Tuesday, April 22, 2014

മാപ്പിളപ്പാട്ടിന്റെ പൂനിലാവ്

പതിനാലാം രാവുദിച്ചപോലെയാണ് വി എം കുട്ടി പാടാനൊരുങ്ങുമ്പോള്‍. രാവേറെച്ചെന്നാലും ഒരു ജനത ഒന്നാകെ ആ പാട്ടിന്‍ ചന്തത്തില്‍ മതിമറക്കും. കല്യാണപ്പാട്ടും പ്രണയപ്പാട്ടും പടപ്പാട്ടും കടന്ന് വിപ്ലവഗാനങ്ങളും മതമൈത്രി ഗാനങ്ങളും മാപ്പിളപ്പാട്ടിന്റെ ഈ സുല്‍ത്താനില്‍നിന്ന് പെയ്തിറങ്ങും. എണ്‍പതിന്റെ നിറവിലും മധുരഗാനങ്ങളുമായി വി എം കുട്ടി നമ്മെ വിസ്മയിപ്പിക്കുന്നു. പ്രായത്തിന്റെ അവശതയൊന്നും പാടാനൊരുങ്ങിയാല്‍ ആ മുഖത്തുകാണില്ല. ആറു പതിറ്റാണ്ട് മുമ്പ് മൈക്കിനുമുമ്പില്‍ ആദ്യമായി പാടിയ പതിനഞ്ചുകാരന്റെ അതേ കൗതുകത്തോടെ, നിലാപുഞ്ചിരിയോടെ, ശബ്ദചാതുര്യത്തോടെ ഈ ഏറനാട്ടുകാരന്‍ ഇന്നും പാടുന്നു.

പടപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും ഒഴുകിനടന്ന കൊണ്ടോട്ടിയുടെ മണ്ണിലാണ് വി എം കുട്ടിയും ജനിച്ചത്. 1935 ഏപ്രില്‍ 16ന.് പുളിക്കല്‍ വടക്കൂങ്ങര ഉണ്ണീന്‍ മുസ്ലിയാരുടെ മകനായ മുഹമ്മദ് കുട്ടിയാണ് പിന്നീട് വി എം കുട്ടിയായത്. പക്ഷിപ്പാട്ടും ബദര്‍ പടപ്പാട്ടും മുഹ്യുദ്ദീന്‍മാലയുമൊക്കെ കേട്ടു വളര്‍ന്ന ബാല്യം. ഏറനാടന്‍ മാപ്പിളജീവിതത്തിന്റെ ഈണവും താളവും കുട്ടിക്കാലത്തേ വി എം കുട്ടിയുടെ മനസ്സിനെ കീഴടക്കി. തന്നിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞത് അമ്മായിയായിരുന്ന പാണ്ടികശാല ഫാത്തിമ്മക്കുട്ടിയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അക്കാലത്ത് കല്യാണവീടുകളില്‍ സ്ത്രീകള്‍ പാടുമായിരുന്നു. അത്തരം പാട്ടുസംഘത്തിലെ വമ്പത്തിയായിരുന്നു ഫാത്തിമ്മക്കുട്ടി. മണ്‍വിളക്കിന്റെ വെള്ളിവെളിച്ചത്തില്‍ അവര്‍ മുഹമ്മദ്കുട്ടിയെ പാട്ടുപഠിപ്പിച്ചു; പത്താം വയസ്സില്‍. മണ്ണിന്റെ ചൂടും ചൂരുമുള്ള പാട്ടുകള്‍ കളിപ്രായത്തില്‍തന്നെ കൂട്ടിനെത്തി. വെള്ളക്കാരന്റെ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം അക്കാലത്ത് ഏറനാട്ടില്‍ കത്തിനില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ അന്നത്തെ പല പാട്ടുകളും വൈദേശികാധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു. അത്തരം പാട്ടുകളായിരുന്നു വി എം കുട്ടിക്ക് ഹരം. പതിനഞ്ചാം വയസ്സിലാണ് ആദ്യമായി മൈക്കിനുമുമ്പില്‍ പാടിയത്. ഫറോക്ക് ഗണപത് ഹൈസ്കൂള്‍ വാര്‍ഷികാഘോഷത്തിനായിരുന്നു അത്. ""സങ്കൃതപമഗരി തംഗത്തുംഗത്തധിംഗിണ കിങ്കൃത തൃമികിട മേളം...."" എന്ന പാട്ട്്. 1950ലാണതെന്ന് വി എം കുട്ടി ഓര്‍ക്കുന്നു. ആറു പതിറ്റാണ്ടിനിപ്പുറവും വി എം കുട്ടിയുടെ മാസ്റ്റര്‍ പീസ് ഈ പാട്ടുതന്നെയാണ്. യേശുദാസിന്റെയും മാപ്പിളപ്പാട്ടിലെ മാസ്റ്റര്‍പീസ് ഇതുതന്നെ. 1955ല്‍ രാമനാട്ടുകര സേവാ മന്ദിരം ട്രെയ്നിങ് സ്കൂളില്‍ പഠിക്കുമ്പോള്‍ ആകാശവാണിയില്‍ "നാട്ടിന്‍പുറം" പരിപാടിയില്‍ പാടി. കെ രാഘവന്‍ മാസ്റ്ററായിരുന്നു അന്ന് ഓര്‍ക്കസ്ട്രയ്ക്ക് നേത്യത്വം നല്‍കിയത്. പിന്നീട് വി എം കുട്ടിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സംഗീതം വി എം കുട്ടിയില്‍ കൂടുകൂട്ടി. ആയിരക്കണക്കിന് വേദികളില്‍ പതിനായിരത്തോളം പാട്ടുകള്‍. കല്യാണവീടുകള്‍ മുതല്‍ വിദേശരാജ്യങ്ങളില്‍ വരെ ആ ശബ്ദം കേള്‍വിക്കാരെ വിസ്മയിപ്പിച്ചു. ഗള്‍ഫില്‍മാത്രം 108 പ്രോഗ്രാമുകള്‍.

കൊളത്തൂര്‍ എഎംഎല്‍പി സ്കൂള്‍ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്നു. പാട്ടിനോടുള്ള പ്രണയം കലശലായപ്പോള്‍ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. മാപ്പിളപ്പാട്ടില്‍ അതിന്റെ തനിമയും ശുദ്ധിയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ഒട്ടേറെ പരീക്ഷണങ്ങള്‍ കൊണ്ടുവന്നത് വി എം കുട്ടിയാണ്. കേരളത്തില്‍ ആദ്യമായി മാപ്പിളപ്പാട്ട് ട്രൂപ്പ് രൂപീകരിച്ചു. അതുവരെ കല്യാണവീടുകളില്‍ ഒതുങ്ങിയ, ബീഡിതെറുപ്പുകാരുടെയും കാളവണ്ടിക്കാരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്ന മാപ്പിളപ്പാട്ടിനെ ജനകീയവല്‍ക്കരിച്ചു. ശുദ്ധമായ മാപ്പിള കാവ്യങ്ങള്‍ക്കൊപ്പം മത മൈത്രീഗാനങ്ങളും ദേശഭക്തി ഗാനങ്ങളും ഇഴചേര്‍ത്തു. പാട്ടിനൊപ്പം ഒപ്പനയും ഇതര നൃത്താവിഷ്കാരങ്ങളും വേദിയിലെത്തിച്ചതും വി എം കുട്ടിയാണ്. കെ എസ് മുഹമ്മദ് കുട്ടിയും എ വി മുഹമ്മദുമായിരുന്നു അക്കാലത്തെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകര്‍. മൂസ എരഞ്ഞോളിയും പീര്‍ മുഹമ്മദും എന്‍ പി ഉമ്മര്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ട്. ഇവരില്‍ ചുറ്റിക്കറങ്ങിയ മാപ്പിളപ്പാട്ടു രംഗത്തു ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനും വി എം കുട്ടിക്ക് കഴിഞ്ഞു. സ്ത്രീകള്‍ വേദിയില്‍ പാടുന്നത് അപരാധമായി കണ്ടിരുന്ന അക്കാലത്ത് വിളയില്‍ വത്സല(ഫസീല)യിലൂടെ സ്ത്രീപാട്ടുകാരിയെ ജനങ്ങള്‍ അംഗീകരിച്ചു. ആയിഷ സഹോദരിമാരും മുക്കം സാജിതയും മലപ്പുറം ബീനയും.... അങ്ങനെ പോകുന്നു ആ നീണ്ടനിര. സംഗീതയാത്രയ്ക്കിടെ സിനിമാ ഗാനരംഗത്തും വി എം കുട്ടി ചുവടുറപ്പിച്ചു.

മൈലാഞ്ചിയിലെ ""കൊക്കര കൊക്കര കോഴിക്കുഞ്ഞ്"" എന്ന പാട്ട് പാടിയത് വി എം കുട്ടിയാണ്. പതിനാലാം രാവ് സിനിമയിലെ""പെരുത്തു മൊഞ്ചുള്ളോരുത്തിയോടൊന്നടുത്തുകൂടാന്‍ പൂതി"" എന്ന പാട്ടിന് ബ്രഹ്മാനന്ദനൊപ്പം കോറസ് പാടി. ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്ന ഈ പാട്ടിന്റെ രംഗത്ത് പാടി അഭിനയിച്ചു. പരദേശി, ഉല്‍പ്പത്തി തുടങ്ങിയ സിനിമകളിലെ പാട്ടുരംഗത്തും അഭിനയിച്ചു. മാന്യമഹാജനങ്ങളെ, സമ്മാനം, മാര്‍ക്ക് ആന്റണി തുടങ്ങിയ സിനിമകള്‍ക്ക് ഒപ്പന സംവിധാനംചെയ്തു. മാര്‍ക്ക് ആന്റണിയില്‍ ഒരു പാട്ടും എഴുതി. 1921 എന്ന സിനിമയിലെ മോയിന്‍കുട്ടി വൈദ്യരുടെ ""മുത്തുനവ രത്നമുഖം"" എന്ന പാട്ടിന് സംഗീതവും നല്‍കി. ഒരു കാലത്ത് മലബാറില്‍ സൂപ്പര്‍ഹിറ്റായിരുന്ന യേശുദാസിന്റെ തരംഗിണി പുറത്തിറക്കിയ ""മൈലാഞ്ചിപ്പാട്ടുകള്‍""ക്ക് സംഗീതം നല്‍കിയതും വി എം കുട്ടിതന്നെ.

സംഗീതപ്രേമികളുടെ മനസ്സില്‍ സുല്‍ത്താനായി വിരാജിക്കുമ്പോഴും പാവപ്പെട്ടവന്റെ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ വി എം കുട്ടിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. എ കെ ജി, ഇ എം എസ്, അഴീക്കോടന്‍, നായനാര്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇ കെ ഇമ്പിച്ചിബാവയാകട്ടെ അടുത്ത സുഹൃത്തും. 72ല്‍ തിരൂരില്‍ നടന്ന കര്‍ഷകസംഘം സമ്മേളനത്തില്‍ പാടിയപ്പോഴത്തെ ഒരനുഭവം അദ്ദേഹം ഓര്‍ത്തു: വേദിയില്‍ എ കെ ജി, ഇ എം എസ്, അഴീക്കോടന്‍, നായനാര്‍, ചാത്തുണ്ണി മാസ്റ്റര്‍, ഇമ്പിച്ചിബാവ തുടങ്ങിയവരുണ്ട്. വി എം കുട്ടിക്കൊപ്പം വത്സലയും പാടാനെത്തിയിട്ടുണ്ട്.

"തൊള്ളായിരത്തി ഇരുപത്തൊന്നില്‍ മാപ്പിളമാര്‍ വെള്ളക്കാരോടേറ്റ് പടവെട്ടിയേ .." എന്ന പാട്ടാണ് പാടിയത്. പാടിക്കഴിഞ്ഞതും എ കെ ജി തന്നെയും വത്സലയെയും സ്റ്റേജിലേക്ക് വിളിച്ചിരുത്തി. ചെറിയ കുട്ടിയായിരുന്ന വത്സലയെ അഴീക്കോടന്‍ രാഘവനാണ് സ്റ്റേജിലേക്ക് എടുത്തുകയറ്റിയത്. 1968ല്‍ സിപിഐ എം അംഗമായ വി എം കുട്ടി മലപ്പുറത്തും പരിസരത്തും പാര്‍ടിവേദികളിലെ നിറസാന്നിധ്യമാണ്. ഒരു വിപ്ലവഗാനമെങ്കിലും പാടാതെ അദ്ദേഹം വേദിവിടാറില്ല. പാട്ടുകാരനൊപ്പെം നല്ലൊരു ചിത്രകാരനുമാണ് വി എം കുട്ടി. പുളിക്കല്‍ യുവജനവായനശാലയാണ് കുട്ടിയായിരിക്കെ അദ്ദേഹത്തിലെ കലാകാരനെ കണ്ടെത്തിയത്. പാട്ടും പെയിന്റിങ്ങും തനിക്ക് ഒരേപോലെ ഇഷ്ടമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച മാലപ്പാട്ട് ഇതില്‍ എടുത്തുപറയേണ്ടതാണ്. കനിവും നിനവും, മാപ്പിളപ്പാട്ടിന്റെ ലോകം, ഭക്തിഗീതങ്ങള്‍, ഇശല്‍നിലാവ്, മാപ്പിളപ്പാട്ട് ചരിത്രവും വര്‍ത്തമാനവും തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.

സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം പുരസ്കാരങ്ങള്‍ വി എം കുട്ടിയെ തേടിയെത്തി. ഇതില്‍ ഏറെ വിലമതിക്കുന്നത് കലാമണ്ഡലം അവാര്‍ഡാണെന്ന് അദ്ദേഹം പറയുന്നു. മാപ്പിളപ്പാട്ടിനുള്ള അംഗീകാരംകൂടിയായിരുന്നു ആ അവാര്‍ഡ്. കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. സംഗീതനാടക അക്കാദമി, ലളിത കലാഅക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, ചലച്ചിത്ര അക്കാദമി എന്നിവയില്‍ അംഗവുമായിരുന്നു. എണ്‍പതിന്റെ നിറവിലും ഒരു കൊച്ചുകുട്ടിയുടെ മനസ്സിന്റെ തെളിമയും നൈര്‍മല്യവും നാട്ടുകാരുടെ കുട്ടിമാഷില്‍ കാണാം. ജന്മദിനാശംസ നേരുന്നവരോടെല്ലാം ചിരിച്ചുകൊണ്ട് മാഷ് പറയുന്നു: "" ഞാനിപ്പോഴും കുട്ടിയാണ്. അതിനാല്‍ ഇനിയുമേറെ പാടും ഞാന്‍"". തുടര്‍ന്ന് അടുത്ത യാത്രയെക്കുറിച്ച് വാചാലനാകും. ദമാമിലേക്കാണ് യാത്ര. ഈ 28ന്. അവിടെ നവോദയയുടെ പരിപാടിയില്‍ ഗാനമേള. അത്ഭുതപ്പെടേണ്ട; ഇങ്ങനെയെല്ലാമാണ് വി എം കുട്ടി. എണ്‍പതാം വയസ്സിലും അമ്പിളിച്ചന്തമുള്ള നിറപുഞ്ചിരി തൂകി സംഗീതവഴിയില്‍ത്തന്നെയാണ് മാപ്പിളപ്പാട്ടിന്റെ ഈ സുല്‍ത്താന്‍.

*
റഷീദ് ആനപ്പുറം

No comments: