Tuesday, April 15, 2014

ലാഭവിപണിയിലെ നോക്കുകുത്തി

വിഷു- ഈസ്റ്റര്‍ കാലം കേരളീയന്റെ ഏറ്റവും പ്രധാന ഉത്സവകാലംകൂടിയാണ്. വിപണി ഏറ്റവുമധികം സജീവമാകുന്ന ഈ നാളുകളിലാണ്, ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായി വരുന്നത്. ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഇത്രയേറെ കുറ്റകരമായ അലംഭാവവും അനാസ്ഥയും അവഗണനയും പൊതുവിതരണരംഗത്തോട് കാണിച്ച അനുഭവം കഴിഞ്ഞ ദശാബ്ദത്തിലുണ്ടായിട്ടില്ല.

മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താനുള്ള ആയുധമാണ് പൊതുവിതരണ സമ്പ്രദായം. ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനുമൊക്കെ സപ്ലൈകോയും സര്‍ക്കാര്‍ വകുപ്പുകളും സഹകരണസ്ഥാപനങ്ങളും പ്രത്യേക ഉത്സവച്ചന്തകളും സബ്സിഡി സാധന വിതരണകേന്ദ്രങ്ങളും തുറക്കുന്ന പതിവ് ഇത്തവണ അട്ടിമറിക്കപ്പെട്ടു. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയത്തിന്റെ ഫലമായി പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തു. എപിഎല്‍- ബിപിഎല്‍ വിഭജനമുണ്ടാക്കി. ബിപിഎല്‍ മാനദണ്ഡം കുറച്ചുകൊണ്ടുവന്ന് പാവപ്പെട്ടവരെ പടിപടിയായി പുറത്താക്കി. ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് വിപണിയുടെ ലാഭക്കൊതിയന്‍ പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിയടച്ചു.

എല്ലാ അര്‍ഥത്തിലും പാവപ്പെട്ടവനെ വരിഞ്ഞുമുറുക്കുകയാണ്. കേരളത്തില്‍ ബിപിഎല്ലിന് താഴെയുള്ളവരുടെ എണ്ണം 62 ലക്ഷത്തില്‍നിന്ന് 24 ലക്ഷമായി ചുരുങ്ങി എന്നാണ് പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയെ സംബന്ധിച്ചുള്ള മാനദണ്ഡത്തില്‍ വരുത്തിയ മാറ്റംകൊണ്ടാണ് ഇത് സംഭവിച്ചത്. ഒരാളുടെ കുറഞ്ഞ നിത്യജീവിതച്ചെലവ് നാട്ടിന്‍പുറങ്ങളില്‍ 27 രൂപയും നഗരങ്ങളില്‍ 33 രൂപയുമായി നിജപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം റേഷന്‍ കാര്‍ഡുകളുടെ എണ്ണം 80.9 ലക്ഷമാണ്. അതില്‍ 60.3 ലക്ഷം കാര്‍ഡുകളും എപിഎല്‍ വിഭാഗത്തിലാണ്. അതായത്, മൊത്തം കാര്‍ഡുകളുടെ 74 ശതമാനം. കേരളത്തിന് അര്‍ഹമായ ഭക്ഷ്യവിഹിതം കേന്ദ്രം തുടര്‍ച്ചയായി നിഷേധിക്കുകയാണ്.

കേരളം നല്‍കിയ കണക്കുപ്രകാരം പ്രതിവര്‍ഷം 17.78 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിക്കേണ്ടതുണ്ടെങ്കിലും കേന്ദ്രം അത് 14.72 ലക്ഷം മെട്രിക് ടണ്ണായി ചുരുക്കി. വാര്‍ഷിക വിഹിതത്തിന്റെ ശരാശരി അടിസ്ഥാനത്തില്‍ 16.015 ലക്ഷം മെട്രിക് ടണ്‍ ആണെങ്കിലും കേന്ദ്രസര്‍ക്കാര്‍ 2013-14 ലെ വാര്‍ഷിക വിഹിതം 14.72 ലക്ഷമായി നിശ്ചയിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ പ്രകാരമുള്ള വിഹിതത്തിലേക്ക് സംസ്ഥാനം മാറിയപ്പോള്‍ 3.06 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കുറവാണ് വന്നത്. 2011-12 ലെ വിഹിതത്തേക്കാള്‍ 11 ശതമാനം അധിക ഭക്ഷ്യധാന്യമാണ് റേഷന്‍ വിഹിതമായി 2012-13ല്‍ ഏറ്റെടുത്തത്. അതനുസരിച്ച് 2013-14ല്‍ 11 ശതമാനം വര്‍ധിച്ച് 19.78 ലക്ഷം മെട്രിക് ടണ്ണായി ഉയരേണ്ടതായിരുന്നു. നിലവില്‍ 14.72 ലക്ഷം മെട്രിക് ടണ്ണാണ് ലഭിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വാര്‍ഷിക കുറവ് 5.06 ലക്ഷം മെട്രിക് ടണ്‍ ആകും. ഇത്തരത്തില്‍ കേന്ദ്രത്തിന്റെ അവഗണന തുടരുന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും.

ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ മുന്നേറ്റം നടത്തി എന്നു പറയുന്നവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഈ ബില്‍ പട്ടണപ്രദേശങ്ങളിലെ 50 ശതമാനം ജനങ്ങളെയും ഗ്രാമപ്രദേശങ്ങളിലെ 25 ശതമാനം ജനങ്ങളെയും ഒഴിവാക്കുകയാണ്. ഇപ്പോള്‍ ബിപിഎല്‍ കുടുംബത്തിന് 35 കിലോഗ്രാമിന് അര്‍ഹതയുണ്ട്. അത് 10 കിലോഗ്രാം കുറച്ച് അഞ്ചംഗ കുടുംബത്തിന് 25 കിലോഗ്രാം മാത്രമാക്കി. അംഗങ്ങള്‍ കുറവാണെങ്കില്‍ കുടുംബത്തിന്റെ വിഹിതം ഇനിയും കുറയും. കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന് ഇത് തിരിച്ചടിയാണ്. കേരളത്തിലെ കുടുംബങ്ങളില്‍ മൂന്നോ നാലോ അംഗങ്ങളാണുള്ളത്. അവര്‍ക്ക് ഇതിലൂടെ പതിനഞ്ചോ ഇരുപതോ കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമാകും ലഭിക്കുക. ഭക്ഷ്യസുരക്ഷാ ബില്ലില്‍ അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയാണുള്ളത്. സംസ്ഥാന സര്‍ക്കാരുകളെ പരിഗണിക്കാത്ത ഈ നയവും തിരുത്തപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ചെലവ് പങ്കുവയ്ക്കുന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കുന്നതിനുപോലും കേന്ദ്രം തയ്യാറാകുന്നില്ല. സബ്സിഡി പണമായി നല്‍കുന്നതു സംബന്ധിച്ച വകുപ്പുകളും ആധാറുമായുള്ള ബന്ധപ്പെടുത്തലും കോര്‍പറേറ്റുകളെ സഹായിക്കുന്നതിനാണ്.

ഭക്ഷ്യസബ്സിഡിക്കായി ഇന്ത്യാ ഗവണ്‍മെന്റ് നീക്കിവയ്ക്കുന്നത് ജിഡിപിയുടെ 1.8 ശതമാനം മാത്രമാണ്. മറ്റു പല രാജ്യങ്ങളും ജിഡിപിയുടെ 2.7 ശതമാനം നീക്കിവയ്ക്കുമ്പോഴാണിത്. അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണത്തിന്റെ ആഗോളപട്ടിണി സൂചകം ഇന്ത്യയെ പട്ടിണിയുടെ കാര്യത്തില്‍ ഗുരുതരമായ സ്ഥിതിയുള്ള രാജ്യമായാണ് കണക്കാക്കിയത്. 88 വികസ്വര രാജ്യങ്ങളില്‍ 66-ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ കേന്ദ്രബജറ്റില്‍ വിലക്കയറ്റത്തിനിടയാക്കുന്നവിധം ഇന്ധന സബ്സിഡിയില്‍ 22,054 കോടി രൂപയുടെ കുറവ് വരുത്തി. രാസവളം സബ്സിഡിയും കുറച്ചു. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് 28000 കോടി രൂപയുടെ ഇളവുകളാണ് ഈ വര്‍ഷം ലഭിച്ചത്. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സഹായം നല്‍കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കാത്തവരാണ് ഇപ്പോള്‍ പരസ്യങ്ങളിലൂടെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്.

ഇങ്ങനെ ഒരു ഭാഗത്ത് റേഷന്‍സമ്പ്രദായത്തെ തകര്‍ക്കുകയും മറുഭാഗത്ത് കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുകയും ചെയ്യുന്ന നയമാണുള്ളത്. ഇതാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ മറ്റൊരു പ്രധാന കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡി ഉണ്ടായിരുന്ന 13 ഇനങ്ങള്‍ക്ക് ഇപ്പോള്‍ സബ്സിഡി ഇല്ലാതാക്കി. അതിന്റെ മറ്റൊരുഭാഗംതന്നെയാണ് ഉത്സവകാലത്തെ സര്‍ക്കാരിന്റെ നോക്കുകുത്തിവേഷം.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: