Thursday, November 7, 2013

അറഫാത്തിന്റെ ഘാതകരെ പിടികൂടണം

പലസ്തീന്‍ വിമോചനമുന്നണി നേതാവും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായിരുന്ന യാസര്‍ അറഫാത്ത് 2004 നവംബര്‍ 11നാണ് അന്ത്യശ്വാസം വലിച്ചത്. പാരീസിലെ പേഴ്സി മിലിട്ടറി ആശുപത്രിയിലായിരുന്നു അന്ത്യം. 2004 ഒക്ടോബര്‍ 12ന് രാത്രി ഭക്ഷണം കഴിച്ചശേഷമുണ്ടായ നിര്‍ത്താത്ത ഛര്‍ദിയും വയറുവേദനയും കാരണമാണ് അദ്ദേഹത്തെ പാരീസിലേക്ക് മാറ്റിയതെങ്കിലും രക്ഷിക്കാനായില്ല. മസ്തിഷ്കാഘാതമാണ് മരണകാരണമെന്നായിരുന്നു ഫ്രഞ്ച് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍, അന്നുതന്നെ ഡോക്ടര്‍മാര്‍ മറ്റൊരു കാര്യംകൂടി കുറിച്ചിട്ടു; രക്തത്തില്‍ ഡിസമിനേറ്റഡ് ഇന്‍ട്രാവാസ്കുലര്‍ കോഗുലേഷന്‍ (ഡിഐസി) ഉള്ളതായി. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിന് അന്ന് ഉത്തരമില്ലായിരുന്നു.

അറഫാത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പരന്നു. എയ്ഡ്സ് ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ഇസ്രയേലിന്റെ പ്രചാരണം. അറഫാത്തിനെ വധിച്ചതാണെന്ന സംശയവും ഉയര്‍ന്നു. അറഫാത്തിന്റെ ഡോക്ടര്‍ അഷ്റഫ് അല്‍ കുര്‍ദിയും സഹായി ബസം അബു ഷെരീഫുമാണ് ഈ സംശയം പ്രകടിപ്പിച്ചത്. അറഫാത്തിനെ ശത്രുവായി കരുതുന്ന ഇസ്രയേല്‍ നടപടികളാണ് ഇത്തരമൊരു സംശയം ഉണര്‍ത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. എന്നാല്‍, അന്ന് "ന്യൂയോര്‍ക്ക് ടൈംസ്" ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഈ സംശയത്തെ അപക്വമെന്ന് പരിഹസിച്ചുതള്ളി. എന്നാല്‍, ആ സംശയം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു "അല്‍ജസീറ" ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസനേ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയേഷന്‍ ഫിസിക്സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിഷാംശം കടന്നാണ് അറഫാത്ത് മരിച്ചതെന്ന് ആദ്യം ശാസ്ത്രീയമായി സ്ഥിരീകരിച്ചത്. അദ്ദേഹം ഉപയോഗിച്ച ബ്രഷ്, അടിക്കുപ്പായങ്ങള്‍, തൊപ്പിയിലെ രോമങ്ങള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിയത്. അതീവ മാരകവിഷമായ റേഡിയോ വികിരണശേഷിയുള്ള പൊളോണിയം അദ്ദേഹത്തിന്റെ ശരീരത്തില്‍ വര്‍ധിച്ചതോതില്‍ ഉണ്ടെന്നായിരുന്നു ഈ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറഫാത്തിന്റെ വിധവ സുഹ അറഫാത്ത് പലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനോട് റാമല്ലയിലെ അറഫാത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ലീഗല്‍ മെഡിസിന്‍ നടത്തിയ പരിശോധനയിലാണ് പൊളോണിയം വര്‍ധിച്ചതോതില്‍ അറഫാത്തിന്റെ ശരീരത്തിലുണ്ടെന്ന് തെളിഞ്ഞത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അല്‍ജസീറ ടെലിവിഷനും ഗാര്‍ഡിയന്‍ ദിനപ്പത്രവുമാണ് പുറത്തുവിട്ടത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നാണ് സുഹ അറഫാത്ത് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പതിനെട്ട് വയസ്സുകാരിയും വിദ്യാര്‍ഥിനിയുമായ മകള്‍ സഹ്വയാകട്ടെ, ഗൂഢാലോചനയിലൂടെയാണ് തന്റെ പിതാവിനെ വധിച്ചതെന്ന് ആരോപിച്ചു. അറഫാത്തിന്റെ സഹപോരാളി ഹന്നന്‍ അഷ്റാവി പറഞ്ഞത് ദീര്‍ഘകാലമായി മനസ്സിനെ വേട്ടയാടിയ സംശയം ശരിയായിരിക്കുന്നുവെന്നാണ്. ആരാണ് അത് ചെയ്തതെന്ന് കണ്ടുപിടിക്കുകയേ ഇനി വേണ്ടൂ എന്നും അവര്‍ പ്രതികരിച്ചു. അറഫാത്ത് 75-ാംവയസ്സില്‍ മരിച്ച ഘട്ടത്തില്‍തന്നെ അത് സ്വാഭാവികമരണമല്ലെന്നും അമേരിക്കയും ഇസ്രയേലും നടത്തിയ ഗൂഢാലോചനയുടെ ഇരയാണെന്നുമുള്ള വാദം ഉയര്‍ന്നു. ഇത്തരമൊരു സംശയം ഉയരാന്‍ പ്രധാന കാരണം, ഇസ്രയേല്‍ രാഷ്ട്രീയനേതൃത്വം അറഫാത്തിനെ വധിക്കുമെന്ന് പരസ്യമായി നടത്തിയ പ്രസ്താവനകളാണ്. ""അറഫാത്തിനെ ഒഴിവാക്കണം"" എന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഷാവുല്‍ മോഫസ് പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ഉപദേശിച്ചതായി "ഹാരറ്റ്സ്" എന്ന ഇസ്രയേലി ദിനപ്പത്രം റിപ്പോര്‍ട്ടുചെയ്തു. പലസ്തീന്‍ നേതാക്കളായ അഹമ്മദ് യാസിന്‍, അബ്ദേല്‍ അസീസ് രന്റിസി എന്നിവര്‍ക്കെതിരെ നടത്തിയ നീക്കം (വധം)പോലെ, സമയവും സന്ദര്‍ഭവും ഒത്താല്‍ അറഫാത്തിനെതിരെയും അതേനീക്കം നടത്തുമെന്ന് ഏരിയല്‍ ഷാരോണ്‍ "മാറിവ"് ദിനപ്പത്രത്തോട് പറഞ്ഞു.

പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനും അറഫാത്തിനെക്കുറിച്ച് പുസ്തകമെഴുതിയ ആളുമായ ഡാന്‍ റൂബിന്‍സ്റ്റെയിനും അറഫാത്തുവധത്തിനുപിന്നില്‍ ഇസ്രയേലാണെന്ന് വിശ്വസിക്കുന്നു. ""തുടക്കംമുതല്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമായിരുന്നു. അറഫാത്തിനെ അധികാരത്തില്‍നിന്നുമാത്രമല്ല, പലസ്തീനില്‍നിന്നുതന്നെ നാടുകടത്തുക അല്ലെങ്കില്‍ വധിക്കുക എന്നതായിരുന്നു ഷാരോണ്‍ഭരണത്തിന്റെ ചിന്ത"" എന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഇതുകൊണ്ടായിരിക്കണം എഴുത്തുകാരനായ സബ്രി ജിറായിസ്, അറഫാത്തുവധത്തിന് വിചാരണചെയ്യേണ്ടത് അഞ്ചുപേരെയാണെന്ന് വാദിക്കുന്നത്. ലെബനണിലെയും സൈപ്രസിലെയും പലസ്തീന്‍ ഗവേഷണകേന്ദ്രങ്ങളുടെ ഡയറക്ടറും അറഫാത്തിന്റെ ഉപദേശകനുമായിരുന്നു ജിറായിസ്. മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍, ഇസ്രയേല്‍ ആഭ്യന്തരസുരക്ഷാ ഏജന്‍സിയായ ഷിന്‍ബാത്തിന്റെ മുന്‍ തലവനും ഇപ്പോള്‍ കദിമ പാര്‍ടിയുടെ പാര്‍ലമെന്റ് അംഗവുമായ അവി ഡിച്ച്റ്റര്‍, മുന്‍ പ്രതിരോധമന്ത്രിയും ഇപ്പോള്‍ കദിമ പാര്‍ടി നേതാവുമായ ഷാവുല്‍ മോഫസ്, 2003-05 കാലത്ത് ഇസ്രയേല്‍ ആര്‍മിയുടെ ചീഫ് ഓഫ് സ്റ്റാഫും പിന്നീട് ഉപപ്രധാനമന്ത്രിയുമായ മോഷെ യാലോണ്‍, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഡയറക്ടറായിരുന്ന മീര്‍ ഡാഗന്‍ എന്നിവരെ വിചാരണ ചെയ്യണമെന്നാണ് ജിറായിസ് ആവര്‍ത്തിക്കുന്നത്. പലസ്തീന്‍ വിമോചനത്തിനുവേണ്ടി ആദ്യം ആയുധമെടുത്തും പിന്നീട് സമാധാനപരമായും പോരാടിയ അറഫാത്തിന്റെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികതന്നെ വേണം. അതിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ മുന്‍കൈ എടുക്കണം. ഇസ്രയേല്‍ നേതാക്കളാണ് ഈ വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തേണ്ടത് ലോകരാഷ്ട്രങ്ങളുടെ കടമയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: