Monday, November 18, 2013

നിര്‍മാണമേഖലയിലെ പ്രതിസന്ധി

ഏകദേശം 25 ലക്ഷം തൊഴിലാളികളാണ് സംസ്ഥാനത്ത് നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കെട്ടിടനിര്‍മാണരംഗത്താണ്. അനുബന്ധ മേഖലകളില്‍ ആയിരക്കണക്കിനു പേര്‍ തൊഴിലെടുക്കുന്നു. വന്‍ വ്യവസായമായി നിര്‍മാണമേഖല മാറിക്കഴിഞ്ഞു. വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികളും റിയല്‍ എസ്റ്റേറ്റ് സംഘവുമാണ് നിര്‍മാണമേഖലയെ നിയന്ത്രിക്കുന്നത്. ഇവരോടൊപ്പം രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ട് വന്‍കൊള്ളയും അഴിമതിയുമാണ് നടത്തുന്നത്. നാഷണല്‍ റോഡ് വികസന അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. താമസത്തിനാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണവും നടക്കുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള ഗൃഹനിര്‍മാണവും വാസ്തു-ശില്‍പ്പവേലകളും കുറഞ്ഞുവരികയാണ്.

പരമ്പരാഗത രീതിയില്‍ സ്വന്തം പണിയായുധം ഉപയോഗിച്ച് തൊഴിലെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. തദ്ദേശീയ തൊഴിലാളികളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി മറുനാടന്‍ തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ജോലിചെയ്യിക്കുന്നത് വ്യാപകമായി. സംസ്ഥാനത്തെ സമ്പദ്ഘടനയില്‍ പ്രധാനപങ്കു വഹിക്കുന്ന വലിയൊരു ജനവിഭാഗത്തിന് തൊഴിലും വരുമാനവും പ്രദാനംചെയ്യുന്ന നിര്‍മാണമേഖല വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികള്‍ നിര്‍മാണമേഖലയെയും ബാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ നിര്‍മാണമേഖല പ്രത്യേകിച്ച്, ഭവനനിര്‍മാണമേഖലയുടെ വളര്‍ച്ച 2.8 ശതമാനമായി കുറഞ്ഞെന്ന് സൂചിപ്പിക്കുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍തന്നെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും വെട്ടിക്കുറയ്ക്കുന്നതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഞെരുക്കമാണ് ഇതിനുകാരണം. റോഡുകള്‍ തുടങ്ങി പശ്ചാത്തലവികസനത്തിനും ഭവനനിര്‍മാണത്തിനും കഴിഞ്ഞവര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ ഫണ്ടിന്റെ പകുതിയാണ് ചെലവഴിച്ചത്. സംസ്ഥാനസര്‍ക്കാരുകളും ഈ "മാതൃക" പിന്തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് ഈ വെട്ടിക്കുറവ് എന്നു പറയുമ്പോള്‍തന്നെ കുത്തകകള്‍ക്കും വന്‍ മുതലാളിമാര്‍ക്കും പോയവര്‍ഷം അഞ്ചുലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നികുതിയിളവായിമാത്രം നല്‍കിയത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് വികസനപദ്ധതികളും ഭവനനിര്‍മാണപദ്ധതികളും തകിടംമറിക്കുകയാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നില്ല എന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നു. കേരളത്തിലെ നിര്‍മാണമേഖലയില്‍ പ്രകടമായ മാന്ദ്യമാണ് നിലനില്‍ക്കുന്നത്. പശ്ചാത്തല വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുംമാത്രമേ പ്രതിസന്ധിയില്‍നിന്ന് കരകയറാനാവൂ. നിര്‍മാണപ്രവൃത്തികള്‍ക്കാവശ്യമായ സിമന്റ്, കമ്പി, പെയിന്റ്, ഇലക്ട്രിഫിക്കേഷന്‍-സാനിറ്ററി ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒക്ടോബറില്‍ ഒരു ബാഗ് സിമന്റിനുമേല്‍ 30-35 രൂപയാണ് കൂടിയത്. കൂടുതല്‍ നിര്‍മാണജോലികള്‍ നടക്കുന്ന സമയം നോക്കിയാണ് സിമന്റ് ഉല്‍പ്പാദകര്‍ വിലകയറ്റുന്നത്. ഒരു ബാഗ് സിമന്റിന്റെ ഉല്‍പ്പാദനച്ചെലവ് 115 രൂപയോളമാണ്. മറ്റെല്ലാ ചെലവുകളും ന്യായമായ ലാഭവും ചേര്‍ന്നാല്‍ 250 രൂപയ്ക്ക് വില്‍ക്കാനാകുമെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, 375 രൂപവരെയാണ് ഇപ്പോള്‍ വില നല്‍കേണ്ടിവരുന്നത്. കേരളത്തില്‍ പ്രതിമാസം എട്ടുലക്ഷത്തോളം ടണ്‍ സിമന്റാണ് ഉപയോഗിക്കുന്നത്. ഇതിലേറെയും സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഇത്തരത്തിലുള്ള വിലക്കയറ്റം സര്‍ക്കാരിന്റെ ബജറ്റിനെതന്നെ തകിടംമറിക്കുന്നു. സാധാരണക്കാരുടെ ഭവനനിര്‍മാണച്ചെലവ് ക്രമാതീതമായി വര്‍ധിക്കുകയും പണി പൂര്‍ത്തിയാകാന്‍ സാധിക്കാത്ത നിലയുണ്ടാവുകയും ചെയ്യുന്നു. സംസ്ഥാനത്ത് എണ്ണായിരത്തിലേറെ കരിങ്കല്‍, ചെങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷം ക്വാറികളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ചു. ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടു. പരിസ്ഥിതിപ്രശ്നത്തിന്റെ പേരില്‍ കോടതികളുടെ ഇടപെടലും അഞ്ച് ഹെക്ടറില്‍ താഴെ ഭൂവിസ്തൃതിയില്ലാത്തിടങ്ങളില്‍ ഖനനം നടത്തണമെങ്കില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിവേണമെന്ന സുപ്രീംകോടതി ഉത്തരവും ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു ശ്രമവുമുണ്ടാകുന്നില്ല. ഈ രംഗത്തെ വന്‍കിടക്കാരെയും മാഫിയകളെയും സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷിച്ച് ഖനനം സുഗമമായി നടത്തുന്നതിന് നിയമനിര്‍മാണമടക്കമുള്ള നടപടികള്‍ക്കായി ഉന്നതാധികാരസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ഒരു ശ്രമവും നടത്തിയില്ല. സംസ്ഥാനത്തെ ചെറുതുംവലുതുമായ 44 നദികളില്‍നിന്ന് ലഭിക്കുന്ന മണലാണ് നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. മണല്‍ലഭ്യത കുറയുകയും നദികളില്‍നിന്ന് മണലെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മണല്‍മേഖല പ്രതിസന്ധിയിലാണ്. പുഴയോരങ്ങള്‍ മണല്‍മാഫിയയുടെ നിയന്ത്രണത്തിലാണ്. അനധികൃതമായി മണല്‍ ശേഖരിച്ച് അക്രമവിലയ്ക്ക് വില്‍ക്കുന്ന മാഫിയസംഘങ്ങള്‍ക്ക് ഉദ്യോഗസ്ഥരും ഭരണാധികാരികളും സംരക്ഷണം നല്‍കുകയാണ്. മണല്‍ക്ഷാമം പരിഹരിക്കാന്‍ ഡാമുകളില്‍നിന്ന് മണല്‍ ശേഖരിച്ച് ന്യായവിലയ്ക്ക് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മലമ്പുഴ, ചുള്ളിയാര്‍, അരുവിക്കര ഡാമുകളില്‍നിന്ന് മണല്‍ ശേഖരിച്ച് മിതമായ വിലയ്ക്ക് നല്‍കിയിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടുവന്നിരുന്നതും നിരോധനംമൂലം ഇല്ലാതായി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല.

നിര്‍മാണരംഗത്ത് മരത്തിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കുറവാണ്. സിമന്റ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പകരം ഉപയോഗിക്കുന്നത്. മര ഉല്‍പ്പന്നങ്ങള്‍ റെഡിമെയ്ഡായി ലഭിക്കുന്നതുകൊണ്ട് സൈറ്റില്‍ നേരിട്ട് പണിയെടുക്കുന്ന മരപ്പണിക്കാരുടെ തൊഴിലാണ് കുറഞ്ഞത്. മരത്തിന് അമിതമായ വില നല്‍കേണ്ടിവരുന്നത് ഫര്‍ണിച്ചര്‍ വ്യവസായത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. വന്‍കിട വികസന പ്രവര്‍ത്തനപദ്ധതികളടക്കം വെട്ടിച്ചുരുക്കുകയും, പശ്ചാത്തലവികസനത്തിന് ബജറ്റുകളില്‍ പണം വകയിരുത്തുന്നത് പേരിനു മാത്രമാക്കുകയും ഭവനനിര്‍മാണപദ്ധതികളെല്ലാം അട്ടിമറിക്കുകയുംചെയ്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്്. കരിങ്കല്ല്, ചെങ്കല്ല്, മണല്‍ ഖനനത്തിന് കേരളത്തിന്റെ ഭൂസ്ഥിതിക്കനുസൃതമായി ഒരിക്കലും പാലിക്കാനാവാത്ത കാലഹരണപ്പെട്ട ചില വ്യവസ്ഥകളുടെ പേരില്‍ നിരോധനങ്ങള്‍ വരുമ്പോള്‍ അതിനെ മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയല്ല, ഈ വസ്തുക്കളുടെ ലഭ്യതക്കുറവ് രൂക്ഷമാക്കി ഈ രംഗത്തെ മാഫിയാകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നിര്‍മാണമേഖലയ്ക്ക് പ്രതികൂലമാകാന്‍ ഇടയുള്ളതാണ് പശ്ചിമഘട്ടത്തെ സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. നിര്‍മാണത്തൊഴിലാളികളുടെ ഏകാശ്രയമായ ക്ഷേമപദ്ധതിയും അനാവശ്യനിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് തൊഴിലാളികളെ കൊണ്ടുതന്നെ നിരാകരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. ക്ഷേമനിധിയില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുന്നതിനോ യഥാസമയം നല്‍കുന്നതിനോ തയ്യാറാകുന്നില്ല. അഴിമതിയും കെടുകാര്യസ്ഥതയുംമൂലം ക്ഷേമനിധിതന്നെ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഇതിനെല്ലാമെതിരെ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നിരന്തര സമരത്തിലാണ്.

*
കെ വി ജോസ് ദേശാഭിമാനി

No comments: