Friday, October 18, 2013

വാഷിങ്ടണില്‍നിന്ന് മരണമണി

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റെടുത്തപ്പോള്‍ത്തന്നെ നവഉദാരവല്‍ക്കരണത്തിന്റെ പതാകാവാഹകരില്‍ അമിതാഹ്ലാദം പ്രകടമായിരുന്നു. അദ്ദേഹം അമേരിക്കയില്‍ചെന്ന് നടത്തിയ ഒരു പ്രഖ്യാപനം ആ ആഹ്ലാദം കൂടുതല്‍ വര്‍ധിപ്പിക്കുന്നതായിരുന്നു. അതേസമയം, രാജ്യത്തോട് പ്രതിബദ്ധതയുള്ളവരുടെ ആശങ്കകള്‍ക്ക് കനംവയ്പിക്കുന്നതും. വിദേശബാങ്കുകള്‍ക്ക് യഥേഷ്ടം ശാഖതുറക്കാനും ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാനും അധികാരം നല്‍കുന്ന ബാങ്കിങ് പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഷിങ്ടണ്‍ പ്രഖ്യാപനം. സ്വന്തം നിയന്ത്രണത്തിലും പൂര്‍ണ ഉടമസ്ഥതയിലുമുള്ള ഉപസ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കുള്ള പരിഗണന വിദേശബാങ്കുകള്‍ക്കും ലഭിക്കുമെന്നാണദ്ദേഹം പറയുന്നത്. തീര്‍ച്ചയായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തീരുമാനിക്കേണ്ട വിഷയമല്ലിത്. ബന്ധപ്പെട്ട രാഷ്ട്രങ്ങള്‍ തമ്മില്‍ തീരുമാനിക്കേണ്ട നയപരമായ കാര്യമാണ്. ഒറ്റനോട്ടത്തില്‍ത്തന്നെ അധികാരപരിധി വിട്ടുള്ള ധിക്കാരമാണ് രഘുറാം രാജന്റേതെന്ന് വായിച്ചെടുക്കാനാകും. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലധിഷ്ഠിതമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ സാങ്കേതികമായ പരിധിലംഘനത്തില്‍ കവിഞ്ഞ പ്രാധാന്യവും പ്രത്യാഘാതങ്ങളും ഈ പ്രസ്താവനയിലടങ്ങിയിട്ടുണ്ട്.

സ്വന്തം രാജ്യങ്ങളില്‍ നിയമരഹിതമായി പ്രവര്‍ത്തിച്ചും ജനങ്ങളെ കൊള്ളയടിച്ചും ദുഷ്പേരുണ്ടാക്കുകയും ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുകയുംചെയ്യുന്ന ബാങ്കുകളാണ് നിലനില്‍പ്പിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. അമിതലാഭമോഹികളായ അത്തരം വിദേശബാങ്കുകള്‍ക്ക് ഇന്ത്യാരാജ്യത്ത് പരവതാനി വിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. രാജ്യത്തിന്റെ ധനമേഖലയില്‍ സ്വകാര്യവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും അജന്‍ഡ അടിച്ചേല്‍പ്പിച്ച് നമ്മുടെ പൊതുമേഖലാ ബാങ്കുകളെ നിഷ്കരുണം തകര്‍ക്കുന്ന അതേ കൈകൊണ്ടാണ് വിദേശബാങ്കുകള്‍ക്ക് ഹാരമണിയിക്കുന്നത്.

ലോകമുതലാളിത്തം സമകാലത്ത് നേരിടുന്ന പ്രതിസന്ധിയിലേക്ക് കണ്ണോടിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 2008ലെ ആഗോള ധനതകര്‍ച്ചയില്‍നിന്ന് ഒന്നുംപഠിക്കാന്‍ ശ്രമിക്കുന്നുമില്ല. ഒറ്റക്കൊല്ലംകൊണ്ട് 114 ബാങ്ക് അമേരിക്കയില്‍ തകര്‍ന്നുവീണപ്പോള്‍ ബാങ്ക് ഭരണത്തില്‍ സര്‍ക്കാര്‍പങ്കാളിത്തം വേണമെന്ന ആശയമാണ് പ്രസിഡന്റ് ബറാക് ഒബാമ മുന്നോട്ടുവച്ചത്. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണപരമായ നേട്ടത്തെ അന്ന് മന്‍മോഹന്‍ വാഴ്ത്തി. ഇന്ത്യയില്‍ പ്രതിസന്ധി രൂക്ഷമാകാതിരുന്നത് പൊതുമേഖലാബാങ്കുകളുടെ സാന്നിധ്യംകൊണ്ടാണെന്ന് തുറന്നുപറയാനും അന്ന് പ്രധാനമന്ത്രി നിര്‍ബന്ധിതനായി. ആ അനുഭവം മറന്നാണ്, സ്വകാര്യമേഖലയുടെയും ഭീമന്‍ വിദേശ ധനസ്ഥാപനങ്ങളുടെയും ഇച്ഛാനുസരണം ഇന്ത്യയുടെ ധനമേഖലയെ നിയന്ത്രണരഹിതമാക്കാനുള്ള ഭ്രാന്തന്‍ ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ബാങ്കിങ് നിയന്ത്രണ (ഭേദഗതി) നിയമം അതിലേക്കുള്ള ചുവടുവയ്പാണ്. ഇടതുപക്ഷ പാര്‍ടികള്‍ ആ ബില്ലിനെയും അതിന്റെ ലക്ഷ്യങ്ങളെയും തുറന്നുകാട്ടാനും എതിര്‍ക്കാനും ശക്തമായി രംഗത്തിറങ്ങിയെങ്കിലും അത്തരം എതിര്‍പ്പുകള്‍ മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണുണ്ടായത്. ഇന്ത്യയിലെ ബാങ്കുകളുടെ ഇന്നലെവരെയുള്ള മുഖം മാറ്റിമറിക്കുന്നതാണ് ഈ നിയമം. സ്വകാര്യ- പൊതുമേഖലകളിലെ ബാങ്കുകളില്‍ വിദേശ ഓഹരി ഉടമകളുടെ വോട്ടവകാശം നിര്‍ണായകതോതില്‍ വര്‍ധിപ്പിക്കാന്‍ അത് വഴിയൊരുക്കുന്നു. ബാങ്ക് തുടങ്ങാനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ ഉദാരവല്‍ക്കരിക്കുന്നു. അങ്ങനെ സ്വകാര്യസംരംഭകര്‍ക്ക് ബാങ്കിങ് മേഖലയില്‍ ആധിപത്യത്തിന് അവസരം നല്‍കുന്നു. ഇന്ത്യയിലെ സ്വകാര്യബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശസ്ഥാപനങ്ങളെ സ്വാഗതംചെയ്യുന്നതിനൊപ്പം പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും തീരുമാനങ്ങളിലും ഇടപെട്ടുകൊള്ളാനുള്ള തിട്ടൂരം കൂടിയാണ് ഈ നിയമം.

ബാങ്കിങ്- ഇന്‍ഷുറന്‍സ് മേഖലകളിലെ സ്വകാര്യവല്‍ക്കരണം വ്രതമായെടുത്ത യുപിഎ സര്‍ക്കാരിന്റെ വിശ്വസ്ത സേവകനാണെന്നല്ല, രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവനാണ് താന്‍ എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തെളിയിക്കുകയാണ്. ഇങ്ങോട്ടുവരാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന പ്രമുഖ വിദേശബാങ്ക്- ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏറെയും അമേരിക്കയിലും യൂറോപ്പിലും ഉള്ളവയാണ്. അവ ലക്കുംലഗാനുമില്ലാത്ത ഊഹക്കച്ചവടത്തിലൂടെ പാപ്പരായവയുമാണ്. ഊര്‍ധ്വശാസം വലിക്കുന്ന ഘട്ടത്തില്‍ അവയെ അതതിടങ്ങളിലെ സര്‍ക്കാരുകള്‍ രക്ഷിച്ചത് പൊതുഖജനാവില്‍നിന്ന് നിര്‍ലോപം പണം വിനിയോഗിച്ചാണ്. ബാങ്കുകളില്‍ നിക്ഷേപങ്ങളായും ഇന്‍ഷുറന്‍സ് കമ്പനികളില്‍ പ്രീമിയമായും സമാഹരിക്കുന്ന പണമാണ് മുഖ്യമൂലധനം. അതാകട്ടെ, സാധാരണ ജനങ്ങളുടെ സമ്പാദ്യമാണ്. പൊതുമേഖലാ ബാങ്കിങ്- ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഈ പണം വാണിജ്യവായ്പകളായോ വികസനഫണ്ടായോ ദേശീയ മുന്‍ഗണനാ മേഖലകളിലേക്ക് തിരിച്ചുവിടുന്നു. അതിനര്‍ഥം ജനങ്ങളുടെ പണം നാടിനുവേണ്ടി ഉപയോഗിക്കപ്പെടുകയും സുരക്ഷിതമായി നില്‍ക്കുകയും ചെയ്യുന്നു എന്നാണ്. വിദേശ- സ്വകാര്യ ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ രംഗംകീഴടക്കിയാല്‍ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അവയുടെ കീശയിലേക്കാണ് പോവുക. നിയന്ത്രണരഹിതമാക്കലിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും വിദേശവല്‍ക്കരണത്തിന്റെയും വിനാശകരമായ ഫലമാണത്. യുപിഎ സര്‍ക്കാര്‍ പടിപടിയായി ആ നാശത്തിലേക്കാണ് ധനമേഖലയെ നയിക്കുന്നത്.

സര്‍വനിയന്ത്രണങ്ങളില്‍നിന്നും മുക്തമാക്കി വിദേശബാങ്കുകള്‍ എത്തുമ്പോള്‍, ഇന്നാട്ടിലെ ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം ഊഹക്കച്ചവടത്തിനും സ്വകാര്യ ലാഭമോഹങ്ങള്‍ക്കുമുള്ള ഇന്ധനമായാണ് മാറുക. അതിനുള്ള പ്രതിബദ്ധതയാണ് രഘുറാം രാജന്റെ പ്രഖ്യാപനം. നാനാഭാഗത്തുനിന്നും എതിര്‍പ്പുയരേണ്ട വിഷയമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 18-10-2013

No comments: