Monday, February 24, 2014

സത്യം അറിയാന്‍ ആഗ്രഹിക്കാത്ത വിശ്വാസം

മോഡിവല്‍ക്കരണത്തിന്റെ ഇന്ധനമായി ആള്‍ദൈവങ്ങള്‍കൂടി മാറുന്നതിനും കേരളം സാക്ഷിയാണ്. ഇവര്‍ രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധം അരക്കിട്ടുറപ്പിച്ചതിന്റെ അടിത്തറയും മൂലധനമാണ്. വൈരുധ്യങ്ങള്‍ തലകീഴായി തൂക്കിയിടുന്ന അവരുടേത് കുട്ടിക്കളിയല്ലെന്ന് പറയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. മൂലധനാരാധന, ശാസ്ത്ര വിരുദ്ധത, യുക്തിരാഹിത്യം, അധോലോക പിന്തുണ, മാഫിയ രാഷ്ട്രീയം - എന്നിങ്ങനെ ഒരേതരം അടുപ്പിലാണ് രണ്ടിന്റെയും സമീപനങ്ങള്‍ വേവുന്നതും. സാമൂഹ്യ ചിന്തകര്‍ അനൗപചാരിക സമ്പദ്വ്യവസ്ഥ എന്ന് വിശേഷിപ്പിക്കാന്‍ ശ്രമിച്ച സമാന്തര ധാരയുടെ ചരിത്രത്തിന് ഇന്ത്യയില്‍ ഏറെ പഴക്കമുണ്ട്. ക്രിമിനല്‍ മൂലധനവും വാണിജ്യ ഭക്തിയും രാഷ്ട്രീയ പിന്തുണയുമെല്ലാം ചേര്‍ന്നതാണ് അത്. ഭരണത്തിന്റെ ഇടനാഴികളിലും നേതൃത്വങ്ങളുടെ കിടപ്പറകളിലും ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ അടുക്കളയിലും ആ അശ്ലീലബന്ധം തുടര്‍ന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും നേടിയെടുത്ത വിജയങ്ങള്‍ സമര്‍പ്പിക്കുന്നത് ദൈവങ്ങള്‍ക്കാവുന്നത് ന്യായീകരിക്കാന്‍ യുക്തിയുടെ പിന്‍ബലമില്ലെങ്കിലും വിശ്വാസത്തിന്റെ മറവുകളുണ്ട്. രാമജന്മഭൂമി തകര്‍ത്ത് അസഹിഷ്ണുതയുടെ കാവിക്കൊടി ഉയര്‍ത്തിയ സംഘപരിവാരം ആവര്‍ത്തിച്ചതാകട്ടെ, രാമജന്മ ഭൂമി പ്രശ്നം തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു. ഒരാളുടെ ജന്മസ്ഥലം ഏതെന്നത് വിശ്വാസംകൊണ്ട് സാധൂകരിക്കാവുന്നതല്ല. മറിച്ച് അതിന് വസ്തുതകളുടെ പിന്‍ബലം വേണം. ജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും പതഞ്ഞൊഴുകുന്ന യുക്തിരാഹിത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടക്കുന്ന മേഖലകളിലൊന്നാണ് നവമാധ്യമങ്ങള്‍. അവയെ ഉജ്വലങ്ങളായ സമരമുഖങ്ങളാക്കുന്ന ആക്ടിവിസ്റ്റുകള്‍ മോഡിവല്‍ക്കരണം, അതോട് ഐക്യം പ്രഖ്യാപിക്കുന്ന "നവോത്ഥാന"ത്തിന്റെ അവകാവശവാദങ്ങള്‍, ജാതി-മത രാഷ്ട്രീയത്തിന്റെ സാമ്പത്തികാടിത്തറ, അന്ധവിശ്വാസങ്ങളുടെ വേലിയേറ്റം, ആള്‍ദൈവങ്ങളുടെയും ആത്മീയ വ്യാപാരത്തിന്റെയും അറവുശാലകള്‍- തുടങ്ങി ജനാധിപത്യ സംസ്കാരത്തെ കുത്തിമലര്‍ത്തുന്ന പ്രവണതകള്‍ ചൂണ്ടിക്കാട്ടി ഗൗരവാവഹങ്ങളായ ഇടപെടല്‍തന്നെ നടത്തുന്നുണ്ട്. വര്‍ഗീയതയുടെയും വംശീയതയുടെയും അവകാശവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമെതിരെ മതനിരപേക്ഷതയുടെ നിലപാടെടുക്കുന്നവരും ഏറെയാണ്.

വലതുപക്ഷ സര്‍ക്കാരുകളോടും രാഷ്ട്രീയത്തോടും വിലപേശി നേതൃത്വത്തിന്റെ കച്ചവട താല്‍പര്യങ്ങള്‍ ഉറപ്പിക്കുന്നതിനെതിരെ ഫെയ്സ്ബുക്കില്‍ സമീപകാലത്ത് നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ക്ക് വല്ലാത്ത തീവ്രതയുണ്ടായിരുന്നു. ""ജാതിക്കും മതത്തിനും മന്ത്രിവേണം എന്നുപറയുന്ന ജാതി-മത നേതാക്കള്‍ അവരുടെ സമുദായത്തിലെ എത്രപേര്‍ക്ക് സ്വന്തമായി വീടില്ല, കക്കൂസില്ല, തൊഴിലില്ല, ആഹാരമില്ല എന്ന് അന്വേഷിക്കാറുണ്ടോ? ആര്‍ക്കുവേണ്ടിയാണ് മന്ത്രിക്കസേര?...."" എന്ന തുറന്നപറച്ചിലിന് ഏറെ സ്വാധീനമുണ്ടാക്കാനായി. ഭരണസംവിധാനത്തിലെ താക്കോല്‍ സ്ഥാനങ്ങളില്‍ മന്ത്രിമാരായും സെക്രട്ടറിമാരായും ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്മാരായും എംപി-എംഎല്‍എമാരുമായി സ്വന്തം സമുദായത്തിലെയും മതത്തിലെയും അംഗങ്ങളെ നിയമിക്കണമെന്ന എന്‍എസ്എസ് - എസ്എന്‍ഡിപി - മത നേതൃത്വങ്ങളുടെ ശാഠ്യത്തിനെതിരെയായിരുന്നു ആ ഫെയ്സ്ബുക്ക് വിമര്‍ശനം.

വാണിജ്യ ജാതി - മത നേതൃത്വങ്ങള്‍ ജനങ്ങളുടെ യഥാര്‍ഥ പ്രതിനിധികളെന്ന സൂചനയുണ്ടാക്കുന്നു എന്നതാണ് പുതിയ വാദങ്ങളുടെ പ്രധാന അപകടം. ഏതെങ്കിലും വരേണ്യ പദവിയില്‍ തങ്ങളുടെ ജാതി-മതത്തിലെ കൈവിരലിലെണ്ണാവുന്നവരെ കുടിയിരുത്തിയാല്‍ മുഴുവന്‍ ആളുകളുടെയും പ്രാതിനിധ്യമായി എന്ന ധാരണയുണ്ടാക്കുന്നതാണ് രണ്ടാമത്തെ ദുരന്തം. പഞ്ചാബിലെ വര്‍ഗീയതയുടെ കയറ്റിറക്കങ്ങള്‍ പരിശോധിച്ച ചില പഠനങ്ങള്‍ അത് വികൃതമാക്കപ്പെട്ട വര്‍ഗസമരമാണെന്ന് നിരീക്ഷിച്ചത് കേരളത്തെയും ഉണര്‍ത്തേണ്ടതാണ്. അമേരിക്കന്‍ എഴുത്തുകാരനും സംഗീതജ്ഞനും ഹാസ്യകാരനുമായ ഗാരിസ്സണ്‍ കെയ്ല്ലോര്‍ പറഞ്ഞത് ഇവിടെ ചേര്‍ത്തുവയ്ക്കാം. പള്ളിയില്‍ ഇരുന്നാല്‍ ക്രിസ്ത്യാനിയായെന്ന് കരുതുന്നവര്‍ ഗാരേജിലിരുന്നാല്‍ കാര്‍ ആയെന്നും വിചാരിക്കും. സ്വന്തം ചിന്ത, കാഴ്ച, പ്രചാരണം, നിഗമനം -തുടങ്ങിയവ സ്വയം നിര്‍വചിക്കുകയെന്ന ഫലമാണ് ജാതി-മത നേതൃത്വത്തിന്റെ അവകാശവാദങ്ങള്‍ ഉണ്ടാക്കുന്നത്. ഹിറ്റ്ലറുടെ പോപ്പ് എന്ന കൃതിയിലൂടെ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ജോണ്‍ കോണ്‍വെല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഹിറ്റ്ലര്‍ ബന്ധം നന്നായി തുറന്നുകാട്ടിയിട്ടുണ്ട്. യുജെനിയോ പാസെല്ലി പിയൂസിലേക്ക് വളര്‍ന്നപ്പോള്‍ നാസി ജര്‍മനിയെ പാടിപ്പുകഴ്ത്തുകയായിരുന്നു.

രണ്ടാംലോക യുദ്ധവേളയിലെ കൂട്ടക്കുരുതികളോട് പിയൂസിന്റെ നിലപാട് മാര്‍ദവമേറിയതായിരുന്നതായും കോണ്‍വെല്‍ കണ്ടെത്തി. ജര്‍മനിയിലെ കാത്തലിക് ജനാധിപത്യ രാഷ്ട്രീയത്തെ പോപ്പ് വഞ്ചിച്ചതായും ആ കൃതി സ്ഥാപിച്ചു. പാസെല്ലിയുടെ സഹോദരന്‍ ഫ്രാന്‍സെസ്കോ, ബെനിറ്റോ മുസോളിനിയുമായി വിജയകരങ്ങളായ കൂടിയാലോചനകള്‍ നടത്തി കരാറുകളിലെത്തുകയും ഉണ്ടായെന്ന് കോണ്‍വെല്‍ തുടര്‍ന്ന് കൂട്ടിച്ചേര്‍ത്തു. വലതുപക്ഷ സ്വേഛാധിപത്യ ഭരണങ്ങളുമായി ഉറ്റചങ്ങാത്തം പുലര്‍ത്തിയ ഈ സഹോദരതാല്‍പര്യങ്ങളുടെ മാതൃകയിലാണ് കേരളത്തിലെ പല ജാതി - മത സംഘടനകളുടെയും നേതൃത്വങ്ങള്‍ പെരുമാറി വരുന്നത്. സൗഹാര്‍ദം, സാഹോദര്യം, അനുകമ്പ - തുടങ്ങിയ സന്ദേശങ്ങളുടെ പ്രവാചകരും പ്രചാരകരുമെന്ന് സ്വയം പരസ്യപ്പെടുത്തുന്നവര്‍ നരേന്ദ്രമോഡിയുമായിപ്പോലും കൈകോര്‍ത്തുനിന്നു. ഗുജറാത്തിലെ വംശഹത്യാ പരമ്പരകളെ ന്യൂട്ടന്റെ ചലനനിയമം കൂട്ടിപ്പിടിച്ച് ന്യായീകരിച്ച ആ ഇന്ത്യന്‍ ഹിറ്റ്ലര്‍ക്ക് പരവതാനി വിരിക്കാനും ചില ആത്മീയ കച്ചവടക്കാര്‍ തയ്യാറായി. ഏറ്റവും ഹീനവും പ്രാകൃത വുമായ അതിക്രമങ്ങളിലൂടെ ഗുജറാത്തില്‍ ചോരപ്പുഴ ഒഴുക്കിയ മോഡിയെയും ദൈവിക - സാംസ്കാരിക കേന്ദ്രങ്ങളെയും ഒന്നിച്ചു നിര്‍ത്തുന്നത് മൂലധന രാഷ്ട്രീയമാണ്. ശിവഗിരിയായാലും മന്നം സമാധിയായാലും പള്ളിമേടകളായാലും ഇത് ബാധകമാവുന്നു.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പല മത സാരം ഏകം എന്നുമാണ് ഗുരു പറഞ്ഞത്. എന്നാല്‍, മതം താനാണെന്നും മതം തന്റേതുതന്നെ ആയിക്കൊള്ളണമെന്നും ശഠിക്കുന്നവരെ വിളിച്ചുവരുത്തി ആദരിക്കുന്നത് ശരിയോ എന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്മാര്‍ ചിന്തിക്കണം. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്. അല്ലാതെ മറ്റ് മതങ്ങള്‍ക്കോ ജാതികള്‍ക്കോ എതിരായി നില്‍ക്കണമെന്നല്ല. ഗുരു ഉയര്‍ത്തിയ മാനവികതയുടെ മഹാസന്ദേശം കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടമാണിത്. ഒരു പ്രത്യേക ജാതിയോ പ്രത്യേക മതമോ മാത്രം മതിയെന്നല്ല അദ്ദേഹം ഉദ്ബോധിപ്പിച്ചത്. അദ്ദേഹം രൂപംനല്‍കിയ സംഘടനയുടെ പേര് ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല. ശ്രീനാരായണധര്‍മത്തിന്റെ പേരാണ് അതിന് നല്‍കിയത്. സംഘടനയില്‍ പ്രത്യേക സമുദായക്കാര്‍ മാത്രമായി ചുരുങ്ങരുതെന്നും മനുഷ്യരെയെല്ലാം ഒന്നായി ചേര്‍ക്കുന്നതാകണമെന്നുമായിരുന്നു സന്ദേശം. തന്റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍ പെട്ടവരാകരുതെന്നായിരുന്നു കാഴ്ചപ്പാട്. മുസ്ലിങ്ങള്‍ക്ക് സംഘടന രൂപീകരിക്കുമോ എന്ന ചോദ്യത്തിന് അവര്‍ക്ക് ആവശ്യമെങ്കില്‍ തയ്യാറാണ് എന്നാണ് ഗുരു പ്രതികരിച്ചത്. സന്ദേശത്തിനൊപ്പം പ്രവര്‍ത്തനത്തിലൂടെയേ സാമൂഹ്യമാറ്റം കൈവരിക്കാനാകൂ എന്ന് ഗുരു തെളിയിച്ചു. അരുവിപ്പുറം ശിവപ്രതിഷ്ഠ നല്‍കുന്ന സന്ദേശം അതാണ്.

ചാതുര്‍വര്‍ണ്യ തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞ സമൂഹത്തെ മോചിപ്പിക്കാനും ആത്മാഭിമാനവും വെളിച്ചവും പകരാനും ഗുരുവിന് കഴിഞ്ഞു. സാമൂഹ്യമാറ്റത്തിന്റെ ചിന്തയുടെ പ്രതിഷ്ഠയാണ് അരുവിപ്പുറത്തേത്. നിലവിലെ സാമൂഹ്യവ്യവസ്ഥയോടുള്ള കലാപമായിരുന്നു ഇത്. നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയണമെന്ന സന്ദേശവുമായി കണ്ണാടിപ്രതിഷ്ഠയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദീപപ്രതിഷ്ഠയും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ അക്ഷരപ്രതിഷ്ഠയും നടത്തി. ഇതെല്ലാം മറന്ന് വിഗ്രഹത്തില്‍മാത്രം കേന്ദ്രീകരിക്കുന്നത് ഗുരുനിന്ദയാകും. സാധാരണ സന്യാസികള്‍ മോക്ഷപ്രാപ്തിക്കായി ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതപ്രാപ്തിക്ക് ഉതകുന്ന വഴികള്‍ തേടുകയായിരുന്നു ഗുരു. സമൂഹത്തെ മാറ്റുന്നതിനുള്ള സമരോത്സുക പാതയായിരുന്നു അത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹ്യവ്യവസ്ഥയില്‍ മനുഷ്യത്വത്തിന്റെ സന്ദേശവുമായി ഗുരു ഇടപെട്ടു. ഒരുപാട് അനാചാരങ്ങളും ജീര്‍ണതകളും പീഡനങ്ങളും അടിമത്ത മനോഭാവവുമെല്ലാം നിറഞ്ഞുനിന്നിരുന്ന അവസ്ഥ. ഗുരുവിന്റെ സന്ദേശങ്ങളും ഇടപെടലുകളും ഒരു സമുദായത്തില്‍ മാത്രമല്ല കേരളത്തിലെമ്പാടും മാറ്റത്തിന്റെ കാഹളം മുഴക്കി. കേരളത്തെ ഭ്രാന്താലയമാണെന്ന വിശേഷണത്തില്‍നിന്ന് മാറ്റുന്നതിനുള്ള തീവ്രമായ ശ്രമമാണ് ഗുരു നടത്തിയത്. ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ പേരുപോലും അനുകരിച്ച് മുസ്ലിം സംഘടനകള്‍ ഉണ്ടായത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തെയും ഗുരുചിന്തകള്‍ ആഴത്തില്‍ പിടിച്ചുകുലുക്കി. അധ്വാനവര്‍ഗത്തിന്റെ പോരാട്ടങ്ങളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം കേരളത്തിലുണ്ടായത്. അധ്വാനവര്‍ഗത്തിന്റെ ആ ഐക്യം ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വ്യക്തിപരവും സാമ്പത്തികവുമായ ഇടുങ്ങിയ കാഴ്ചയിലൂടെ മാത്രം നോക്കി ഇത്തരം പുതിയ ബാന്ധവങ്ങളെ ന്യായീകരിക്കുകയുമാണ് വരേണ്യവാദികള്‍. ശ്രീനാരായണ ഗുരു ഏതൊക്കെ പ്രവണതകള്‍ക്കെതിരെ നിലയുറപ്പിച്ചുവോ അവയെയെല്ലാം മാന്യമായി തിരിച്ചെത്തിക്കുകയാണ് ജാതി പ്രമാണിമാര്‍. അങ്ങനെ നോക്കുമ്പോള്‍ ഗുരുവിനെപ്പോലെ ഇത്രയും അനാഥനായ ആചാര്യന്‍ വേറെയുണ്ടാവില്ല ലോകത്ത്. താന്‍ തച്ചുടച്ച കെട്ട പ്രവണതകളെല്ലാം സ്വന്തം പേരില്‍ മടങ്ങി വരുന്നത് ജീവിച്ചിരുന്നപ്പോള്‍ തന്നെ കാണാനുള്ള അവസരവും അദ്ദേഹത്തിനുണ്ടായി. എസ്എന്‍ഡിപി യോഗവുമായുള്ള ബന്ധം വിഛേദിച്ച് ഡോ. പല്‍പുവിനെഴുതിയ കത്ത് ചരിത്രത്തിലെ തുടിക്കുന്ന നിലപാടാണ്.

കെട്ടുപിണഞ്ഞ അന്ധവിശ്വാസങ്ങളുടെയും ചീഞ്ഞളിഞ്ഞ അനാചാരങ്ങളുടെയും അംഗവൈകല്യമുണ്ടായ സമൂഹത്തിലാണ് ഗുരു ചിന്താ സ്ഫോടനങ്ങളുണ്ടാക്കിയത്. സമുദായ നേതാക്കളുടെ നടുവില്‍നിന്നുതന്നെ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വ്യത്യസ്തമായ ദര്‍ശനം കരുപ്പിടിപ്പിക്കുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യര്‍ക്കുശേഷം പത്ത് നൂറ്റാണ്ട് കഴിഞ്ഞാണ് ഈ വഴിമാറ്റമെ ന്നോര്‍ക്കണം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സങ്കല്‍പം അത്രവേഗം വ്യാഖ്യാനിച്ചെടുക്കാനാവില്ല. എന്നിട്ടും അത് സാമാന്യ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം വിപുലമായിരുന്നു. മതം ഒന്നാകുമ്പോള്‍ ദൈവവും ഒന്നുമാത്രം. ദൈവ സൃഷ്ടിയായ മനുഷ്യര്‍ അപ്പോള്‍ പലതാകാന്‍ വഴിയില്ല. അങ്ങനെയായാല്‍ മനുഷ്യര്‍ പല ജാതിയാകാന്‍ തരമില്ല. ജാതിയും ഒന്ന് - മനുഷ്യന്‍ മാത്രം.

എവിടെയും തുറന്ന സ്വാഗതവും നിറഞ്ഞ സ്വീകാര്യതയും ലഭിച്ച ചന്ദ്രസ്വാമി കുംഭകോണങ്ങളിലും ഹൈന്ദവ പ്രതീക പ്രചാരണത്തിലും ലോല ജീവിതാനന്ദങ്ങളിലും തിളങ്ങി. ഹിന്ദുത്വവും ദേശീയതയും മാറിമാറി പരീക്ഷിച്ച കോണ്‍ഗ്രസിന്റെ കാവി - ദൈവിക - ജനാധിപത്യ പ്രഛന്ന വേഷമത്സരത്തില്‍ അയാള്‍ പലപ്പോഴും ഒന്നാമനുമായി. നെമി ചന്ദ് ബിഹാര്‍ വനാന്തരങ്ങളില്‍ നാലുവര്‍ഷം കഴിഞ്ഞശേഷം "സിദ്ധി" സ്വായത്തമാക്കുകയും ചന്ദ്രസ്വാമി എന്ന ആള്‍ദൈവമായി അറിയപ്പെടുകയുമായിരുന്നു. ജ്യോതിഷിയെന്ന നിലയിലായിരുന്നു ആദ്യം പ്രാമുഖ്യം നേടിയത്. കോണ്‍ഗ്രസ് നേതാവ് നരസിംഹറാവുമായുള്ള ബന്ധം അയാളെ ദേശീയ ശ്രദ്ധയിലെത്തിച്ചു. റാവുവിന്റെ ആത്മീയ ഉപദേശകനായും ചന്ദ്രസ്വാമി പരിഗണിക്കപ്പെട്ടു. ഈ സാധ്യത ദുരുപയോഗംചെയ്ത് പല നേട്ടങ്ങളും കൊയ്യാന്‍ ആധ്യാത്മിക വ്യാപാരിക്ക് കഴിഞ്ഞു. 1991ല്‍ റാവു പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഡല്‍ഹിയുടെ കണ്ണായ സ്ഥലത്ത് കൂറ്റന്‍ ആശ്രമം പണിതു. പൊന്നിന്‍വിലയുള്ള ആ സ്ഥലം ഇന്ദിരാഗാന്ധിയുടെ കാലത്ത് അനുവദിച്ചതായിരുന്നു. ബ്രൂണേ സുല്‍ത്താന്‍, ബഹറിന്‍ ഷെയ്ക്ക്, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയ രാജ്യ നേതാക്കള്‍ക്കൊപ്പം ആ സ്വാധീന വലയത്തില്‍ എലിസബത്ത് ടെയ്ലറുള്‍പ്പെടെയുള്ളവരും ഉണ്ടായി. ആയുധ വ്യാപാരി അഡ്നന്‍ ഖഷോഗി വരെ നീണ്ടതായിരുന്നു ആ സാമ്രാജ്യം. ചന്ദ്രസ്വാമിക്ക് ലോക ഭരണവൃത്തങ്ങളില്‍നിന്നും വ്യാവസായിക ഭീമന്മാരില്‍നിന്നും ചലച്ചിത്ര - കായിക താരങ്ങളില്‍നിന്നും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സഹായങ്ങളാണ് ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയിലൂടെയായിരുന്നു സ്വാമിയുടെ നടത്തം. ഫെറ നിയമലംഘനത്തിന്റെ ഒട്ടേറെ കേസുകള്‍ അയാളുടെ കണക്ക് പുസ്തകത്തിലുണ്ടായി. ഖഷോഗിയുമായുള്ള ഒരുകോടി ഡോളറിന്റെ ഇടപാടടക്കം വിവാദമാവുകയും ചെയ്തു. രാജീവ് ഗാന്ധി വധം അന്വേഷിച്ച ജയിന്‍ കമീഷന്‍ സ്വാമിയുടെ പങ്കാളിത്തം മുന്‍നിര്‍ത്തി ഒരു വാല്യംതന്നെ എഴുതിച്ചേര്‍ക്കുകയുണ്ടായി. ചില സന്യാസിവര്യന്മാരുടെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലും ആ കൈയായിരുന്നു.
""ഞാന്‍ ബിസിനസ്സുകാരന്‍ എന്ന നിലയ്ക്ക് മായം ചേര്‍ക്കുന്നു. കൈക്കൂലികൊടുക്കുന്നു. നീ തെറ്റ് എന്നു പറയുന്നതൊക്കെ ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ പുണ്യം ചെയ്യുന്നു. പത്ത് ശതമാനം ആദായനികുതി കൊടുക്കുന്നു. അത് ദാനമല്ലേ? ഞാന്‍ ശ്രീരാമകൃഷ്ണമിഷന് എത്ര രൂപ കൊടുക്കുന്നുണ്ടെന്ന് നിനക്കറിയാമോ...."" ബിമല്‍ മിത്രയുടെ പ്രശസ്തമായ "യുധിഷ്ഠിരജന്മം" നോവലിലെ ജീവന്മയ് ബാബുവിന്റെ സാമൂഹ്യ വേദാന്തമാണിത്. മകന്‍ പ്രതുല്‍റായുടെ മുന്നിലേക്ക് അയാള്‍ വലിച്ചിടുന്ന മനുഷ്യവിരുദ്ധമായ ചിന്തയുടെ രൂപങ്ങള്‍ ഭയാനകമായിരുന്നു. ഇവിടെ ജീവിക്കണമെങ്കില്‍ എന്തായിത്തീരണമെന്നും ആ അച്ഛന്‍ വളച്ചുകെട്ടില്ലാതെ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. തുറന്ന അനീതിയെന്ന് ജീവന്മയ് ബാബുവിന്റെ വിശദീകരണങ്ങളില്‍ ധര്‍മസങ്കടം അനുഭവിക്കുകയാണ് പ്രതുല്‍. നോവലിലെ ജീവന്മയ് ഇപ്പോഴുമൊരു സര്‍വനാമമാണ്. കേരളത്തിന്റെ സമകാലീന വിശദീകരണവുമായിരിക്കുന്നു അയാളുടെ രൂപീകരണം. എന്നാല്‍ സംഘര്‍ഷമനുഭവിക്കുന്ന പ്രതുല്‍മാരുടെ അഭാവം ഈ പ്രതിസന്ധി ആഴമേറിയതാക്കുന്നു.

മൂലധന പ്രേമത്തിന്റെയും കച്ചവട ഭക്തിയുടെയും കൃത്രിമ ആത്മീയതയുടെയും രക്ഷക പ്രതീകങ്ങളുടെയും യജ്ഞ-യാഗ സംസ്കാര ത്തിന്റെയും റിബേറ്റ് ചന്തയാണ് ഇപ്പോള്‍ കേരളം. ചന്ദ്രസ്വാമിയെന്ന വമ്പന്‍ സ്രാവിനെ ഓര്‍മിപ്പിച്ച പരല്‍ മീനുകളായിരുന്നു കേരളത്തില്‍ സന്തോഷ് മാധവനും ഹിമവല്‍ ഭദ്രാനന്ദനും മറ്റ് അസംഖ്യം കള്ളസ്വാമിമാരും. സാമ്പത്തിക - ലൈംഗിക കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിലായ സന്തോഷ് മാധവന്റെ അവസ്ഥ ഒരു സന്ന്യാസിക്ക് തെമ്മാടിയാവാം, എന്നാല്‍ തെമ്മാടിക്ക് സന്ന്യാസിയാവാന്‍ കഴിയില്ലെന്ന വസ്തുത തെളിയിക്കുന്നു. എല്ലാ ആടയാഭരണങ്ങളും അഴിഞ്ഞുവീണ് സാധാരണ ക്രിമിനലിനെയോ തെരുവു ഗുണ്ടയെയോപോലെ പൊലീസ് മധ്യത്തിലും കോടതി സമുച്ചയങ്ങളിലും ജയിലഴികള്‍ക്കുള്ളിലും വരണ്ടുണങ്ങി നില്‍ക്കുന്നത് സഹതാപാര്‍ഹമാണ്. മനോരോഗത്തേക്കള്‍ വളര്‍ന്ന അസ്വാഭാവികതയുടെ മുഖമായിരുന്നു ഹിമവല്‍ ഭദ്രാനന്ദന്റേത്.

ബംഗലൂരു ആസ്ഥാനമായ നിത്യാനന്ദ ധ്യാനപീഠം സ്ഥാപകന്‍ സ്വാമി നിത്യാനന്ദ അദൈ്വത വേദാന്തത്തിന്റെ പ്രചാരകനായിരുന്നുവെന്നത് നിറഞ്ഞ ഫലിതമാണ്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ജനിച്ച അയാളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് മൂന്നാം വയസ്സില്‍ രഘുപതിയോഗിയെന്ന ആചാര്യന്‍ വീട്ടിലെത്തിയതോടെയാണത്രെ! അത്ഭുതം വീണ്ടും വളര്‍ന്നു. ഒമ്പത് വയസ്സുമുതല്‍ അരുണഗിരിയോഗീശ്വരയുമായി സംസാരിച്ചുവെന്നും അവകാശപ്പെട്ടു. ഭഗവാന്‍ ശിവന്റെ അവതാരമായ അരുണഗിരി ഒരുദിവസം വലിയ സത്യം വെളിപ്പെടുത്തി: ""പ്രിയപ്പെട്ടവനേ, നമ്മള്‍ രണ്ടും ഒന്നാണ്. നമുക്ക് ഒരിക്ക ലും പിരിയാനാവില്ല. നാടകത്തിന്് തിരശീല വീണിരിക്കുന്നു. ഇനിയൊരിക്കലും നിനക്ക് ഞാന്‍ നഷ്ടമാവില്ല. നാം ഒന്നാണ്"" എന്ന് പറഞ്ഞ് അരുണഗിരി തന്റെ ശരീരത്തില്‍ ലയിച്ച് അപ്രത്യക്ഷമാവുകയായിരുന്നു എന്നായിരുന്നു നിത്യാനന്ദന്റെ അവകാശവാദം. അത്ഭുത കഥകള്‍ പിന്നെയും തുടര്‍ന്നു. രാജശേഖര്‍ എന്ന പഴയപേര് ഉപേക്ഷിച്ച് നിത്യാനന്ദനായതിന് പിന്നിലും ദൈവിക പ്രചോദനമുണ്ടായി. ഈ അസംബന്ധങ്ങളെല്ലാം ചെലവായത് വന്‍ സാമ്പത്തിക പിന്തുണ യില്‍ കൂടിയായിരുന്നു. തമിഴ്നാട്ടലും കര്‍ണാടകത്തിലുമായി രണ്ടരക്കോടി ഡോളര്‍ ആസ്തിയുണ്ട് അയാള്‍ക്ക്. കയറ്റുമതി - ഇറക്കുമതി വ്യാപാരവും മഠത്തിന്റെ മറവില്‍. ഇരുപത് വിദേശ ട്രസ്റ്റുകളടക്കം നിരവധി സ്ഥാപനങ്ങളും അയാളുടെ കൈപ്പിടിയിലുണ്ട്. 2012 മാര്‍ച്ച് രണ്ടിന് ്ചലച്ചിത്രനടി രഞ്ജിതയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തായിട്ടും ഭക്തര്‍ ആ സിദ്ധിയില്‍ പുളകംകൊള്ളുകയുണ്ടായി. ആരതി റാവു എന്ന ആശ്രമ കന്യകയ്ക്ക് അഞ്ചുവര്‍ഷം നീണ്ട ലൈംഗിക പീഡനമായിരുന്നു.

ചൂടന്‍ രംഗ ങ്ങളിലൂടെ നിത്യാനന്ദക്കൊപ്പം കുപ്രസിദ്ധയായ രഞ്ജിത എല്ലാ പെരുംകള്ളന്മാരെയുംപോലെ ആത്മീയ ശീര്‍ഷകത്തില്‍ അഭയംതേടി വീണ്ടും സ്വയം രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയുമുണ്ടായി. മാ ആന്ദനമയി എന്ന പേരിന് പിറകിലേക്കായിരുന്നു മറഞ്ഞുനിന്നത്. നിത്യാനന്ദന്റെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ രഞ്ജിതയും എഴുപത് അനുയായികളുമാണ് സന്ന്യാസം സ്വീകരിച്ചത്. മാ ആനന്ദമയി ജീവിതകാലം മുഴുവന്‍ നിത്യാനന്ദാശ്രമത്തില്‍ കഴിയുമെന്ന പ്രതിജ്ഞയുമെടുത്തു. ഗര്‍ഭപാത്രം എപ്പോഴും തുറന്നുവയ്ക്കുകയും വായമൂടുകയും ചെയ്യുന്ന സ്ത്രീകളുടെ പ്രധാന അഭയകേന്ദ്രമാണ് ഇത്തരം ആത്മീയ അറവുശാലകള്‍. ഇംഗര്‍സോള്‍, പ്രതികരിച്ചതുപോലെ യഥാര്‍ഥ ചിന്തകള്‍ തുറന്നുപറയാനും എഴുതാനും ധീരതകാട്ടുന്ന മനുഷ്യരെയാണാ വശ്യം. മരണം മുന്നില്‍കണ്ടാലും തങ്ങളുടെ ബോധ്യമനുസരിച്ച് ജീവിക്കുന്നവരാണ് അവര്‍. അത് ചെയ്യാത്തവര്‍ അടിമകളാണ്. അവര്‍ സ്വയവും സഹമനുഷ്യരെയും വഞ്ചിക്കുന്നു. അങ്ങനെ കൊടിയ വഞ്ചനകളുടെയും ന്യായീകരണമില്ലാത്ത ആത്മവഞ്ചനയുടെയും നടുവിലാണ് അസംബന്ധ മനുഷ്യര്‍ അഭയങ്ങളാകുന്നത്.

പ്രേതങ്ങളുടെ ചിത്രങ്ങള്‍ കണ്ട് ഭയപ്പെടുകയും അവ അജ്ഞതയുടെ ഗ്യാലറിയില്‍ തൂക്കിയിടുകയുമാണ് മനുഷ്യര്‍. റിച്ചാര്‍ഡ് ലെഡെറെര്‍ പലപ്പാഴും ആവര്‍ത്തിക്കാറുള്ളതുപോലെ എല്ലാ മനുഷ്യരും ദൈവത്തില്‍ വിശ്വസിക്കുകയും പള്ളി ഭരിക്കുകയുംചെയ്ത കാലമുണ്ടായിരുന്നു. അക്കാലമാണ് ഇരുണ്ടയുഗം എന്നറിയപ്പെട്ടത്. നിര്‍ഭയമായ ചോദ്യങ്ങളും യുക്തിയുടെ പിന്‍ബലമുള്ള സന്ദേഹങ്ങളും ശാസ്ത്രീയ സമീപനവും തന്നെയാവണം ഇരുട്ടിന്‍ നടുവിലേക്ക് പതുക്കെ പതുക്കെ വെളിച്ചം കടത്തിവിട്ടിട്ടുണ്ടാകുക. എന്നാല്‍ വീണ്ടുമിതാ തിരിച്ചുപോക്കിനായുള്ള ബലപ്രയോഗങ്ങള്‍. ഇംഗ്ലീഷ് ഭാഷയില്‍ ഇന്ദ്രജാലം കാട്ടിയ ലെഡെറെര്‍ വിരോധാഭാസാലങ്കാരത്തിന്റെ പ്രയോഗത്താലും ശ്രദ്ധേയ നായിരുന്നു. ദി വേര്‍ഡ് സര്‍ക്കസ്, ദി മിറക്കിള്‍ ഓഫ് ലാംഗ്വേജ്, എ മാന്‍ ഓഫ് മൈ വേര്‍ഡ്സ് തുടങ്ങിയ കൃതികളിലൂടെ പുതിയ വാക്കുകള്‍ തന്നെ മുന്നോട്ടുവച്ചു. അതിനൊപ്പം തുറന്ന ചിന്തകളും പടര്‍ത്തി.

ബോക്സിങ് റിങ്ങുകള്‍ ചതുരാകൃതിയിലാണ്, ഗിനിപ്പന്നി ഗിനിയില്‍ നിന്നല്ലെന്ന് മാത്രമല്ല അതൊരു പന്നിയുമല്ല. പല്ലിന്റെ ബഹുവചനം ടീത്ത് ആണെങ്കില്‍ ബൂത്തിന്റേത് ബീത്ത് ആവുന്നില്ല- തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് മധ്യകാലം ചങ്ങലക്കിട്ട ചിന്തകള്‍ അന്വേഷിച്ച് പോയത്. ഫ്രെഡറിക് നീഷ്ചെ വിശ്വാസ ത്തെയും സത്യത്തെയും തുലനംചെയ്തത് അസാധാരണമായ ഉള്‍ക്കാഴ്ചയോടെയായിരുന്നു. എന്താണ് സത്യമെന്ന് അറിയാന്‍ ആഗ്രഹിക്കാത്തതാണ് വിശ്വാസം എന്ന മട്ടിലായിരുന്നു ആ ആശയം. തെളിയിക്കേണ്ടതില്ലാത്ത വിശ്വാസത്തിന്റെ പ്രചാരത്തിലൂടെയാണ് ആള്‍ദൈവങ്ങള്‍ എന്ന അസംബന്ധമനുഷ്യര്‍ സമ്മതി നേടുന്നത്. മാതാ അമൃതാനന്ദമയി എന്ന അധികാര പട്ടത്തിന് കിട്ടിയ സ്വീകാര്യത തന്നെയാവണം രഞ്ജിതയെ പുതിയ പേരിലേക്ക് എത്തിച്ചിട്ടുണ്ടാവുക.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

No comments: