Wednesday, November 13, 2013

അകലം കുറയ്ക്കാനുള്ള നേരായ മാര്‍ഗം ഇതല്ല

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രധാനലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിയെങ്കിലും തുറന്നുപറഞ്ഞത് നന്നായി. ജനസമ്പര്‍ക്ക പരിപാടി തനി കാപട്യമാണെന്ന് ഇതിനകംതന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നത് പുതിയ കാര്യമല്ല. നിയമസഭാംഗങ്ങള്‍ നല്‍കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാസഹായവും മറ്റാനുകൂല്യങ്ങളും മുഖ്യമന്ത്രിമാര്‍ നല്‍കിയത് മാമാങ്കം നടത്തിയല്ല. വില്ലേജ് ഓഫീസര്‍ മുഖേനയും തഹസില്‍ദാര്‍വഴിയും ഇത്തരം സഹായങ്ങള്‍ മുമ്പും ഒട്ടേറെപ്പേര്‍ക്ക് നല്‍കിയിട്ടുണ്ട്. അതൊന്നും ആരും കൊട്ടിഘോഷിച്ചിട്ടില്ല. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, കലക്ടര്‍ എന്നിവര്‍ മുഖേന നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്തുകൊണ്ട് ധൂര്‍ത്തടിക്കുന്നതാണ് ഇവിടെ കാണുന്നത്. ഉത്തരവാദിത്തബോധമുള്ള ഒരു ധനമന്ത്രി മുമ്പ് ജനങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ഒരു കാര്യമുണ്ട്. മന്ത്രിമാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവരുടെ ഔദാര്യമോ യാചകര്‍ക്കുള്ള ധര്‍മം നല്‍കലോ അല്ല. ജനങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യമാണ് നല്‍കുന്നത്. ജനങ്ങളുടെ പണമാണ് നല്‍കുന്നത്. മറിച്ചുകരുതുന്നത് അല്‍പത്തമാണ്. യഥാര്‍ഥത്തില്‍ ജനങ്ങളില്‍ അവകാശബോധത്തിനുപകരം അടിമ മനോഭാവം വളര്‍ത്തിയെടുക്കാനാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കപരിപാടിയെന്ന പ്രഹസനത്തിലൂടെ ശ്രമിക്കുന്നത്.

സര്‍ക്കാരും ജനങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന് ഉമ്മന്‍ചാണ്ടി തുറന്ന് സമ്മതിച്ചിരിക്കുന്നു. അകല്‍ച്ച മാത്രമല്ല സര്‍ക്കാരിനോട് അറപ്പും വെറുപ്പും ജനങ്ങള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ചെപ്പടിവിദ്യകള്‍ പരമപുച്ഛത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. സരിത, ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, കവിത തുടങ്ങിയ പേരുകള്‍ പലതും ഓര്‍മിപ്പിക്കുന്നുണ്ട്. അവരുടെ തട്ടിപ്പിനും വെട്ടിപ്പിനും വഞ്ചനയ്ക്കുമൊക്കെ പ്രേരണയും പ്രോത്സാഹനവും നല്‍കിയതും അധികാരം ദുര്‍വിനിയോഗം ചെയ്ത് സഹായിച്ചതും മറ്റാരുമല്ല, സാക്ഷാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ജനങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ ഉപരോധസമരം നടന്നു. സിറ്റിങ് ജഡ്ജിയെക്കൊണ്ടന്വേഷണം നടത്താമെന്ന് സമ്മതിച്ചു. സമരം അവസാനിപ്പിച്ചു. പിന്നീട് മുഖ്യമന്ത്രി പറഞ്ഞു, ഉപരോധസമരം കാരണമല്ല ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന്. അത് മുമ്പുതന്നെ നിയമസഭയില്‍ സമ്മതിച്ചതാണെന്ന്. ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള ഉത്തരവിറങ്ങിയപ്പോള്‍ സിറ്റിങ് ജഡ്ജിയില്ല, റിട്ടയേര്‍ഡ് ജഡ്ജിയായി മാറി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയില്ല. വാഗ്ദാനലംഘനം നടത്തിയ ഉമ്മന്‍ചാണ്ടി പറയുന്നത് വാക്കല്ലേ മാറ്റാന്‍ കഴിയൂ, രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാറ്റാന്‍ കഴിയില്ലല്ലോ എന്നായിരിക്കും. ഈ വാക്ക് മാറലും വഞ്ചനയും ഒരു മുഖ്യമന്ത്രിക്കും യോജിച്ചതല്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കവഞ്ചനയ്ക്ക് ജില്ലാകേന്ദ്രങ്ങളില്‍ പൊലീസും രക്ഷാസേനയും എല്ലാംകൂടി 1200 പേരെയാണ് നിയോഗിക്കുന്നത്. നടക്കാന്‍ വയ്യാത്ത രോഗികളെയും വൃദ്ധരെയും വികലാംഗരെയും സ്ട്രച്ചറില്‍ മുഖ്യമന്ത്രിയുടെമുമ്പില്‍ ഹാജരാക്കണം, തുച്ഛമായ സഹായം ലഭിക്കാന്‍. 1500 രൂപ ചെലവഴിച്ചാല്‍ രണ്ടായിരം രൂപ സഹായമായി ലഭിക്കും. ഇത് നല്‍കാനാണ് ജനങ്ങളെ വിളിച്ചുചേര്‍ത്ത് സമ്പര്‍ക്കം നടത്തുന്നത്.

ധനമന്ത്രി കെ എം മാണി ലോട്ടറിയില്‍നിന്ന് ലഭിച്ച 200 കോടി രൂപ ആശ്വാസമായി അര്‍ഹരായ ആളുകള്‍ക്ക് നേരായ മാര്‍ഗത്തില്‍ നല്‍കിയതായി പറയുന്നു. അതിന് കൊട്ടും കുരവയും ഉണ്ടായില്ല. ആയിരം പൊലീസുകാര്‍ അകമ്പടി സേവിക്കേണ്ടിവന്നില്ല. പ്രത്യേക പന്തല്‍ കെട്ടേണ്ടിവന്നില്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ദുര്‍വ്യയം ചെയ്യേണ്ടിവന്നില്ല. അത് മാതൃകയാക്കാന്‍ ഉമ്മന്‍ചാണ്ടിക്കെന്താണ് വൈമനസ്യം. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ എരിപൊരികൊള്ളുമ്പോള്‍ പൊതുവിതരണ സമ്പ്രദായംപോലും അട്ടിമറിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ ചെപ്പടിവിദ്യകൊണ്ട് രക്ഷപ്പെടാനാകില്ല. അവസരം വരുമ്പോള്‍ പകരം ചോദിക്കാന്‍ ജനങ്ങള്‍ ഒരുങ്ങിനില്‍ക്കുകയാണ്. ജനസമ്പര്‍ക്ക പ്രഹസനത്തിനെതിരെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉപരോധസമരം തുടരുകയാണ്. അതോടൊപ്പം കൂടുതല്‍ ശക്തമായ സമരത്തിനുള്ള രണ്ട് പ്രചാരണജാഥകളുടെ പ്രയാണവും തുടരുന്നു. മുഖ്യമന്ത്രിക്ക് ഒരു വ്യാമോഹവും വേണ്ട.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: