Tuesday, November 12, 2013

യുദ്ധങ്ങളുണ്ടാവുന്നത്

ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്ന ഒരേ ഒരിടം എന്ന് യുദ്ധത്തെ നിര്‍വചിച്ചത് ""നമ്മുടെ രാജ്യത്തെ ഏറ്റ വും ചുറുചുറുക്കുള്ള സൈനിക ശക്തിയായ മറൈന്‍ കോര്‍പ്സില്‍ 33 വര്‍ഷവും 4 മാസവും സജീവമായി സേവനമനുഷ്ഠിച്ച"" അമേരിക്കന്‍ ജനറല്‍ സ്മെഡ്ലി ഡി ബട്ലറാണ്(Major General Smedley Butler). അത്യുന്നതപദവിയില്‍ നിന്നു വിരമിച്ച ശേഷം അമേരിക്കയിലുടനീളം 700 നഗരങ്ങളിലായി ആയിരത്തി ഇരുന്നൂറോളം വേദികളില്‍ യുദ്ധം ഒരു കവര്‍ച്ചയാണ് (War Is A Racket ) എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ആളാണ് സ്മെഡ്ലി. താനടക്കമുള്ള പട്ടാള മേധാവികള്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ഈ വാചകങ്ങള്‍ വായിക്കൂ: ""സെക്കന്റ് ലെഫ്റ്റനന്റ് മുതല്‍ ജനറല്‍ വരെയുള്ള എല്ലാ കമ്മീഷന്റ് റാങ്കുകളിലും ഞാന്‍ സേവിച്ചിട്ടുണ്ട്. അക്കാലത്ത് എന്റെ സമയത്തിന്റെ ഭൂരിഭാഗവും ഒരുന്നതവര്‍ഗ സെയില്‍സ്മാനായിട്ടാണ് വന്‍കിട മുതലാളിമാര്‍ക്കു വേണ്ടിയും ബാങ്കര്‍മാര്‍ക്ക് വേണ്ടിയും ചെലവാക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ മുതലാളിത്തത്തിന്റെ ഒരു യഥാര്‍ഥ കവര്‍ച്ചക്കാരന്‍ ആയിരുന്നു ഞാന്‍."" അങ്ങനെയാണ് 1914-ല്‍ മെക്സിക്കോവിനെ വിശേഷിച്ചും ടാം പിക്കോവിനെ, അമേരിക്കന്‍ എണ്ണ താല്‍പര്യത്തിന് സുരക്ഷിതമാക്കി മാറ്റുന്നതില്‍ എനിക്ക് സഹായിക്കാനായത്.

ഹെയ്തിയെയും ക്യൂബയെയും നാഷണല്‍ സിറ്റി ബാങ്കിന് ആദായമുണ്ടാക്കാനുള്ള മാന്യമായ ഇടങ്ങളാക്കി മാറ്റുന്നതില്‍ എന്റെ സഹായമുണ്ട്. 1909-12 ല്‍ നിക്കരാഗ്വയെ ബ്രൗണ്‍ ബ്രദേഴ്സിന്റെ അന്താരാഷ്ട്ര ബാങ്കിങ്ങിന് വേണ്ടി ശുദ്ധീകരിച്ചു കൊടുക്കുന്നതിലും സഹായിക്കാന്‍ എനിക്ക് കഴിഞ്ഞു. 1916-ല്‍ അമേരിക്കന്‍ പഞ്ചസാര താല്‍പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം ഡൊമിനിക്കന്‍ റിപ്ലബ്ലിക്കിനു വേണ്ട ""വെളിച്ചമെത്തിക്കാനും"" എനിക്ക് കഴിഞ്ഞു. 1903-ല്‍ അമേരിക്കന്‍ പഴക്കച്ചവടക്കമ്പനികള്‍ക്ക് വേണ്ടി കൃത്യമായും ഞാന്‍ ഹോണ്ടുറാസിനെ സഹായിച്ചു. (യുനൈറ്റഡ് ഫ്രൂട്ട്സ് പോലുള്ള പഴക്കച്ചവടക്കമ്പനികളുടെ കൊള്ളയെപ്പറ്റി വിശ്വമഹാകവി നെരൂദ ഒരു കാവ്യഖണ്ഡം തന്നെ തീര്‍ത്തിട്ടുണ്ട്. യുനൈറ്റഡ് ഫ്രൂട്ട് കമ്പനി എന്ന പേരില്‍ തന്നെ) 1927-ല്‍ സ്റ്റാന്‍ഡേഡ് ഓയില്‍ കമ്പനിയെ അതിന്റെ പാട്ടിനു വിടുന്ന കാര്യം ഉറപ്പു വരുത്താന്‍ എനിക്ക് കഴിഞ്ഞു""- ഒന്നാം ലോക മഹായുദ്ധത്തില്‍ കൊള്ളമുതല്‍ കുന്നു കൂട്ടിയ കുത്തകക്കമ്പനികളുടെ നേട്ടത്തിന്റെ പട്ടിക തന്നെ അവതരിപ്പിക്കുന്നുണ്ട് ഈ മസില്‍മാന്‍! ലോകത്തനേകം നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമായി പതിനായിരങ്ങള്‍ ചത്തു വീഴുമ്പോള്‍ ഓരോ ചാവും അനേക സഹസ്രം ഡോളറുകളാണ് കുത്തകക്കമ്പനികളുടെ ഖജനാവിലെത്തിച്ചത്. ഡിക്ചെനിയുടെ ഹാലി ബര്‍ട്ടന്‍ ഇറാഖിന്റെ പുനര്‍ നിര്‍ മാണ പ്രവര്‍ത്തനത്തിന്റെ കരാറെടുത്തുകൊണ്ട് ദുരിതാശ്വാസ വുമായി കണ്ണീരൊപ്പുകയാണ് എന്നാണല്ലോ "ഇറാഖിന്റെ പുനര്‍ നിര്‍മാണ കാലത്ത്" ഒരു ശരാശരി മനുഷ്യന് തോന്നിയിരിക്കുക!

സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ തന്നെ തകര്‍ത്തെറിഞ്ഞത് ഇതേ ഡിക് ചെനിയും കൂട്ടരുമാണ് എന്ന കാര്യം എത്ര പേര്‍ ഓര്‍ക്കും? സ്മെഡ്ലി ബട്ട്ലര്‍ കൊടുത്ത ഒരു കണക്കു നോക്കുക: ലോകമഹായുദ്ധത്തിന് തൊട്ട് മുമ്പ് യുഎസ് സ്റ്റീല്‍ ഉണ്ടാക്കിയ വാര്‍ഷിക ലാഭം 105,331,000 ആയിരുന്നുവെങ്കില്‍ യുദ്ധകാലത്തെ ലാഭം 259,653,000 ആയി കുതിച്ചുയര്‍ന്നു. ഡ്യുപോണ്ടിന്റെ 6,092,000 ലാഭം 58,076,000 ആയും ജനറല്‍ മോട്ടോഴ്സിന്റേത് 6,95,4,000 എന്നത് 21,700,000 ആയും വര്‍ധിച്ചു. ശരിയാണ്, യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ് ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് തോല്‍വി സമ്മതിച്ച് കീഴടങ്ങാന്‍ തയ്യാറെടുത്ത ജപ്പാനു മേല്‍ ബോംബ് വര്‍ഷിച്ചുകൊണ്ട് അമേരിക്ക തങ്ങളുടെ മേധാവിത്വം തെളിയിച്ചത്. ലാഭം ഡോളറില്‍ തന്നെ കണക്കാക്കുകയായിരുന്നു.

റൂസ്വെല്‍റ്റിന്റെ കാലത്തും ട്രൂമാന്റെ കാലത്തും ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഫ്ളീറ്റ് അഡ്മിറല്‍ ഡബ്ല്യു സി ലീഹി പച്ചക്ക് തന്നെ അക്കാര്യം ഏറ്റുപറഞ്ഞിട്ടുണ്ട്. ""ആറ്റം ബോംബ് ഉപയോഗിക്കുന്ന കാര്യത്തില്‍ ഒന്നാമനാവുക വഴി നാം നമ്മുടെ ഔദ്യോഗിക നിലപാട് ഇരുണ്ട യുഗത്തിലെ കാടന്മാരുടേതിന് സമമാണെന്ന് തെളിയിച്ചിരിക്കുന്നു"" എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഹിരോഷിമയിലും നാഗസാക്കിയിലും വിതച്ച ബോംബുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജപ്പാനീസ് ഫിലിം കോര്‍പറേഷന്‍ തയ്യറാക്കിയ ഡോക്യുമെന്ററി തടഞ്ഞു വയ്ക്കുക വരെ ചെയ്തു അധിനിവിഷ്ട യാങ്കിപ്പട. പിന്നീട് ജപ്പാന്‍ സ്വതന്ത്രമാവുന്നത് വരെ ആ ഡോക്യുമെന്ററി വെളിച്ചം കണ്ടില്ല. ജപ്പാനില്‍ ആറ്റം ബോംബ് വിതച്ച ദുരിതത്തിന്റെ കഥ പോട്സ്ഡാമില്‍ നിന്നും മടങ്ങുന്ന കപ്പലിലിരുന്ന് കേട്ട പ്രസിഡന്റ് ഹാരി ട്രൂമാന്‍ ആഹ്ലാദചിത്തനായ കഥ കുപ്രസിദ്ധമാണ്! ""യുദ്ധത്തിന്റെ ഭാഗമായി അമേരിക്കക്ക് എന്തെങ്കിലും ലാഭമോ സ്വാര്‍ഥപൂര്‍ണമായ നേട്ടമോ ഉണ്ടാക്കണമെന്നില്ലെങ്കിലും നമ്മുടെ താല്‍പര്യങ്ങള്‍ സമ്പൂര്‍ണമായി സംരക്ഷിക്കുന്നതിനും ലോകസമാധാനം ഉറപ്പ് വരുത്തുന്നതിനുമായി ആവശ്യമുള്ള സൈനികത്താവളങ്ങള്‍ നാം നിലനിര്‍ത്തുക തന്നെ ചെയ്യും. നമ്മുടെ സൈനിക വിദഗ്ധര്‍ നമ്മുടെ സുരക്ഷക്ക് ആവശ്യമെന്ന് കരുതുന്ന താവളങ്ങള്‍ നാം അക്വയര്‍ ചെയ്യുകയും ചെയ്യും."" അതിന്റെ ഭാഗമായാണ് ലോകത്തെങ്ങും വന്‍കരകളിലാകെ പരന്നു കിടക്കുന്ന 2000 സൈനികത്താവളങ്ങളിലായി 30,000 ഇന്‍സ്റ്റലേഷനുകള്‍ അമേരിക്ക കെട്ടിപ്പൊക്കിയത്. ഇതില്‍ പലതും സൈനികരെ സുഖിപ്പിക്കുന്നതിനുള്ള "പാപകേന്ദ്രങ്ങളാ"യി മാറിയ കഥയും ഇന്ന് അങ്ങാടിപ്പാട്ടാണ്.

ഫിലിപ്പൈന്‍സിലെ ഒലൊന്‍ഗാപോയില്‍ അമേരിക്കന്‍ സൈനികരുടെ "വിശ്രമത്തിനും സ്വാസ്ത്യ പ്രാപ്തിക്കു"മായി പണിതുയര്‍ത്തിയ താവളത്തിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനായി 50,000 വേശ്യകളെ പാര്‍പ്പിച്ച കാര്യം സൈനിക കേന്ദ്രങ്ങള്‍ക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നു. അധിനിവേശ കാലത്ത് ജപ്പാനില്‍ പണിത സൈനികത്താവളമായ ഒക്കിനാവയില്‍ നടന്ന ബലാത്സംഗകഥയും മറച്ചുവയ്ക്കാനാവാത്തവിധം പൈശാചികമായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ഐസന്‍ ഹോവര്‍ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്: ""ഉല്‍പാദിപ്പിക്കപ്പെടുന്ന ഓരോ തോക്കും, പുറത്തിറക്കപ്പെടുന്ന ഓരോ യുദ്ധക്കപ്പലും, തൊടുത്തുയര്‍ത്തപ്പെടുന്ന ഓരോ റോക്കറ്റും, അന്തിമ വിശകലനത്തില്‍ വിശപ്പടക്കാന്‍ ഭക്ഷണം കിട്ടാത്തവരും തണുപ്പകറ്റാന്‍ വസ്ത്രം ലഭിക്കാത്തവരുമായവരില്‍ നിന്നുള്ള കവര്‍ച്ചയാണ്.... "" മനം മടുത്താണ് ഇതേ പ്രസിഡന്റ് മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിനെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉന്നത ഭരണ നേതൃത്വവും യുദ്ധോപകരണ നിര്‍മാതാക്കളും തമ്മിലുണ്ടായി വരുന്ന അവിശുദ്ധബന്ധത്തക്കുറിച്ചും അത് നയരൂപീകരണത്തില്‍ എങ്ങനെ ഫലപ്രദമായി ഇടപെടുന്നു എന്നതിനെക്കുറിച്ചുമാണ് ഐസന്‍ഹോവര്‍ ഓര്‍മിപ്പിച്ചത്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക നടത്തിയ ബോംബ് വര്‍ഷത്തിന്റെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകും മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ സ്വാധീനത്തിന്റെ ആഴം!

1945-46 കാലത്തും 50-53 കാലത്തും ചൈനയില്‍, 1954-ല്‍ ഗ്വാട്ടിമാലയില്‍, 1959-60 ല്‍ ക്യൂബയില്‍, 1965-ല്‍ പെറുവില്‍, 1961 മുതല്‍ 1973 വരെ വിയറ്റ്നാമില്‍, 1983ല്‍ ഗ്രനഡയില്‍, 1980-ല്‍ എല്‍സാല്‍വഡോറില്‍, 1989-ല്‍ പനാമയില്‍, 1995-ല്‍ ബോസ്നിയയില്‍, 1999-ല്‍ യൂഗോസ്ലാവിയയില്‍, 1950 മുതല്‍ 1953 വരെ കൊറിയയില്‍, 1958-ല്‍ ഇന്തോനേഷ്യയില്‍, 1964-ല്‍ കോംഗോയില്‍, 1964 മുതല്‍ 73 വരെ ലാവോസില്‍, 1986-ല്‍ ലിബിയയില്‍, 1980-ല്‍ നിക്കരാഗ്വയില്‍, 1991 മുതല്‍ 99 വരെ ഇറാഖില്‍, പിന്നെ വീണ്ടും ലിബിയയില്‍ ഇപ്പോള്‍ സിറിയക്ക് നേരെയും... കാര്‍ട്ടര്‍ പ്രഖ്യാപനം എന്ന പേരിലറിയപ്പെടുന്ന അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്ജിമ്മി കാര്‍ട്ടറുടെ ഏറെ കുപ്രസിദ്ധമായ ഒരു കണ്ടെത്തലുണ്ട്: ""പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുടെ നിയന്ത്രണം നേടിയെടുക്കാനായി ബാഹ്യശക്തിയുടെ ഏതു ശ്രമമവും അമേരിക്കയുടെ മര്‍മ പ്രധാനമായ താല്‍പര്യത്തിനു നേരെയുള്ള കടന്നാക്രമണമായി കണക്കാക്കുന്നതും അതിനെ ആവശ്യമായ എന്തു വിലകൊടുത്തും, സൈനികശക്തിയടക്കം ഉപയോഗിച്ചും, തകര്‍ക്കുന്നതുമാണ്."" ഐസന്‍ഹോവറുടെ വിടുവായത്തത്തെ അതിന്റ പാട്ടിന് വിട്ടു കൊണ്ട് തുടര്‍ന്നു വന്ന എല്ലാ പ്രസിഡന്റുമാരും യുദ്ധജ്വരം കുത്തിപ്പൊക്കുകയായിരുന്നു; പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ സാന്നിധ്യമുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ഇമ്പാച്ചി കാട്ടിക്കൊണ്ട്!

എന്നാല്‍ യുഎസ്എസ്ആര്‍ തകര്‍ന്ന ഉടനെ ജോര്‍ജ് ബുഷിന്റെ ഡിഫന്‍സ് ഡിപ്പാര്‍ട്മെന്റ് അമേരിക്കന്‍ ദേശരക്ഷാ നയത്തില്‍ ഒരു പുനരാലോചന വേണമെന്ന് തീരുമാനിച്ചു. മാറിയ സാഹചര്യത്തില്‍ യുദ്ധച്ചെലവ് വെട്ടിച്ചുരുക്കി മാനവ വികസനം ഉറപ്പുവരുത്താനായിരുന്നില്ല ആലോചന. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് അനുവദിക്കുകയുമില്ലല്ലോ. അതുകൊണ്ടുതന്നെ പിന്നീട് ലോകബാങ്ക് പ്രസിഡന്റായ പോള്‍ വുള്‍ഫോവിറ്റ്സ് തയ്യാറാക്കിയ "പ്രതിരോധ ആസൂത്രണത്തിനുള്ള മാര്‍ഗ നിര്‍ദേശം" പറഞ്ഞത്, ""അമേരിക്കയുടെ മുഖ്യദേശരക്ഷാ ലക്ഷ്യമായി കണക്കാക്കേണ്ടത് തങ്ങള്‍ക്ക് എതിരാളിയായി ആഗോളാടിസ്ഥാനത്തില്‍ ഉയരാനിടയുള്ള ഏതൊരു മത്സരാര്‍ഥിയെയും തടയുക എന്നുള്ളതാണ്"" എന്നാണ്. ഈ നയരേഖ തയ്യാറാക്കിയത് സാക്ഷാല്‍ ഡിക് ചെനിയുടെ നിര്‍ദേശാനുസാരമാണ് താനും.

2001 സെപ്തംബര്‍ 11 നു ശേഷം ഈ രേഖ ഔദ്യോഗിക ദേശരക്ഷാനയമായി മാറിത്തീരുകയാണുണ്ടായത്. തങ്ങള്‍ക്കൊപ്പമല്ലാത്തവരെല്ലാം തങ്ങളുടെ ശത്രുവാണ് എന്ന് പരസ്യമായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വേണം അമേരിക്ക ലോക പൊലീസ് ചമഞ്ഞുകൊണ്ട് മനുഷ്യാവകാശത്തെപ്പറ്റി ഗീര്‍വാണമടിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍! ഇറാഖില്‍ കൂട്ടക്കുരുതിക്കുള്ള മാരകായുധങ്ങള്‍ നിക്ഷേപിച്ചതും പിന്നീട് അതൊരു കെട്ടുകഥയാണ് എന്നു തെളിഞ്ഞിട്ടും സൈനികമായി മുന്നോട്ട് പോയതും സംസ്കാരത്തിന്റെ കളിത്തൊട്ടില്‍തന്നെ തകര്‍ത്തെറിഞ്ഞതും എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ ഈ പഴയ രേഖകള്‍ സഹായിക്കും. ഇക്കാര്യം കുറേശ്ശെയായി ലോകം മനസ്സിലാക്കി ത്തുടങ്ങുകയും റഷ്യ ശക്തമായ ഒരു നിലപാടെടുക്കുകയും ചെയ്തതു കൊണ്ടാണ് സിറിയയില്‍ നടക്കാനിരുന്ന അതിക്രമങ്ങളില്‍നിന്ന് അമേരിക്കക്ക് പിന്‍തിരിയേണ്ടി വന്നത്. പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല!

*
എ കെ രമേശ് ദേശാഭിമാനി വാരിക

No comments: