Thursday, November 7, 2013

ബിഎസ്എന്‍എല്‍ തകര്‍ച്ചയിലേക്ക്

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ശക്തമായ പൊതുമേഖലാ സാന്നിധ്യംകൊണ്ടാണെന്ന് ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയും ധനമന്ത്രിയും പൊതുമേഖലയുടെ സര്‍വനാശത്തിനു കാരണമാകുന്ന നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ടെലികോംരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം, പ്രതിരോധം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വിദേശനിക്ഷേപ വര്‍ധന തുടങ്ങി ആഗോളവല്‍ക്കരണനയങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. വാര്‍ത്താവിനിമയരംഗത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ഈ നയങ്ങളുടെ ആഘാതത്തില്‍നിന്ന് മുക്തമല്ല. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവ നിര്‍ണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ നഷ്ടവും വരുമാനത്തിലുണ്ടാകുന്ന ക്രമാനുഗതമായ കുറവും സ്ഥാപനങ്ങളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

സേവനം വിപുലീകരിക്കാന്‍ കഴിയുന്ന തരത്തില്‍ നിക്ഷേപം നടത്താന്‍ ഈ കമ്പനികള്‍ക്ക് കഴിയുന്നില്ല. 2005-06 ല്‍ 40,000 കോടി രൂപ കരുതല്‍ധനവും 10,000 കോടി രൂപ ലാഭവുമുണ്ടായിരുന്നു. മൂന്നര ലക്ഷത്തിലധികത്തോളം ജീവനക്കാര്‍ ഈ മേഖലകളില്‍ പണിയെടുത്തിരുന്നു. കരുതല്‍ധനം പലവഴികളില്‍ സര്‍ക്കാര്‍ ഊറ്റിയെടുത്തു. കരുതല്‍ ധനശേഖരം പൂര്‍ണമായും ഇല്ലാതായ ഈ കമ്പനികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ പ്രയാസംനേരിടുകയാണ്. അതേസമയം, സ്വകാര്യകമ്പനികള്‍ക്ക് അനധികൃത സഹായങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. 11,000 കോടിയോളം രൂപ നികുതി നല്‍കേണ്ട വൊഡഫോണിന് ഇളവ് അനുവദിക്കുന്നു. 3ജി സേവനത്തിന് ലൈസന്‍സെടുക്കാത്ത കമ്പനികള്‍ക്ക് അനധികൃത സേവനത്തിനു നല്‍കിയ മൗനാനുവാദത്തിലൂടെ 20,000 കോടി സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായി. 2ജി സ്പെക്ട്രം അനുവദിച്ചതുവഴി 1.76 ലക്ഷം കോടി നഷ്ടമായതിന്റെ പേരില്‍ പലരും വിചാരണ നേരിടുകയാണ്. സ്വകാര്യകമ്പനികള്‍ വരുമാനത്തില്‍ കൃത്രിമം കാട്ടി സര്‍ക്കാരിന് നല്‍കേണ്ട നികുതിപ്പണം വെട്ടിക്കുമ്പോഴും നടപടിക്ക് മുതിരുന്നില്ല. വിദേശനിക്ഷേപം 100 ശതമാനമായി ഉയര്‍ത്തുന്നത് ടെലികോം മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യയിലെ സ്വകാര്യ ടെലികോംകമ്പനികളെ വിദേശകമ്പനികള്‍ പൂര്‍ണമായും ഏറ്റെടുക്കും. സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണുകള്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെയാണ്. ഇപ്പോള്‍ത്തന്നെ ടെലികോം ഉപകരണനിര്‍മാണരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് വിദേശ ഉപകരണ ഇറക്കുമതിയാണ്. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇതിനകത്തുതന്നെയുണ്ടെന്നും അതുകൊണ്ട് ഉപകരണ ഇറക്കുമതിയില്‍ നിയന്ത്രണം വേണമെന്നുമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും അവഗണിക്കുന്നു. ടെലികോംരംഗത്ത് കുത്തകവല്‍ക്കരണത്തിന് കളമൊരുക്കുന്നതാണ് 2012ലെ പുതിയ ടെലികോംനയം. ടെലികോം സേവനത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള മേല്‍കോയ്മ, സ്പെക്ട്രം കൈവശംവയ്ക്കല്‍, മറിച്ചുവില്‍ക്കല്‍, പങ്കുവയ്ക്കല്‍, പൂര്‍ണമായും കച്ചവടംചെയ്യാന്‍ അവസരം നല്‍കല്‍, കമ്പനികളുടെ പരസ്പരലയനം, കൂടിച്ചേരല്‍, ഓഹരികൈമാറ്റം എന്നിവ എളുപ്പമാക്കല്‍ എന്നിവയാണ് ടെലികോംനയത്തിന്റെ കാതല്‍. ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ നാലുവര്‍ഷങ്ങളിലും നഷ്ടം നേരിട്ടു. 25,256 കോടി രൂപയാണ് നാലുവര്‍ഷത്തെ മൊത്തം നഷ്ടം. നഷ്ടത്തിന്റെയും വരുമാനശോഷണത്തിന്റെയും സൂക്ഷ്മതലങ്ങള്‍ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാക്കുന്ന കാര്യം നഷ്ടം സഹിച്ച് ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങളുടെ ബാധ്യതയാണ്. സര്‍ക്കാരിനുവേണ്ടി ബിഎസ്എന്‍എല്‍ നിര്‍വഹിക്കുന്ന ഗ്രാമീണ സേവനത്തിന്റെ നഷ്ടം പ്രതിവര്‍ഷം 8000 കോടിയാണ്. ഈ ബാധ്യത പരിഹരിച്ചാല്‍ ബിഎസ്എന്‍എല്‍ ലാഭകരമാകും. തുടര്‍ച്ചയായി നഷ്ടംവരുത്തുന്ന പൊതുമേഖലാ ടെലികോം കമ്പനികളെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് ധനമന്ത്രി ചിദംബരം അധ്യക്ഷനായി, പ്ലാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയ ഉള്‍പ്പെടെ അഞ്ചുമന്ത്രിമാര്‍ അടങ്ങുന്ന കമ്മിറ്റിക്ക് രൂപംനല്‍കിയത്. ആഗോളവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങിയശേഷം വിവിധ മേഖലകളെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ കമ്മിറ്റികളെല്ലാം സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയത്.

ചിദംബരം കമ്മിറ്റിയില്‍നിന്ന് മറിച്ചൊരു പ്രതീക്ഷയുമില്ല. ചിദംബരം കമ്മിറ്റിക്കു മുമ്പാകെ ടെലികോംവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്ലില്‍ ലയിപ്പിക്കുക. തുടര്‍ന്ന് കമ്പനിയെ മൂന്നായി വിഭജിക്കുക. നെറ്റ്വര്‍ക്ക്, ടവര്‍ ഉള്‍പ്പെടെ ഒരു കമ്പനി. ഭൂമി, കെട്ടിടം, ആസ്തികള്‍ കൈകാര്യംചെയ്യാന്‍ വേറൊരു കമ്പനി. സേവനരംഗത്തു മാത്രമായി ബിഎസ്എന്‍എല്‍ കമ്പനി- ഇവയാണ് നിര്‍ദേശങ്ങള്‍. മാത്രമല്ല, ഒരുലക്ഷംപേരെ പിരിച്ചുവിടാനുള്ള ധനസഹായത്തിനും ടെലികോംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും മാത്രമല്ല, പൊതുമേഖലയുടെ ശിഥിലീകരണവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് പൊതുമേഖലാ ടെലികോംകമ്പനികള്‍ നിലനിര്‍ത്തുക, ശക്തിപ്പെടുത്തുക എന്നത് ബിഎസ്എന്‍എല്‍ മേഖലയിലെ സംഘടനകളുടെമാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്.

*
കെ മോഹനന്‍ (ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

No comments: