Thursday, March 6, 2014

കൊള്ളരുതായ്മയുടെ പ്രതീകമോ?

കാലപ്പഴക്കവും പാരമ്പര്യവുമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളെപ്പറ്റി ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ കൂട്ടിവായിച്ചാല്‍ കൊള്ളരുതായ്മയുടെ പ്രതീകമായി ആ പാര്‍ടി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകുന്നെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് നാരായണ്‍ ദത്ത് തിവാരിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയാണ് ഇതെഴുതാന്‍ പ്രേരണയായത്. നീണ്ട ആറ് വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ മകനാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുന്നു. തിവാരിയുടെ മകനാണ് താനെന്ന് അംഗീകരിച്ചുകിട്ടാന്‍ രോഹിത് ശേഖറിന് ആറു വര്‍ഷം കോടതിയില്‍ നിയമയുദ്ധം നടത്തേണ്ടിവന്നു. തിവാരി സമ്മതിച്ചില്ല. ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തി. പിന്നെ തിവാരിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്താസമ്മേളനത്തില്‍ തുറന്നു സമ്മതിക്കേണ്ടി വന്നു.

ഇനി തര്‍ക്കമില്ല. രോഹിത് ശേഖര്‍ തന്റെ മകന്‍തന്നെയെന്ന് തുറന്ന് സമ്മതിച്ചു. രോഹിത് ശേഖറിനും അമ്മ ഉജ്ജലാശര്‍മയ്ക്കും തന്നോടൊപ്പം താമസിക്കാമെന്നും സംശയരഹിതമായി സമ്മതിക്കേണ്ടിവന്നു. തിവാരിക്ക് പ്രായം 88 ആയി. ആന്ധ്ര ഗവര്‍ണറായിരിക്കെ രാജ്ഭവനില്‍ രണ്ട് സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തിയ വിവരം വീഡിയോ ക്യാമറവഴി പുറത്തുവന്നപ്പോള്‍ ഗവര്‍ണര്‍സ്ഥാനം രാജിവച്ചൊഴിയേണ്ടി വന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പദവിയിലെത്താന്‍ യോഗ്യതയുണ്ടെന്ന് ഒരിക്കല്‍ കോണ്‍ഗ്രസ് നേതൃത്വം കരുതിയ നേതാവാണ് തിവാരി. എന്‍ ഡി തിവാരി ഇപ്പോഴും കോണ്‍ഗ്രസ് നേതാവാണെന്നതാണ് അതിവിചിത്രമായ കാര്യം. 88 വയസ്സുകാരനായ കോണ്‍ഗ്രസ് നേതാവിന്റെ ജീവചരിത്രം വായിച്ചാല്‍ പുതിയ തലമുറയ്ക്ക് ആ പാര്‍ടിയെപ്പറ്റിയുള്ള മതിപ്പെങ്ങനെയിരിക്കുമെന്ന് ഒരു നിമിഷമെങ്കിലും ഓര്‍ത്തുനോക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാണ്.

കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ സ്വഭാവവിശേഷം ഇതോട് ചേര്‍ത്ത് വായിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ശശി തരൂരിന്റെ വിലാപം ജനങ്ങള്‍ മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞുകാണും. തന്റെ ഭാര്യയുടെ മരണത്തില്‍ മനസ്സുരുകി സങ്കടപ്പെടാന്‍ മറ്റുള്ളവര്‍ സൈ്വരം നല്‍കുന്നില്ലെന്നാണ് തരൂര്‍ പരാതിപ്പെടുന്നത്. ഭാര്യയെ അകാലചരമത്തിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് തരൂരിന് മുതലക്കണ്ണീരൊഴുക്കി രക്ഷപ്പെടാന്‍ കഴിയുമോ? സുനന്ദ പുഷ്കര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന സത്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. തരൂരിനെ സ്ഥിരമായി എതിര്‍ത്തുപോന്ന മാധ്യമങ്ങളല്ല. വാനോളം പുകഴ്ത്തിയ മാധ്യമങ്ങള്‍തന്നെയാണ് പാകിസ്ഥാന്‍ പത്രലേഖികയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്. ശശി തരൂരിന്റെ ഏറ്റവും പ്രിയപ്പെട്ട പ്രേയസിതന്നെയാണ് തന്റെ ഹൃദയവൃഥ പുറംലോകത്തെ അറിയിച്ചത്. പലതും വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഒടുവില്‍ ഡല്‍ഹിയിലെ നക്ഷത്രഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്കറിന്റെ മൃതശരീരമാണ് പുറംലോകം കണ്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുള്ളതായും അറിയാനിടയായി. ഇത് സ്വാഭാവികമായ ആത്മഹത്യയാണെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ? വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ വധു ആത്മഹത്യചെയ്താല്‍ ഭര്‍ത്താവിനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്ത് അന്വേഷണം നടത്തേണ്ടതല്ലേ? സ്ത്രീപീഡനം നടന്നു എന്നതിന് സാഹചര്യതെളിവുകള്‍ ഇല്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ കണ്‍കെട്ട് വിദ്യകൊണ്ട് കഴിയുകയില്ല.

ഇതേ ഡല്‍ഹിയിലല്ലേ യുവ കോണ്‍ഗ്രസ് നേതാവ് കാമുകിയെ അടുപ്പിലിട്ട് തന്തൂരിയാക്കിയത്. അത് മറക്കണമെന്നാണോ? മഞ്ചേരിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍ അര്‍ധരാത്രി ഒരു കോണ്‍ഗ്രസ് നേതാവിനെ അന്യയുവതിയോടൊപ്പം നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത് ആ നാട്ടുകാര്‍ മറക്കില്ല. അന്വേഷിക്കാന്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതില്‍ കുറ്റപ്പെടുത്താനൊന്നുമില്ലെന്നാണ് അന്വേഷണത്തില്‍ നേതാവ് കണ്ടെത്തിയത്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തില്‍ വേണം നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സംഭവങ്ങളെ വിലയിരുത്താന്‍. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം കൊല നടത്തി. കാര്യക്ഷമമായ അന്വേഷണം വേണമെന്ന് അവര്‍ക്കഭിപ്രായമില്ല, കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിലാണ് താല്‍പ്പര്യം. രണ്ടു വര്‍ഷം കോണ്‍ഗ്രസ് ഓഫീസിലെ മാലിന്യങ്ങള്‍ തൂത്തുവാരി ദുര്‍ഗന്ധം അകറ്റാന്‍ ശ്രമിച്ച രാധ എന്ന പാവപ്പെട്ട തൂപ്പുകാരിയെ സംസ്ഥാനമന്ത്രിയുടെ സ്റ്റാഫിലെ അംഗമാണ് മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് കൊലപ്പെടുത്തിയത്. ഏത് കൊലപാതകവും ക്രൂരമാണ്. എന്നാല്‍, തൂത്തുവാരി കുടുംബം പുലര്‍ത്തുന്ന നിരപരാധിയായ ഒരു യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി കോണ്‍ഗ്രസ് ഓഫീസില്‍ രണ്ടു ദിവസം സൂക്ഷിച്ചുവയ്ക്കുന്നതിനെപ്പറ്റി മനുഷ്യസ്നേഹത്തിന്റെ തരിമ്പെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഭാവനയില്‍ കാണാന്‍പോലും കഴിയില്ല. തെളിവ് പൂഴ്ത്താനാണ് ശവം സ്വന്തം ഓഫീസില്‍ സൂക്ഷിച്ചത്. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശവം ഒരു കുളത്തില്‍ കെട്ടി താഴ്ത്തിപോലും. ഇതൊക്കെ ചെയ്യാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് ധൈര്യം നല്‍കിയതാരായിരിക്കുമെന്ന് മനസിലാക്കാന്‍ അപാരമായ അന്വേഷണപാടവമോ ബുദ്ധിശക്തിയോ വേണ്ടതില്ല. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട കാല്‍ ഡസനിലധികം ആളുകളാണല്ലോ സകല തട്ടിപ്പിന്റെയും ഉറവിടമായി കണ്ടെത്തിയത്. സുരക്ഷിതമായ സ്ഥാനത്താണ് തൊഴില്‍ചെയ്യുന്നതെന്നതു കൊണ്ടാണല്ലോ കൊള്ളരുതായ്മ കാണിക്കാന്‍ അവര്‍ക്ക് തന്റേടമുണ്ടായത്.

കോണ്‍ഗ്രസിന്റെ നേതാവായ 88 വയസ്സുകാരന്‍ തിവാരി മുതല്‍ യുവാക്കള്‍വരെയല്ല വിദ്യാര്‍ഥികള്‍വരെ കൊലപാതകവും മറ്റ് ദുര്‍വൃത്തികളും കാണിക്കുന്ന ക്രിമിനലുകളായി മാറിയത്് എങ്ങനെയാണ് മറച്ചുപിടിക്കാന്‍ കഴിയുക. എന്‍ ഡി തിവാരിയെപ്പോലുള്ളവരെ കോണ്‍ഗ്രസിന്റെ അമൂല്യസ്വത്തായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടിയായി അധഃപതിച്ചിരിക്കുന്നു. ഇതോടൊപ്പം ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ പുതുപുത്തന്‍ എംഎല്‍എ മാസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചതായുള്ള വെളിപ്പെടുത്തല്‍കൂടി ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ത്തിയാകും. മഹാത്മാഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും കോണ്‍ഗ്രസല്ല രാഹുലിന്റെ കോണ്‍ഗ്രസാണ്. ലജ്ജിക്കാന്‍പോലും അറിയാത്തവരുടെ കോണ്‍ഗ്രസായി ആ പാര്‍ടി അധഃപതിച്ചിരിക്കുന്നു. ജനങ്ങള്‍ വെറുത്തതില്‍ അത്ഭുതമില്ല.

*
Deshabhimani Editorial

No comments: