Sunday, December 29, 2013

ഗ്രാമവികസനം-യുപിഎ ഭരണത്തില്‍

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമീണജനതയുടെ നിത്യജീവിതം മെച്ചപ്പെടുമ്പോഴാണ് ഇന്ത്യയെപ്പോലൊരു രാജ്യം പുരോഗമിക്കുന്നത്. കേവലം ഒരുപിടി കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയായി കൊട്ടിഘോഷിച്ച് ജനവഞ്ചന തുടരുന്ന യു പി എ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഔദ്യോഗിക രേഖകള്‍ ചിലപ്പോഴെങ്കിലും സത്യം വിളിച്ചുപറയും. ഗ്രാമവികസന മന്ത്രി പുറത്തിറക്കിയ ഇന്ത്യ റൂറല്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് 2012/13 നാം ഗൗരവബുദ്ധിയോടെ വിലയിരുത്തണം. ഗ്രാമവികസനലക്ഷ്യം കൈവരിക്കാന്‍ നാം ഇനിയും ബഹുദൂരം സഞ്ചരിക്കണം. ഇവിടെ വിഭവങ്ങളുടെ അഭാവം തീരെ ഇല്ല. വിഭവങ്ങള്‍ ഒരുപിടി കോര്‍പ്പറേറ്റുകളുടെ കൈകളില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് പ്രശ്‌നം.

കര്‍ഷകരുടെ വരുമാനം അവരുടെ ദൈനംദിന ജീവിതത്തിന് തികയുന്നില്ല എന്നും അവരുടെ വരുമാനം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കൂട്ടുകൃഷി സമ്പ്രദായം വ്യാപകമാക്കാനും സാധിക്കണം. 43 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്കും കാര്‍ഷിക വരുമാനം മാത്രമാണ് ആശ്രയം. ഈ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട കൂലിയും സാമൂഹ്യ സുരക്ഷാപദ്ധതികളും ഉറപ്പുവരുത്തണം. 1993-94 ല്‍ ഗ്രാമീണ ദരിദ്രരുടെ 50 ശതമാനം ജാര്‍ഖണ്ഡ്, ബിഹാര്‍, അസം, ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, യു പി തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളില്‍ ആയിരുന്നു. 2011-12 ല്‍ ദരിദ്രര്‍ 65 ശതമാനമായി വര്‍ധിച്ചു.

18 ശതമാനം ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ് കുടിവെള്ളം, ശുചിത്വം, വൈദ്യുതി എന്നിവ ലഭ്യം. ഭരണനേട്ടങ്ങളും സാമ്പത്തിക പുരോഗതിയും കൊട്ടിഘോഷിക്കുന്ന ഭരണാധികാരികള്‍ ഗ്രാമങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യം കാണിക്കണം. നിങ്ങള്‍ കാണാന്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷമാണ് ഗ്രാമീണ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നത്.

വേള്‍ഡ് ടോയ്‌ലറ്റ് ഡേ യോടനുബന്ധിച്ച് ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. 600 മില്യന്‍ ഇന്ത്യക്കാര്‍ തുറന്ന സ്ഥലത്താണ് മലവിസര്‍ജനം നടത്തുന്നത്. കുട്ടികളില്‍ പടരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ഗ്രാമീണ ഭവനങ്ങളില്‍ 53 ശതമാനത്തിനും ശുചിയായ കക്കൂസ് ഇല്ല എന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. കക്കൂസുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍മിക്കുക.

കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ഇന്ത്യയില്‍ പട്ടിണി കുറഞ്ഞതായി 2013 ജൂലായ് മാസത്തില്‍ ആസൂത്രണ കമ്മിഷന്‍ പ്രസ്താവിച്ചു. ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരുടെ എണ്ണം 2004-05 ല്‍ 37.2 ശതമാനം 2011-12 ആയപ്പോള്‍ 21.9 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പട്ടിണി കുറച്ചു എന്ന് ആസൂത്രണ കമ്മിഷന്‍ ആവര്‍ത്തിക്കുമ്പോള്‍ ലോകബാങ്കിന്റെ കണക്കുകള്‍ വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്.

ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 1974 നും 1988 നും ഇടയില്‍ (പരിഷ്‌കാരങ്ങള്‍ക്കുമുമ്പ്) 56.4 ശതമാനത്തില്‍ നിന്നും 39.1 ശതമാനമായി പട്ടിണിക്കാര്‍ കുറഞ്ഞു. അതായത് 14 വര്‍ഷം കൊണ്ട് 17.3 ശതമാനം കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 1.25 ശതമാനം. 1988 നും 2000 നും ഇടയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 12 വര്‍ഷംകൊണ്ട് 39.1 ശതമാനത്തില്‍ നിന്നും 27 ശതമാനമായി കുറഞ്ഞു. അതായത് സാമ്പത്തികപരിഷ്‌കാരങ്ങള്‍ തുടരുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷം ശരാശരി ഒരു ശതമാനം.

ലോകബാങ്ക് നല്‍കുന്നത് മറ്റൊരു ചിത്രം. 1974 നും 1900 നും ഇടയില്‍ പട്ടിണിക്കാരുടെ എണ്ണം 55 ശതമാനത്തില്‍ നിന്നും 33 ശതമാനമായി കുറഞ്ഞു. 16 വര്‍ഷം കൊണ്ട് 22 ശതമാനം കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 1.38 ശതമാനം. ഉദാരവല്‍ക്കരണം നടപ്പിലാക്കിയതിനുശേഷം 1990 ലെ 33 ശതമാനം 2000 ല്‍ 28 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 0.7 ശതമാനം. 2000 നും 2010 നും ഇടയില്‍ പട്ടിണിക്കാരുടെ എണ്ണം 34 ശതമാനമായി വര്‍ധിച്ചു എന്നാണ് ലോകബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആസൂത്രണക്കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ഗ്രാമീണ ദരിദ്രരുടെ ദിവസവരുമാനം 17 രൂപയില്‍ താഴെയാണ്. ഇന്നത്തെ സാഹചര്യത്തില്‍ 17 രൂപ കൊണ്ട് ഒരു കുടുംബം ഒരു നേരമെങ്കിലും എങ്ങനെ വയറുനിറയ്ക്കുമെന്ന് യു പി എ അധികാരികള്‍ വ്യക്തമാക്കണം. യു പി എ ഭരണം അവസാനിക്കുമ്പോള്‍ ഭയാനകമായ ചിത്രങ്ങളാണ് ഗ്രാമങ്ങളില്‍ വരയ്ക്കപ്പെടുന്നത്. ഭരണാധികാരികള്‍ മുഖം മറയ്ക്കുകയാണ്, സത്യത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും നേരെ.

എം പിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍: ഒരു അവലോകനം   

1993 ഡിസംബര്‍ 23ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു എം പിമാരുടെ പ്രാദേശിക വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ മണ്ഡലത്തില്‍ ആവശ്യമായ വികസന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പിലാക്കേണ്ടത്. രാജ്യസഭാ എം പിമാര്‍ക്ക് അവരുടെ സംസ്ഥാനത്തില്‍ ഏത് ജില്ലയിലും പദ്ധതി നടപ്പിലാക്കാം. കേന്ദ്രത്തില്‍ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആണ് പദ്ധതിയുടെ ചുമതല. പദ്ധതിയുടെ തുടക്കത്തില്‍ ഒരു എം പിക്ക് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. 1994-95 മുതല്‍ 1997-98 വരെ ഒരു കോടി രൂപയും 1998 ന് ശേഷം രണ്ട് കോടി രൂപയായും 2011 മുതല്‍ അഞ്ച് കോടി രൂപയായും വര്‍ധിപ്പിച്ചു. രണ്ട് ഗഡുക്കളായി ജില്ലാ ഭരണകൂടത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, റോഡുകള്‍ തുടങ്ങിയതാണ് മുന്‍ഗണനാ പട്ടിക.

2010-11 ധനകാര്യവര്‍ഷത്തില്‍ 1533.32 കോടി രൂപയും എം പി എല്‍ എ ഡി എസ് പദ്ധതിക്ക് 2010-11 വരെ ആകെ അനുവദിച്ച തുക 22490.57 കോടി രൂപയും ആണ്. ഫണ്ട് വിനിയോഗിച്ച രീതി വിലയിരുത്തുമ്പോള്‍ 2009-10 ല്‍ അനുവദിച്ച തുകയുടെ 70.13 ശതമാനവും 2010-11 ല്‍ 94.71 ശതമാനവും മാത്രമാണ് വിനിയോഗിച്ചത്.

2006 ഡിസംബറിലെ സുനാമി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എം പി എല്‍ എ ഡി എസില്‍ ഭേദഗതികള്‍ വരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 207 ലോക്‌സഭാ എം പിമാരും 167 രാജ്യസഭാ എം പിമാരും യഥാക്രമം 22.74 കോടി രൂപയും 31.34 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്.

എം പി എസ് എ ഡി എസ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യക്ഷമമായി പദ്ധതി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് അനുഭവം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ 55-ാമത്തെ റിപ്പേര്‍ട്ടില്‍ എം പി എല്‍ എ ഡി എസിനെ നിശിതമായി വിമര്‍ശിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 1993-94 നും 2008-09 നും ഇടയില്‍ ഭാരതസര്‍ക്കാര്‍ എം പി എല്‍ എ ഡി എസിന് അനുവദിച്ച തുക 19425.75 കോടി രൂപ. ബാങ്കുകളില്‍ നിന്നും ലഭിച്ച പലിശ 420.16 കോടി രൂപ ഉള്‍പ്പെടെ 19845.91 കോടി രൂപ. അതില്‍ ചെലവഴിച്ചത് 18057.91 കോടി രൂപ. എം പി എല്‍ എ ഡി എസ് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പി എ സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പല പദ്ധതികളും സ്വന്തക്കാരായ കരാറുകാര്‍ക്ക് നല്‍കുന്ന അഴിമതിക്കഥകളും എം പി എല്‍ എ ഡി എസിലൂടെ പുറത്തു വരുന്നുണ്ട്. സി എ ജി യുടെ റിപ്പോര്‍ട്ടിലും എം പി എല്‍ എ ഡി എസിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഏറെയാണ്.

ജനപ്രതിനിധികള്‍ ആദ്യം ജനങ്ങളെ അറിയണം. അവരുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ തിരിച്ചറിയണം. പരിമിതികളില്‍ ഒതുങ്ങിയെങ്കിലും അവരുടെ നിത്യജീവിതം അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പദ്ധതികള്‍ നടപ്പിലാക്കണം. ഭാരതജനതയ്ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ആ ദിശയില്‍ ആയിരിക്കണം എം പി എല്‍ എ ഡി എസ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍.

*
കെ ജി സുധാകരന്‍ 

ജനയുഗം

No comments: