Tuesday, November 26, 2013

സൗരോര്‍ജ നയം: ലക്ഷ്യം തട്ടിപ്പുതന്നെ

സംസ്ഥാനം ഏതാനും മാസങ്ങളായി ചര്‍ച്ചചെയ്യുന്ന രണ്ട് വാക്കുകളാണ് സരിതയും സൗരോര്‍ജവും. ഒന്ന് സംസ്ഥാന ഭരണകര്‍ത്താക്കള്‍കൂടി പങ്കാളികളായ അഴിമതിയുടെയും നാണംകെട്ട ഇടപാടുകളുടെയും പ്രതിരൂപമാണെങ്കില്‍ രണ്ടാമത്തേത് നാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ ഊര്‍ജക്ഷാമം മറികടക്കാനുള്ള ബദല്‍ സംവിധാനമാണ്. പക്ഷേ, ഇന്ന് കൊച്ചുകുട്ടികള്‍പോലും സൗരോര്‍ജം എന്നുകേട്ടാല്‍ കരുതുന്നത് അരുതാത്ത വാക്കായാണ്. ഇതിനിടയാക്കിയത് ഭരണകര്‍ത്താക്കളുടെ വഴിപിഴച്ച പോക്കും നാട് കൊള്ളയടിക്കാനുള്ള ആര്‍ത്തിയുമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച സൗരോര്‍ജനയത്തിലും തെളിഞ്ഞുകാണുന്നത് അതുതന്നെയാണ്. ദീര്‍ഘകാലത്തേക്ക് ലക്ഷ്യമിടുന്ന ഒരുനയം പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായും കാണാതിരിക്കുന്നത് യാദൃച്ഛികമല്ല. അതിനുപിന്നില്‍ സംഘടിതമായ ഗൂഢാലോചനയുണ്ട് എന്നു വ്യക്തം.

2030 ഓടെ 2500 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് നയം ലക്ഷ്യമിടുന്നത്. ഒരു കിലോവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി സ്ഥാപിക്കാന്‍ 1.25 ലക്ഷം രൂപയാണ് ശരാശരി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു മെഗാവാട്ട് ആകുമ്പോള്‍ 12.5 കോടിയും 2500 മെഗാവാട്ട് ആകുമ്പോള്‍ 30,000 കോടിയോളമെന്നും കണക്കാക്കുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് കുത്തനെ ഉയരുകയും ചെയ്യും. പാരമ്പര്യേതര ഊര്‍ജപദ്ധതി നടപ്പാക്കുമ്പോള്‍ 40 ശതമാനത്തിലേറെയാണ് സബ്സിഡി. 30,000 കോടിയുടെ ഇടപാട് നടക്കുമ്പോള്‍ സബ്സിഡിയായി മാത്രം ചുരുങ്ങിയത് 10,000 കോടിയിലേറെ രൂപ സ്വകാര്യ കമ്പനികള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയും. കെഎസ്ഇബിയെയും അനെര്‍ട്ടിനെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കി പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന് നയത്തില്‍ പറയുന്നതിനുപിന്നിലെ ലക്ഷ്യം മറ്റൊന്നല്ല എന്നര്‍ഥം.

സൗരോര്‍ജനയത്തിന്റെ മറപറ്റി ശതകോടികള്‍ അടിച്ചുമാറ്റാന്‍ ടീം സോളാര്‍ എന്ന തട്ടിപ്പുകമ്പനി രൂപീകരിച്ച സരിതയും സംഘവും അകത്തായെങ്കിലും സര്‍ക്കാരിന്റെ ഉള്ളിലിരുപ്പില്‍ മാറ്റം വന്നിട്ടില്ല. സരിതയല്ലെങ്കില്‍ മറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. ഗുജറാത്തില്‍ നടപ്പാക്കി വിവാദമാകുകയും ശതകോടികളുടെ അഴിമതിക്ക് കളമൊരുക്കുകയും ചെയ്ത അതേ മാതൃകയിലാണ് ഈ നയവും അംഗീകരിച്ചത്. അഞ്ചുമാസംമുമ്പ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഭരണത്തലപ്പത്തുള്ള ഉന്നതന്മാരും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കിയതും ഇതേ മാതൃകയിലാണ്്. ആ നയത്തിന്റെ കരട് മെയ് അവസാനം ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് അന്തിമരൂപം നല്‍കുന്നതിനുള്ള അണിയറനീക്കം നടക്കവെയാണ് സരിതയും ബിജുവും അകത്താകുകയും പ്രതികളുടെ ഉന്നതബന്ധം മറനീക്കുകയും ചെയ്തത്. അതോടെയാണ് കരടുനയം അംഗീകരിക്കുന്നത് താല്‍ക്കാലികമായി മാറ്റിവച്ചത്. ആറുമാസത്തിന് ശേഷം ഇപ്പോള്‍ നയം അംഗീകരിച്ചതോടെ അന്നുനടന്ന കള്ളക്കളികൂടിയാണ് പുറത്തായത്.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് കെഎസ്ഇബിക്ക് തന്നെ സൗരോര്‍ജത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഏറ്റെടുക്കാന്‍ കഴിയുമെങ്കിലും ബോര്‍ഡിനെ പൂര്‍ണമായും പുതിയ നയത്തില്‍ തഴഞ്ഞതിന് സര്‍ക്കാരിന് മറ്റൊരു കാരണവും പറയാനുണ്ടെന്ന് തോന്നുന്നില്ല. കെഎസ്ഇബിയില്‍ നിലവില്‍ ആഭ്യന്തര പാരമ്പര്യേതര ഊര്‍ജസെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗരോര്‍ജ പാനലിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും ഊര്‍ജവിതരണത്തിനുമെല്ലാം കെഎസ്ഇബിക്ക് നിര്‍ണായകപങ്ക് വഹിക്കാനും കഴിയും. എന്നിട്ടും കെഎസ്ഇബിയെ കണ്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സിയായ അനെര്‍ട്ടിന്റെ കീഴിലാണ് സബ്സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിതരണസംവിധാനവും നിര്‍വഹിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അനെര്‍ട്ടിനെയും സര്‍ക്കാരിന് വേണ്ട. ഇപ്പോള്‍ അംഗീകരിച്ചത് പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള നയം എന്നുപറഞ്ഞാല്‍ തെറ്റാകില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മറ്റ് മന്ത്രിമാരുടെയും വീടുകളിലും സെക്രട്ടറിയറ്റിലുമെല്ലാം സ്വകാര്യ ഏജന്‍സികളാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള ചുമതല പൂര്‍ണമായും ടീം സോളാറിന് കിട്ടുമെന്നും പ്രചരിപ്പിച്ചായിരുന്നു സരിതയും ബിജുവും നാട്ടുകാരെ പറ്റിച്ചത്. തട്ടിപ്പ് കേസില്‍ അകത്തായില്ലായിരുന്നെങ്കില്‍ ഈ പദ്ധതി പൂര്‍ണമായും അവരുടെ കൈയില്‍ അകപ്പെടുമായിരുന്നു. സരിത ഉടന്‍ പുറത്ത് വരുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാകുന്നത്. അകത്തുകഴിയുന്ന സരിത കോടികള്‍ ഉപയോഗിച്ചാണ് കേസുകള്‍ ഒതുക്കുന്നത്. പുറത്തുവരുന്ന സരിതയ്ക്ക് അതിലും എത്രയോ ഇരട്ടി കരുത്തായിരിക്കും. ഈ "കരുത്തു"പയോഗിച്ച് ഇനിയും കൊള്ളയടിക്കാനിറങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഒരു സരിതയല്ലെങ്കില്‍ മറ്റൊരു സരിത. അതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; അതിനുള്ള നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഈ നയം തിരുത്താനും കെഎസ്ഇബിയെയും അനെര്‍ട്ടിനെയും മറ്റ് സര്‍ക്കാര്‍- പൊതുമേഖലാസ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: