Monday, April 21, 2014

അട്ടിമറിസമരക്കാരുടെ രാഷ്ട്രീയ വിരോധം

വിദ്യാര്‍ഥികളെ തെരുവിലിറക്കി രാഷ്ട്രീയ അട്ടിമറിസമരം നടത്തിയവരുടെ ഭരണമാണ് കേരളത്തില്‍. "അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയരുതേ" എന്ന മുദ്രാവാക്യം മുഴക്കിച്ച് ആത്മാഹുതി സമരത്തിലേക്ക് വിദ്യാര്‍ഥികളെ ആട്ടിത്തെളിച്ച്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഹീനമായ ജനാധിപത്യ അട്ടിമറിയിലൂടെ ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാരിനെ താഴെയിറക്കിയവര്‍ക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സംഘടനാപ്രവര്‍ത്തനം നടത്തുന്നത് സഹിക്കാനാവുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയെന്ന് അഹങ്കരിച്ച കെഎസ്യു കേരളത്തിലെ ഏറ്റവും ദുര്‍ബല സംഘടനയായി ചുരുങ്ങിപ്പോയതോടെ, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംഘടനകളേ വേണ്ട എന്നാണ് എ കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നത്. വിദ്യാര്‍ഥികള്‍ക്ക് സംഘടന പാടില്ല; രാഷ്ട്രീയം പാടില്ല; പൊതു വിഷയങ്ങളില്‍ ഇടപെടല്‍ പാടില്ല എന്ന് വലതുപക്ഷം നിഷ്കര്‍ഷിക്കുന്നത്, പുതിയ തലമുറയ്ക്ക് പ്രതികരണശേഷി പാടില്ല എന്ന അത്യാഗ്രഹത്തിന്റെ ഭാഗമായാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നു- ഉന്നത വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് മേധാവികള്‍ക്കും സാമുദായിക താല്‍പ്പര്യങ്ങള്‍ക്കും നിര്‍ണായക നിയന്ത്രണം നല്‍കുന്നു- വിദ്യാര്‍ഥിപ്രവേശനവും അധ്യാപകനിയമനവും ഫീസ്നിരക്കും ശമ്പളവും നിശ്ചയിക്കുന്നതില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യമുള്ള ഓട്ടോണമസ് കോളേജുകളാരംഭിക്കുന്നു- ഇങ്ങനെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികളുടെ നടത്തിപ്പിന് സുഗമമായ വഴിയൊരുക്കാന്‍ വിദ്യാര്‍ഥികളുടെ പ്രതികരണം തടസ്സമാകുമെന്ന് സര്‍ക്കാര്‍ കരുതുകയാണ്. അതിന്റെ ഭാഗമാണ്, വിദ്യാര്‍ഥിസംഘടനകള്‍ അനാവശ്യമെന്ന് വിശദീകരിച്ച് കഴിഞ്ഞദിവസം യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖ.

സ്വന്തം ഭൂതകാലത്തെമാത്രമല്ല, രാജ്യത്തിന്റെ പാരമ്പര്യത്തെത്തന്നെയാണ് ഇതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നിഷേധിക്കുന്നത്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞു നില്‍ക്കേണ്ടവരായല്ല ദേശീയപ്രസ്ഥാനം വിദ്യാര്‍ഥികളെ കണ്ടത്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ പങ്കാളികളാകേണ്ടവരാണ് വിദ്യാര്‍ഥികള്‍ എന്ന ആ കാഴ്ചപ്പാടിനെതിരെ വന്ന ആക്രമണത്തെ പ്രതിരോധിച്ചുതന്നെയാണ് ഗാന്ധിജിയുള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ഥികളെ സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്ക് കൈപിടിച്ചാനയിച്ചത്. ആ പാരമ്പര്യത്തെ തെറ്റായ വഴിയിലൂടെ തിരിച്ചുവിട്ടത് ഗാന്ധിശിഷ്യ വേഷമിട്ടവര്‍തന്നെ. നടേ സൂചിപ്പിച്ച വിമോചനസമരം ഉദാഹരണം. വിദ്യാഭ്യാസരംഗത്തും കാര്‍ഷികബന്ധങ്ങളിലും കാലോചിതവും ജനാധിപത്യപരവുമായ മാറ്റങ്ങള്‍ നിയമനിര്‍മാണത്തിലൂടെ വരുത്തിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ സമരത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസിന്റെ പോഷകസംഘടനയാണ് കെഎസ്യു. നശീകരണമായിരുന്നു അതിന്റെ പിറവിതൊട്ടുള്ള സമരരൂപം.

ഇന്ന്, വിദ്യാഭ്യാസം കോര്‍പറേറ്റുകളുടെ കളിയരങ്ങായി മാറിയ ഘട്ടത്തില്‍, കച്ചവടത്തിന്റെ സംരക്ഷകരുടെ വേഷമാണ് കോണ്‍ഗ്രസിന്. സാമുദായികവും വാണിജ്യപരവും ലാഭകേന്ദ്രീകൃതവുമായ സങ്കുചിത- വിദ്യാഭ്യാസേതര താല്‍പ്പര്യങ്ങളാണ് വിദ്യാഭ്യാസ രംഗം അടക്കി വാഴുന്നത്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി- അധ്യാപക സമൂഹങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. അത്തരം എതിര്‍പ്പുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള സാധ്യത ഭരണവര്‍ഗത്തെ അലോസരപ്പെടുത്തുന്നു. വിദ്യാര്‍ഥികളുടെ സംഘടിതശേഷി ജനാധിപത്യസമരങ്ങള്‍ക്ക് അത്യധികം ഊര്‍ജം പകരുന്നതാകുമെന്ന ആ ഭീതിയില്‍നിന്നാണ്, സംഘടനാപ്രവര്‍ത്തനമേ അനുവദിക്കേണ്ടതില്ല എന്ന വിചിത്ര തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്. വിദ്യാര്‍ഥികള്‍ സമരംചെയ്ത് നേടിയെടുത്തതാണ് ഇന്നുള്ള നിരവധി ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും. അത് നശീകരണത്തിനോ വിദ്യാഭ്യാസ നിലവാരം ഇടിച്ചുതാഴ്ത്താനോ ആയിരുന്നില്ല. തങ്ങളുടെ തീര്‍പ്പ് ചോദ്യംചെയ്യാതെ അനുസരിക്കുന്ന ഭീരുക്കളായ വിധേയരെ വിദ്യാലയങ്ങളില്‍ സൃഷ്ടിക്കാന്‍ വന്‍കിട സ്വത്തുടമകള്‍ക്കും അധികാരികള്‍ക്കും ആഗ്രഹിക്കാം. ആ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ഏജന്‍സിപ്പണി സര്‍ക്കാര്‍ എടുക്കുന്നത് മ്ലേച്ഛമാണ്.

പ്രതികരണബോധവും ശേഷിയുമില്ലാത്ത വിധേയക്കൂട്ടങ്ങളെ ഉല്‍പ്പാദിപ്പിച്ച് ചൂഷണവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള മൂലധന ശക്തികളുടെ ഇംഗിതമാണ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ രേഖ എന്ന് തിരിച്ചറിയപ്പെടണം. വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്, പുതിയ തലമുറയെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ആസൂത്രിത പദ്ധതിയാണെന്ന് മനസിലാക്കി ജനാധിപത്യ സമൂഹത്തില്‍നിന്ന് പ്രതികരണമുണ്ടാകണം. ഇന്ത്യന്‍ജനത പോരാടി നേടിയ സ്വാതന്ത്ര്യവും മതനിരപേക്ഷ- ജനാധിപത്യ- സാമൂഹ്യനീതി തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ശക്തീകരിക്കാനും കൂടുതല്‍ അര്‍ഥവത്താക്കാനുമുള്ള കടമയില്‍നിന്ന് വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്താനുള്ള ഒരു നീക്കവും അനുവദിക്കപ്പെട്ടുകൂടാ. തങ്ങള്‍ നയിച്ച വിമോചന സമരമല്ല, അത്തരം അട്ടിമറികളല്ല, ജനാധിപത്യ സംരക്ഷണംതന്നെയാണ് വിദ്യാര്‍ഥികളുടെ രാഷ്ട്രീയ കടമയെന്നു മനസിലാക്കാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ജനാധിപത്യ ധ്വംസനത്തിനൊരുമ്പെടുന്നത്. തങ്ങളുടെ നശീകരണത്തിന്റെയും കച്ചവടത്തിന്റെയും രാഷ്ട്രീയത്തെ, അരാഷ്ട്രീയത്തിലൂടെ സംരക്ഷിക്കാനുള്ള വെപ്രാളമാണവരുടേത്. അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിലൂടെയാണ് വിദ്യാര്‍ഥി സമൂഹത്തിനും ജനാധിപത്യപരമായ കടമ നിര്‍വഹിക്കാനാവുക.

*
deshabhimani editorial

No comments: