Sunday, November 17, 2013

കണ്ണൂരിലെ സുരക്ഷാവീഴ്ച തട്ടിപ്പില്‍ നിന്ന് തലയൂരാനുള്ള കുതന്ത്രമോ?

പൊലീസ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന്റേയും ഇന്റലിജന്‍സിന്റേയും ഭാഗത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് ഡിജിപി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ 1036 പൊലീസുകാരെ നിയോഗിച്ചു. എന്നിട്ടും കാറിന്റെ ചില്ലു തകര്‍ന്നു. മുഖ്യമന്ത്രിയുടെ നെറ്റിയില്‍ പോറലേറ്റു, ചോര പൊടിഞ്ഞു. ഇതു ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത ഒരു തിരക്കഥയുടെ ഷൂട്ടിംഗ് ആയിരുന്നു. പഴയ കെ.എസ്.യു സ്കൂളിന്റെ ഉല്‍പന്നമായ ഉമ്മന്‍ചാണ്ടിയും അനുചരന്മാരും ഇങ്ങനെയെത്രയെത്ര നാടകങ്ങള്‍ കളിച്ചാണ് രാഷ്ട്രീയ അധികാരത്തിന്റെ ഉന്നത പടവുകള്‍ ചവിട്ടി കയറിയത്! സുരക്ഷാവീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി, പ്രതിഷേധിക്കാനെത്തിയ വന്‍ജനക്കൂട്ടത്തിനിടയിലൂടെ മതിയായ സുരക്ഷ ഉറപ്പുവരുത്താതെ പരിപാടിക്കെത്തിയത് അനിഷ്ടസംഭവങ്ങളുണ്ടായാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ഗൂഢോദ്ദേശത്തോടെയായിരുന്നു. പ്രതിഷേധിക്കുന്നതിന് തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ മുഖ്യമന്ത്രിയെ പരിപാടിക്കെത്തിക്കാന്‍ ആഭ്യന്തരവകുപ്പ് ദുര്‍വാശി കാട്ടിയതെന്തിനായിരുന്നു?

ആഭ്യന്തരമന്ത്രി പ്രചരിപ്പിച്ചതു പോലെ പ്രതിഷേധിക്കുന്നതിനെത്തിയവര്‍ ഇരുമ്പ് വടിയും കല്ലുമായി അക്രമാസക്തരായാണ് സമരത്തിനെത്തിയതെങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ച് പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ അദ്ദേഹത്തെ ഉപദേശിക്കാമായിരുന്നില്ലേ? മുഖ്യമന്ത്രി കടന്നുപോകേണ്ട പാത സുഗമമാക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ? ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നതു പോലെ ഇരുമ്പുവടികളും കല്ലുമായാണ് വളണ്ടിയര്‍മാര്‍ പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നതെങ്കില്‍ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്ത് നീക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വാഭാവികമായും പൊലീസ് സ്വീകരിക്കുമായിരുന്നു. ഉച്ചമുതല്‍ വിവിധ സമരകേന്ദ്രങ്ങളില്‍ എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികച്ചും സമാധാനപരമായാണ് സമരത്തില്‍ അണിചേര്‍ന്നത്. മുഖ്യമന്ത്രി സമരകേന്ദ്രത്തില്‍ എത്തുന്നതു വരെ യാതൊരു അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിട്ട് പോലും സമാധാനപരമായി സമരരംഗത്ത് നിലയുറപ്പിക്കുകയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കണ്ണൂരെ കോണ്‍ഗ്രസ് മാഫിയാ പ്രവര്‍ത്തനങ്ങളുടെ ചരടുവലി നടത്തുന്ന, സ്ഥലം എം.പി. ആരോപിച്ചതു പോലെ എന്തൊക്കെയോ ചില കള്ളക്കളികള്‍ ഉമ്മന്‍ചാണ്ടിയുടെ അറിവോടെയോ അറിവുകൂടാതെയോ കേരളത്തിലെ ആഭ്യന്തരമന്ത്രി കളിച്ചിട്ടുണ്ട് എന്ന സംശയം ഉയരുന്നു. കണ്ണൂര്‍ എം.പി പറഞ്ഞതു കേട്ടാല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കണ്ണൂരെ സി.പി.എംകാരാണെന്നാണ് തോന്നുക. രാഷ്ട്രീയ എതിരാളികളെ കായികമായി ആക്രമിച്ച് പകരം വീട്ടുന്ന പരിപാടി കമ്യൂണിസ്റ്റുകാര്‍ക്കില്ല. കമ്യൂണിസ്റ്റുകാരുടെ പോരാട്ടം ഏതെങ്കിലും ചില വ്യക്തികള്‍ക്കെതിരായിട്ടല്ല. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കുന്ന സമീപനങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെയാണ്. ഇത് മനസ്സിലാക്കാതെ കാടടച്ച് വെടിവയ്ക്കുന്നവര്‍, തങ്ങളെപ്പോലെ തന്നെയാണ് മറ്റുള്ളവരും എന്ന മിഥ്യാബോധത്തിന് അടിപ്പെട്ടവരാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായ പകവീട്ടലിനുള്ള അവസരമാക്കുന്നത് സംഘടിത ശക്തിയില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയല്ല. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ സാഹസികരും നിരാശ ബാധിച്ച തീവ്രവാദികളും ആണ് എപ്പോഴും ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരുന്നത്. തിരുവിതാംകൂറില്‍ സ്വേച്ഛാധിപത്യത്തിന് തുടക്കം കുറിച്ച കുപ്രസിദ്ധ ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ മൂക്കിന് തന്നെ വെട്ടുകൊണ്ടു. അത് ചെയ്തത് യാതൊരു സംഘടിത പ്രസ്ഥാനങ്ങളുടെയും പിന്തുണയില്ലാത്ത ഒരാളായിരുന്നു. തലശ്ശേരി ടി.ബിയില്‍വെച്ച് അന്ന് മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയസാഹിബിനെ ഒരു വലതുപക്ഷ ഭീകരവാദി ചെരിപ്പ് ഊരി എറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഇതിലൊന്നും ആരും യാതൊരു കമ്മ്യൂണിസ്റ്റ് ബന്ധവും ആരോപിച്ചിട്ടില്ല. കേരളത്തിലെ സി.പി.ഐ.എം ജനങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയ സമരങ്ങള്‍നടത്തുന്നതല്ലാതെ ആരെയെങ്കിലും കായികമായി ആക്രമിച്ച് പകപോക്കുന്ന ശൈലി അവലംബിച്ചിട്ടില്ല. യാഥാര്‍ത്ഥ്യം ഇതൊക്കെ ആയിരിക്കെ, സ്വന്തം പ്രതിച്ഛായ തകര്‍ന്ന് തരിപ്പണമായ ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് അദ്ദേഹത്തിന് അനുകൂലമായ ഒരു സഹതാപ തരംഗം ഉണ്ടാക്കാന്‍ കണ്ണൂരെ വര്‍ഗബോധമുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പരിശ്രമിച്ചു എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. സോളാര്‍ തട്ടിപ്പ് സംഭവം പുറത്ത് വന്നതു മുതല്‍ എല്‍ഡിഎഫിന്റേയും വര്‍ഗബഹുജനസംഘടനകളുടേയും നേതൃത്വത്തില്‍ നൂറുകണക്കിന് പ്രക്ഷോഭസമരങ്ങള്‍ നടത്തുകയുണ്ടായി. മിക്ക സമരങ്ങളിലും അങ്ങേയറ്റം പ്രകോപനപരമായ കടന്നാക്രമണങ്ങള്‍ പൊലീസിന്റേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഭാഗത്തു നിന്നുണ്ടായതിന് കേരളീയ സമൂഹം സാക്ഷ്യം വഹിച്ചതാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പങ്കെടുത്ത പ്രതിഷേധ ധര്‍ണയ്ക്ക് നേരെ ഗ്രനേഡ് വലിച്ചെറിയാന്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് യാതൊരു മടിയുമുണ്ടായില്ല. ഗ്രനേഡ് ആക്രമണത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിപക്ഷ നേതാവിനേയും സിപിഐ നിയമസഭാകക്ഷി നേതാവിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയതിന് ജയപ്രകാശ് എന്ന ചെറുപ്പക്കാരന്റെ ജനനേന്ദ്രിയം ചവുട്ടി തകര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയെ കിരാതത്വം എന്ന് വിശേഷിപ്പിച്ചാല്‍ അത് കിരാതന്‍മാര്‍ക്കു പോലും അപമാനമാകും.

ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആ ചെറുപ്പക്കാരന്റെ പാന്റിന്റെ സിബ്ബഴിച്ച് ലാത്തികയറ്റി ഞെരിക്കുന്ന കാട്ടാളത്തം അടങ്ങാത്ത പ്രതിഷേധത്തോടെയാണ് നാടാകെ നോക്കിക്കണ്ടത്. പ്രതിഷേധമാര്‍ച്ചില്‍ അണിചേര്‍ന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരെ എത്ര നികൃഷ്ടമായാണ് യൂത്ത്കോണ്‍ഗ്രസ് ക്രിമിനലുകള്‍ നേരിട്ടത്! വനിതാ പ്രവര്‍ത്തകയെ വടിയെടുത്ത് മൃഗീയമായി തല്ലിച്ചതച്ചും എഐവൈഎഫ് നേതാവിന്റെ തലയടിച്ച് പൊട്ടിച്ചും എത്രമാത്രം പ്രകോപനമാണ് ഈ നരാധമന്മാര്‍ സൃഷ്ടിച്ചിട്ടുള്ളത്! സമാധാനപരമായ സമരത്തില്‍ അണിചേര്‍ന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സമാനതകളില്ലാത്ത കടന്നാക്രമണമാണ് പൊലീസും ഉമ്മന്‍ചാണ്ടിയുടെ ശിങ്കിടികളായ ഒരു പറ്റം കോണ്‍ഗ്രസ് ക്രിമിനലുകളും നടത്തിയത്. സമരകേന്ദ്രത്തിലെത്തിക്കില്ലെന്നും കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും ഭീഷണി മുഴക്കിക്കൊണ്ട് പ്രകോപനം സൃഷ്ടിക്കാനുള്ള ഇക്കൂട്ടരുടെ കുതന്ത്രത്തിന് നിന്നുകൊടുക്കുകയല്ല എല്‍ഡിഎഫ് ചെയ്തത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്ക് പുറത്ത് വന്നതുമുതല്‍ എല്‍ഡിഎഫും മറ്റും നടത്തിയ സമരങ്ങളെല്ലാം തികച്ചും സമാധാനപരമായിരുന്നു. പ്രകോപനമുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനുള്ള പൊലീസിന്റേയും ഉമ്മന്‍ചാണ്ടിയുടെ കുഴലൂത്തുകാരായ ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും കുതന്ത്രത്തില്‍ എല്‍ഡിഎഫിനെ അകപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ലക്ഷത്തിലേറെ പേര്‍ അണിചേര്‍ന്ന സെക്രട്ടറിയേറ്റ് ഉപരോധസമരം പോലും സമാധാനപരമായി സംഘടിപ്പിക്കാനായത് എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശംസക്കിടയാക്കി. രാപ്പകല്‍ സമരവും പ്രതിഷേധ മാര്‍ച്ചുകളും കരിങ്കൊടി പ്രകടനങ്ങളുമെല്ലാം സമാധാനപരമായി സംഘടിപ്പിച്ചതിലൂടെ സംഘര്‍ഷമുണ്ടാക്കുക എന്നത് എല്‍ഡിഎഫ് സമരത്തിന്റെ ലക്ഷ്യമല്ലെന്ന് സ്ഥാപിക്കപ്പെട്ടു. തികച്ചും സമാധാനപരമായി സംഘടിപ്പിക്കുന്ന ഒരു സമരത്തോടനുബന്ധിച്ച് കണ്ണൂരില്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകരാനിടയായതും അദ്ദേഹത്തിന് പോറലേറ്റതും ഇക്കാരണത്താല്‍ തന്നെ ദുരൂഹമാണ്. കണ്ണൂരിലെ സംഭവങ്ങള്‍ വസ്തുതാപരമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഇക്കാര്യം വ്യക്തമാകും.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ സിപിഐ (എം) പ്രവര്‍ത്തകരാണെന്നും സംഭവദിവസം 7.30 ഓടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച ആഭ്യന്തരമന്ത്രി, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. പേരറിയില്ലെങ്കിലും സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ സിപിഐ(എം) പ്രവര്‍ത്തകരായിരുന്നു എന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രിക്ക് സംശയമേ ഉണ്ടായിരുന്നില്ല. ഇക്കാര്യം ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസാക്കി ആഘോഷിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസത്തെ പത്രങ്ങളെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. സിപിഐ(എം) പ്രവര്‍ത്തകരാണെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച, സംഭവസ്ഥലത്ത് വെച്ച് പിടികൂടപ്പെട്ട, ആ രണ്ട് പേരെ നാളിതുവരെയായും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ആ രണ്ട് പേര്‍ എവിടെ മറഞ്ഞുപോയെന്ന് ആഭ്യന്തരമന്ത്രിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ച ക്വട്ടേഷന്‍ സംഘങ്ങളുടെ സാന്നിധ്യം സംബന്ധിച്ച സംശയം സ്വാഭാവികമായും ഇവിടെയാണുയരുന്നത്. ഡിസിസി ഓഫീസിലും മറ്റും ഈ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എത്തിയതിന് കോണ്‍ഗ്രസ്സുകാരായ സാക്ഷികള്‍ തന്നെയുണ്ട്. സിപിഐ(എം)നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിക്കുന്ന കെ സുധാകരന്റെ സ്ഥിരം പരിപാടി സംബന്ധിച്ച് വല്ല സംശയവും ഉണ്ടെങ്കില്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനോട് തന്നെ ചോദിച്ചാല്‍ മതി. സംഭവസ്ഥലത്തുവെച്ച് കയ്യോടെ പിടികൂടപ്പെട്ട രണ്ട് പേര്‍ അപ്രത്യക്ഷരായത് അവര്‍ക്ക് സിപിഐ(എം)വുമായി യാതൊരു ബന്ധവുമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണോ? ക്വട്ടേഷന്‍ സംഘാംഗങ്ങളാരെങ്കിലുമായിരുന്നോ ഈ വിധം അപ്രത്യക്ഷരായത്? ഇക്കാര്യം വ്യക്തമാക്കാനുള്ള ബാധ്യത സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുണ്ട്.

കള്ളക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കപ്പെട്ടവരെല്ലാം അടുത്ത ദിവസം മുതല്‍ വീടുകളില്‍ നിന്നും മറ്റും കസ്റ്റഡയില്‍ എടുക്കപ്പെട്ടവരാണ്. പൊലീസ് തന്നെ സ്ഥിരീകരിച്ച ഇക്കാര്യം റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രതികരണം ഏത് അരസികനെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. സാമാന്യം വലിയ ഒരു കല്ലാണ് തന്റെ നെഞ്ചില്‍ പതിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി ആ കല്ലിന്റെ യാത്രയുമായി ബന്ധപ്പെട്ട് പുതിയൊരു ബലതന്ത്ര തത്വവും അവതരിപ്പിച്ചു. ""ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ അകത്തുപതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ചശേഷം വലതുചില്ല് തകര്‍ത്ത് പുറത്തുപോയെന്ന്"" ആണയിട്ട മുഖ്യമന്ത്രിക്ക് അത്ലറ്റിക് മീറ്റിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനും കോണ്‍ഗ്രസ് പൊതുയോഗത്തില്‍ അരമണിക്കൂറിലേറെ പ്രസംഗിക്കുന്നതിനും ജനസമ്പര്‍ക്ക പരിപാടിക്ക് താന്‍ വീണ്ടും വരുമെന്ന് വെല്ലുവിളിക്കുന്നതിനും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. നെഞ്ചില്‍ നേരിയ വേദന ഉണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആശുപത്രിയില്‍ പോയതെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയതോടെ തീരെ അവശനായി പോയത്രെ. അല്ലെങ്കിലും ഉമ്മന്‍ചാണ്ടി എക്കാലത്തും അങ്ങിനെയൊക്കെയായിരുന്നു. നാടകങ്ങളിലാണ് അദ്ദേഹത്തിന് കമ്പം. ഓഫീസില്‍ വെബ് ക്യാമറ സ്ഥാപിച്ച് സുതാര്യതനാട്യം നടത്താനും ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ചെപ്പടി വിദ്യ കാട്ടി കൈയ്യടി നേടാനും ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? പഴയ കെ.എസ്.യു. നേതാവിന്റെ ശീലത്തില്‍ നിന്ന് ഒരല്പംപോലും അദ്ദേഹം വളര്‍ന്നിട്ടില്ലെന്ന് സ്ഥാപിക്കുന്നതായിരുന്നു അദ്ദേഹം നടത്തിയ അഭിനയം. കഞ്ഞിക്കുഴി സതീശന്‍ എന്ന സിനിമാകഥാപാത്രത്തെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയതിന് അദ്ദേഹത്തിന് ഐക്യരാഷ്ട്രസഭ മറ്റൊരു അവാര്‍ഡ് കൂടി നല്‍കേണ്ടതാണ്. ശശി തരൂരിന്റെ ശ്രദ്ധ ഈ കാര്യത്തില്‍ അടിയന്തിരമായി പതിയും എന്ന് പ്രതീക്ഷിക്കാം.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കല്ലേറിന്റെയും മറ്റും ദൃശ്യങ്ങള്‍ എന്ന നിലയില്‍ ഏതാനും മാധ്യമങ്ങള്‍ ചില ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ കണ്ടുപിടുത്തമെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ അത്യാവേശത്തോടെ പ്രചരിപ്പിച്ച ദൃശ്യങ്ങളെല്ലാം പൊലീസ് നല്‍കിയതാണെന്ന് വ്യക്തമാണ്. സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസമോ ഈ മാധ്യമങ്ങളിലൊന്നും തന്നെ കല്ലേറിന്റെ ദൃശ്യമുണ്ടായിരുന്നില്ല. എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിന് കേന്ദ്രീകരിച്ചിരുന്ന നാല് കേന്ദ്രങ്ങളിലും യാതൊരനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. ഇവിടത്തെ മാധ്യമ ക്യാമറകളിലൊന്നിലും പൊലീസ് പുറത്തുവിട്ടതുപോലുള്ള ദൃശ്യങ്ങള്‍ പതിയാതിരുന്നത് ഇക്കാരണത്താലാണ്. കല്ലേറിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളിലൂടെ പൊലീസ് പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ കൃത്രിമമായി തയ്യാറാക്കിയതാണെന്ന് വ്യക്തം. മനോരമ, ഏഷ്യാനെറ്റ് ചാനലുകളാണ് മുഖ്യമന്ത്രിയെ കല്ലെറിയുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ക്രിമിനലായ കുഞ്ഞിമുഹമ്മദിന്റെ ദൃശ്യം പുറത്ത് വിട്ടത്. ഇയാള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണെന്നതില്‍ ഈ ചാനലുകള്‍ക്കൊന്നും സംശയമുണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങള്‍ വിശ്വാസ്യയോഗ്യമാണോ എന്ന് മനോരമ ചാനല്‍ അവതാരകനോട് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും ദൃശ്യങ്ങളുടെ ആധികാരികത അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. ഈ ചാനലുകള്‍ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐക്കാരന്‍ കോണ്‍ഗ്രസ് ക്രിമിനലാണെന്ന് തെളിഞ്ഞതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പുതിയ കഥകളുമായി രംഗത്ത് വരികയാണുണ്ടായത്. താന്‍ കല്ലെറിഞ്ഞത് ഡി.വൈ.എഫ്.ഐ. കാര്‍ക്ക് നേരെയായിരുന്നു എന്ന് കുഞ്ഞിമുഹമ്മദിനെക്കൊണ്ട് ഡി.സി.സി. ഓഫീസില്‍ പത്ര സമ്മേളനം നടത്തി മാധ്യമ പ്രവര്‍ത്തകരോട് പറയിച്ച കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് എന്ത് പറയാന്‍! എല്‍.ഡി.എഫ്. നടത്തുന്ന സമര കേന്ദ്രത്തിലേക്ക് എന്തിനാണീ കോണ്‍ഗ്രസ്സ് ക്രിമിനല്‍ പോയത്? ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും എറിഞ്ഞ കല്ല് സമരക്കാരുടെ നേരെ തന്നെ പോകണമെന്ന് ഉറപ്പുണ്ടോ? മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് തകര്‍ന്നത് ആ കല്ല് പതിച്ചതുകൊണ്ടായിക്കൂടെ? ഡി.സി.സി. നേതൃത്വം അവകാശപ്പെടുന്നത് മുന്‍സിപ്പല്‍ ഹൈസ്കൂളിന് സമീപത്ത് നിന്ന് കല്ലെറിയുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളതെന്നാണ്. മുഖ്യമന്ത്രിക്ക് കടന്ന് പോകാന്‍ വഴിയൊരുക്കിയ പ്രധാന ഗേറ്റിന് സമീപമാണ് മുനിസിപ്പല്‍ ഹൈസ്ക്കൂള്‍. ഈ കേന്ദ്രത്തില്‍ സമരം ശക്തമായപ്പോള്‍ മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെ കടത്തിവിടുകയാണ് പിന്നീട് പൊലീസ് ചെയ്തത്. വാദത്തിന് വേണ്ടി ഇത് സമ്മതിച്ചാല്‍ പോലും എല്‍.ഡി.എഫ്. സമര കേന്ദ്രത്തില്‍ പോയി കല്ലെറിയാന്‍ ഇയാളെ ആരാണ് ഏല്പിച്ചത്? മുഖ്യമന്ത്രിക്ക് അനുകൂലമായ സഹതാപം സൃഷ്ടിക്കാനായി എല്‍.ഡി.എഫ്. നടത്തുന്ന സമരത്തില്‍ എതിരാളികള്‍ ബോധപൂര്‍വ്വം നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാന്‍ ഇടയുണ്ട് എന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പ്രസക്തമാകുന്നത് ഇവിടെയാണ്. തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശ പ്രകാരം കൃത്രിമമായി ഉണ്ടാക്കുന്ന ചിത്രങ്ങള്‍ പൊലീസ് തന്നെ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഫലമല്ലേ? സമര കേന്ദ്രത്തിലൊന്നും ഇല്ലാതിരുന്ന കല്ലേറിന്റെ ദൃശ്യങ്ങള്‍ പോലീസിന് എവിടെനിന്ന് ലഭിച്ചു? സോളാര്‍ തട്ടിപ്പ് കേസിലും മറ്റും മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സഹതാപതരംഗമുണ്ടാക്കി തടിതപ്പാനുള്ള ഗൂഢശ്രമമായിരുന്നു കണ്ണൂരില്‍ നടന്നതെന്ന് വ്യക്തം. പുറത്ത് വന്നുകൊണ്ടിരിക്കുന്ന അര ഡസനോളം തട്ടിപ്പ് കേസുകളിലും മറ്റും മുഖ്യമന്ത്രിയുടെ പങ്ക് നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോടതിയുടെ അതി നിശിതമായ ശകാരം ഇത്രയേറെ ഏറ്റുവാങ്ങിയ മറ്റൊരു മുഖ്യമന്ത്രി ഇന്ത്യാ രാജ്യത്തെവിടെയെങ്കിലും നാളിതുവരെ ഉണ്ടായതായി അറിവില്ല. മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായി എന്ന റിപ്പോര്‍ട്ട് ഡി.ജി.പി. ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടും, ഉത്തരവാദികള്‍ക്കെതിരെ എന്തേ നടപടി എടുക്കുന്നില്ല?

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വന്നെന്ന് കണ്ടെത്തിയാല്‍ തല്‍ക്ഷണം നടപടി എടുക്കേണ്ടതല്ലേ? ബോധപൂര്‍വം സുരക്ഷാ വീഴ്ച വരുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് തകരാന്‍ ഉന്നതങ്ങളില്‍ ഉള്ളവര്‍ ആഗ്രഹിച്ചിരുന്നോ? ദൃശ്യം നോക്കിയും മറ്റും തെളിവുണ്ടെന്ന് ഉറപ്പ് വരുത്തിയാണത്രെ പൊലീസ് എല്‍.ഡി.എഫ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. ജയിലിലടയ്ക്കപ്പെട്ട ആരെങ്കിലും മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞു എന്നതിന് ആഭ്യന്തര മന്ത്രിയുടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത്? ജയിലില്‍ കഴിയുന്ന ഇരുപതോളം പേര്‍ സമരത്തില്‍ പങ്കെടുത്തവര്‍ പോലും അല്ല. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു എന്ന കുറ്റത്തിനാണ് രണ്ട് എം.എല്‍.എ. മാര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ക്ക് എതിരെ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി കള്ളക്കേസ് എടുത്തിട്ടുള്ളത്. കള്ളക്കേസ് ചുമത്തി നിരപരാധികളെ ജയിലിലടച്ചും പൊലീസ് ഭീകരത സൃഷ്ടിച്ചും പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ആവില്ലെന്നത് നിസ്തര്‍ക്കമാണ്.

നാടകം കളിച്ചും ദുഷ്പ്രചരണം നടത്തിയും അഴിമതിയുടെ കറ കഴുകിക്കളയാമെന്ന് മുഖ്യമന്ത്രി കരുതിയെങ്കില്‍ അദ്ദേഹത്തിന് തെറ്റി എന്ന് കാലം തെളിയിക്കും. വിനാശകാലേ വിപരീത ബുദ്ധി. അടവുകള്‍ ഒന്നൊന്നായി പിഴയ്ക്കുകയാണ്. പതിനെട്ടടവും പഠിച്ച പീതാംബരക്കുറിപ്പ് ഒരു ശ്വേതാമേനോന്റെ സാമീപ്യത്തില്‍ അടിതെറ്റി വീണു. സോളാര്‍ തട്ടിപ്പ്, സ്വര്‍ണക്കടത്ത്, സ്വാശ്രയമെഡിക്കല്‍ കോളേജ് പ്രവേശനത്തിലെ കോഴ വിവാദം എന്നിങ്ങനെ ഉമ്മന്‍ചാണ്ടിക്ക് ചുറ്റും ഒന്നൊന്നായി കുരുക്കുകള്‍ മുറുകുകയാണ്. ഇപ്പോഴിതാ കൂനിന്മേല്‍ക്കുരു എന്ന മട്ടില്‍ ഇതുവരെ പാടിനടന്ന ലാവ്ലിന്‍ ഗാനമേളക്ക് ജയഹിന്ദ് പറയാന്‍ തത്പരകക്ഷികള്‍ നിര്‍ബന്ധിതരായിരിക്കുന്നു. കുറേപേരെ എല്ലാക്കാലത്തേക്കും എല്ലാവരെയും കുറേകാലത്തേക്കും വിഡ്ഢികളാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എല്ലാവരെയും എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാന്‍ കഴിയില്ല എന്ന തത്വം ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന് ചുറ്റും നിന്ന് സ്തുതിഗീതം പാടുന്നവരും മനസ്സിലാക്കുന്നത് നല്ലതാണ്.

*
കെ കെ രാഗേഷ് ചിന്ത വാരിക

No comments: