Friday, November 29, 2013

ലോക വ്യാപാരസംഘടനയ്ക്ക് കീഴടങ്ങുന്നു

രണ്ടാം യുപിഎ സര്‍ക്കാര്‍ 'സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍' നടപ്പാക്കാനുള്ള ഭ്രാന്തമായ ശ്രമത്തില്‍ രാജ്യത്തെ രാഷ്ട്രാന്തര ധനമൂലധനത്തിന്റെ മടിത്തട്ടിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. രാഷ്ട്രാന്തര മൂലധനത്തിന്റെ ഉപകരണമായ ലോകവ്യാപര സംഘടനയുടെ നിബന്ധനകള്‍ക്കു മുന്നില്‍ രാജ്യം കീഴടങ്ങുകയാണ്. ലോകവ്യാപാര സംഘടനയുടെ കര്‍ക്കശ നിയമങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളെ സംരക്ഷിക്കുന്നതിനെപ്പറ്റി ഏറെ വാചക കസര്‍ത്തുക്കള്‍ കേള്‍ക്കാനുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്. അവിടെ നടക്കുന്ന പിന്നാമ്പുറ ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഭക്ഷ്യസുരക്ഷയടക്കം രാജ്യതാല്‍പര്യങ്ങള്‍ അടിയറവെക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം യു പിഎ സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കുന്ന നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞപ്പോള്‍തന്നെ ലോക ധനമൂലധന ശക്തികള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. അത് 'സ്വതന്ത്ര വിപണി' യുടെ അടിസ്ഥാനപ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദഗതിയാണ് അവര്‍ ഉന്നയിച്ചുപോന്നിരുന്നത്. ബാലിയില്‍ നടക്കുന്ന മന്ത്രിതല സമ്മേളനം സബ്‌സിഡി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും അതിനെതിരായ നിരോധനനിയമം കര്‍ക്കശമായി നടപ്പാക്കുമെന്നും അവര്‍ ശഠിക്കുന്നു.

അസംബ്ലി തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും 2014 ലെ പൊതുതെരഞ്ഞെടുപ്പിലും ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കബളിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാം യു പി എ നടത്തിവരുന്നത്. ഏറെ കുറവുകളും നേരിട്ട് പണം നല്‍കുക എന്ന തട്ടിപ്പും എല്ലാം നിലനില്‍ക്കെ പാര്‍ലമെന്റ് നിയമം പാസാക്കി. ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന് തടസമാകില്ലെന്നും പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്നും ഉറപ്പ് നല്‍കപ്പെട്ടു. സബ്‌സിഡി അവസാനിപ്പിക്കാനുള്ള ഏതുശ്രമത്തേയും ചെറുക്കുമെന്ന് വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ രാജ്യത്തിന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കി.

ഇപ്പോള്‍ ബാലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ലോക വ്യാപാര സംഘടനയുടെ സബ്‌സിഡി നിയമങ്ങളില്‍ ഒരു 'ഇടക്കാല വ്യവസ്ഥ' അംഗീകരിച്ചു എന്നാണ്. ഈ വ്യവസ്ഥ അനുസരിച്ച് ഒരു രാജ്യത്തിനും ഇനി നാലുവര്‍ഷത്തില്‍ കൂടുതല്‍ സബ്‌സിഡി തുടരാനാവില്ല. ഇത് വികസിത രാഷ്ട്രങ്ങളുടെ ആവശ്യാനുസൃതം അവശ്യവസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കും.
ഇതോടൊപ്പം തന്നെ മിനിമം താങ്ങുവില പരിമിതപ്പെടുത്താനും നീക്കം ശക്തമാണ്. ധനമൂലധനം നേരിട്ടോ പരോക്ഷമായോ നിയന്ത്രിക്കുന്ന വികസിത രാഷ്ട്ര സര്‍ക്കാരുകള്‍ കര്‍ഷകരുടെതടക്കം ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നത് സ്വതന്ത്ര വിപണി സംവിധാനത്തെ അവതാളത്തിലാക്കുമെന്ന് ഭയപ്പെടുന്നു. താങ്ങുവിലയുടെ തോത് തങ്ങള്‍ നിര്‍ദേശിക്കുന്നവിധം നിയന്ത്രിക്കണമെന്നാണ് അവരുടെ ആവശ്യം. അത്തരം നിയന്ത്രണമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ തങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് യഥേഷ്ടം വിപണികളില്‍ തള്ളാനാവൂ. ലളിതമായി പറഞ്ഞാന്‍ യു എസിന്റെയും ഇതര വികസിത രാഷ്ട്രങ്ങളുടെയും കാര്‍ഷിക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഇന്ത്യന്‍ കര്‍ഷകനും ഉപഭോക്താവിനും അര്‍ഹമായ വരുമാനവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടണമെന്നതാണ് ലക്ഷ്യം.

സബ്‌സിഡി നാലുവര്‍ഷത്തേയ്ക്ക് പരിമിതപ്പെടുത്തുന്നതിനും മിനിമം താങ്ങുവില വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ മറ്റ് വികസ്വര രാജ്യങ്ങളുമായി ബന്ധപ്പെട്ടുവരുന്നതായി ആനന്ദ് ശര്‍മ്മ അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ അത്തരം അവകാശവാദങ്ങള്‍ക്ക് എതിരാണ്. ദോഹാറൗണ്ട് ചര്‍ച്ചയടക്കം ഏതാണ്ട് എല്ലാ അവസരങ്ങളിലും വികസ്വര രാജ്യങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത ഇന്ത്യ അവസാന നിമിഷം അവരെ വഞ്ചിക്കുകയാണ് ഉണ്ടായത്. സബ്‌സിഡി നാലുവര്‍ഷത്തേയ്ക്ക് പരിമിതപ്പെടുത്തുന്നത് സ്വീകരിക്കുക എന്നാല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ ലോക വ്യാപാര സംഘടനയ്ക്ക് ഒരിക്കല്‍ക്കൂടി അടിയറവ് പറയുകയാണെന്ന് അര്‍ഥം.

രണ്ടാം യു പി എ കൂട്ടുകെട്ടിന്റെ ഈ പാരമ്പര്യം അവരുടേത് മാത്രമല്ല. ഇതരമുതലാളിത്ത പാര്‍ട്ടികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് അത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാന അസംബ്ലികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഉത്തമ സാക്ഷ്യമാണ്. അവര്‍ എല്ലാറ്റിനെപ്പറ്റിയും വാചാലമാകുന്നു. എന്നാല്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം മാത്രം അവരുടെ ചര്‍ച്ചാവിഷയമല്ല. ഉള്ളിയും ഉരുളക്കിഴങ്ങും തക്കാളിയും നാലിരട്ടി വിലയ്ക്ക് വില്‍ക്കുമ്പോഴും വില നിയന്ത്രിക്കുന്നതിനെപ്പറ്റി ബി ജെ പിക്കും കോണ്‍ഗ്രസിനും ഒന്നും പറയാനില്ല. ഈ സ്ഥിതിവിശേഷത്തിന് ഇരുവരും ഉത്തരവാദികളാണ്. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ സര്‍ക്കാരാണ് പൂഴ്ത്തിവെയ്പ്‌വിരുദ്ധ നിയമം നിരോധിച്ചത്.  അതിന്റെ പിന്‍പറ്റി രണ്ടാം യു പി എ സര്‍ക്കാര്‍ അവധിവ്യാപാരത്തിന് അനുമതി നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ രണ്ട് മുഖ്യകാരണങ്ങള്‍ അവരണ്ടുമാണ്. ഇരുവരും തങ്ങളുടെ തെറ്റ് അംഗീകരിക്കാനോ പൂഴ്ത്തി വയ്പിനെതിരെ നിയമം കൊണ്ടുവരാനോ അവധി വ്യാപാരാനുമതി പിന്‍വലിക്കാനോ തയ്യാറല്ല.

നവഉദാരീകരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇരുപാര്‍ട്ടികളും യഥാര്‍ഥ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പകരം നിരര്‍ഥകമായ വ്യക്തിഗത പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. നയങ്ങളില്‍ എന്ത് മാറ്റങ്ങളാണ് വരുത്തുന്നതെന്നതിന് പകരം നേതാവിനെക്കുറിച്ചുള്ള വാദവിവാദങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ ഇടതുപക്ഷം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍നയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവണം.

*
ജനയുഗം

No comments: