Friday, January 3, 2014

ദക്ഷിണ സുഡാനില്‍ സംഭവിക്കുന്നത്

ദക്ഷിണ സുഡാനില്‍ പൂര്‍ണതോതിലുള്ള ഒരു ആഭ്യന്തരയുദ്ധം ഒഴിവാക്കാനുള്ള നയതന്ത്രശ്രമങ്ങളാണ് ഐക്യരാഷ്ട്രസംഘടനയും വിവിധ രാഷ്ട്രങ്ങളും നടത്തുന്നത്. പൂര്‍വ ആഫ്രിക്കയിലെ, ദക്ഷിണ സുഡാന്റെ അയല്‍രാജ്യങ്ങളായ എത്യോപ്യയും കെനിയയുമാണ് ഈ ശ്രമങ്ങളുടെ മുന്നില്‍. വാഷിങ്ടണും ബെയ്ജിങ്ങും നയതന്ത്രരംഗത്തുണ്ട്. ഇപ്പോള്‍തന്നെ അവിടെ നടക്കുന്ന സംഭവവികാസങ്ങളെ ആഭ്യന്തരയുദ്ധമെന്ന് വിശേഷിപ്പിക്കാം. പ്രസിഡന്റ് സല്‍വാകിറിനെതിരെ മുന്‍വൈസ്പ്രസിഡന്റ് റെയ്ക് മഷാര്‍ നടത്തുന്ന കലാപത്തിന്റെ ഫലമായി ഇതിനകം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായും പതിനായിരങ്ങള്‍ പലായനം ചെയ്തതായുമാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്കെതിരെയും ആക്രമണമുണ്ടായി. ലോകത്തിലെ ഏറ്റവും പുതിയ രാഷ്ട്രമായ ദക്ഷിണസുഡാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍വന്ന സര്‍ക്കാരിനെ നിയമവിരുദ്ധമായി അട്ടിമറിക്കുന്നതിന് അംഗീകാരം നല്‍കുകയില്ലെന്ന് പൂര്‍വ ആഫ്രിക്കന്‍ രാഷ്ട്രനേതാക്കള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

യുഎന്‍ സമാധാനസംരക്ഷണസേനയുടെ ക്യാമ്പിനെതിരെയുള്ള ആക്രമണങ്ങളില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ "ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമീഷന്" (ഒഎന്‍ജിസി വിദേശ്) എണ്ണമേഖലയില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യമാണ് ദക്ഷിണസുഡാന്‍. ഒഎന്‍ജിസി അവിടെനിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിച്ചുകഴിഞ്ഞു. ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധമെന്ന് പറയുമ്പോള്‍ അല്‍പ്പം ചരിത്രപരമായ വിശദീകരണമാവശ്യമുണ്ട്. ഇംഗ്ലണ്ടിന്റെയും ഈജിപ്തിന്റെയും കൊളോണിയല്‍ ഭരണത്തില്‍നിന്ന് 1956ല്‍ സുഡാന്‍ സ്വതന്ത്രമാകാനുള്ള തയ്യാറെടുപ്പിന്റെ കാലത്ത്, ഒരു ഫെഡറല്‍ സംവിധാനമാണുണ്ടാകുകയെന്ന വാഗ്ദാനം ലംഘിച്ച് അറബി-ഇസ്ലാമിക സ്വത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഖാര്‍ടൂമിലെ പുതിയ അധികാരികളെന്ന്, ദക്ഷിണസുഡാന്‍ നേതാക്കള്‍ ആരോപിച്ചു. 1955ല്‍ ദക്ഷിണസുഡാനിലെ സൈനികോദ്യോഗസ്ഥര്‍ കലാപം ആരംഭിച്ചു. അവരുടെ സഹായത്തോടെ ദക്ഷിണസുഡാന്‍ വിമോചനപ്രസ്ഥാനം ഗറില്ലായുദ്ധം തുടങ്ങി. സുഡാന്റെ സ്വാതന്ത്ര്യത്തോടെ തീവ്രമായ ഈ സമരം അവസാനിപ്പിച്ചത്, 1972ല്‍ "വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസി"ന്റെ മധ്യസ്ഥതയിലുണ്ടാക്കിയ ആഡിസ് അബാബാ കരാറാണ്. ദക്ഷിണസുഡാന് കുറെ സ്വയംഭരണാവകാശം നല്‍കുന്നതായിരുന്നു ഈ കരാര്‍. എന്നാല്‍, ഈ അവകാശം എഴുപതുകളുടെ അവസാനത്തോടെ വളരെ പരിമിതപ്പെടുത്തുകയും, എണ്‍പതുകളുടെ ആരംഭത്തില്‍ പൂര്‍ണമായി റദ്ദാക്കുകയുമാണ് സുഡാന്‍ സര്‍ക്കാര്‍ ചെയ്തത്. അതേത്തുടര്‍ന്നാണ് പുതിയ ആഭ്യന്തര സമരം അഥവാ ദക്ഷിണസുഡാന്‍ വിമോചനസമരത്തിന്റെ രണ്ടാംഘട്ടം- ആരംഭിക്കുന്നത്. ജോണ്‍ ഗരാങ്ങായിരുന്നു സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റിന്റെ (എസ്പിഎല്‍എം)യും സായുധവിഭാഗമായ "സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി" (എസ്പിഎല്‍എ)യുടെയും നേതാവ്. ഇരുപത്തെട്ടുകൊല്ലം നീണ്ടുനിന്ന ഈ സമരം അവസാനിച്ചത് 2005ലെ സമഗ്ര സമാധാന ഉടമ്പടിയോടെയാണ്. പ്രാദേശികസ്വയംഭരണം, കേന്ദ്രഭരണത്തില്‍ അധികാരപങ്കാളിത്തത്തിന്റെ ഉറപ്പ്, അഞ്ചുവര്‍ഷത്തിനുശേഷം ദക്ഷിണസുഡാന്‍ സ്വതന്ത്രമാകണമോയെന്നതിനെപ്പറ്റി റഫറണ്ടം ഇവയായിരുന്നു ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍. സുഡാനിലെ പ്രഥമ വൈസ്പ്രസിഡന്റായി നിയമിതനായി അധികം താമസിയാതെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജോണ്‍ ഗരാങ് കൊല്ലപ്പെട്ടു. ദക്ഷിണസുഡാനുണ്ടായ ദുരന്തമായിരുന്നു ഗരാങ്ങിന്റെ മരണം. ഗരാങ് ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്നത്തെ സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. 2010ല്‍ നടന്ന റഫറണ്ടത്തില്‍ ദക്ഷിണ സുഡാനിലെ 99 ശതമാനം ജനങ്ങളും സ്വാതന്ത്ര്യത്തിനായി വോട്ടുചെയ്തു. 2011ല്‍ ദക്ഷിണസുഡാന്‍ എന്ന പുതിയ രാഷ്ട്രം രൂപമെടുത്തു. ദക്ഷിണസുഡാനില്‍ ഇപ്പോള്‍ നടക്കുന്നത് അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയുള്ളത് ആഭ്യന്തരയുദ്ധംതന്നെയാണ്. അങ്ങനെയായാല്‍, ഒരു ലക്ഷത്തില്‍പരം ജനങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തിയശേഷം നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നുമാത്രമല്ല, വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പ്രസിഡന്റ് സല്‍വാകിറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കാന്‍ റെയ്ക് മഷാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള കിടമത്സരം, യഥാര്‍ഥത്തില്‍ ദക്ഷിണസുഡാനിലെ എണ്ണസമ്പത്തിനുമേലുള്ള ആധിപത്യത്തിനുള്ള മത്സരമാണ്. വംശീയ, വര്‍ഗീയ വിദ്വേഷം ഈ മത്സരത്തിലെ ഒരു പ്രധാന ആയുധമാണ്. ആഫ്രിക്കയില്‍, അംഗോളയും നൈജീരിയയും കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണസമ്പത്തുള്ള രാജ്യം ദക്ഷിണസുഡാനാണ്. ദക്ഷിണസുഡാന്‍ സ്വതന്ത്രമായപ്പോള്‍, അതായത് സുഡാന്‍ വിഭജിക്കപ്പെട്ടപ്പോള്‍ 75 ശതമാനം എണ്ണപ്പാടങ്ങളും ദക്ഷിണസുഡാനിലായി. സുഡാനും ദക്ഷിണസുഡാനും തമ്മില്‍ അതിര്‍ത്തികളെപ്പറ്റിയുള്ള തര്‍ക്കം അവസാനിച്ചിട്ടില്ല. ഈ തര്‍ക്കവും എണ്ണയുമായി ബന്ധപ്പെട്ടതുതന്നെ. ദക്ഷിണസുഡാന്‍ വന്‍തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും (വരുമാനത്തില്‍ തൊണ്ണൂറ്റിയെട്ടുശതമാനം എണ്ണയില്‍നിന്നാണ്) അതിന്റെ കയറ്റുമതിക്ക് സുഡാനെ പൂര്‍ണമായി ആശ്രയിക്കേണ്ടിവരുന്നു. കയറ്റുമതിക്കുള്ള പൈപ്പ് ലൈനുകളും മറ്റ് പശ്ചാത്തലസൗകര്യങ്ങളും തുറമുഖവുമെല്ലാം സുഡാന്റേതാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ, ഏതാണ്ട് പതിനഞ്ചുമാസത്തോളം, എണ്ണ കയറ്റുമതിക്കുള്ള എല്ലാ സൗകര്യങ്ങളും നിഷേധിച്ച്, ദക്ഷിണസുഡാന്റെ സമ്പദ്ക്രമത്തെ സുഡാന്‍ തകര്‍ത്തു. എണ്ണ ഉല്‍പ്പാദനമില്ലാതെ, വരുമാനമില്ലാതെയുള്ള അവസ്ഥ നാടകീയവും വിനാശകരവുമായ പ്രത്യാഘാതങ്ങളുണ്ടാക്കി. മഷാര്‍ ഇതിനെയും മുതലെടുക്കുന്നുണ്ട്. റെയ്ക് മഷാറിന്റെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ട്. വിമോചനസമരത്തില്‍ 1983 മുതല്‍ 1991വരെ, എസ്പിഎല്‍എമ്മില്‍ ജോണ്‍ഗരാങ്ങിനൊപ്പമായിരുന്നു മഷാര്‍. 1991ല്‍ ഗരാങ്ങിന്റെ നേതൃത്വത്തിനെതിരെ തിരിഞ്ഞ മഷാര്‍ എസ്പിഎല്‍എ-എനസീര്‍ എന്ന പുതിയ സംഘടനയുണ്ടാക്കി. പല ഘട്ടങ്ങളിലും ഇവര്‍ മുഖ്യവിമോചനസംഘടനക്കെതിരെ തിരിഞ്ഞത് സുഡാന്‍ സൈന്യം പ്രയോജനപ്പെടുത്തി. 2011ല്‍ കിര്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നപ്പോള്‍, വിമോചനസമരത്തില്‍ എതിരുനിന്ന സംഘങ്ങളെയും വ്യക്തികളെയും ഉള്‍ക്കൊള്ളുന്ന അനുരഞ്ജനപാത സ്വീകരിച്ചു. അങ്ങനെയാണ് റെയ്ക് മഷാര്‍ വൈസ്പ്രസിഡന്റായത്. ദക്ഷിണസുഡാനിലെ എല്ലാ വിഭാഗങ്ങളെയും വര്‍ഗങ്ങളെയും ഒരുമയോടുകൂടി നിര്‍ത്തിയെങ്കില്‍മാത്രമേ പുതിയ രാഷ്ട്രത്തിന്റെ നിര്‍മാണം വിജയിക്കുകയുള്ളൂവെന്ന് കിര്‍ വിശ്വസിച്ചു; ദേശീയ ഐക്യത്തിനായി ശ്രമിച്ചു. ആ പ്രക്രിയയാണ് ഇപ്പോള്‍ തകരുന്നത്. ഇപ്പോഴത്തെ അധികാരമത്സരം വംശീയവും വര്‍ഗീയവുമായ വിദ്വേഷത്തിലൂടെയാണ് പ്രകടമാകുന്നത്. ദക്ഷിണസുഡാനിലെ പ്രധാന രണ്ട് വര്‍ഗങ്ങള്‍ ഡിങ്കായും നുയെറുമാണ്. ഇവയില്‍ വലുത് ഡിങ്കായാണ്. ഈ വര്‍ഗത്തില്‍നിന്നാണ് പ്രസിഡന്റ് കിര്‍. മഷാര്‍ നുയെര്‍ വര്‍ഗക്കാരനാണ്. ഇതിനകം വംശീയ കലാപങ്ങളുണ്ടായതായും, ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധരംഗം എണ്ണസമ്പത്തുള്ള പ്രദേശങ്ങളിലാണ്. എണ്ണ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ പലതും മഷാറിന്റെ സേനകള്‍ പിടിച്ചെടുത്തു. ദക്ഷിണസുഡാനിലെ എണ്ണക്കമ്പനികള്‍ ഏതാണ്ട് മുഴുവനും ഏഷ്യന്‍ കമ്പനികളാണ്. ചൈനയുടെ നാഷണല്‍ പെട്രോളിയം കമ്പനിയാണ് ഇവയില്‍ ഏറ്റവും വലുത്. പിന്നില്‍ ഇന്ത്യയുടെ ഒഎന്‍ജിസി വിദേശ്. മലേഷ്യയുടെ പെട്രോണായുമുണ്ട്. എന്തുകൊണ്ടാണ് ദക്ഷിണസുഡാനിലെ എണ്ണമേഖല ഏഷ്യന്‍ കമ്പനികളുടെ കരങ്ങളില്‍ എന്ന ചോദ്യം പ്രസക്തമാണ്. അവിടെയുണ്ടായിരുന്ന പാശ്ചാത്യ എണ്ണക്കമ്പനികള്‍ പിന്‍വാങ്ങിയപ്പോഴാണ് ചൈനയും ഇന്ത്യയും മലേഷ്യയും രംഗത്തുവന്നത്. ആഭ്യന്തരയുദ്ധകാലത്ത് സുഡാന്‍ സൈന്യം വ്യാപകമായ മനുഷ്യാവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തുന്നതായി ആരോപണമുണ്ടായി. പാശ്ചാത്യരാഷ്ട്രങ്ങളിലെ മനുഷ്യാവകാശസംഘടനകള്‍ എണ്ണക്കമ്പനികളുടെമേല്‍ സമ്മര്‍ദം ചെലുത്തി. കമ്പനികളിലെ ഓഹരി ഉടമകള്‍ സുഡാനില്‍നിന്ന് പിന്മാറാന്‍ അവയോട് ആവശ്യപ്പെട്ടു. കാനഡയിലെ ടാലിസ്മെന്‍ എന്ന കമ്പനിയില്‍നിന്നാണ് ഒഎന്‍ജിസി എണ്ണപ്പാടങ്ങളുടെ അവകാശം വാങ്ങിയത്. നാല്‍പ്പതുവര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധങ്ങളില്‍ സുഡാന്‍ ഭരണകൂടത്തിന് ശക്തിപകര്‍ന്നത് എണ്ണക്കമ്പനികളായിരുന്നു. അവയില്‍നിന്നുള്ള വരുമാനമാണ് യുദ്ധത്തിന് ചെലവഴിച്ചത്. കമ്പനികളുണ്ടാക്കിയ പശ്ചാത്തലസൗകര്യങ്ങള്‍ - റോഡുകള്‍, ഹെലിപ്പാഡുകള്‍ തുടങ്ങിയവ - സൈന്യം പ്രയോജനപ്പെടുത്തി.

എണ്ണക്കമ്പനികളുടെ സാന്നിധ്യവും പ്രവര്‍ത്തനവുമാണ് സുഡാന്‍ സര്‍ക്കാരിന് യുദ്ധത്തിന് ഊര്‍ജം നല്‍കിയതെന്ന് യുഎന്‍ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ദക്ഷിണസുഡാനില്‍ പൂര്‍ണതോതില്‍ ആഭ്യന്തരയുദ്ധം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ആ രാജ്യത്ത് ഒതുങ്ങിനില്‍ക്കില്ല; അയല്‍രാജ്യങ്ങളെയും ബാധിക്കും. ദക്ഷിണസുഡാന്റെ ശിഥിലീകരണം ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം വന്‍ദുരന്തമായിരിക്കും. അടിക്കുറിപ്പ്: എസ്പിഎല്‍എം സ്ഥാപകനേതാവ് ജോണ്‍ഗരാങ്ങുമായി, ഈ ലേഖകന്‍ ജനീവയിലും ആഡിസ് അബാബയിലുമായി മൂന്നുതവണ സംഭാഷണം നടത്തിയിട്ടുണ്ട്. സുഡാന്‍ പ്രശ്നപരിഹാരത്തിനായി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന് എന്തെങ്കിലും ചെയ്യാനുള്ള സാധ്യതകളെപ്പറ്റിയായിരുന്നു ഈ സംഭാഷണങ്ങള്‍. 1972ലെ ആഡിസ് അബാബാകരാറിന് മധ്യസ്ഥതവഹിച്ചത് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസായിരുന്നു. ജോണ്‍ ഗരാങ്ങുമായി ലേഖകന്‍ നടത്തിയ ഒരു സംഭാഷണത്തില്‍, ഇപ്പോള്‍ കലാപം നയിക്കുന്ന റെയ്ക് മഷാറും പങ്കെടുത്തിരുന്നു.

*
നൈനാന്‍ കോശി ദേശാഭിമാനി

1 comment:

P.C.MADHURAJ said...

Marxists should also join in the fight between the fundamentalist religions because Marxist Parties all over the world (whereever they exist, ofcourse) function as a fanatic religion.