Wednesday, January 1, 2014

ഹാരി മാഗ്‌ഡോഫിന്റെ സ്മരണ പുതുക്കുമ്പോള്‍ (1913 - 2006)

ഹാരി മാഗ്‌ഡോഫ് മരിച്ചിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പ്രമുഖ സോഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായിരുന്നു ഹാരി.
1913 ഓഗസ്റ്റ് 21 നാണ് ഹാരി ജനിച്ചത്. ഒരു പെയിന്റിംഗ് തൊഴിലാളിയായിരുന്നു ഹാരിയുടെ പിതാവ്. ന്യൂയോര്‍ക്കില്‍ ഹാരി വളരുമ്പോള്‍ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ചൂടുപിടിക്കുകയായിരുന്നു. ഒരു ചര്‍ച്ചയില്‍ കേട്ട വാചകം ഹാരിയെ ഞെട്ടിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള ഇന്ത്യ എന്ന വാചകം ഹാരിയെ കൊളോണിയലിസം എന്താണെന്ന് പഠിക്കാന്‍ പ്രേരിപ്പിച്ചു. 1929 ല്‍ തന്റെ പതിനഞ്ചാം വയസില്‍ ഹാരി മാര്‍ക്‌സിനെ വായിച്ചു. കോണ്‍ട്രിബ്യൂഷന്‍ ടു എ ക്രിട്ടിക് ഓഫ് പൊളിറ്റിക്കല്‍ ഇക്കോണമി എന്ന മാര്‍ക്‌സിയന്‍ കൃതി പൂര്‍ണമായും വായിച്ചു മനസ്സിലാക്കാന്‍ ആ ബാലനു കഴിഞ്ഞില്ല. പക്ഷേ സാമ്പത്തികശാസ്ത്രത്തില്‍ അഗാധമായ പഠനം നടത്താന്‍ മാര്‍ക്‌സ് വഴികാട്ടിയായി.

ന്യൂയോര്‍ക്കിലെ സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ പുരോഗമന വിദ്യാര്‍ഥി സംഘടനയായ സോഷ്യല്‍ പ്രോബ്ലംസ് ക്ലബ്ബ് രൂപീകരിക്കുകയും സംഘടനയുടെ മാസികയായ 'ഫ്രേണ്ടിയേഴ്‌സ്' ന്റെ എഡിറ്ററുമായിരുന്നു ഹാരി. യുദ്ധത്തിനും ഫാസിസത്തിനും എതിരെ 1932 ല്‍ ഷിക്കാഗോയില്‍ നടന്ന  വിദ്യാര്‍ഥി സമ്മേളനത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. അക്കാലത്താണ് ന്യൂയോര്‍ക്ക് വിദ്യാര്‍ഥിനിയായ ബിയാട്രിസ് ഗ്രെയിസറിനെ വിവാഹം ചെയ്തത്.

1932 - 33 കാലഘട്ടത്തില്‍ നാഷണല്‍ സ്റ്റുഡന്റ് ലീഗിന്റെ മുഖപത്രമായ സ്റ്റുഡന്റ് റിവ്യൂവില്‍ കൊളോണിയലിസത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും ഹാരി ലേഖനങ്ങള്‍ എഴുതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഹാരിയെ കോളജില്‍ നിന്നും പുറത്താക്കി. പിന്നീട് ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ചേര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനുശേഷം ഫിലാഡല്‍ഫിയായില്‍ ഒരു ജോലിക്കു ചേര്‍ന്നെങ്കിലും കൂലി തുച്ഛമായിരുന്നു. എങ്കിലും അവിടെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയെക്കുറിച്ച് ഗാഢമായ പഠനം നടത്തി.

ഡിഫന്‍സ് അഡൈ്വസറി ഉദ്യോഗസ്ഥനായി ആസൂത്രണത്തെക്കുറിച്ച് ഹാരി ശരിയായ പഠനം നടത്തി പത്തുവര്‍ഷക്കാലം വാള്‍സ്ട്രീറ്റില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവായി ജോലി ചെയ്തു. 1950 കളിലും 1960 കളിലെ ആദ്യവര്‍ഷങ്ങളിലും ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു ഹാരി. തുടര്‍ന്ന് ന്യൂ സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചില്‍ അധ്യാപകനായി. ലിയോ ഹൂബെര്‍മാനും പോള്‍ സ്വീസിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച മാസിക മന്തിലി റിവ്യൂ തുടക്കം മുതല്‍ ഹാരിയെ ആകര്‍ഷിച്ചു. മന്തിലി റിവ്യൂ ഹാരിക്ക് ഇഷ്ടപ്പെടാന്‍ കാരണം അത് സോഷ്യലിസത്തെക്കുറിച്ച് എഴുതുന്നു എന്നതാണ്. അങ്ങനെ ഹാരി സോഷ്യലിസ്റ്റായി മാറുകയാണ്.

ഹാരി മന്തിലി റിവ്യൂവില്‍ സോഷ്യലിസത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തെക്കുറിച്ചും വിശദമായ ലേഖനങ്ങള്‍ എഴുതി. അതിന്റെ എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു.

ഒരു മാര്‍ക്‌സിസ്റ്റ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ആശയപ്രചാരണത്തിന് ഹാരി വന്‍ പ്രാധാന്യം നല്‍കി. മാര്‍ക്‌സിസത്തിന്റെ പ്രചാരണം തന്റെ ദൗത്യമായി ഏറ്റെടുത്ത് ഒരു വലിയ സുഹൃദ്‌സംഘത്തെ വളര്‍ത്തി എടുത്തു. ക്യൂബന്‍ വിപ്ലവകാരി ചെഗുവേരയുമായി ഹാരി നല്ല സുഹൃദ് ബന്ധം വളര്‍ത്തി. കമ്മ്യൂണിസത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും തമ്മില്‍ ആശയങ്ങള്‍ കൈമാറിയിരുന്നു. 'എന്‍കൗണ്ടര്‍ വിത്ത് ചെ' എന്ന പുസ്തകം 2004 ല്‍ പ്രസിദ്ധീകരിച്ചു.

1990 കളില്‍ ആഗോളവല്‍ക്കരണത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും ഹാരി ഗൗരവമായ പഠനം നടത്തി. ആഗോളവല്‍ക്കരണത്തിന്റെ ദോഷഫലങ്ങള്‍ അദ്ദഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. ഇന്ന് നാം നടത്തുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ഹാരിയുടെ പഠനങ്ങള്‍ കരുത്ത് പകരുന്നു. ആഗോള സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ വളര്‍ച്ചയും മൂന്നാംലോക ചൂഷണം മുന്‍കൂട്ടി കാണാനും ഹാരി മാഗ്‌ഡോഫിന് കഴിഞ്ഞു.

മന്തിലി റിവ്യൂ ക്രമേണ ലോകപ്രശസ്ത സോഷ്യലിസ്റ്റ് മാസികയായി വളര്‍ന്നു. 2002 ജൂണ്‍ മാസം ഹാരിയുടെ ഭാര്യ മരിച്ചതിനുശേഷം ഹാരി ബര്‍ലിംഗ്ടണില്‍ മകന്‍ ഫ്രെഡന്റെ കൂടെ താമസം തുടങ്ങി. ഹാരിയുടെ മകന്‍ വെര്‍മൗണ്ട് സര്‍വകലാശാലാ പ്രൊഫസറും മന്തിലി റിവ്യൂവിന്റെ സഹപത്രാധിപരുമാണ്. അച്ഛനും മകനും ചേര്‍ന്ന് കുറെ ലേഖനങ്ങള്‍ 2003 - 2005 കാലഘട്ടത്തില്‍ എഴുതിയിട്ടുണ്ട്.

ഹാരിയുടെ മകന്റെ വാക്കുകള്‍ പ്രകാരം ഹാരിക്ക് അറിയാതിരുന്ന ഒരു വിഷയവും ഉണ്ടായിരുന്നില്ല. ചരിത്രം, സാഹിത്യം, ഗണിതം, രാഷ്ട്രീയം, ശാസ്ത്രം ഏതു വിഷയവും ചോദിച്ചാല്‍ ഹാരിയില്‍ നിന്ന് ഉത്തരം കിട്ടും. ഒരു അസാമാന്യ പ്രതിഭയായിരുന്നു ഹാരി മാഗ്‌ഡോഫ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മുന്നേറ്റങ്ങള്‍ അവസാനകാലത്ത് ഹാരിയെ ആവേശം കൊള്ളിച്ചു.

ഹൃദയാഘാതം മൂലം 2006 പുതുവര്‍ഷ പുലരിയിലാണ് അദ്ദേഹം അന്തരിച്ചത്. ലോകപ്രശസ്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയേയും സാമ്പത്തിക ശാസ്ത്രജ്ഞനേയുമാണ് നമുക്ക് നഷ്ടപ്പെട്ടത്. കോടിക്കണക്കിന് ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു ഹാരി. പുതിയൊരു ലോകം സാധ്യമാണ് എന്നും അതിനുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

സാമൂഹ്യനീതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയാണ് നമുക്ക് ഹാരിയുടെ ഓര്‍മ്മപുതുക്കലിലൂടെ ചെയ്യാനുള്ളത്.

*
കെ ജി സുധാകരന്‍ ജനയുഗം

No comments: