Thursday, November 28, 2013

സ്ത്രീവേട്ടക്കാരെ ചങ്ങലയ്ക്കിടണം

സ്ത്രീത്വം ചവിട്ടിയരയ്ക്കപ്പെടുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു. കൂട്ടബലാത്സംഗങ്ങള്‍, തൊഴിലിടങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഗൃഹങ്ങളിലെയും ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളോടുള്ള മേധാവിത്വമനോഭാവം, ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തല്‍, കപടസദാചാരവാദികളുടെ പീഡനങ്ങളും അപമാനപ്പെടുത്തലും, വസ്ത്രധാരണത്തില്‍പോലും അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍, പെണ്‍ഭ്രൂണഹത്യ- ഇങ്ങനെ നാനാമുഖമായ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യയിലെ സ്ത്രീകള്‍ ഇരയാകുന്നത്. സിപിഐ എം ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഈ പ്രശ്നത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ""ലൈംഗികവസ്തുക്കള്‍ എന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സംസ്കാരങ്ങളെ നവ ഉദാരവല്‍ക്കരണം പെരുപ്പിക്കുകയാണ്. പുതിയ പുതിയ രൂപങ്ങളിലുള്ള ചൂഷണവും സൈബര്‍ കുറ്റങ്ങള്‍പോലെയുള്ള ഭീഷണിപ്പെടുത്തലുകളും വര്‍ധിച്ചുവരുന്നു. ഇവയെ കൈകാര്യംചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാകട്ടെ തികച്ചും അപര്യാപ്തമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദമ്പതികളെ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് എന്നിവയുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടക്കുന്ന, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുമുള്ള നിയമങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒട്ടേറെ ഉറപ്പുകള്‍ പറഞ്ഞിട്ടും, ദുരഭിമാന ഹത്യകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.."" (2.83)

വിശാഖ കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിപ്രസ്താവം വന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമം യാഥാര്‍ഥ്യമായിരിക്കുന്നു. 2013 ഏപ്രിലില്‍ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരമായി. എന്നാല്‍, ചട്ടങ്ങള്‍ക്ക് ഇതുവരെ രൂപമായില്ല. തൊഴിലെടുക്കുന്ന സ്ത്രീകള്‍ അനുദിനം നേരിടുന്ന ഒരു സുപ്രധാന പ്രശ്നത്തോട് സര്‍ക്കാര്‍ കാട്ടുന്ന താല്‍പ്പര്യമില്ലായ്മ ഇതില്‍നിന്ന് വ്യക്തം. ഈയിടെ പുറത്തുവന്ന രണ്ട് സംഭവങ്ങള്‍ വിഷയത്തിന്റെ ഗൗരവാവസ്ഥ വെളിവാക്കുന്നതാണ്. ഒന്ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുമായി ബന്ധപ്പെട്ടതും അടുത്തത് തെഹല്‍ക വാരികയുടെ മുന്‍ ചീഫ്എഡിറ്ററുമായി ബന്ധപ്പെട്ടതുമാണ്. വിവിധ കേന്ദ്രങ്ങളുടെ ഏറ്റവും ഉന്നതങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ ബോധ്യപ്പെടുത്തുന്ന ഈ രണ്ട് സംഭവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇരകളായ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താനാകും വിധം നിയമപരമായി സ്ഥാപിതമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം. സ്ത്രീകള്‍ തുടര്‍ച്ചയായി ലൈംഗിക ചൂഷണം അനുഭവിക്കേണ്ടിവരുന്നതിന്റെ മുഖ്യകാരണം ഇതാണ്. മാത്രമല്ല പരാതി ഉയര്‍ത്തിയാല്‍ കടുത്ത പകപോക്കലിന് ഇരയാകപ്പെടും എന്നതിനു പുറമെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.

കരട് നിയമത്തിന് ഒട്ടനവധി ഭേദഗതികള്‍ വിവിധ വനിതാ സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ പലതും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും പൈശാചികമായ ഒരു വകുപ്പ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. വ്യാജപരാതിയാണെങ്കില്‍ പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കുമെതിരെ അധികൃതര്‍ക്ക് നടപടികളുമായി മുന്നോട്ടുപോകാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഈ വകുപ്പ്. വിശാഖ ഉത്തരവിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഈ വ്യവസ്ഥ. കള്ള സാക്ഷിമൊഴികളോ വ്യാജപരാതികളോ നേരിടുന്നതിനുള്ള വ്യവസ്ഥകള്‍ മറ്റ് നിയമങ്ങളിലൊന്നുമില്ല. ഈയൊരു നിയമത്തില്‍മാത്രം ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുന്നത് നിശ്ചയമായും ഇരകളെ ഭയപ്പെടുത്തുകയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയുംചെയ്യും. മാത്രമല്ല, പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട അന്വേഷണനടപടികള്‍ എങ്ങനെ വേണമെന്ന് പ്രധാന നിയമത്തില്‍ വ്യവസ്ഥചെയ്യുന്നില്ല. അതെല്ലാം ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനായി വിട്ടിരിക്കയാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെ വേണം അന്വേഷണ നടപടികള്‍ പുരോഗമിക്കേണ്ടത്. അല്ലാതെ വകുപ്പുതല അന്വേഷണങ്ങളുടെ നടപടികളെ യാന്ത്രികമായി പിന്തുടരുകയല്ല. കൃഷിയിടം, അസംഘടിത മേഖലയിലെ മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലിയെടുക്കുന്ന വിവിധ മേഖലകള്‍ തൊഴലിടങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന വിവേചനവുമുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഈ പോരായ്മകള്‍ പരിഹരിക്കപ്പെടണം.

എത്രയും വേഗം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹാര സമിതികള്‍ക്ക് രൂപം നല്‍കുന്ന നടപടി വേഗത്തിലാക്കുകയും വേണം. നിയമത്തിന് പരമാവധി പ്രചാരം നല്‍കുകയും പരാതികളോട് പ്രതികരിക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകള്‍ക്ക് നിര്‍ഭയം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തത് മാനവികമൂല്യങ്ങളുടെ നിരാസംതന്നെയാണ്. സമൂഹത്തിലെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ശക്തിയുക്തം പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീത്വം എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നു എന്നതിനുദാഹരണമാണ് തെഹല്‍ക സംഭവം. ആതുര ശുശ്രൂഷയടക്കമുള്ള മറ്റു പല മേഖലകളിലുമെന്നപോലെ അനേകം സ്ത്രീകള്‍ ജോലിചെയ്യുന്നതാണ് മാധ്യമരംഗം. മുംബൈയില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായത് ഈയിടെയാണ്. തെഹല്‍കയില്‍ ഉയര്‍ന്ന പരാതി ആ സ്ഥാപനത്തിന്റെ അധിപന്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി എന്നാണ്. രാവും പകലും ഭേദമില്ലാതെ വാര്‍ത്താശേഖരണത്തിന് എവിടെയും കയറിച്ചെല്ലാന്‍ നിര്‍ബന്ധിതരാകുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പോരാട്ടം നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പത്രാധിപന്മാര്‍തന്നെ സഹപ്രവര്‍ത്തകരായ വനിതകളെ വേട്ടയാടിപ്പിടിക്കുന്ന അനുഭവം അമ്പരപ്പിക്കുന്നതാണ്. തീര്‍ച്ചയായും, സ്ത്രീകളുടെ മാത്രം പ്രശ്നമല്ലിത്. മാധ്യമ രംഗത്ത് ഒതുക്കിക്കാണേണ്ട പ്രശ്നവുമല്ല. സമൂഹമാകെ ഉത്തരവാദിത്തബോധത്തോടെ ഏറ്റെടുക്കേണ്ട വിഷയമാണ്. വനിതാ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമസ്ഥാപനങ്ങളുമടക്കം യോജിച്ച് പ്രതികരിക്കേണ്ട വിഷയവുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: