Tuesday, December 17, 2013

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്ന ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ സജീവ പരിഗണനയിലാണ്. വിദേശ പ്രത്യക്ഷനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആയി ഉയര്‍ത്തണം എന്ന നിര്‍ദേശമാണ് ബില്ലില്‍ പ്രധാനമായും പറഞ്ഞിട്ടുള്ളത്. മൂലധന സമാഹരണത്തിനായി പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദേശവുമുണ്ട്.

2008ല്‍ ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. തുടര്‍ന്ന് ബില്‍ വിശദമായ പരിശോധനയ്ക്കായി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധര്‍, ആക്ച്വറിമാര്‍, സംഘടനാപ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, ധനമന്ത്രാലയത്തിലെ പ്രതിനിധികള്‍, ഇന്ത്യ-യുഎസ് ബിസിനസ് കൗണ്‍സില്‍ തുടങ്ങിയവര്‍ കമ്മിറ്റി മുമ്പാകെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ഈ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയുംചെയ്തു. ഈ റിപ്പോര്‍ട്ടില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആയി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ ശക്തമായി വിമര്‍ശിച്ചു. നിര്‍ദേശം പൂര്‍ണമായി തള്ളിക്കളയണം എന്നാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. ഇതിനെ അവഗണിച്ചാണ് വിദേശനിക്ഷേപ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 26 ശതമാനംവരെ വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ പരിധി നിലനിര്‍ത്തിതന്നെയാണ് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല പുരോഗതി കൈവരിച്ചിട്ടുള്ളത്.

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍ഐസിയും ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രവര്‍ത്തനംതന്നെയാണ് ഈ മേഖലയുടെ പുരോഗതിക്ക് കാരണം. ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയുടെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ ജിഡിപിയുടെ 22.1 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയേക്കാള്‍ വളരെ മുന്നില്‍നില്‍ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അത് ജിഡിപിയുടെ പത്തുശതമാനത്തില്‍ താഴെ മാത്രമേയുള്ളു. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ ജിഡിപിയുടെ 16.8 ശതമാനമാണെന്നും അതില്‍ 84 ശതമാനവും എല്‍ഐസിയുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റം, ജിഡിപിയില്‍ വന്ന തളര്‍ച്ച, സമ്പാദ്യത്തിലുണ്ടായ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലാണ് എല്‍ഐസിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ ഇന്‍ഷുറന്‍സ് വ്യാപ്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ വളരെ ഉന്നതമായ സ്ഥിതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ 35 മടങ്ങോളം അധികമുള്ള അമേരിക്കയിലെ ഇന്‍ഷുറന്‍സ് വ്യാപനതോതിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഇന്ത്യയുടേതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല 2013 മാര്‍ച്ചുവരെ 1,91,336 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പോളിസിയുടമകള്‍ക്കു വിതരണം ചെയ്തിട്ടുണ്ട്. വിദേശനിക്ഷേപം വര്‍ധിപ്പിച്ച് മൂലധന സമാഹരണം നടത്തേണ്ട ഒരു സാഹചര്യവും ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിടുന്നില്ല എന്നര്‍ഥം. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍മാത്രം 23 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അവയില്‍ ഏതാനും കമ്പനികളൊഴികെ മറ്റെല്ലാം നഷ്ടത്തിലാണ്്. ഏജന്റുമാരുടെയും ഓഫീസുകളുടെയും എണ്ണത്തില്‍ വലിയ വെട്ടിക്കുറവു വരുത്തിയാണ് അവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ദുര്‍ബലമായ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനാണ് മൂലധന അപര്യാപ്തതയുടെ പേരുപറഞ്ഞ് വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണത്തോടെ കമ്പോളത്തില്‍ മത്സരംവരുമ്പോള്‍ പ്രീമിയംനിരക്ക് കുറയുമെന്നും മികച്ച പോളിസികള്‍ രംഗത്തുവരുമെന്നുള്ള സര്‍ക്കാരിന്റെ വാദഗതികളൊന്നും യാഥാര്‍ഥ്യമായില്ല. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വാഹനപ്രീമിയം നിരക്കുകളില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധന ശ്രദ്ധിക്കേണ്ടതാണ്. ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസൃതമായി പോളിസി തുകകള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് വിപണനംതന്നെയാണ് സ്വകാര്യകമ്പനികള്‍ അനുവര്‍ത്തിക്കുന്നത്. പത്തുവര്‍ഷത്തോളം ഇന്‍ഷുറന്‍സ് ബിസിനസ് നടത്തുന്ന ഈ കമ്പനികള്‍ക്ക് ആഭ്യന്തര കമ്പോളത്തില്‍നിന്ന് മൂലധനം സമാഹരിക്കാമെന്നിരിക്കെ, വിദേശനിക്ഷേപത്തിന്റെ പിറകെ പോകേണ്ട കാര്യമില്ല. വിദേശ മൂലധനത്തിന് വിപുലമായ ഇടംനല്‍കുമ്പോള്‍ കമ്പനികള്‍ തമ്മിലുള്ള സംയോജനത്തിന് ആക്കംകൂടും. അങ്ങനെ വരുമ്പോള്‍ മത്സരം കുറയുകയും കുത്തകകള്‍ വര്‍ധിക്കുകയുംചെയ്യും. അത് ഇന്‍ഷുറന്‍സ് മേഖലയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്കാണ് വഴിതെളിക്കുക. ഇന്‍ഷുറന്‍സ് പരിധിയും വ്യാപ്തിയും വര്‍ധിപ്പിക്കാനും മൂലധന സമാഹരണത്തിന് പണംകണ്ടെത്താനും രാജ്യത്തിന്റെ അടിസ്ഥാനമേഖലയുടെ വികസനത്തിന് ധനം സമാഹരിക്കുന്നതിനുമൊക്കെ വിദേശനിക്ഷേപ വര്‍ധന ഉപകരിക്കുമെന്ന സര്‍ക്കാരിന്റെ വാദം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചില്ല. വിദേശ നിക്ഷേപം വര്‍ധിപ്പിച്ചാല്‍ ലോകകമ്പോളത്തിലെ അപകടകരമായ സാഹചര്യം ഇവിടെ പ്രതിഫലിക്കും. സമ്പാദ്യത്തിലൂടെ സമാഹരിക്കുന്ന മൂലധനം രാജ്യത്തിന്റെ പുറത്തേക്കുപോകും. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ എഐജി പോലുള്ള വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല ശക്തമായി നിലനിന്നു. അതിനു കാരണം എല്‍ഐസി, ജിഐസി തുടങ്ങിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശക്തമായ സാന്നിധ്യമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നത് രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ലോക ഇന്‍ഷുറന്‍സ് കമ്പോളത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്തും ഏഷ്യയില്‍ നാലാംസ്ഥാനത്തുമാണ്. അതില്‍ എല്‍ഐസി നിര്‍ണായകപങ്കു വഹിക്കുന്നു. ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പോളത്തില്‍ എണ്‍പത്തിമൂന്നു ശതമാനം പോളിസികളും എല്‍ഐസിയാണ് കൈകാര്യംചെയ്യുന്നത്. 1956ല്‍ അഞ്ചുകോടി രൂപ മുതല്‍മുടക്കില്‍ ഇന്‍ഷുറന്‍സ് ബിസിനസ് തുടങ്ങിയ എല്‍ഐസിയുടെ ഇന്നത്തെ ലൈഫ് ഫണ്ട് 14 ലക്ഷം കോടിയും ആകെ ആസ്തി 15 ലക്ഷം കോടിയുമാണ്്. റോഡ്വികസനം, റെയില്‍വേ, ജലസേചനം, ഹൗസിങ്, വൈദ്യുതി തുടങ്ങിയ സാമൂഹിക മേഖലകളില്‍ 1,89,265 കോടി രൂപയാണ് എല്‍ഐസി നിക്ഷേപിച്ചിട്ടുള്ളത്. അങ്ങനെവരുമ്പോള്‍ രാജ്യത്തിന്റെ അടിസ്ഥാന മേഖലകളുടെ വികസനത്തിന് പണംകണ്ടെത്താന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കണമെന്ന വാദത്തിനു പ്രസക്തിയില്ല. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമായി വര്‍ധിപ്പിച്ചാല്‍ ഏകദേശം 60,000 കോടി രൂപയുടെ വിദേശനിക്ഷേപം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്തുമാത്രം എല്‍ഐസി സര്‍ക്കാരിനു നല്‍കിയത് ഏഴുലക്ഷം കോടി രൂപയാണ്. ഈ തുക രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുന്നത്. പിന്നെ വിദേശനിക്ഷേപത്തിന്റെ ആവശ്യമെന്താണ്?

അപ്പോള്‍ ലക്ഷ്യം ഒന്നേയുള്ളു; പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കലും അതുവഴിയുള്ള സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കലും. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെയും മറ്റു നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഓഹരികള്‍ പുറത്തെ കമ്പോളത്തില്‍ വിറ്റ് മൂലധന സമാഹരണം നടത്താനും പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നു. ഇത് ഈ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു തുല്യമാണ്. നമ്മുടെ പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ മൊത്തം മൂലധനം ഐആര്‍ഡിഎ നിജപ്പെടുത്തിയ 400 കോടിക്കുപകരം 550 കോടി രൂപവരും. ഒരു ലക്ഷം കോടിയിലേറെ രൂപ നിക്ഷേപവും 30,000 കോടി രൂപയുടെ കരുതല്‍ധനവുമുള്ള ഈ കമ്പനികള്‍ക്ക് മൂലധനത്തിന്റെ ആവശ്യംതന്നെയില്ല. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ സംയോജിപ്പിച്ച് ഒറ്റക്കമ്പനിയാക്കിയാല്‍ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്താവുന്നതേയുള്ളൂ.

*
എന്‍ ഗണപതികൃഷ്ണന്‍ ദേശാഭിമാനി

No comments: