച് സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കുന്നതിലും പീവ്സ്കിയും വിരുദ്ധശക്തികളും കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. ബള്‍ഗേറിയന്‍ ആഭ്യന്തരമന്ത്രി, സ്വെട്ലിന്‍ യോവ്ഷേഫ്, ജനങ്ങള്‍ക്ക് വേണ്ടത്ര നീതി ലഭിക്കുന്നില്ല എന്ന നിരാശയുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്. പ്രസിഡന്റ് റോസല്‍ പ്ലവ്നെലീവ്നും മന്ത്രിസഭ രാജിവയ്ക്കണമെന്ന് അഭിപ്രായമുണ്ട്. പ്രശ്നം, മൗലികമായി സാമ്പത്തികമാണെന്നും, ഒരു പ്രഭുവര്‍ഗം ബള്‍ഗേറിയന്‍ ജനാധിപത്യത്തെ മുരടിപ്പിക്കുകയാണെന്നും പ്രസിഡന്റ് സൂചിപ്പിക്കുകയും ചെയ്തു. പ്രഭുവര്‍ഗ സ്വാധീനം, ബംഗേറിയയുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനത്തിനും അംഗത്വത്തിനും സഹായകരമാവില്ലെന്ന് ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും അംബാസഡര്‍മാര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ പറയുകയുമുണ്ടായി.

യൂറോപ്പിലെ താരതമ്യേന ചെറിയ രാജ്യങ്ങളായ ഗ്രീസ്, സൈപ്രസ്, പോര്‍ട്ടുഗല്‍, സ്പെയിന്‍, പോളണ്ട്, ബള്‍ഗേറിയ തുടങ്ങിയവ പൊതുവില്‍ അസ്വസ്ഥമായിരിക്കുന്നു. നവലിബറല്‍ നയങ്ങളും ചെലവുചുരുക്കല്‍ പരിപാടികളുമാണ് ഈ അസ്വസ്ഥതയുടെ പൊതുവിലുള്ള കാരണങ്ങള്‍. ആഗോളവത്കരണകാലത്ത് ഓരോ ജനതയും വ്യത്യസ്തവും വേറിട്ടതുമായ സമരപരിപാടികളുമായി രംഗത്തുവരുന്നുമുണ്ട്. എന്നാല്‍, യൂറോപ്പിലെ ഈ ബഹുജന പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാനോ, അതിന് ലോകവ്യാപകമായ പ്രചരണം കൊടുക്കുന്നതിനോ, ആവശ്യമായ മുന്‍കൈയെടുക്കാന്‍ ഇംഗ്ലണ്ടിലെ ലേബര്‍ പാര്‍ടിയോ ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ടിയോ അവരോടൊപ്പമുള്ള ദേശീയ ട്രേഡ്യൂണിയനുകളോ മുന്നോട്ട് വരുന്നില്ല. ഇത് തികച്ചും ഖേദകരമായ ഒരു കാര്യമാണ്. ആശയപരമായ കമ്മി, ഈ പാര്‍ടികളെ ഒരുതരം മരവിപ്പിന് വിധേയമാക്കിയിരിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

*
എം ശങ്കരനാരായണപിള്ള chintha weekly

No comments: