Thursday, January 9, 2014

ജനത്തെ കബളിപ്പിക്കാന്‍വഴിപാട് നിവേദനം

കാപട്യമാണ് യുഡിഎഫ് മന്ത്രിസഭ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ മുഖമുദ്ര. നാടും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതല്ല, പരിഹാരം കാണാന്‍ ശ്രമിച്ചെന്നു വരുത്തിത്തീര്‍ക്കുക. ഇതേ നിവേദനംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ജനങ്ങളുടെ ആശങ്കയുടെ പശ്ചാത്തലത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേനിലയില്‍ നടപ്പാക്കില്ല എന്ന് കേന്ദ്രം ഉറപ്പുതരണമെന്ന് ആവശ്യപ്പെടേണ്ട കേരള മന്ത്രിസഭ, പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത് റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അല്‍പ്പം കാലതാമസം വരുത്തണമെന്ന മട്ടിലാണ്. പരിസ്ഥിതിലോല പ്രദേശങ്ങളെ പ്രഖ്യാപിക്കുന്നതിനുമുമ്പ് സ്ഥലം സന്ദര്‍ശിക്കണമെന്നും മറ്റുമൊക്കെ വളച്ചുകെട്ടിപ്പറയുന്നതിനു പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇന്നത്തെ നിലയില്‍ നടപ്പാക്കില്ലെന്ന് ഉറപ്പുതരണമെന്ന് ആവശ്യപ്പെടുന്നതിന് എന്ത് തടസ്സമാണ് സംസ്ഥാനമന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നത്? നേരിട്ട് സന്ദര്‍ശിക്കണമെന്നും മറ്റും പറയുന്നത് റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അല്‍പ്പം കാലതാമസം വരുത്തണമെന്ന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. അതായത്, ലോക്സഭാ തെരഞ്ഞെടുപ്പുവരെ നടപടി അരുത്. അത്രമാത്രം.

ഈ റിപ്പോര്‍ട്ടിന്മേല്‍ എന്ത് തീരുമാനവും എടുക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ആ കേന്ദ്രത്തിന്റെ അധിപന്‍ പ്രധാനമന്ത്രിതന്നെയാണ്. അദ്ദേഹം കേരളത്തില്‍ വന്ന ഘട്ടത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കില്ല എന്ന് ഉറപ്പുവരുത്താമായിരുന്നു. പക്ഷേ, വളച്ചുകെട്ടലിലൂടെ കാലതാമസം വരുത്താന്‍ ഇടംനല്‍കുക എന്നതാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ചെയ്തത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരമുള്ള സമയമാണിത്. ആ അധികാരം ഉപയോഗിച്ച് എന്ത് തീരുമാനവും എടുക്കാവുന്നതേയുള്ളൂ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സാവകാശം എന്നത് കപടതന്ത്രം കലര്‍ന്ന ആവശ്യമാണ്. ഇപ്പോള്‍ എടുക്കാവുന്ന തീരുമാനം എടുക്കാതെ രണ്ടുമാസത്തേക്ക് നീട്ടിക്കൊണ്ടുപോവുക. അപ്പോഴേക്കും തെരഞ്ഞെടുപ്പു വിജ്ഞാപനം വരും. അതോടെ ഒന്നും ചെയ്യാനാകുന്നില്ല എന്നുപറഞ്ഞ് കൈമലര്‍ത്താനുമാകും. ഇതാണ് തന്ത്രം. മലയോരകര്‍ഷകരോട് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ചെയ്യുന്നത്. മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രിതന്നെ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്തി തീരുമാനമെടുപ്പിക്കാമായിരുന്നു. അതിന് ഒരു ശ്രമവും നടത്തിയില്ല. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്നപോലെ നിന്നു. ചതുരശ്ര കിലോമീറ്ററില്‍ നൂറുപേരില്‍ അധികം നിവസിക്കുന്ന പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധസമിതിതന്നെ പറഞ്ഞിട്ടുണ്ട്. അതുപോലും പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് കഴിയാതെപോയി. ആധാര്‍കാര്‍ഡ് കാര്യത്തിലുള്ള നിബന്ധനമൂലം സംസ്ഥാനത്ത് പാതിയോളം പാചകവാതക ഉപയോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കാത്ത നിലയുണ്ട്. ആധാര്‍വിതരണം അടുത്തൊന്നും പൂര്‍ത്തിയാകുമെന്നതിന്റെ സൂചന എവിടെയും കാണാനുമില്ല. ഈ സാഹചര്യത്തില്‍ പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധിതമാക്കുമെന്ന നിലപാട് ആധാര്‍വിതരണം പൂര്‍ത്തിയാകുംവരെയെങ്കിലും ബാധകമാക്കരുതെന്ന് ആവശ്യപ്പെടേണ്ട സംസ്ഥാനമന്ത്രിസഭ, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് ആറുമാസത്തേക്ക് നിബന്ധന നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നു മാത്രമാണ്. അതായത്, തെരഞ്ഞെടുപ്പ് കഴിയുംവരെ ഉപദ്രവിക്കാതിരുന്നാല്‍ മതി എന്നര്‍ഥം. ആധാര്‍കാര്‍ഡ് മുഴുവന്‍പേരും ബാങ്കുമായി ബന്ധിപ്പിച്ചശേഷം മാത്രമേ കേന്ദ്ര നിബന്ധന നടപ്പാക്കാവൂ എന്ന് പ്രധാനമന്ത്രിയോടു പറയാന്‍ എന്തായിരുന്നു യുഡിഎഫ് മന്ത്രിസഭയ്ക്ക് തടസ്സം? അക്ഷന്തവ്യമായ ഒരു അപരാധം, റബര്‍ ഇറക്കുമതി പ്രശ്നം മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലോ അദ്ദേഹത്തിന് നല്‍കിയ നിവേദനത്തിലോ പരാമര്‍ശിച്ചുപോലുമില്ല എന്നതാണ്. കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന റബര്‍വില 150-145 തലത്തിലേക്ക് താണത് റബര്‍ കര്‍ഷകരെ ഫലത്തില്‍ പാപ്പരാക്കുകയാണ്. കേന്ദ്ര ഇറക്കുമതിനയമാണ് ഇതിന്റെ പിന്നിലുള്ള ഘടകം. ആ ഇറക്കുമതിനയം തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാതിരുന്നതിന് എന്ത് സമാധാനമാണ് മന്ത്രിസഭയ്ക്ക് പറയാനുള്ളത്. റബര്‍ വിലത്തകര്‍ച്ച കര്‍ഷക കുടുംബങ്ങളില്‍ മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയില്‍ത്തന്നെ അതിഗുരുതരമായ ആഘാതങ്ങളേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുവരുമാനത്തില്‍ത്തന്നെ അത് വലിയ ഇടിവുവരുത്തി. റബര്‍ കര്‍ഷകരുടെ ജീവിതാവസ്ഥയെക്കുറിച്ചോ സമ്പദ്ഘടനയുടെ നിലനില്‍പ്പിനെക്കുറിച്ചോ അല്‍പ്പമെങ്കിലും കരുതലുണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു അനാസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായിരുന്നു. കേരളത്തിനുവേണ്ടി തങ്ങള്‍ വാദിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അതേസമയം, കേന്ദ്രതാല്‍പ്പര്യങ്ങളെ ഒരുതരത്തിലും അലോസരപ്പെടുത്താതെ വിനീതദാസരായി പ്രധാനമന്ത്രിക്കു മുന്നില്‍ നില്‍ക്കുക. ഇത്തരമൊരു ദ്വിമുഖ നിലയാണ് സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടത്. കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളിലാകെ വിട്ടുവീഴ്ച ചെയ്യലാണ് ഇത്. കേരളത്തിന്റെ നിലനില്‍പ്പിനെയും അതിജീവനത്തെയും ബലികൊടുക്കലാണിത്.

പല കാലമായി കൊടുത്തിട്ടുള്ള നിവേദനങ്ങളിലെ ഉള്ളടക്കം വീണ്ടുമൊരിക്കല്‍ക്കൂടി പകര്‍ത്തിയെഴുതി പ്രധാനമന്ത്രിക്ക് നല്‍കി. റെയില്‍വേ കോച്ച് ഫാക്ടറിമുതല്‍ അങ്കമാലി- ശബരി റെയില്‍പാതവരെയുള്ള കാര്യങ്ങളില്‍ അതാണ് കാണുന്നത്. കേരളത്തില്‍ കോച്ച് ഫാക്ടറി തുടങ്ങാമെന്ന് എഴുപതുകളുടെ അവസാനത്തില്‍ത്തന്നെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഉറപ്പുനല്‍കിയിരുന്നു. പാലക്കാട്ട് അത് സ്ഥാപിക്കുമെന്നും പറഞ്ഞു. എന്നാല്‍, പാലക്കാട്ടെ നിര്‍ദിഷ്ട ഫാക്ടറി പഞ്ചാബിലേക്ക് മാറുന്നതാണ് പിന്നീട് കണ്ടത്. അവിടെനിന്ന് കോച്ചുകള്‍ പുറത്തുവന്നു തുടങ്ങിയിട്ടും കാലമേറെയായി. ഇപ്പോഴും പാലക്കാട്-കഞ്ചിക്കോട് ഫാക്ടറി യാഥാര്‍ഥ്യമാകാതെ നില്‍ക്കുന്നു. ഇതടക്കമുള്ള കാര്യങ്ങളില്‍ പഴയതിന്റെ ആവര്‍ത്തനമല്ലാതെ, കേരളത്തിന്റെ അര്‍ഹത ബോധ്യപ്പെടുത്തുന്ന പുതിയ ഒരു ഇടപെടലും സംസ്ഥാന മന്ത്രിസഭ നടത്തിയില്ല. പ്രധാനമന്ത്രിയാകട്ടെ ഒരു ഉറപ്പും നല്‍കിയതുമില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിപാടുമാത്രമായി നിവേദനം!

*
ദേശാ‍ാഭിമാനി മുഖപ്രസംഗം

No comments: