Thursday, November 7, 2013

പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലം

ദേശീയസ്വാതന്ത്ര്യ സമരചരിത്രത്തിന്റെ അവിസ്മരണീയവും തനിമയാര്‍ന്നതുമായ ജനകീയമുന്നേറ്റമായിരുന്നു പുന്നപ്ര - വയലാര്‍ സമരം. രണ്ടാംലോകയുദ്ധത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെട്ടതോടെ ലോകമെമ്പാടും നടന്ന വിപ്ലവമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ഈ സമരവും. ഇന്ത്യയില്‍ത്തന്നെ തെലങ്കാന, തേഭാഗ, വര്‍ളി, ബോംബെ നാവിക കലാപം, വടക്കേ മലബാറിലെ കര്‍ഷകപ്പോരാട്ടങ്ങള്‍ തുടങ്ങി എത്രയോ കര്‍ഷകപ്പോരാട്ടങ്ങള്‍. ഇവയുടെയെല്ലാം സംഘാടകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയതിനാല്‍ ഇവയെല്ലാം തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന ദേശീയസമരങ്ങളായി കണക്കാക്കുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വം മാത്രമല്ല, തൊഴിലാളിവര്‍ഗം ഒരു വര്‍ഗമെന്ന നിലയില്‍ത്തന്നെ നാട്ടിന്‍പുറത്തെ പാവങ്ങളുടെയാകെ നേതാവായി ഉയരുകയും ആയുധമെടുത്ത് പോരാടുകയും ചെയ്തത് പുന്നപ്ര - വയലാറിലാണ്. ഇതാണ് പുന്നപ്ര - വയലാര്‍ സമരത്തിന്റെ തനിമ. അതുകൊണ്ട് തൊഴിലാളിവര്‍ഗ വിപ്ലവത്തിനായി പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആലപ്പുഴ തൊഴിലാളിവര്‍ഗത്തിന്റെയും പുന്നപ്ര - വയലാര്‍ സമരത്തിന്റെയും അനുഭവ പാഠങ്ങള്‍ ഇന്നും വളരെയേറെ പ്രസക്തമാണ്.

എങ്ങനെയാണ് ആലപ്പുഴയിലെ തൊഴിലാളിവര്‍ഗം നാട്ടിന്‍പുറത്തെ പാവങ്ങളുടെ നേതാവായി ഉയര്‍ന്നത്?

തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായിരുന്നു ആലപ്പുഴ പട്ടണം. കയര്‍ ഫാക്ടറി തൊഴിലാളികള്‍ തന്നെ അമ്പതിനായിരത്തിലേറെ വരുമായിരുന്നു. ഇവിടെയാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ 1922ല്‍ രൂപീകൃതമായത്. ആദ്യഘട്ടങ്ങളില്‍ ഈ സംഘടന കേവലം പരോപകാര പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിരുന്നത്. എന്നാല്‍ മുപ്പതുകളില്‍ ഈ സ്ഥിതി അതിവേഗത്തില്‍ മാറി. കയര്‍ വ്യവസായം അതിവേഗം വളര്‍ന്നു. പക്ഷേ, ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വില വെട്ടിക്കുറയ്ക്കുന്നതിനു വേണ്ടി മുതലാളിമാര്‍ തമ്മില്‍ കഴുത്തറുപ്പന്‍ മത്സരമായിരുന്നു. ഇതിനെതിരെയുളള നിരന്തരമായ പ്രതികരണത്തിലൂടെ കേവലം ജീവകാരുണ്യസംഘടനയായി രൂപമെടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ അണികളുടെ നിരന്തരമായ സമ്മര്‍ദങ്ങളുടെ ഫലമായി, കേരളത്തിലെ ഏറ്റവും ഉശിരന്‍ ട്രേഡ് യൂണിയനായി രൂപാന്തരപ്പെട്ടു. ഇപ്രകാരം ഫാക്ടറിക്കുളളില്‍ ഒരു വര്‍ഗമെന്ന നിലയില്‍ തങ്ങളുടെ സാമ്പത്തികതാല്‍പര്യ സംരക്ഷണാര്‍ത്ഥം തൊഴിലാളികള്‍ ട്രേഡ് യൂണിയനില്‍ സംഘടിതരായിരുന്നുവെങ്കിലും ഫാക്ടറിയ്ക്കു പുറത്ത് അവര്‍ ജാതിസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സജീവപ്രവര്‍ത്തകരായിരുന്നു.

തിരുവിതാംകൂറിലെ സാമൂഹ്യനവോത്ഥാനം എല്ലാ സമുദായങ്ങളിലും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. ഈ സാമൂഹ്യ ഉണര്‍വിന്റെ ഏറ്റവും വിപ്ലവകരമായ വശങ്ങള്‍ ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലായിരുന്നു. വളരുന്ന ഈഴവ ബൂര്‍ഷ്വാസി തങ്ങളുടെ പുതിയ സാമ്പത്തികനിലയ്ക്ക് അനുസൃതമായ സാമൂഹ്യപദവിയ്ക്കു വേണ്ടിയുളള പോരാട്ടത്തില്‍ ജനങ്ങളെ വിജയകരമായി അണിനിരത്തി. ഈ പ്രസ്ഥാനങ്ങളിലൂടെയാണ് കയര്‍ തൊഴിലാളികള്‍ തിരുവിതാംകൂറിലെ സാമൂഹ്യരാഷ്ട്രീയ രംഗവേദിയില്‍ പ്രവേശിക്കുന്നത്. അങ്ങനെ മൊത്തത്തില്‍ പരിശോധിച്ചാല്‍ കയര്‍ തൊഴിലാളികള്‍ ഇരട്ടജീവിതമായിരുന്നു നയിച്ചത് എന്നു കാണാന്‍ കഴിയും. ഫാക്ടറിയ്ക്കുളളില്‍ തൊഴിലാളി, ഫാക്ടറിയ്ക്കു പുറത്ത് സമുദായാംഗം. സവര്‍ണ മേധാവിത്വത്തിനെതിരെ സമരം ചെയ്യാന്‍ എസ്എന്‍ഡിപി യൂണിയന്‍. മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യാന്‍ ട്രേഡ് യൂണിയന്‍. ഇതായിരുന്നു സ്ഥിതിവിശേഷം. ഈ സ്ഥിതിവിശേഷം മാറി, ഫാക്ടറിയ്ക്കു പുറത്തും താന്‍ തൊഴിലാളിവര്‍ഗത്തിലെ അംഗമാണെന്ന ബോധം രൂപം കൊണ്ടത് സമരാനുഭവങ്ങളിലൂടെയാണ്.

പണിമുടക്കു സമരങ്ങള്‍, വ്യവസായ വ്യാപകമായതോടു കൂടി ഈഴവമുതലാളിമാരടക്കമുളള മുതലാളിവര്‍ഗവും എല്ലാ ജാതിയിലും പെട്ടവരുള്‍ക്കൊളളുന്ന തൊഴിലാളിവര്‍ഗവും തമ്മിലുളള വൈരുദ്ധ്യം തൊഴിലാളി ജീവിതത്തിലെ കേന്ദ്ര പ്രശ്നമായി ഉയര്‍ന്നുവന്നു. ഈ വൈരുദ്ധ്യത്തെ ആസ്പദമാക്കി സമൂഹത്തിലെ മറ്റെല്ലാ പ്രശ്നങ്ങളോടുമുളള തങ്ങളുടെ നിലപാട് നിര്‍വചിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. തൊഴിലാളികളെ എതിര്‍ക്കുന്നതില്‍ ഈഴവ മുതലാളി മറ്റേതു മുതലാളിയെക്കാളും പിന്നിലല്ലെന്നും ഇത്തരമൊരു തര്‍ക്കത്തില്‍ മധ്യസ്ഥം പിടിക്കാന്‍ ജാതിസംഘടനകള്‍ക്കു കഴിയില്ലെന്നും സാധാരണ തൊഴിലാളിയ്ക്കു വരെ അനുഭവത്തില്‍നിന്നു ബോധ്യപ്പെട്ടു. മാത്രമല്ല, മുപ്പതുകളുടെ അവസാനമായപ്പോഴേയ്ക്കും തങ്ങളുടെ അടിയന്തര ജാതി ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതോടു കൂടി ഇനി സമുദായതാല്‍പര്യം സംരക്ഷിക്കുന്നതിന് ഉത്തമം ദിവാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതാണ് നല്ലത് എന്ന നിഗമനത്തില്‍ ഈഴവ പ്രമാണിമാര്‍ എത്തിച്ചേര്‍ന്നു. സ്റ്റേറ്റു കോണ്‍ഗ്രസുമായുളള രാഷ്ട്രീയബന്ധം അവര്‍ വിച്ഛേദിച്ചു. ഈ തിരിച്ചറിവുകളുടെ പാഠശാലയായിരുന്നു 1938ലെ ഒരുമാസം നീണ്ടുനിന്ന പൊതുപണിമുടക്ക്. ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയുളള സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടു കൂടിയായിരുന്നു കയര്‍ത്തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇതോടൊപ്പംതന്നെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനുളള സാമ്പത്തിക മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്, ദിവാന്‍ നല്‍കിയ ചില സൗജന്യങ്ങളില്‍ തൃപ്തിയടഞ്ഞ് സമരത്തില്‍ നിന്നു പിന്‍വലിഞ്ഞു. എന്നാല്‍ തൊഴിലാളികള്‍ പണിമുടക്കില്‍ തുടര്‍ന്നു. അങ്ങനെ ബൂര്‍ഷ്വാ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ആ പണിമുടക്ക് അവസാനിച്ചത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒറ്റയ്ക്ക് നേരിട്ട് സമരത്തിന്റെ പ്രതാപം ഉയര്‍ത്തിപ്പിടിച്ച ആലപ്പുഴയിലെ തൊഴിലാളികള്‍ സ്റ്റേറ്റുകോണ്‍ഗ്രസിലെ ഉല്‍പതിഷ്ണുക്കളായ യുവാക്കളെ ആവേശഭരിതരാക്കി. ഇത് റാഡിക്കല്‍ ഗ്രൂപ്പിന്റെ രൂപീകരണത്തിലേയ്ക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേയ്ക്കുളള അവരുടെ പരിവര്‍ത്തനത്തിലേയ്ക്കും വഴിയൊരുക്കി. പി കൃഷ്ണപിളളയുടെ നേതൃത്വത്തില്‍ മലബാറില്‍ നിന്നുളള ഒരുസംഘം കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘടിതമായ ഇടപെടല്‍ സമരത്തിന്റെ പുരോഗതിയ്ക്കും വിജയത്തിനും നിര്‍ണായകമായി. സ്റ്റേറ്റു കോണ്‍ഗ്രസുമായി സഹകരിക്കവെ തന്നെ അതില്‍നിന്ന് വ്യത്യസ്തമായ വര്‍ഗതാല്‍പര്യങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും മാത്രമല്ല, ദേശീയ സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ചയില്ലാതെ അടിയുറച്ചു നിന്നു പോരാടുന്നതിന് ബൂര്‍ഷ്വാ വര്‍ഗം തയ്യാറാവില്ലെന്നും പണിമുടക്കുകാലത്തെ അനുഭവം തൊഴിലാളികളെ ബോധ്യപ്പെടുത്തി. ഉത്തരവാദിത്വ ഭരണമെന്നാല്‍ ദിവാനെതിരായ സമരം മാത്രമല്ലെന്നും സാമ്രാജ്യത്വ പിന്‍ബലത്തോടെ നാടുഭരിക്കുന്ന രാജാവു കൂടി അടങ്ങുന്ന മുഴുവന്‍ നാടുവാഴിത്ത വ്യവസ്ഥയോടുമുളള സമരമാണെന്നും അവര്‍ക്കു ബോധ്യപ്പെട്ടു. തൊഴിലാളിയോഗങ്ങളില്‍ നിന്ന് വഞ്ചീശമംഗള ഗാനത്തെയും രാജസ്തുതി ബാനറുകളെയും എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്തത് പണിമുടക്കിന്റെ അനുഭവങ്ങളായി. പി. കൃഷ്ണപിളള അഭിപ്രായപ്പെട്ടതുപോലെ ""ഗവണ്മെന്റ് വെറുമൊരു മുതലാളിപക്ഷം പിടിക്കുന്ന സ്ഥാപനമാണെന്ന യാഥാര്‍ത്ഥ്യത്തെ തൊഴിലാളികളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രീയ ബോധമില്ലാത്തവര്‍ക്കുകൂടി കൊടുക്കുകയാണ് പണിമുടക്കുകാലത്തെ മര്‍ദനങ്ങള്‍ ചെയ്തത്"". ഈ പുതിയ രാഷ്ട്രീയബോധം കൂടുതല്‍ ദൃഢവും വ്യാപകവുമായിത്തീര്‍ന്ന കാലമായിരുന്നു രണ്ടാംലോകയുദ്ധകാലം. അക്കാലത്തെ ജനകീയയുദ്ധ മുദ്രാവാക്യം പലപ്രദേശത്തും കമ്മ്യൂണിസ്റ്റ് തിരിച്ചടിയുണ്ടാക്കി. എന്നാല്‍ ആലപ്പുഴയുടെ അനുഭവം വ്യത്യസ്തമായിരുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഘടകങ്ങള്‍ ആലപ്പുഴയില്‍ രൂപം കൊണ്ടു. യൂണിയന്‍ നേതൃത്വം പൂര്‍ണമായി കമ്മ്യൂണിസ്റ്റുകാരോ അനുഭാവികളോ ആയിത്തീര്‍ന്നു. യൂണിയന്‍ അംഗത്വം 1939-40ല്‍ 8309 ആയിരുന്നത് 1945-46 ആയപ്പോഴേയ്ക്കും 18849 ആയി വര്‍ദ്ധിച്ചു.

ജനകീയ യുദ്ധകാലത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുളള അടവ് യാന്ത്രികമായി നടപ്പാക്കുകയല്ല ആലപ്പുഴയില്‍ ചെയ്തത്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം കടുത്ത സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ ട്രേഡ് യൂണിയന്‍ വിജയിച്ചു. യുദ്ധമാരംഭിച്ചപ്പോള്‍ കയറ്റുമതി സ്തംഭിച്ചു. രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം തൊഴിലാളികള്‍ പൊറുതിമുട്ടി. ഈ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയന്‍ സമ്മര്‍ദത്തിലൂടെ ആലപ്പുഴയില്‍ റേഷനിംഗ് ആരംഭിക്കാന്‍ കഴിഞ്ഞത്. ആലപ്പുഴയിലെയും ചേര്‍ത്തലയിലെയും ചില ഹോട്ടലുകളില്‍ നിയന്ത്രിത വിലയ്ക്ക് ഊണു നല്‍കുന്നതിനുളള കൂപ്പണുകള്‍ യൂണിയന്‍ വഴിയാണ് വിതരണം ചെയ്തത്. അതുപോലെ തന്നെ പരിഗണിക്കപ്പെടേണ്ട ഒരു കാര്യം 1938ലെ സമരത്തിനുശേഷം സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നിര്‍ജീവാവസ്ഥയാണ്. തന്മൂലം നാട്ടുരാജ്യ സംസ്ഥാനമായ തിരുവിതാംകൂറില്‍ ക്വിറ്റ് ഇന്ത്യാസമരം കാറ്റുപിടിച്ചില്ല. എന്തെങ്കിലും ചലനമുണ്ടായത് കമ്മ്യൂണിസ്റ്റുകാര്‍ക്കും സോഷ്യലിസ്റ്റുകാര്‍ക്കും സ്വാധീനമുണ്ടായിരുന്ന കൊല്ലം മേഖലയിലാണ്. തന്മൂലം ഇതരഭാഗങ്ങളിലെന്നപോലെ ആലപ്പുഴയിലെ പ്രസ്ഥാനത്തിന് തരണം ചെയ്യേണ്ട ഒഴുക്കിന്റെ തീവ്രത താരതമ്യേനെ ദുര്‍ബലമായിരുന്നു എന്നു പറയാം. യുദ്ധകാലത്തെ ദുരിതങ്ങളെയെല്ലാം ആത്മസംയമനത്തോടെ നേരിട്ട തൊഴിലാളികള്‍ യുദ്ധത്തിനു ശേഷം സാമ്പത്തികനില മെച്ചപ്പെട്ടപ്പോള്‍ ഒരു രാഷ്ട്രീയസായുധ സമരത്തിന് കുതിച്ചിറങ്ങിയത് യുദ്ധകാലത്ത് അവര്‍ ആര്‍ജിച്ച ഉയര്‍ന്ന രാഷ്ട്രീയബോധത്തിന്റെ ഉത്തമനിദര്‍ശനമാണ്. ഈ യുദ്ധകാലത്താണ് ആലപ്പുഴ തൊഴിലാളിവര്‍ഗത്തിന് ഇതരകീഴാളവര്‍ഗങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ രണ്ടു ഘടകങ്ങള്‍ കണക്കിലെടുക്കണം. ഒന്നാമത്തേത് വസ്തുനിഷ്ഠമാണ്. കയര്‍ ഫാക്ടറികള്‍ നാട്ടിന്‍പുറങ്ങളിലേയ്ക്കു വ്യാപിച്ചു കിടന്നിരുന്നതുകൊണ്ടും കയര്‍ ഫാക്ടറി തൊഴിലാളികളുടെ മുഖ്യപങ്കും നാട്ടിന്‍പുറങ്ങളിലാണ് സ്ഥാപിച്ചിരുന്നത് എന്നതുകൊണ്ടും കയര്‍ തൊഴിലാളികള്‍ക്ക് ഗ്രാമീണ ജനതയുമായി ഗാഢബന്ധമുണ്ടായിരുന്നു. നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ തൊഴില്‍സംഘടനകള്‍ കെട്ടിയുയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ഉശിരന്മാരായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു. മത്സ്യത്തൊഴിലാളികള്‍, മരത്തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, കയര്‍പിരിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരെല്ലാം സംഘടിതരായിരുന്നു. ഇതില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച ഉത്സാഹവും ത്യാഗമനോഭാവവും കയര്‍ത്തൊഴിലാളികളെ ഗ്രാമീണ ജനതയുടെ നേതാക്കളാക്കി. രണ്ടാമത്തേത് ആത്മനിഷ്ഠമാണ്. ഗ്രാമീണജനങ്ങളുടെ സമരസഖ്യം വളര്‍ത്തിയെടുക്കുക മാത്രമല്ല, അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്യുന്നതിനും കയര്‍ത്തൊഴിലാളികള്‍ തയ്യാറായി. കയര്‍പിരിക്കാരുടെ കയര്‍വിലയുടെ പ്രശ്നം, കേര കര്‍ഷകരുടെ സിലോണ്‍ കൊപ്ര ഇറക്കുമതി പ്രശ്നം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തുടങ്ങിയ പലതിലും യൂണിയനുകള്‍ ഇടപെട്ടു. നാട്ടിന്‍പുറത്തെ തൊഴിലില്ലാത്തവര്‍ക്ക് പൊതുമരാമത്തു റീലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കുന്നതിനും റേഷന്‍ വിതരണത്തിന്റെ അപാകതകള്‍ നീക്കുന്നതിനും വേണ്ടി പണിമുടക്കടക്കമുളള സമരങ്ങള്‍ സംഘടിപ്പിച്ചു. സമരത്തിന്റെ നേട്ടമായി ലഭിച്ച സൗജന്യനിരക്കിലുളള ഊണിന്റെ കൂപ്പണുകളിലൊരുഭാഗം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. യൂണിയന്‍ പിരിച്ചെടുത്ത റിലീഫ് ഉല്‍പന്നങ്ങള്‍ തൊഴിലാളികള്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കും കൂടി പങ്കുവെച്ചു.

നാട്ടിന്‍പുറത്തെ ജനകീയ മുന്നേറ്റത്തിനെതിരെ പിന്തിരിപ്പന്‍മാര്‍ സംഘടിപ്പിച്ച ഭ്രാന്തന്‍ അക്രമങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ജനങ്ങളെ സജ്ജരാക്കുന്നതിനും നാട്ടിന്‍പുറങ്ങളില്‍ ഉയര്‍ന്നുവന്ന സ്വയംപ്രതിരോധ വാളണ്ടിയര്‍ കാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുന്നോട്ടു വന്നത് കയര്‍ത്തൊഴിലാളികളായിരുന്നു. ചുരുക്കത്തില്‍ ഗ്രാമീണജനത കയര്‍ത്തൊഴിലാളികളെ അവരുടെ വിമോചകരും നേതാക്കളുമായി വീക്ഷിക്കാന്‍ തുടങ്ങി. ഗ്രാമപ്രദേശത്തില്‍ കുടുംബപരവും സ്വത്തുസംബന്ധവും എന്നുവേണ്ട ഒട്ടെല്ലാ സാമൂഹ്യതര്‍ക്കങ്ങള്‍ക്കും തീര്‍പ്പുകല്‍പ്പിക്കുന്ന ആര്‍ബിട്രേഷന്‍ വേദിയായി ട്രേഡ് യൂണിയന്‍ കമ്മിറ്റികള്‍ നാല്‍പതുകളില്‍ രൂപാന്തരപ്പെട്ടത് യൂണിയനുകള്‍ ആര്‍ജിച്ച ബഹുജനസമ്മതിയുടെയും വിശ്വാസത്തിന്റെയും തെളിവാണ്. ഗ്രാമീണ ജനതയുടെ മേല്‍ തൊഴിലാളിവര്‍ഗം നേടിയ അധീശത്വം വളരെ സുപ്രധാനമായ ഒരു സംഭവവികാസമായിരുന്നു. ഒരര്‍ത്ഥത്തില്‍ ദേശീയ പ്രസ്ഥാനത്തിനുളളില്‍ ബൂര്‍ഷ്വാവര്‍ഗവും തൊഴിലാളിവര്‍ഗവും തമ്മില്‍ നിരന്തരമായി നടത്തിവന്ന പോരാട്ടത്തിന്റെ കേന്ദ്രബിന്ദു കര്‍ഷകജനസാമാന്യത്തിന്റെ മേല്‍ അധീശത്വം നേടുന്നതിനുള്ള സമരമായിരുന്നു.

ഇന്ത്യയില്‍ മൊത്തത്തില്‍ ഗാന്ധിയും അനുയായികളുമാണ് വിജയിച്ചതെങ്കില്‍ ആലപ്പുഴ വിജയം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കും തൊഴിലാളി വര്‍ഗത്തിനുമായിരുന്നു. ഈ നേട്ടമാണ് പുന്നപ്ര - വയലാര്‍ സമരത്തിന്റെ പശ്ചാത്തലം. ആലപ്പുഴ ഗ്രാമപ്രദേശങ്ങളില്‍ മൂര്‍ച്ഛിച്ചുകൊണ്ടിരുന്ന വര്‍ഗസംഘര്‍ഷങ്ങളെയും ജനങ്ങളുടെ സ്വയം പ്രതിരോധ സന്നാഹങ്ങളെയും 1946കളിലെ പുതിയ രാഷ്ട്രീയ ലൈനിന് അനുസൃതമായി ദിവാന്‍ ഭരണത്തിന് എതിരായുളള അവസാന കടന്നാക്രമണത്തിനുളള യുദ്ധമായി രൂപപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലാനിട്ടു. ദിവാന്‍ സ്വപ്നം കണ്ട സ്വതന്ത്ര തിരുവിതാംകൂര്‍ ഭരണഘടനയില്‍ നിന്നും സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രകടിപ്പിച്ച ഒത്തുതീര്‍പ്പു ചാഞ്ചാട്ടങ്ങളില്‍ നിന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ട്ടി മുന്നിട്ടിറങ്ങി.

1938ലെപ്പോലെ ദേശവ്യാപകമായ ഒരു പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സ്റ്റേറ്റ് കോണ്‍ഗ്രസ് ഇത്തരമൊരുറപ്പും നല്‍കിയിരുന്നു. എന്നാല്‍ 1938ല്‍ നിന്നും വ്യത്യസ്തമായി ദേശവ്യാപകമായ പൊതുപണിമുടക്കിലൂടെ തൊഴിലാളികളായിരിക്കും ഈ സമരത്തെ നയിക്കുക. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പും വഞ്ചനയും മൂലം ദേശവ്യാപകമായ സമരം രൂപം കൊണ്ടില്ല. ആലപ്പുഴയിലെ തൊഴിലാളികളാവട്ടെ 1938ല്‍ എന്നപോലെ സമരത്തിന്റെ പാതയില്‍ ഉറച്ചുനിന്നു. ഒറ്റപ്പെട്ടുപോയ ആലപ്പുഴ തൊഴിലാളികളെ പട്ടാളശക്തി ഉപയോഗിച്ച് നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതിന് ദിവാനു കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഏതാനും ദിവസമേ നീണ്ടുനിന്നുളളൂ. സ്വയം സംരക്ഷണത്തിനു വേണ്ടി കാമ്പുകളിലായിരുന്നു സന്നദ്ധ ഭടന്മാര്‍ താമസിച്ചിരുന്നത്. ഈ കാമ്പുകള്‍ യഥാര്‍ത്ഥത്തില്‍ ഗുണ്ടാ അക്രമങ്ങളെ തുടര്‍ന്ന് സ്വയമേവ രൂപം കൊണ്ട ഒരു പ്രതിഭാസമായിരുന്നു. ആത്മരക്ഷയ്ക്കു വേണ്ടി ആളുകള്‍ കൂട്ടമായി താമസിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതൊരു സമരരൂപമായി മാറ്റിയെടുക്കുകയാണ് ചെയ്തത്.

പുന്നപ്ര പൊലീസ് ആക്രമണം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാ ഏറ്റുമുട്ടലുകളും പ്രതിരോധത്തിന്റെ ഭാഗമായി നടന്നവയാണ്. പൊലീസും പട്ടാളവുമാണ് കടന്നാക്രമിച്ചത്. ഒക്ടോബര്‍ 27ന് വയലാര്‍ കൂട്ടക്കൊലയോടെ സമരം ഔപചാരികമായി പര്യവസാനിച്ചുവെന്നു പറയാം. സമരം അടിച്ചമര്‍ത്തപ്പെട്ടതിനു ശേഷം പിന്നെ ഏതാനും മാസം മര്‍ദനത്തിന്റെ തേര്‍വാഴ്ചയായിരുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ മാത്രമല്ല, അതുസംബന്ധിച്ച ഓര്‍മ്മകളെപ്പോലും പിഴുതെറിയണമെന്ന ശാഠ്യമായിരുന്നു സര്‍ സിപിയ്ക്ക്. പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സമരത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ത്തന്നെ മര്‍ദനവിരുദ്ധ പ്രകടനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുത്തു തെളിയിച്ചു.

പുന്നപ്ര - വയലാര്‍ സമരമാണ് യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അടുത്ത ദശകത്തിലുണ്ടായ വിസ്മയകരമായ കുതിപ്പിന് അടിത്തറയിട്ടത്. 1938ലെ പണിമുടക്കില്‍ ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയായി പിച്ചവെച്ചു തുടങ്ങിയ തൊഴിലാളിവര്‍ഗം പുന്നപ്ര - വയലാര്‍ സമരത്തിലൂടെ തിരുവിതാംകൂറിലെ ദേശീയസമരത്തിന്റെ നേതൃത്വത്തിലേയ്ക്കുയര്‍ന്നു. ഈ ഉയര്‍ച്ചയുടെ മൂന്നു സുപ്രധാനഘട്ടങ്ങള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഒന്ന്, ജാതിബോധത്തില്‍ നിന്നും ബൂര്‍ഷ്വാ ദേശീയതയില്‍ നിന്നും തൊഴിലാളിവര്‍ഗത്തിെന്‍റ ജാതിവിരുദ്ധ ദേശീയ നിലപാടിലേയ്ക്കുളള പരിവര്‍ത്തനം. രണ്ട്, രണ്ടാംലോകയുദ്ധകാലത്തെ ഏറ്റവും ദുഷ്കരമായ സാഹചര്യത്തില്‍പ്പോലും ഈ ബോധം ദൃഢമായി നിലനിന്നു. മൂന്ന്, ആലപ്പുഴയിലെ ഗ്രാമീണ ജനതയുടെ മേല്‍ അധീശത്വം നേടാന്‍ തൊഴിലാളിവര്‍ഗത്തിനു കഴിഞ്ഞു.

ഇവയോരോന്നിലും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ വിജയത്തിന് അടിസ്ഥാനം ബോധപൂര്‍വമുളള പ്രവര്‍ത്തനം ആദ്യം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടപെടലുകളായിരുന്നു. തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാന്‍ കെല്‍പ്പുളള ഒരു പാര്‍ട്ടി, ബൂര്‍ഷ്വാ ദേശീയ കുത്തിത്തിരുപ്പുകളെ എതിര്‍ത്ത് ഒറ്റപ്പെടുത്താന്‍ കെല്‍പ്പുളള ഒരു പാര്‍ട്ടി, നാട്ടിന്‍പുറത്തെയും പട്ടണത്തിലെയും പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കാന്‍ കെല്‍പ്പുളള ഒരു പാര്‍ട്ടി, ഇത്തരമൊരു പാര്‍ട്ടിയുടെ വിജയമായിരുന്നു ആലപ്പുഴയിലെ തൊഴിലാളിവര്‍ഗം നേടിയ അസൂയാവഹമായ പദവിയുടെ അടിസ്ഥാനം. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിലെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിശദമായ പരിശോധനകളിലൂടെയും സ്വയംവിമര്‍ശനങ്ങളിലൂടെയും കണ്ടെത്തി തിരുത്തുന്നതിനുളള വലിയൊരു പരിശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പുന്നപ്ര - വയലാര്‍ വാര്‍ഷികം നടക്കുന്നത്. ഇന്നു നടക്കുന്നതുപോലുളള ഒരു തെറ്റുതിരുത്തല്‍ പ്രക്രിയ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അപൂര്‍വമായിരുന്നു. ഒരു ദശകത്തിലേറെ നീണ്ട വിഭാഗീയതയുടെ അഴുക്കുകള്‍ പാര്‍ട്ടി സംഘടനയില്‍ നിന്ന് കഴുകിക്കളയാനുളള തീവ്രയത്നം നടക്കുന്ന കാലത്ത് പുന്നപ്ര - വയലാറിന്റെ അനുഭവങ്ങളുടെ പ്രസക്തി വളരെയേറെയാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത 01 നവംബര്‍ 2013

No comments: